UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഛത്തീസ്ഗഡ് വിടാന്‍ സാമൂഹ്യപ്രവര്‍ത്തക ബേല ഭാട്യക്ക് മാവോയിസ്റ്റ് വിരുദ്ധ ഗ്രൂപ്പുകളുടെ ഭീഷണി

30 പേരോളം വരുന്ന സംഘം വീട്ടില്‍ അതിക്രമിച്ച് കയറി തന്നോട് 24 മണിക്കൂറിനകം സ്ഥലം വിട്ട് പോകാന്‍ ആവശ്യപ്പെട്ടതായി ബേല പറയുന്നു. വീട്ടുടമസ്ഥയേയും മകനേയും സംഘം ഭീഷണിപ്പെടുത്തി.

ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് വിരുദ്ധ ഗ്രൂപ്പുകളില്‍ നിന്ന് തനിക്ക് ഭീഷണിയുള്ളതായി സാമൂഹ്യപ്രവര്‍ത്തകയും മുംബയ് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ മുന്‍ അദ്ധ്യാപികയുമായ ബേല ഭാട്യ. ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് സ്വാധീന മേഖലയായ ബസ്തറില്‍ പാര്‍പ ഗ്രാമത്തിലാണ് 2015 മുതല്‍ ബേല ഭാട്യ താമസിക്കുന്നത്. 30 പേരോളം വരുന്ന സംഘം വീട്ടില്‍ അതിക്രമിച്ച് കയറി തന്നോട് 24 മണിക്കൂറിനകം സ്ഥലം വിട്ട് പോകാന്‍ ആവശ്യപ്പെട്ടതായി ബേല പറയുന്നു. അത് സമ്മതിച്ച് തല്‍ക്കാലത്തേയ്ക്ക് അവരെ പറഞ്ഞു വിടുകയായിരുന്നു.

വീട്ടുടമസ്ഥയേയും മകനേയും സംഘം വീട്ടില്‍ നിന്നിറക്കി ഭീഷണിപ്പെടുത്തി. ഇരുവരേയും പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തുകയും എത്രയും പെട്ടെന്ന് തന്നെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പട്ടതായും ബേല പറഞ്ഞു. ഗ്രാമത്തലവന്‍ അടക്കമുള്ളവര്‍ അവിടെയെത്തി ഇതെല്ലാം നോക്കി നില്‍ക്കുകയായിരുന്നു. വീടിന് തീ വയ്ക്കുമെന്ന് സംഘം ഭീഷണിപ്പെടുത്തി.

മേഖലയില്‍ മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ട് കൊണ്ട് പ്രവര്‍ത്തിക്കുകയാണ് ബേല. മനുഷ്യാവകാശ പ്രവര്‍ത്തകര്‍, മാദ്ധ്യമപ്രവര്‍ത്തകര്‍, നിയമസഹായ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെല്ലാം വലിയ പീഡനമാണ് ബസ്തറില്‍ നേരിടേണ്ടി വരുന്നത്. സോണി സോറിയെ പോലുള്ള ആക്ടിവിസ്റ്റുകള്‍ നിരന്തരം പീഡിപ്പിക്കപ്പെടുന്നുണ്ട്. സോണി സോറിക്ക് നേരെ ആസിഡ് പോലുള്ള ദ്രാവകം ഒഴിച്ച് ആക്രമണമുണ്ടായി. കഴിഞ്ഞ 15 മാസത്തിനകം നാല് മാദ്ധ്യമപ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ അടക്കമുള്ളവയുടെ പ്രതിനിധികളെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മാവോയിസ്റ്റ് വിരുദ്ധ സായുധ ഗ്രൂപ്പുകളും നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍