UPDATES

വിദേശം

ബെര്‍ലിന്‍ മതില്‍ തകര്‍ന്നിട്ട് 25 വര്‍ഷം; എന്നിട്ടും ആ അദൃശ്യ മതില്‍

Avatar

റിക്ക് നോയ്ക്ക്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ജര്‍മ്മിയുടെ കമ്മ്യൂണിസ്റ്റ് കിഴക്കിനെയും യുഎസ് സൗഹൃദ പടിഞ്ഞാറിനെയും വേര്‍തിരിച്ചിരുന്ന ബര്‍ലിന്‍ മതില്‍ എവിടെയാണെന്ന് ഇപ്പോള്‍ ബര്‍ലിന്‍ സന്ദര്‍ശിക്കുന്നവര്‍ അത്ഭുതപ്പെടും. 30 വര്‍ഷം ട്രയിനുകള്‍ നിശ്ചലമായി നിന്നിടത്തേക്ക് ഇപ്പോള്‍ മെട്രോ പിടിക്കാനായി യാത്രക്കാര്‍ പരക്കം പായുന്നു. അതിര്‍ത്തി കടന്ന് പടിഞ്ഞാറ് എത്താന്‍ ശ്രമിക്കുന്നതിനിടയില്‍ സ്വന്തം രാജ്യക്കാരുടെ വെടിയേറ്റ് കിഴക്കന്‍ ജര്‍മ്മനിക്കാര്‍ വീണതിന് ഏതാനും വാര അകലെയുള്ള ഒഴിഞ്ഞ പാണ്ടികശാലകളില്‍ അനധികൃതമെങ്കിലും പ്രചുരപ്രചാരം നേടിയ പാര്‍ട്ടികള്‍ അരങ്ങേറുന്നു. സോസേജ് കറികള്‍ ചൂടോടെ വിറ്റഴിയുന്നു.

അടുത്തയാഴ്ച ബര്‍ലിന്‍ മതില്‍ തകര്‍ന്നതിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ഏകീകൃത ജര്‍മ്മനി. ഒരിക്കലും പിരിഞ്ഞിട്ടില്ലാത്ത പല രാജ്യങ്ങളെക്കാളും ഏകീകൃതമാണ് ജര്‍മ്മനി എന്ന് ഒറ്റനോട്ടത്തില്‍ തോന്നുകയും ചെയ്യും.

എന്നാല്‍ കിഴക്ക്, പശ്ചിമ ജര്‍മ്മന്‍കാരുടെ ജീവിത രീതികളെയും പ്രശ്‌നങ്ങളെയും സംബന്ധിച്ചുള്ള കണക്കുകളും പ്രതിബിംബങ്ങളും മറ്റൊരു കഥയാണ് വരച്ചുകാട്ടുന്നത്. തങ്ങളുടെ രാജ്യത്തിന്റെ ഏകീകരണം ഒരു വലിയ വിജയമായിരുന്നു എന്ന് സമീപകാലത്ത് നടന്ന ഒരു സര്‍വെയില്‍ 75 ശതമാനം കിഴക്കന്‍ ജര്‍മ്മന്‍കാരും അഭിപ്രായപ്പെടുമ്പോള്‍ പഴയ പശ്ചിമ ജര്‍മ്മനിയിലുള്ള 50 ശതമാനം പേര്‍ മാത്രമാണ് ഈ അഭിപ്രായം പങ്കുവയ്ക്കുന്നത്. ഭൂതകാല വിഭജനം ഇപ്പോഴും നിലനില്‍ക്കുന്നു എന്നതിന്റെ സൂചകങ്ങള്‍ ഇത് മാത്രമാണെന്ന് പറയാനുമാവില്ല.

മുകളില്‍ കൊടുത്തിട്ടുള്ള വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ബിംബങ്ങളെയും ഭൂപടങ്ങളെയും (അവയില്‍ ചിലത് ജര്‍മ്മന്‍ വാര്‍ത്ത സൈറ്റായ സിയറ്റ് ഓണ്‍ലൈനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ്) കുറിച്ച് ആഴത്തിലുള്ള വിലയിരുത്തല്‍ നടത്തുന്നതിന് മുമ്പ് ഒരു വലിയ ചിത്രം നമുക്കൊന്ന് പരിശോധിക്കാം.

2012 ല്‍ അന്താരാഷ്ട്ര ഭൗമ നിലയത്തില്‍ നിന്നും ഗഗനചാരിയായ ആന്ദ്രെ കൂപ്പേഴ്‌സ് എടുത്ത ചിത്രമാണിത്. ബര്‍ലിന്റെ ഒരു വിഭജിത ചിത്രം അത് നല്‍കുന്നു:  ചിത്രത്തിലെ മഞ്ഞവെളിച്ചമുള്ള ഭാഗങ്ങള്‍ കിഴക്കന്‍ ബര്‍ലിനിലേതാണ്. പച്ച ഭാഗങ്ങള്‍ പടിഞ്ഞാറന്‍ ഭാഗങ്ങളെ രേഖപ്പെടുത്തുന്നു.

ഇരു ഭാഗങ്ങളും ചരിത്രപരമായി തന്നെ വ്യത്യസ്ത തെരുവ് വിളക്കുകളാണ് ഉപയോഗിച്ചിരുന്നതെന്ന് ബര്‍ലിന്‍ നഗരവികസന മന്ത്രാലയത്തിന്റെ വക്താവ് ഡാനിയേല ഓഗന്‍സ്റ്റീന്‍ വിശദീകരിക്കുന്നു. തെരുവിളക്കുകള്‍ മറ്റൊരു വ്യത്യസ്തതയുടെ പ്രതിഫലനമാണ്: പശ്ചിമ ജര്‍മ്മിയില്‍ ഉപയോഗിച്ചിരുന്ന തെരുവ് വിളക്കുകള്‍ കൂടുതല്‍ പരിസ്ഥിതി സൗഹാര്‍ദപരമായിരുന്നു. എഴുപതുകളിലും എണ്‍പതുകളിലും സജീവമായിരുന്നു പശ്ചിമ ജര്‍മ്മന്‍ പരിസ്ഥിതി പൗര പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനഫലമായിരുന്നു അത്. ആ സമയത്ത് പൂര്‍വ ജര്‍മ്മനി കല്‍ക്കരിയെ അമിതമായി ആശ്രയിക്കുന്നത് മൂലം കടുത്ത മലിനീകരണത്തിന് ഇരയായ രാജ്യമായിരുന്നു. എന്നാല്‍ ഇന്ന് രാജ്യത്തിന്റെ പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജ പരിവര്‍ത്തനത്തിന്റെ ഹൃദയമാണ് കിഴക്കന്‍ ജര്‍മ്മനി. പക്ഷെ അന്തരീക്ഷത്തില്‍ നിന്നും നോക്കുമ്പോള്‍ ബര്‍ലിന്റെ രാത്രി കാഴ്ചകളില്‍ ഇപ്പോഴും ചരിത്രപരമായ ഭിന്നതകള്‍ നിലനില്‍ക്കുന്നു.

കിഴക്കും പടിഞ്ഞാറും തമ്മിലുള്ള കൂടുതല്‍ വിടവ് രേഖകളില്‍ വ്യക്തമാണ്.

ബര്‍ലിന്‍ മതിലിന്റെ വീഴ്ചയ്ക്ക് ശേഷം കമ്മ്യൂണിസ്റ്റ് കിഴക്കന്‍ ജര്‍മ്മനിയിലെ കമ്പനികള്‍ക്കും ഫാക്ടറികള്‍ക്കും തങ്ങളെക്കാള്‍ മികച്ച കാര്യശേഷിയുള്ള പടിഞ്ഞാറന്‍ എതിര്‍കക്ഷികളുമായി പെട്ടെന്ന് മത്സരത്തില്‍ ഏര്‍പ്പെടേണ്ടി വന്നു. മുതലാളിത്തം വളരെ വേഗത്തില്‍ രംഗം കീഴടക്കി. മിക്ക കിഴക്കന്‍ ജര്‍മ്മന്‍ കമ്പനികളും പാപ്പരായി എന്ന് മാത്രമല്ല ചില മേഖലകള്‍ക്ക് ഈ ഞെട്ടലില്‍ നിന്നും ഒരിക്കലും മുക്തി നേടാനും സാധിച്ചില്ല. ഇന്നും കിഴക്കന്‍ പ്രദേശങ്ങളിലെ വരുമാന നില പടിഞ്ഞാറുള്ളതിനേക്കാള്‍ വളരെ താഴെയാണ്.

കഴിഞ്ഞ വേനല്‍ക്കാലത്ത് ജര്‍മ്മനിയിലെ തൊഴിലില്ലായ്മ രണ്ട് ദശകത്തിലെ ഏറ്റവും വര്‍ദ്ധിച്ചപ്പോള്‍ പത്രങ്ങളിലെ തലക്കെട്ടുകള്‍ക്ക് കാരണമായി. എന്നാല്‍ ഈ നിരക്ക് സമാനമായ രീതിയിലല്ല വ്യാപിച്ചിരിക്കുന്നത്: പഴയ പശ്ചിമ ജര്‍മ്മന്‍ സംസ്ഥാനങ്ങള്‍, തങ്ങളുടെ കിഴക്കന്‍ അയല്‍ സംസ്ഥാനങ്ങളെക്കാള്‍ വളരെ മികച്ച തൊഴില്‍ നിരക്കാണ് ഇപ്പോഴും രേഖപ്പെടുത്തുന്നത്. ഇത് ഒരു പരിധിവരെ കിഴക്കന്‍ പ്രദേശങ്ങളിലെ ഗ്രാമീണ മേഖലയില്‍ നിന്നും യുവജനങ്ങള്‍ തൊഴില്‍ അന്വേഷിച്ച് പടിഞ്ഞാറന്‍ പ്രദേശങ്ങളിലേക്ക് കുടിയേറിയതോടെ കിഴക്കന്‍ ജര്‍മ്മനിയില്‍ തൊഴില്‍ തേടുന്നവരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞത് കൊണ്ട് കൂടിയാണ്.

ഇത് ഒരു വിരോധാഭാസകരമായ സാഹചര്യം കൂടി സൃഷ്ടിച്ചിട്ടുണ്ട്: മികച്ച തൊഴിലവസരങ്ങളും വേതനവും ലഭിക്കാത്തത് മൂലം തങ്ങള്‍ പടിഞ്ഞാറേക്കോ അല്ലെങ്കില്‍ കിഴക്കുള്ള വന്‍ നഗരങ്ങളിലേക്കോ കുടിയേറാന്‍ നിര്‍ബന്ധിതമാവുകയാണെന്ന് കിഴക്കന്‍ ഗ്രാമീണ ജര്‍മ്മനിയിലെ ഭൂരിപക്ഷം യുവജനങ്ങളും പറയുന്നു. ഇത് മൂലം പ്രവേശനതല തസ്തികകളില്‍ ജോലി ചെയ്യാന്‍ ട്രയിനികളെ ലഭിക്കാത്തത് മൂലം പല കിഴക്കന്‍ ജര്‍മ്മന്‍ കമ്പനികളും പോളണ്ടില്‍ നിന്നോ ചെക്ക് റിപ്പബ്ലിക്കില്‍ നിന്നോ ഉള്ളവരെ ജോലിക്കെടുക്കുകയാണ് ചെയ്യുന്നത്.

തൊഴിലില്ലായ്മയും വരുമാന വ്യത്യാസവും മാത്രമല്ല ജനസംഖ്യാപരമായ അന്തരത്തിന് കാരണങ്ങള്‍. ജര്‍മ്മനിയില്‍ എത്തുന്ന വിദേശീയരില്‍ ഭൂരിപക്ഷവും പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ നിലയുറപ്പിയ്ക്കാന്‍ ആഗ്രഹിക്കുന്നു. ഇവരുട ആഗമനം മൂലം ഈ പ്രദേശങ്ങളിലെ ശരാശരി പ്രായത്തില്‍ വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ബര്‍ലിന്‍ മതില്‍ തകരുന്നതിന് മുമ്പ്, അതിഥി തൊഴിലാളികളായി താമസിക്കുന്നതിന് ജര്‍മ്മനി നിരവധി തുര്‍ക്കികളെ ക്ഷണിച്ചിരുന്നു. ഇവരില്‍ ഭൂരിപക്ഷവും സ്വന്തം രാജ്യത്തേക്ക് മടങ്ങി പോയില്ല.

ഇത് കൂടാതെ, കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 16,000 പേരെ അഭിമുഖം നടത്തിയ ലെപ്‌സിഗ് സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നത് കിഴക്കന്‍ ജര്‍മ്മനിയിലെ കാലാവസ്ഥ വിദേശികള്‍ക്ക് അനുകൂലമല്ല എന്നാണ്. വലതുപക്ഷ നവനാസി അനുകൂലികളുടെ വലിയ സാന്നിധ്യവും ഇതോടൊപ്പം കൂട്ടി വായിക്കണം. അഡോള്‍ഫ് ഹിറ്റ്ലറെ പ്രകീര്‍ത്തിക്കുന്നതിന് പലപ്പോഴും വിമര്‍ശന വിധേയമാകാറുള്ള വലതുപക്ഷ നാഷണല്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് കിഴക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. എന്നാല്‍ ഈ പിന്തുണ തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രതിഫലിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല.

എന്തു കൊണ്ടാണ് കമ്മ്യൂണിസ്റ്റ് ആധിപത്യമുണ്ടായിരുന്ന കിഴക്കന്‍ പ്രദേശങ്ങളില്‍ വലതുപക്ഷ രാഷ്ട്രീയക്കാര്‍ക്ക് വളരാന്‍ സാധിക്കുന്നത്? ഉത്തരം സങ്കീര്‍ണമാണ്. എന്നാല്‍ മതില്‍ തകര്‍ന്നതിന് ശേഷം ലോകത്തെമ്പാടും വളര്‍ന്നിട്ടുള്ള ഇടതുപക്ഷ വിരുദ്ധ കാഴ്ചപ്പാടുകളും കിഴക്കന്‍ പ്രദേശത്തിന്റെ സാമ്പത്തിക രംഗത്തുണ്ടായ വീഴ്ചകളുമാവാം ഇതിന് കാരണമെന്ന് സാമൂഹിക ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. പടിഞ്ഞാറന്‍ മുതലാളിത്തത്തില്‍ നിന്നും പലരും മോഹമുക്തി നേടിയിട്ടുണ്ടെങ്കിലും കമ്മ്യൂണിസം മടങ്ങി വരുമെന്ന് വളരെ കുറച്ച് ആളുകള്‍ മാത്രമേ ആഗ്രഹിക്കുന്നുള്ളു. എന്നാല്‍ ഈ വിടവ് നികത്തുന്നതില്‍ വലതുപക്ഷ രാഷ്ട്രീയ നേതാക്കള്‍ ജാഗരൂകരായിരുന്നു. അതുകൊണ്ട് തന്നെ വലതുപക്ഷത്തെ ഭൂരിപക്ഷം കിഴക്കന്‍ ജര്‍മ്മന്‍കാരും സ്വാഗതം ചെയ്യുന്നു.

മുകളില്‍ വിവരിച്ച താരതമ്യങ്ങളില്‍ നിന്നും ജീവിക്കാന്‍ വിരസമായ ഒരു സ്ഥലമാണ് കിഴക്കന്‍ ജര്‍മ്മനി എന്ന ഒരു ധാരണ ഉണ്ടായേക്കാം. എന്നാല്‍ ചില കാര്യങ്ങളിലെങ്കിലും അവര്‍ പടിഞ്ഞാറിനെക്കാള്‍ മുന്നിലാണ്.

ചവര്‍ ഉല്‍പാദനം ഒരു ഉദാഹരണമായി എടുക്കാം. എന്തുകൊണ്ട്? സാധ്യമായ ഒരു വിശദീകരണം ഇതാ: 1989 തുടര്‍ച്ചയായി സംഭവിച്ചുകൊണ്ടിരുന്ന ഭക്ഷ്യപ്രതിസന്ധി, ഭക്ഷ്യോല്‍പന്നങ്ങളെ സൂക്ഷിച്ച് ഉപയോഗിക്കാന്‍ കിഴക്കന്‍ ജര്‍മ്മന്‍കാരെ നിര്‍ബന്ധിതരാക്കി. എന്നാല്‍ അവര്‍ക്ക് അത്യാവശ്യമുണ്ടെന്ന് അവര്‍ക്ക് തോന്നുന്ന സാധനങ്ങളില്‍ മാത്രമാണ് ഈ മിതത്വം. ഈ മനഃസ്ഥിതി ഇപ്പോഴും തുടരുന്നു. എന്നാല്‍ ഗാര്‍ഹീക പാഴ്വസ്തുക്കളുടെ കാര്യം മാത്രം എടുക്കുകയാണെങ്കില്‍ ചവറ് ഉല്‍പാദനത്തിലുള്ള ഈ കിഴക്ക്-പടിഞ്ഞാറ് അന്തരം ഭാഗീകമാണെന്ന് വ്യക്തമാവും. പൂന്തോട്ടങ്ങളില്‍ നിന്നും മറ്റുമുള്ള ചവറ് ഉല്‍പാദനദത്തിന്റെ കാര്യത്തില്‍ ഇരു ഭാഗങ്ങളും തമ്മില്‍ വലിയ അന്തരം കാണുന്നില്ല.

കമ്മ്യൂണിസ്റ്റ് കിഴക്കന്‍ ജര്‍മ്മനി ശിശുസംരക്ഷണത്തിന് ഊന്നല്‍ നല്‍കിയിരുന്നു. പടിഞ്ഞാറന്‍ ജര്‍മ്മനിയിലെ അമ്മമാര്‍ സാധാരണഗതിയില്‍ തൊഴിലെടുക്കുന്നവരാണ്. എന്നാല്‍ കിഴക്കന്‍ ജര്‍മ്മനിയിലെ അമ്മമാര്‍ കുട്ടികളെ വളര്‍ത്തുന്നതിനായി വീടുകളില്‍ തങ്ങുന്നു. അതുകൊണ്ട് തന്നെ ശിശുക്ഷേമ സൗകര്യങ്ങള്‍ക്കായി കിഴക്കന്‍ ജര്‍മ്മന്‍ സര്‍ക്കാര്‍ വന്‍ മുതല്‍മുടക്കുകള്‍ നടത്തിയിരുന്നു. ഈ പ്രവണത ഇപ്പോഴും തുടരുന്നു.

മുകളില്‍ കാണിച്ചിരിക്കുന്ന ഭൂപടം കിഴക്കന്‍ ജര്‍മ്മന്‍ സര്‍ക്കാരിന്റെ മറ്റൊരു പാരമ്പര്യം ചൂണ്ടിക്കാട്ടുന്നു. വ്യക്തിപരമായ ഉടമസ്ഥത അല്ലാതിരുന്നതിനാലും ഒരു സംഘം കര്‍ഷകരുടെ ഉടമസ്ഥതയിലായിരുന്നതിനാലും കിഴക്കന്‍ ജര്‍മ്മനിയിലെ കാര്‍ഷിക ഭൂമി താരതമ്യേന വിസ്തൃതമാണ്. എന്നാല്‍ പുനരേകീകരണത്തിന് ശേഷവും കാര്‍ഷിക ഭൂമിയുടെ വലിപ്പത്തില്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ടായില്ല.

പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുക്കുന്നത് കിഴക്കന്‍ ജര്‍മ്മനിയില്‍ സാധാരണമായിരുന്നു. ഇതിന് രാഷ്ട്രീയ പിന്തുണയുമുണ്ടായിരുന്നു. ജര്‍മ്മന്‍ വാര്‍ത്ത വെബ്‌സൈറ്റായ സിയേറ്റ് ഓണ്‍ലൈന്‍ അടുത്തകാലത്ത് പ്രസിദ്ധീകരിച്ച കിഴക്കും പടിഞ്ഞാറും തമ്മില്‍ പെരുമാറ്റത്തിലും വിശ്വാസങ്ങളിലുമുള്ള ഒരു താരതമ്യ പ്രകാരം കിഴക്കന്‍ ജര്‍മ്മന്‍കാര്‍ ഈ ശീലത്തില്‍ ഇനിയും വലിയ മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ല. ലേഖനം എന്തുകൊണ്ടും വായനാര്‍ഹമായ ഒന്നാണ്. (വെബ്‌സൈറ്റ് പ്രകാരം, നിയമാനുസൃതമായ ചെറുകിട ആയുധങ്ങള്‍ കൈയില്‍ വയ്ക്കുന്ന കാര്യത്തില്‍ പശ്ചിമ ജര്‍മ്മന്‍ നഗരങ്ങളില്‍ ജീവിക്കുന്നവരെക്കാള്‍ വളരെ പിന്നിലാണ് കിഴക്കന്‍ ജര്‍മ്മന്‍കാര്‍).

അവസാനമായി, നിങ്ങള്‍ യൂറോപ്പിലൂടെ സഞ്ചരിക്കുകയും ജര്‍മ്മന്‍ സംഘങ്ങള്‍ എവിടെയെങ്കിലും വിശ്രമിക്കുന്നത് കാണുകയും ചെയ്യുകയാണെങ്കില്‍, അവര്‍ ജര്‍മ്മനിയുടെ ഏത് ഭാഗത്തു നിന്നും ഉള്ളവരാണെന്ന് എളുപ്പം മനസിലാക്കാനാവും. കിഴക്കന്‍ ജര്‍മ്മന്‍കാര്‍ മിക്കപ്പോഴും കൂടാരം കെട്ടി താമസിക്കുമ്പോള്‍, ട്രയിലറുകളില്‍ യാത്ര ചെയ്യാനാണ് പടിഞ്ഞാറന്‍ ജര്‍മ്മന്‍കാര്‍ ആഗ്രഹിക്കുന്നത്. ഇതിന് ശാസ്ത്രീയമായ വിശദീകരണങ്ങള്‍ ഒന്നുമില്ലെങ്കിലും ആഗോളതലത്തില്‍ പടിഞ്ഞാറന്‍ ജര്‍മ്മന്‍കാര്‍ നടത്തിയ യാത്രകളുടെ വിശാലമായ അനുഭവങ്ങളിലാകാം ഈ വ്യത്യാസത്തിന്റെ വേരുകള്‍ എന്ന് അനുമാനിക്കപ്പെടുന്നു. മാത്രമല്ല, കമ്മ്യൂണിസത്തിന് കീഴില്‍ ഒരു കാറ് പോലും സ്വന്തമാക്കാന്‍ ഭൂരിപക്ഷം കിഴക്കന്‍ ജര്‍മ്മന്‍ യുവജനങ്ങള്‍ക്കും സാധിച്ചിരുന്നുമില്ല. ഒരു ട്രെയിലര്‍ വാങ്ങാന്‍ ശ്രമിക്കുന്നത് വലിയ പണച്ചിലവുള്ള ഏര്‍പ്പാടാണെന്ന് മാത്രമല്ല മിക്ക കിഴക്കന്‍ ജര്‍മ്മന്‍കാര്‍ക്കും അത് അസാധ്യവുമായിരുന്നു. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ്, പടിഞ്ഞാറുള്ളവര്‍ തങ്ങളുടെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് സഞ്ചരിച്ചുകൊണ്ടിരുന്നപ്പോള്‍ കിഴക്കന്‍ ജര്‍മ്മന്‍കാരെ ഏകദേശം 30 വര്‍ഷത്തോളം അവരുടെ സര്‍ക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍