UPDATES

ന്യൂസ് അപ്ഡേറ്റ്സ്

#ബീഫ് ഈറ്റേഴ്സ്; ഐ ഐ റ്റി മദ്രാസിൽ നിന്നൊരു കുറിപ്പ്

Avatar

(രാജ്യത്തെ സമകാലിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം മദ്രാസ് ഐ.ഐ.റ്റിയില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ സവിശേഷശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വ്യക്തിപരമായ വിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന അഭ്യര്‍ഥനയോടെ ലഭിച്ച ലേഖനം അതിന്റെ സാമൂഹിക പ്രസക്തി മുന്‍നിര്‍ത്തി ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു)

 

വ്യാഴാഴ്ച്ച  രാവിലെയാണ് #ബീഫ് ഈറ്റേഴ്സ് എന്ന ഹാഷ് ടാഗ് അടങ്ങിയ അജ്ഞാത പോസ്റ്ററുകൾ മദ്രാസ്‌ ഐ ഐ റ്റി ക്യാമ്പസിൻറെ വിവിധ ഇടങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. സമീപകാലത്തെ ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് സോഷ്യൽ മിഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ‘മെയിൻകാംഫ് ‘ കാർട്ടൂണാണ് ഈ പോസ്റ്ററുകൾക്ക് ആധാരം. ഹിറ്റ്ലറുടെ ഫാസിസ്റ്റ് ഭരണക്രമത്തിനെയും നെറ്റിയിൽ കുറിതൊട്ട വിശുദ്ധപശുവിനെയും  പ്രതിപാദിച്ചുകൊണ്ടുള്ള പ്രസ്തുത ചിത്രം, ഹിന്ദുത്വ വർഗീയതയോടുള്ള കേന്ദ്രസർക്കാറിന്റെ മൃദുസമീപനങ്ങളെയും ജനാധിപത്യപരമായി ഭിന്നാഭിപ്രായങ്ങൾ രേഖപ്പെടുത്താനുള്ള  ഇടങ്ങൾ രാജ്യത്തു ചുരുങ്ങിക്കൊണ്ടിരിക്കുന്നതിനെയും വിമർശിച്ചു കൊണ്ടുള്ളതാണ്. ദാദ്രിയിലും മറ്റും അരങ്ങേറിയ ഭക്ഷണസ്വാതന്ത്യത്തിന്മേലുള്ള ഹിന്ദുത്വ വർഗീയവാദികളുടെ കടന്നുകയറ്റത്തെ ഹാസ്യാത്മകമായി ചിത്രീകരിക്കുന്നുണ്ട് ഈ കാർട്ടൂണ്‍. 

 

ജനാധിപത്യപരമായ അഭിപ്രായപ്രകടനങ്ങളോടും വിദ്യാർഥി രാഷ്ട്രീയത്തോടും തികച്ചും പ്രതിലോമകരമായ സമീപനമാണ് ഇൻസ്റ്റിറ്റ്യൂട്ട് അധികാരികൾ അനുവർത്തിച്ചു പോരുന്നത്. ഇതിനെതിരെ വിദ്യാർഥികൾക്കിടയിൽ ഉയർന്നുവരുന്ന സ്വാഭാവിക പ്രതികരണമായി വേണം ഈ പോസ്റ്റർ പ്രതിഷേധത്തെ വിലയിരുത്താന്‍. കാലാകാലങ്ങളായി ഐ ഐ റ്റി മദ്രാസ്‌ പ്രോത്സാഹിപ്പിച്ച്, പരിപോഷിപ്പിച്ച്, സംരക്ഷിച്ചു പോരുന്ന മധ്യവർഗ രാഷ്ട്രീയ ബോധത്തിനും വരേണ്യ സംസ്കാരത്തിനും എതിരെ വർദ്ധിച്ചു വരുന്ന ജനാധിപത്യ സ്വരങ്ങളിൽ ഏറ്റവും പുതിയതാണ് ഇപ്പോള്‍ പ്രത്യക്ഷപ്പെട്ട ‘അജ്ഞാത പോസ്റ്ററുകൾ’.

ഇവിടെ പ്രസക്തമാകുന്ന ചില ചോദ്യങ്ങളുണ്ട്:

 

ഒന്ന്:  പ്രതിഷേധിക്കാനുള്ള അവകാശം നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ അടിസ്ഥാന തത്ത്വങ്ങളിൽ ഒന്നായിരിക്കവേ, ഐ ഐ റ്റി പോലുള്ള ദേശീയ ഉന്നതവിദ്യാഭാസ സ്ഥാപനങ്ങളിൽ പോലും എന്തുകൊണ്ട് ‘ബീഫ് ഈറ്റേഴ്സി’ന്  അജ്ഞാതരായി നിലകൊളേളണ്ടി വരുന്നു?

 

രണ്ട് : ഐ ഐ റ്റി മദ്രാസ്‌ പോലുള്ള രാഷ്ട്രീയ ഭൂമികയിൽ ഇവർ തുറന്നിടുന്ന രാഷ്ട്രീയ വാതായനങ്ങൾ ഏതൊക്കെ? എവിടേക്ക്?

 

മൂന്ന്: വാൾട്ടർ ബെന്യമിൻ കലയുടെ സാമൂഹ്യ പ്രസക്തിയെപ്പറ്റി കുറിച്ച പോലെ ഭരണകൂടങ്ങൾ രാഷ്ട്രീയത്തെ സൗന്ദര്യവത്കരിക്കുന്ന പശ്ചാത്തലത്തിൽ കലയുടെ ദൌത്യം എങ്ങനെ പുനർനിർവചിക്കപ്പെടുന്നു?

 

സമൂഹത്തിലെ ജാതി, മത, ലിംഗ വിവേചനങ്ങൾക്കെതിരെ പ്രതികരിക്കുകയും വ്യവസ്ഥാപിതമായ അസമത്വത്തിനും അനീതിക്കും എതിരെയുള്ള  ക്രിയാത്മകമായ ഇടപെടലുകൾ നടത്തുകയും ചെയ്യുന്ന പുതുതലമുറയെ വാർത്തെടുക്കുക എന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രാഥമിക സാമൂഹ്യ ഉത്തരവാദിത്തങ്ങളില്‍ ഒന്നാണ്. ഇതിൽ രാഷ്ട്രീയ സംവാദങ്ങൾക്കുള്ള പങ്ക് സുപ്രധാനമാണ്‌. എന്നാൽ  അത്തരം സംവാദങ്ങളെ എന്നും അധികാരമുഷ്ടി കൊണ്ട് നേരിട്ടിട്ടുള്ള ചരിത്രമാണ്‌ ഐ ഐ റ്റി മദ്രാസിനുള്ളത്; അടുത്തിടെ നടന്ന അംബേദ്‌കർ പെരിയാർ സ്റ്റഡി സർക്കിൾ നിരോധനം ഉൾപ്പടെ. തികഞ്ഞ ബ്രാഹ്മണമേധാവിത്വബോധവും  ഇതര പ്രത്യയശാസ്ത്രങ്ങളോടുള്ള അവജ്ഞയുമാണ് ഈ സ്ഥാപനത്തിന്റെ ജീവവായു. വിവേകാനന്ദ സ്റ്റഡി സർക്കിൾ പോലുള്ള വിദ്യാർഥി വേദികൾ ‘സാംസ്‌കാരിക കൂട്ടായ്മ’കളായും അംബേദ്‌കർ പെരിയാർ സ്റ്റഡി സർക്കിൾ പോലുള്ളവ ‘രാഷ്ട്രീയ സംഘടനകൾ’ ആയും ചിത്രീകരിക്കപ്പെടുന്നതും ഇതേ ജാതി-മത വിവേചനത്തിന്റെ വ്യവസ്ഥാപിത താൽപര്യങ്ങളിലാണ്. ഇത്തരമൊരു ജാതി-സാംസ്‌കാരിക വ്യവസ്ഥ തങ്ങൾക്കു പാരമ്പര്യമായി കൽപ്പിച്ചുതന്നിട്ടുള്ള അധികരമേൽക്കോയ്മയും അതിൻറെ ആചാര അനുഷ്ടാനങ്ങളുടെ സാംഗത്യവും നൈതികതയും  ചോദ്യം ചെയ്യപ്പെടും എന്ന അധികാരികളുടെ ഭീതിയാണ് രാഷ്ട്രീയ സംവാദങ്ങളോടും വിഭിന്ന സ്വരങ്ങളോടുമുള്ള അസഹിഷ്ണുതയ്ക്ക് കാരണം. അധികാരം അസഹിഷ്ണുതാപരമാകുമ്പോൾ ജനാധിപത്യ അഭിപ്രായങ്ങളുടെ ഉറവിടം അജ്ഞാതമായേ പറ്റു!

 

ജനാധിപത്യം ഭൂരിപക്ഷവർഗീയതയ്ക്കു കളമൊരുക്കുന്ന സമകാലിക അന്തരീക്ഷത്തിൽ ജനാധിപത്യം  അവലംബിക്കേണ്ടുന്ന നൈതികതയെ ഓർമ്മപ്പെടുത്തുന്നവയാണ് ബീഫ് ഈറ്റേഴ്സ് പോലുള്ള അജ്ഞാത മുന്നേറ്റങ്ങൾ. തത്ത്വത്തിൽ ബഹുസ്വരതയെ അംഗീകരിക്കുന്നതിലുപരി അത് പ്രവർത്തികമാക്കുന്ന ഉപകരണങ്ങൾ, സാഹചര്യങ്ങൾ എന്നിവ സൃഷ്ടിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ജനാധിപത്യത്തിന്റെ അന്ത:സത്ത. ഭൂരിപക്ഷ അധികാരം രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലങ്ങളുടെ സമ്പർക്കമുഖങ്ങളിൽ ‘നിയമസാധുത’ തേടുമ്പോൾ ബദൽ ശ്രമങ്ങൾക്ക്‌ കല ഒരായുധമകുന്നു; സാമാന്യവത്കരിക്കപ്പെട്ട വരേണ്യബോധത്തെ ജനകീയമായ കലാനുഭവങ്ങളിലൂടെ രാഷ്ട്രീയമായി പ്രശ്നവത്കരിക്കുകയാണ് അതിനുള്ള വഴി.

 

വാൾട്ടർ ബെന്യമിനെ ഉദ്ധരിച്ചുകൊണ്ട് തന്നെ നിർത്തട്ടെ: Mankind, which in Homer’s time was an object of contemplation for the Olympian gods, now is one for itself. Its self alienation has reached such a degree that it can experience its own destruction as an aesthetic pleasure of the first order. This is the situation of politics which Fascism is rendering aesthetic. Communism responds by politicizing art. (The Work of Art in the Age of Mechanical Reproduction, 1936)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍