UPDATES

എഡിറ്റര്‍

ബംഗാളിലെ തേയില തൊഴിലാളികള്‍ക്ക് വേതനമില്ല; സഹിക്കുന്നത് ‘രാജ്യനന്മ’യ്‌ക്കെന്ന് തൊഴിലാളികള്‍

Avatar

അഴിമുഖം പ്രതിനിധി

മോദി സര്‍ക്കാരിന്‌റെ നോട്ട് പിന്‍വലിക്കല്‍ നടപടി രാജ്യത്താകെ ഉണ്ടാക്കിയിരിക്കുന്ന ഗുരുതര പ്രത്യാഘാതങ്ങള്‍ക്കും ദുരിതങ്ങള്‍ക്കുമിടയില്‍ രാജ്യനന്മയ്ക്ക് വേണ്ടി എല്ലാം സഹിക്കുന്നുവെന്ന് പറയുന്ന മനുഷ്യര്‍ ഇന്ത്യയിലെമ്പാടുമുണ്ട്. വടക്കന്‍ ബംഗാളിലെ ഡാര്‍ജിലിംഗ് ജില്ലയില്‍ തേയില തൊഴിലാളികള്‍ അടക്കം വലിയൊരു വിഭാഗം ദുരിതത്തിലാണ്. ഒരു മാസമായി വേതനം കിട്ടാത്ത ഇവരുടെ ജീവിതം വലിയ ദുരിതത്തിലാക്കിയിരിക്കുകയാണ് നോട്ട് പിന്‍വലിക്കല്‍ നടപടി.

റിസര്‍വ് ബാങ്ക് നിര്‍ദ്ദേശപ്രകാരം ബാങ്കുകള്‍ തങ്ങളെ അറിയിച്ചിരിക്കുന്നത് അക്കൗണ്ടുള്ളവര്‍ക്ക് മാത്രം വേതനത്തിനുള്ള പണമെന്നാണെന്ന് എസ്റ്റേറ്റ് മാനേജ്‌മെന്‌റുകള്‍ പറയുന്നു. നിലവില്‍ ബാങ്ക് അക്കൗണ്ടുള്ളത് 30 ശതമാനം തൊഴിലാളികള്‍ക്ക് മാത്രമാണ്. ബാക്കിയുള്ളവര്‍ക്ക് കൂടി അക്കൗണ്ട് ശരിയാക്കിയെടുക്കാന്‍ ശ്രമിക്കുകയാണ് എസ്റ്റേറ്റ് മാനേജര്‍മാര്‍. നാലര ലക്ഷത്തോളം വരുന്ന തൊഴിലാളികളെയാണ് നോട്ട് പിന്‍വലിക്കല്‍ ദുരിതത്തിലേയ്ക്ക് തള്ളിവിട്ടിരിക്കുന്നത്. നോട്ട് പിന്‍വലിക്കല്‍ നടപടിക്കെതിരെ പ്രതിഷേധങ്ങളും റോഡ് ഉപരോധവുമെല്ലാം ഇവിടെ ശക്തമാണ്. എന്നാല്‍ തേയില തൊഴിലാളികള്‍ക്കിടയില്‍ തങ്ങള്‍ ഈ ബുദ്ധിമുട്ട് സഹിക്കാന്‍ തയ്യാറാണെന്നാണ് പറയുന്നത്.

നോട്ട് അസാധുവാക്കല്‍ നടപടിക്കെതിരെ ഏറ്റവും ശക്തമായ പ്രതിഷേധമുയര്‍ത്തിയ നേതാവ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ്. കഴിഞ്ഞ ദിവസം തൃണമൂല്‍ കോണ്‍ഗ്രസിന്‌റെ ട്രേഡ് യൂണിയന്‍ നേതാക്കള്‍ കൊല്‍ക്കത്തയിലെ ടീ ബോര്‍ഡ് ഓഫീസിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. എന്നാല്‍ വലിയ പ്രതിഷേധമൊന്നും തേയില തൊഴിലാളികളുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. കേന്ദ്രസര്‍ക്കാരിന്‌റെ കള്ളപ്പണവേട്ടയ്ക്കായി ബുദ്ധമുട്ട് അനുഭവിക്കുന്നതില്‍ തെറ്റില്ലേന്ന് കരുതുന്നവര്‍ നിരവധിയാണ്. ഡാര്‍ജിലിംഗ് ജില്ലയിലും സമീപ ജില്ലകളിലുമായി 300ഓളം തേയിലത്തോട്ടങ്ങളുണ്ട്. ഇവരുടെ ജീവിതം കടുത്ത പ്രതിസന്ധിയിലേയ്ക്കാണ് നീങ്ങുന്നത്.

സമ്പന്നരായ കള്ളപ്പണക്കാര്‍ക്കും അഴിമതിക്കാര്‍ക്കുമെതിരായ ശക്തമായ നടപടിയായിട്ടാണ് ഇതിനെ ഡാര്‍ജിലിംഗിലെ തൊഴിലാളികള്‍ കരുതുന്നതെന്ന് തൃണമൂല്‍ ട്രേഡ് യൂണിയന്‍ നേതാക്കള്‍ തന്നെ പറയുന്നു. ഡങ്കന്‍ ഗ്രൂപ്പിന്‌റെ ബാഗ്രാകോട്ടെ അടക്കം മേഖലയിലെ പല തേയിലത്തോട്ടങ്ങളും നോട്ട് പിന്‍വലിക്കലിന് മുമ്പ് തന്നെ പ്രതിസന്ധിയിലാണ്. നോട്ട് പിന്‍വലിക്കല്‍ തങ്ങളുടെ അവസ്ഥയില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടാക്കിയിട്ടില്ലെന്നാണ് എസ്റ്റേറ്റ് തൊഴിലാളികള്‍ പറയുന്നത്. സൂപ്പര്‍വൈസര്‍ ബിമല്‍ പ്രധാനും തൊഴിലാളിയായ സബിത ഛേത്രിയുമെല്ലാം നോട്ട് പിന്‍വലിക്കലിനെ അനുകൂലിയ്ക്കുകയാണ്. പിയുസിഎല്ലും (പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ്) ട്രേഡ് യൂണിയന്‍ ഫോറവും തൊഴിലാളികള്‍ക്കിടയില്‍ നടത്തിയ രണ്ട് സര്‍വേ റിപ്പോര്‍ട്ടുകളില്‍ 2015ല്‍ പട്ടിണി മൂലം മരിച്ച 367 തേയില തൊഴിലാളികളുടെ വിവരങ്ങളുണ്ട്. രാംഝോര, മുജ്‌നായ്, റെഡ് ബാങ്ക്, കതാല്‍ഗുഡി, കെരന്‍ എന്നിവിടങ്ങളിലെല്ലാം തേയില തൊഴിലാളികള്‍ പട്ടിണി കിടക്കുന്ന അവസ്ഥയുണ്ട്. നോട്ട് അസാധുവാക്കിയതിന് ശേഷം പ്രതിസന്ധി മൂര്‍ച്ഛിച്ചു.

എന്നാല്‍ ഗൂര്‍ഖ ടെറിട്ടോറിയല്‍ അഡ്മിനിസ്‌ട്രേഷന് കീഴില്‍ വരുന്ന 103 തേയില തോട്ടങ്ങളിലും പ്രതിഷേധമൊന്നുമില്ല. ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചയും ബിജെപിയും സഖ്യത്തിലുമാണ്. ബിജെപിയുടെ എസ്എസ് അലുവാലിയയാണ് ഡാര്‍ജിലിംഗ് എംപി. മേഖലയില്‍ കൂടുതല്‍ എടിഎമ്മുകള്‍ സ്ഥാപിക്കണമെന്ന ആവശ്യമാണ് എസ്റ്റേറ്റ് മാനേജ്‌മെന്‌റുകള്‍ ഉയര്‍ത്തുന്നത്.

കൂടുതല്‍ വായനയ്ക്ക് : https://goo.gl/4Hv1r3

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍