UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബംഗാള്‍: സി.പി.ഐ-എം ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കും?

Avatar

പല്ലബി ബോസ്

പശ്ചിമ ബംഗാളില്‍ ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ഏപ്രില്‍-മേയ് മാസങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെുടപ്പ് ഒരു ജീവന്മരണ പോരാട്ടമാണ്. മെല്ലെ മെല്ലെ താഴോട്ടു പോയിക്കൊണ്ടിരിക്കുന്ന തങ്ങളുടെ ജനപിന്തുണ തിരിച്ചു പിടിക്കുക എന്നതാണ് അവരുടെ പ്രധാന വെല്ലുവിളി. പരമ്പരാഗതമായി കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ വിശ്വാസമര്‍പ്പിച്ചു പോന്ന സംസ്ഥാനത്ത് 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിനോട് സിപിഐ-എം തോറ്റത് ഒരു ചരിത്രസംഭവമായിരുന്നു. വലിയ വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയ പാര്‍ട്ടിയുടെ പല നടപടികളുമായിരുന്നു 35 വര്‍ഷത്തെ സിപിഐ-എം സര്‍ക്കാരിന്റെ ഭരണത്തിന് ശ്മശാനഭൂമി ഒരുക്കിയതും. ഇപ്പോള്‍ പാര്‍ട്ടി വീണ്ടും ഒരു തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. തൃണമൂല്‍ സര്‍ക്കാരിനെ താഴെയിറക്കാനും ബിജെപിയെ ഒറ്റപ്പെടുത്താനും മുന്‍ തൃണമൂല്‍ സഖ്യമായിരുന്ന കോണ്‍ഗ്രസിനെ കൂടെ കൂട്ടാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്.

കഴിഞ്ഞ വര്‍ഷം വിശാഖപട്ടണത്തു നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ കൈകൊണ്ട രാഷ്ട്രീയ നയമനുസരിച്ച് കോണ്‍ഗ്രസുമായി സഖ്യത്തിന് വിലക്കുണ്ടെങ്കിലും പാര്‍ട്ടി ബംഗാള്‍ ഘടകം സംസ്ഥാനത്ത് പാര്‍ട്ടിയുടെ നിലനില്‍പ്പിന് ഇതു സംബന്ധിച്ച ഒരു അഭിപ്രായ രൂപീകരണമല്ലാതെ മറ്റൊരു വഴിയുമില്ലെന്ന ഉറച്ച നിലപാടിലാണ്. എന്നാല്‍ ബംഗാള്‍ ഘടകത്തിന്റെ കോണ്‍ഗ്രസ് സഖ്യ നീക്കങ്ങളോട് പാര്‍ട്ടി കേരള ഘടകത്തിന് എതിര്‍പ്പുള്ള സാഹചര്യത്തില്‍ സിപിഐ-എം കേന്ദ്ര നേതൃത്വം തന്ത്രപരമായാണ് ഇരു പാര്‍ട്ടി ഘടകങ്ങള്‍ക്കുമിടയില്‍ രമ്യതയുണ്ടാക്കിയത്. ഡല്‍ഹിയില്‍ രണ്ടു ദിവസങ്ങളിലായി നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ബംഗാളിലെ കോണ്‍ഗ്രസ് സഖ്യത്തിന് പാര്‍ട്ടി പച്ചക്കൊടി കാട്ടിയത്. പാര്‍ട്ടിയുടെ രാഷ്ട്രീയ തന്ത്രപരമായ ലൈനിന് കോട്ടം തട്ടാത്ത നിലയിലുള്ള പ്രാദേശികമായ സീറ്റ് കേന്ദ്രീകൃതവും പരിമിതവുമായ നീക്കുപോക്കുകള്‍ക്കുള്ള സ്വാതന്ത്ര്യമാണ് ബംഗാള്‍ ഘടകത്തിനു കേന്ദ്ര നേതൃത്വം നല്‍കിയിരിക്കുന്നത്.

ആര്‍ട്ടിസ്റ്റ് സമിര്‍ ഐച്, നടന്‍ കൗശിക് സെന്‍ പോലുള്ള മുന്‍നിര സിപിഎം നേതാക്കളും ബുദ്ധിജീവികളും ഈ തീരുമാനത്തെ സ്വാഗതം ചെയ്തപ്പോള്‍ മുഖ്യ ഇടതു സഖ്യകക്ഷികളായ ഓള്‍ ഇന്ത്യാ ഫോര്‍വേഡ് ബ്ലോക്ക്, സിപിഐ തുടങ്ങിയവര്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചു. ഇടതു സഖ്യത്തിലെ മറ്റു കക്ഷികളോട് ചര്‍ച്ച ചെയ്യാതെ ഇത്തരമൊരു തുറന്ന ഓഫര്‍ കോണ്‍ഗ്രസിന് നല്‍കാനുള്ള തീരുമാനത്തിലൂടെ 21-ാം പാര്‍ട്ടി സമ്മേളനത്തിലെടുത്ത തീരുമാനത്തില്‍ നിന്നും സിപിഐ എം വ്യതിചലിച്ചുവോ എന്നാണ് ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ദേബബത്ര ബിസ്വാസ് തീരുമാനത്തെ അപലപിച്ചു കൊണ്ട് ചോദിച്ചത്. ഈ തീരുമാനത്തെ തുടര്‍ന്ന് പല മുതിര്‍ന്ന കോണ്‍ഗ്രസ്, സിപിഐ-എം നേതാക്കളും തങ്ങളുടെ പാര്‍ട്ടികള്‍ വിട്ട് തൃണമൂലില്‍ ചേക്കേറാന്‍ തുടങ്ങിയതോടെ പ്രശ്‌നം രൂക്ഷമായിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ മുന്‍ ഇടതു സര്‍ക്കാരില്‍ മന്ത്രിയായിരുന്ന അബ്ദുര്‍ റസാക് മുല്ല പാര്‍ട്ടി വിട്ട് തൃണമൂലിനൊപ്പം തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയിരിക്കുകയാണ്.

വലിയ ആള്‍ബലമില്ലെങ്കിലും മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടികളുടെ കൂട്ടായ്മയായ ലെഫ്റ്റ് യൂണിറ്റിയുടെ 16 ഘടകങ്ങള്‍ക്കിടയിലും ഇതു സംബന്ധിച്ച് അഭിപ്രായ ഭിന്നതയുണ്ടായിട്ടുണ്ട്. സിപിഐ (മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ്), എസ് യു സി ഐ എന്നീ പാര്‍ട്ടികള്‍ സിപിഎമ്മിന്റെ കോണ്‍ഗ്രസ് സഖ്യത്തെ ആത്മഹത്യയായി വിശേഷിപ്പിക്കുമ്പോള്‍ സിപിഐ മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പ്രൊവിഷനല്‍ സെന്‍ട്രല്‍ കമ്മിറ്റി (സിപിഐ-എംഎല്‍-പിസിസി) ഇതൊരു രാഷ്ട്രീയ അനിവാര്യതയായാണ് പരിഗണിക്കുന്നത്.

ഈ സാഹചര്യങ്ങളും ഇടതു പാര്‍ട്ടികള്‍ക്കിടയിലെ ചൂടുപിടിക്കുന്ന തര്‍ക്കങ്ങളും അഭിപ്രായ ഭിന്നതകളും കണക്കിലെടുക്കുമ്പോള്‍ സിപിഐ-എമ്മിന്റെ അടുത്ത നീക്കമെന്തായിരിക്കുമെന്ന് ഊഹിക്കുക പ്രയാസമായി മാറിയിരിക്കുന്നു. എന്നിരുന്നാലും പാര്‍ട്ടി ഈ തീരുമാനവുമായി പടിപടിയായി മുന്നോട്ടു പോകുമെന്നാണ് സിപിഐ-എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്.

നേരത്തെ നടന്ന ഉപതെരഞ്ഞെടുപ്പുകളിലേയും കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലേയും അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ രാഷ്ട്രീയമായ നിലനില്‍പ്പിനു മാത്രമല്ല ഭൗതികമായ നിലനില്‍പ്പിനും ആവശ്യമാണെന്ന് അദ്ദേഹം അംഗീകരിക്കുന്നു. ഒരു മുതിര്‍ന്ന പോളിറ്റ് ബ്യൂറോ അംഗം ഈ സാഹചര്യത്തെ അഗത ക്രിസ്റ്റി നോവലിനോടാണ് താരതമ്യം ചെയ്തത്. പല വഴിത്തിരിവുകള്‍ക്കും ഗതിമാറ്റങ്ങള്‍ക്കും ശേഷം വരും ദിവസങ്ങളില്‍ പുതിയ പലരും ഉയര്‍ന്നുവരുമെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ ഏറെ കാലമായി ‘സ്വന്തമായിരുന്ന’ സീറ്റില്‍ നിന്നും സിപിഐ-എമ്മിനെ അല്ലെങ്കില്‍ ഇടതുപക്ഷത്തെ താഴെയിറക്കിയത് ആരാണ്? ബംഗാളികളുടെ പിന്തുണ സ്വന്തമാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ സഹായിച്ച ആ ‘കടുത്ത വിമര്‍ശനങ്ങള്‍ക്കു വിധേയമായ’ നടപടികള്‍ എന്തെല്ലാമായിരുന്നു? നന്ദിഗ്രാമിലേയും സിംഗൂരിലേയും ഗര്‍ദബെട്ടയിലേയും ആയിരക്കണക്കിന് ഗ്രാമീണരുടെ ചോര കൊണ്ടെഴുതിയ ചരിത്രത്തിലും ബലാത്സംഗത്തിനും അതിക്രമങ്ങള്‍ക്കും ആസിഡ് ആക്രമണങ്ങള്‍ക്കും ഇരയാക്കപ്പെട്ട തപസി മാലിക്കിനെ പോലുള്ള നിരപരാധികളായ പെണ്‍കുട്ടികളുടെ രോദനത്തിലും ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമുണ്ട്.

(പശ്ചിമ ബംഗാള്‍ സ്വദേശിയും മാധ്യമപ്രവര്‍ത്തകയുമാണ് പല്ലബി)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍