UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ബേനസീര്‍ ഭൂട്ടോയും ഹാരി പോട്ടറും

Avatar

1988 നവംബര്‍ 16
ബേനസീര്‍ ഭൂട്ടോ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയാകുന്നു

ആധുനിക ഇസ്ലാമിക രാഷ്ട്രചരിത്രത്തിലെ ആദ്യത്തെ വനിത നേതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബേനസീര്‍ ഭൂട്ടോ 1988 നവംബര്‍ 16 ന് പാക്കിസ്ഥാന്റെ ഭരണാധികാരിയായി മാറി. പത്തുവര്‍ഷത്തിനുശേഷം ഭരണം തിരിച്ചുപിടിച്ച പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി(പിപിപി)യുടെ നേതാവെന്ന നിലയിലാണ് ബേനസീര്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നത്.

1947 ല്‍ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെട്ട് സ്വതന്ത്ര രാഷ്ട്രമായി മാറിയ നാള്‍തൊട്ട് പാക്കിസ്ഥാന്റെ ഭരണം ഭൂരിഭാഗം സമയവും പട്ടാള ഏകാധിപത്യത്തിനു കീഴിലായിരുന്നു. ബേനസീറിന്റെ പിതാവും പാക്കിസ്ഥാനിലെ പ്രമുഖ നേതാവുമായിരുന്ന സുള്‍ഫിക്കര്‍ ഭൂട്ടോയുടെ ഭരണം അട്ടിമറിച്ച് ജനറല്‍ സിയ ഉള്‍ ഹഖ് അധികാരത്തില്‍ വന്നു. സുള്‍ഫിക്കര്‍ ഭൂട്ടോയെ ജനറല്‍ സിയ തൂക്കിലേറ്റുകയും ചെയ്തു.

ജനറല്‍ സിയ ഒരു വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ബേനസീറിന്റെ പാര്‍ട്ടി അധികാരത്തില്‍ വരുന്നത്.
1990 ല്‍ ബേനസറിന്റെ ആദ്യ ഗവണ്‍മെന്റ് പുറത്താക്കപ്പെട്ടെങ്കിലും 1993 ല്‍ വീണ്ടും അവര്‍ അധികാരത്തില്‍ തിരിച്ചെത്തി. ഈ സര്‍ക്കാരിന് 1996 ല്‍ അധികാരമൊഴിയേണ്ടി വന്നു. ബേനസീറിനെതിരെ ഉയര്‍ന്ന അഴിമതിയാരോപണമാണ് വിനയായത്. 2007 ഡിസംബറില്‍ വീണ്ടുമൊരു ഇലക്ഷനെ നേരിടുന്നതിനിടയില്‍ ബേനസീര്‍ കൊലപ്പെട്ടു.

2001 നവംബര്‍ 16
ആദ്യ ഹാരി പോട്ടര്‍  സിനിമ റിലീസ് ചെയ്യുന്നു

ഹാരി പോട്ടര്‍ പരമ്പരയിലെ ആദ്യ സിനിമ റിലീസ് ചെയ്യുന്നത് 2001 നവംബര്‍ 16 നാണ്. ഹോം എലോണ്‍, മിസിസ് ഡൗട്ട്ഫയര്‍ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ക്രിസ് കൊളംബസ് ആയിരുന്നു സംവിധായകന്‍.

രണ്ടാമത്തെ ഹാരി പോട്ടര്‍ സിനിമ സംവിധാനം ചെയ്തതും ഇദ്ദേഹം തന്നെയാണ്. നോവല്‍ പോലെ സിനിമയും ലോകമെമ്പാടും വന്‍ ഹിറ്റായി മാറി. നോവല്‍ പ്രസിദ്ധീകരിച്ച് നാലുവര്‍ഷത്തിനുശേഷമാണ് സിനിമ റിലീസ് ചെയ്യുന്നത്.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍