UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബര്‍ലിനില്‍ ക്രിസ്തുമസ് ചന്തയിലേക്ക് ട്രക്ക് ഇടിച്ചു കയറ്റിയ സംഭവം; പാക് പൗരനല്ല പ്രതിയെന്നു സൂചന

അപകടത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 48 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു

ജര്‍മനിയിലെ ബെര്‍ലിനില്‍ തിരക്കേറിയ ക്രിസ്തുമസ് ചന്തയിലേക്ക് ട്രക്ക് ഇടിച്ചു കയറ്റി 13 പേരുടെ ജീവന്‍ നഷ്ടമായ സംഭവത്തില്‍ പ്രതിയെന്നു സംശയിച്ചു കസ്റ്റഡിയിലെടുത്ത പാകിസ്താന്‍ പൗരനല്ല അപകടം ഉണ്ടാക്കിയ വാഹനം ഓടിച്ചതെന്നു സൂചന. ബെര്‍ലിനെ ഉന്നത സുരക്ഷവൃത്തങ്ങളെ ഉദ്ദരിച്ചു ഡൈവെല്‍റ്റ് പത്രമാണ് ഇങ്ങനെയൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്റെ മേല്‍ ആരോപിക്കുന്ന കുറ്റം അറസ്റ്റിലായ പാകിസ്താനി പൗരന്‍ നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. തനിക്ക് ഈ സംഭവത്തില്‍ യാതൊരു പങ്കുമില്ലെന്നാണ് ഇയാള്‍ പൊലീസിനോടു പറയുന്നത്.

യഥാര്‍ത്ഥ പ്രതി മറ്റൊരാള്‍ ആയിരിക്കാമെന്നും അയാള്‍ കൂടുതല്‍ നാശം വിതച്ചേക്കാമെന്നും ഉന്നത സുരക്ഷ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സംശയാസ്പദമായി ആരെ കണ്ടാലും വിവരം തരാന്‍ ജനങ്ങളോട് പൊലീസും സുരക്ഷ ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടിട്ടുണ്ട്.

തിങ്കളാഴ്ച രാത്രിയാണ് ബെര്‍ലിനിലെ ബ്രിറ്റ്‌സ്‌ഷെയ്ഡ്പ്ലാറ്റ്‌സിലെ ക്രിസ്തുമത് ചന്തയിലേക്ക് ട്രക്ക് ഇടിച്ചു കയറിയത്. അപകടത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 48 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ 18 പേരുടെ നില അതീവ ഗുരുതരമാണ്.

ആദ്യം സ്വാഭാവികമായി സംഭവിച്ച അപകടം എന്നായിരുന്നു കരുതിയതെങ്കിലും പിന്നീടാണ് തീവ്രവാദ സ്വഭാവമുള്ളൊരു ആക്രമണമാണെന്നതിന്റെ സൂചനകള്‍ ലഭിച്ചത്. ട്രക്കിന്റെ യഥാര്‍ത്ഥ ഡ്രൈവര്‍ ആണെന്നു കരുതുന്നയാളെ വെടിയേറ്റു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിയെന്ന സംശയത്തില്‍ പാകിസ്താന്‍ പൗരനായ 23 കാരനെ അറസ്റ്റ് ചെയ്യുന്നത്. ഇയാള്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 നാണ് ജര്‍മനിയില്‍ എത്തുന്നത്. ഇയാള്‍ ഈ വര്‍ഷം ഫെബ്രുവരിയിലാണ് ബെര്‍ലിനിലേക്ക് എത്തുന്നത്. തന്റെ ബന്ധുക്കളെ ജര്‍മനിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും ഇയാള്‍ നടത്തിയതായി ജര്‍മന്‍ മന്ത്രി നല്‍കുന്ന വിവരങ്ങളില്‍ പറയുന്നു. എന്നാല്‍ ഇയാളുടെ പേര് പൊലീസിന്റെ ചില വിവരങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കില്‍ തീവ്രവാദ സ്വഭാവമുള്ള കേസുകളിലൊന്നും ഇയാളുടെ പേര് വന്നിട്ടില്ലെന്നും മന്ത്രി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍