UPDATES

വിശകലനം

ബെഗുസാരായില്‍ മറ്റന്നാള്‍ തെരഞ്ഞെടുപ്പ്; മോദി വിരുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായി കന്നയ്യ കുമാര്‍

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍വന്നതിന് ശേഷം രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ ചെറുത്തിനില്‍പ്പിന് നേതൃത്വം നല്‍കിയാണ് കന്നയ്യ കുമാര്‍ ശ്രദ്ധിക്കപ്പെടുന്നത്

ബീഹാറിലെ ബെഗുസാരായില്‍ മണ്ഡലം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആക്ടിവിസ്റ്റുകളുടെയും ബദല്‍ രാഷ്ട്രീയ അന്വേഷകരുടെയും പലതരം കലാകാരന്മാരുടെയും തീര്‍ത്ഥാടന കേന്ദ്രം പോലെയായിരുന്നു. ബീഹാറില്‍ ഇപ്പോള്‍ അത്രയൊന്നും സ്വാധീനം ഇല്ലാത്ത സിപിഐയുടെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ വേണ്ടിയാണ് പല ദേശങ്ങളില്‍നിന്നും അവര്‍ എത്തിയത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണത്തിനെതിരെ രാജ്യത്തുണ്ടായ ചെറുത്തുനില്‍പ്പുകളുടെ പ്രതീകമായി കന്നയ്യ കുമാറിനെ അവര്‍ കാണുന്നു. അതേസമയം, ബിജെപിയ്‌ക്കെതിരെ മല്‍സരിക്കുന്ന മുസ്ലീമായ ആര്‍ജെഡി സ്ഥാനാര്‍ത്ഥിയുടെ വിജയം ഇല്ലാതാക്കാനാണ് സവര്‍ണ ജാതിയില്‍ പെട്ട കന്നയ്യകുമാറിന്റെ ശ്രമമെന്ന ആരോപണവും ഉയര്‍ന്നുവന്നു. എന്തായാലും രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ മല്‍സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നായി ബെഗുസരായി മാറിയിരിക്കയാണ്.

ശബ്‌ന ആസ്മി, ജാവേദ് അക്തര്‍, പ്രകാശ് രാജ്, വിവിധ സര്‍വകലാശാലകളില്‍ നിന്നുളള വിദ്യാര്‍ത്ഥികള്‍, എഴുത്തുകാര്‍ എന്നിവരാണ് കന്നയ്യ കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇവിടെ എത്തുന്നത്. ബീഹാറില്‍ ഇപ്പോഴും സിപിഐയ്ക്ക് കുറച്ചെങ്കിലും സ്വാധീനം ഉള്ള പ്രദേശങ്ങളില്‍ ഒന്നാണ് ബെഗുസരായി.

മോദി തരംഗം ആഞ്ഞുവിശിയ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ച മണ്ഡലമാണ് ഇത്. ഗിരിരാജ് സിംങ്ങിനാണ് ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണ മല്‍സരിച്ച തോറ്റ തന്‍വീര്‍ ഹസ്സന്‍ തന്നെയാണ് ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി.

മുസ്ലീം സ്ഥാനാര്‍ത്ഥിയുടെ വിജയ സാധ്യതയാണ് കന്നയ്യ കുമാര്‍ മല്‍സരിക്കുന്നതിലൂടെ ഇല്ലാതാക്കുന്നതെന്നാണ് ചില മുസ്ലീം സംഘടനകളുടെയും ആക്ടിവിസ്റ്റുകളുടെയും ആരോപണം. ഇടതുപക്ഷം മുസ്ലീം പ്രാതിനിധ്യത്തോട് കാണിക്കുന്ന അവഗണനയുടെ ഉദാഹരണമായും ഒരു വിഭാഗം കന്നയ്യ കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കാണുന്നു.

ബെഗുസരായിയുടെ ചരിത്രത്തില്‍ 2009 ല്‍ ഒഴിച്ച് എല്ലാ തവണയും വിജയിച്ചത് ഭൂമിഹാര്‍ വിഭാഗത്തില്‍പ്പെട്ട സ്ഥാനാര്‍ത്ഥിയായിരുന്നു. 2009 ലാണ് ഒരു മുസ്ലീം ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. അതും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി. അതുമാത്രമല്ല, ബെഗുസരായിയെകാള്‍ മുസ്ലീം ജനസംഖ്യയുള്ള മണ്ഡലങ്ങളില്‍ മറ്റ് സമുദായത്തില്‍പ്പെട്ടവരെ സ്ഥാനാര്‍ത്ഥികളാക്കിയവരാണ് ബെഗുസരായില്‍ മുസ്ലീം പ്രതിനിധ്യം നഷ്ടപ്പെടുന്നതിനെകുറിച്ച് പറയുന്നതെന്നാണ് കന്നയ്യ കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ദരിദ്ര പശ്ചാത്തലത്തില്‍ ജനിച്ച് പഠിച്ച ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്ന രാഷട്രീയ നേതാവായി മാറിയ കന്നയ്യയെ ജാതിയുടെ അടിസ്ഥാനത്തില്‍ വിലയിരുത്തി പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നത് അപഹാസ്യമാണെന്നും ഇവര്‍ പറയുന്നു.

ബിജെപിക്ക് ലഭിക്കേണ്ട ഭൂമിഹാര്‍ വിഭാഗത്തിന്റെ വോട്ടുകള്‍ കന്നയ്യയ്ക്ക് ലഭിക്കുന്നതുകൊണ്ട് തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ ആര്‍ജെഡി സഖ്യം കന്നയ്യയുടെ സ്ഥാനാര്‍ത്ഥിത്വത്തെ അനുഗ്രഹമായിട്ടാണ് ആദ്യം കണ്ടത്. പിന്നീട് മുസ്ലീം വോട്ടുകളും അദ്ദേഹത്തിന് ലഭിക്കുമെന്ന് കണ്ടപ്പോഴാണ് പ്രതിനിധ്യത്തിന്റെ വിഷയം ഉയര്‍ത്തികൊണ്ടുവന്നതെന്ന് ഇടതു അനുകൂലികള്‍ പറയുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 58,335 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ ഡോ ഭോല സിംങ് വിജയിച്ചത്. സിപിഐ സ്ഥാനാര്‍ത്ഥി രാജേന്ദ്ര പ്രസാദ് സിങിന് 1,92,639 വോട്ടുകളായിരുന്നു ലഭിച്ചത്.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍വന്നതിന് ശേഷം രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ ചെറുത്തിനില്‍പ്പിന് നേതൃത്വം നല്‍കിയാണ് കന്നയ്യ കുമാര്‍ ശ്രദ്ധിക്കപ്പെടുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലശാല വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റെന്ന നിലയിലായിരുന്നു അദ്ദേഹം സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. 2016 ല്‍ വിദ്യാര്‍ത്ഥി പ്രകടനത്തിനിടെ ഇന്ത്യ വിരുദ്ധ മുദ്രാവക്യങ്ങള്‍ വിളിച്ചുവെന്ന ആരോപണത്തിന്മേല്‍ കന്നയ്യയേയും മറ്റ് വിദ്യാര്‍ത്ഥി നേതാക്കളെയും അറസ്റ്റ് ചെയ്തതും കോടതിയില്‍ ഹാജരാക്കുമ്പോള്‍ ഒരു വിഭാഗം അഭിഭാഷകര്‍ മര്‍ദ്ദിച്ചതും വലിയ വിവാദമാകുകയും രാജ്യവ്യപാക പ്രതിഷേധത്തിന് കാരണമാകുകയും ചെയ്തിരുന്നു.

ജെഎന്‍യുവില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ നജീബിന്റെ ഉമ്മയുടെയും ഹൈദരബാദ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയായിരിക്കെ ദളിത് പീഢനം കാരണം ആത്മഹത്യ ചെയ്യേണ്ടി വന്ന രോഹിത് വെമൂലയുടെയും അമ്മയുടെയും ആശീര്‍വാദങ്ങള്‍ വാങ്ങിയതിന് ശേഷമാണ് കന്നയ്യ കുമാര്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്. ഈ തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ത്ഥി നേതാവ് മല്‍സരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മണ്ഡലമാണ് ബെഗുസരായി. ജനങ്ങളില്‍നിന്ന് ക്രൗഡ് ഫണ്ടിങ് വഴി പണം ശേഖരിച്ചാണ് തെരഞ്ഞെടുപ്പ് ചിലവിനുള്ള പണം കന്നയ്യ കുമാര്‍ കണ്ടെത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍