UPDATES

പി സുജാതന്‍

കാഴ്ചപ്പാട്

പി സുജാതന്‍

ന്യൂസ് അപ്ഡേറ്റ്സ്

മര്‍ഡോക്കിനും വഴങ്ങാത്ത കുട്ടിപ്പത്രങ്ങളുടെ കൂട്ടുകാരന്‍

ബര്‍ണാര്‍ഡ് ഷ്‌റിംസ്‌ലി അന്തരിച്ചപ്പോള്‍ ബ്രിട്ടനിലെ മാധ്യമങ്ങളെല്ലാം ‘ബ്രെക്‌സിറ്റ്’  ജനഹിതപരിശോധനയ്ക്കു മുമ്പുള്ള പ്രചാരണത്തിരക്കിലായിരുന്നു. ബ്രിട്ടീഷ് പത്രപ്രവര്‍ത്തനത്തിന് പുത്തന്‍ രൂപഭാവങ്ങള്‍ നല്‍കിയ ബര്‍ണാര്‍ഡ് കുട്ടിപ്പത്രങ്ങളുടെ (ടാബ്ലോയിഡ്) പ്രചാരകനും പ്രയോക്താവും ആയിട്ടാണ് അറിയപ്പെട്ടിരുന്നത്. റൂപര്‍ട്ട് മര്‍ഡോക്കിന്റെ വലംകൈ. ഹിതപരിശോധനയുടെ കോലാഹലങ്ങള്‍ക്കിടയിലും ബ്രിട്ടനിലെ മാധ്യമങ്ങളെല്ലാം ബര്‍ണാര്‍ഡ് ഷ്‌റിംസിലിക്ക് വലിയ ആദരവ് അര്‍പ്പിച്ചു. ഗാര്‍ഡിയനും ടൈമും ടെലിഗ്രാഫും ദീര്‍ഘമായ അനുസ്മരണക്കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചു. ഡെയ്‌ലി മിറര്‍, സണ്‍ എന്നീ പത്രങ്ങള്‍ പ്രത്യേക പതിപ്പുകള്‍ ഇറക്കി. ഒരു കാലഘട്ടം കൊഴിഞ്ഞു വീണു എന്ന അര്‍ത്ഥത്തില്‍ പ്രമുഖ പത്രപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും ബര്‍ണാര്‍ഡ് ഷ്‌റിംസ്‌ലിയുടെ വിയോഗത്തെ വിലയിരുത്തി.

ടാബ്ലോയിഡ് സംസ്‌കാരത്തിന് അര്‍ത്ഥവും മൂല്യവും ഉണ്ടാക്കിയ പ്രമുഖനായ വ്യക്തിയെന്ന് എല്ലാവരും ഏകസ്വരത്തില്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. നിരന്തരം യാത്രയിലായ തിരക്കുള്ള മനുഷ്യരുടെ സൗകര്യപ്രകാരം പത്രങ്ങളുടെ രൂപസംവിധാനം ഉടച്ചുവാര്‍ത്തതും നഗരവാസികളെയും മധ്യവര്‍ഗത്തെയും പത്രവായനയില്‍ ആകര്‍ഷിച്ചു നിറുത്തിയതും ബര്‍ണാര്‍ഡ് ഷ്‌റിംസ്‌ലിയാണ്. ലണ്ടന്‍ നഗരജീവിതത്തിന്റെ ഭാഗമായ ട്യൂബ് ട്രെയിനിലെ യാത്രക്കാര്‍ക്ക് മുഷിപ്പ് മാറ്റാനും അറിവ് നല്‍കാനും ഉതകുന്ന ദിനപത്രം ഉണ്ടാക്കി വിജയിച്ച ആള്‍ എന്നതിനപ്പുറം ഇദ്ദേഹത്തിന് എന്തെങ്കിലും പ്രസക്തിയുണ്ടോ? ഇംഗ്ലണ്ടിലെ പത്രപ്രവര്‍ത്തന രീതികള്‍ പഠിക്കാന്‍ ശ്രമിക്കുന്ന ഭാവിയിലെ മാധ്യമവിദ്യാര്‍ത്ഥിക്ക് ബര്‍ണാര്‍ഡ് നല്‍കുന്ന വിസ്മയങ്ങളെന്ത്? സാമൂഹിക പ്രവണതകളെയും ചിന്താരീതികളെയും ഉന്നതനായ ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ അദ്ദേഹം സ്വാധീനിച്ചിട്ടുണ്ടോ? അത്തരത്തില്‍ ബര്‍ണാര്‍ഡ് അവശേഷിപ്പിക്കുന്ന പാഠങ്ങളെന്ത്?

അരനൂറ്റാണ്ട് കാലം സജീവമായി പത്രപ്രവര്‍ത്തനത്തില്‍ വ്യാപരിച്ചശേഷമാണ് ബര്‍ണാര്‍ഡ് ഷ്‌റിംസ്‌ലി 85-ാം വയസില്‍ വിടപറഞ്ഞത്. ബ്രിട്ടനിലെ മൂന്ന് ദേശീയ ദിനപത്രങ്ങളില്‍ അദ്ദേഹം എഡിറ്റര്‍ ആയി ജോലി ചെയ്തു. ‘മെയില്‍ ഓണ്‍ സണ്‍ഡെ’ എന്ന പത്രത്തിന്റെ സ്ഥാപക പത്രാധിപരായിരുന്നു. വാര്‍ത്താ ഏജന്‍സിയുടെ മെസഞ്ചര്‍ ബോയി എന്ന നിലയില്‍ പതിനാറാം വയസില്‍ പത്രസ്ഥാപനത്തില്‍ എത്തിയ ബര്‍ണാര്‍ഡ് ഉപചാരങ്ങളും കീഴ്‌വഴക്കങ്ങളും പാരമ്പര്യങ്ങളും മുറുകെ പിടിക്കുന്ന ബ്രിട്ടീഷ് സമൂഹത്തിന്റെ പത്രവായനാശീലം മാറ്റിമറിച്ച് സര്‍വാദരണീയ സ്ഥാനത്ത് എത്തിയ ദീര്‍ഘാനുഭവങ്ങള്‍ എങ്ങും കൃത്യമായി രേഖപ്പെടുത്തി വച്ചിട്ടില്ല. 1996 ല്‍ ദൈനംദിന പത്രപ്രവര്‍ത്തനം വിട്ടശേഷം ബര്‍ണാര്‍ഡ് മൂന്ന് നോവലുകള്‍ എഴുതി. കഥഫോലെ വായനക്കാരുടെ കൈകളിലെത്തിയ രസകരമായ ആ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തനാനുഭവ യാഥാര്‍ത്ഥ്യങ്ങളാണ്. ടൈംപത്രത്തിലെ ചരമക്കുറിപ്പില്‍ പറയുന്നതുപോലെ ബര്‍ണാര്‍ഡ് പ്രത്യേകമായി ഒരു ആത്മകഥ എഴുതേണ്ടതില്ല. അദ്ദേഹത്തിന്റെ മൂന്ന് നോവലുകള്‍ തുറന്നുവയ്ക്കുന്നത് സ്വന്തം അനുഭവലോകമാണ്. ബ്രിട്ടനിലെ കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ പത്രപ്രവര്‍ത്തനത്തിന്റെ സൂക്ഷ്മമായ ഗതിപരിണാമങ്ങള്‍ തിരഞ്ഞ നര്‍മ്മബോധത്തോടെ ബര്‍ണാര്‍ഡ് ഷ്‌റിംസ്‌ലി തന്റെ നോവലുകളില്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

മലയാളത്തില്‍ വി.കെ.എന്‍. എഴുതിയ ആക്ഷേപഹാസ്യ നോവലുകളെ ഓര്‍മ്മിപ്പിക്കും. ബര്‍ണാര്‍ഡ് ഷ്‌റിംസ്‌ലിയുടെ സില്ലി സീസണ്‍, ലയേണ്‍ റാംപാന്റ്, ദി ക്യാണ്ടിഡേറ്റ്‌സ് എന്നീ കൃതികള്‍. 2003ല്‍ പുറത്തുവന്ന സില്ലി സീസണ്‍ എന്ന ആദ്യനോവലില്‍ ജാക്സ്റ്റാക് എന്ന കഥാപാത്രം ഒരു ടാബ്ലോയിഡിന്റെ എഡിറ്റര്‍ ആണ്. പ്രധാനമന്ത്രിപദം വരെ അലങ്കരിച്ച രാഷ്ട്രീയ പ്രമുഖ മരണാസന്നയായി കിടക്കുന്നു. പത്രത്തിന്റെ ഡെഡ്‌ലൈന്‍ കഴിഞ്ഞിട്ടും മഹതി അന്ത്യശ്വാസം വലിക്കുന്നില്ല. അസ്വസ്ഥനായ ജാക്സ്റ്റാക് സഹപത്രാധിപരോട് അരിശത്തോടെ പറയുന്നു: ”ശവം, ജീവിച്ചിരുന്നപ്പോള്‍ എന്തു തന്റേടമായിരുന്നു. മരിക്കാന്‍ ആ തന്റേടമില്ല. ചരമക്കുറിപ്പിലെ വാക്കുകള്‍ മാറ്റി ലേഖനം അവരുടെ ജീവിതവിജയത്തിന്റെ കഥയാക്കി തിരുത്തുക”. മരിക്കാന്‍ കിടക്കുന്നത് മാര്‍ഗരറ്റ് താച്ചറും ജാക്‌സാറ്റ് ബര്‍ണാര്‍ഡ് ഷ്‌റിംസിലിയും ആണെന്ന് വായനക്കാര്‍ വേഗം തിരിച്ചറിയുന്നു. കരാറുകാരും കച്ചവടക്കാരും രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളും മാധ്യമങ്ങളും ചേര്‍ന്ന് സമൂഹത്തിന്റെ നൈസര്‍ഗ്ഗിക വാസനകളെയും സൃഷ്ടിപരതയെയും തകര്‍ത്തെറിയുന്നത് എങ്ങനെയെന്ന് ബര്‍ണാര്‍ഡിന്റെ നോവലുകള്‍ കാട്ടിത്തരുന്നു. അതിലൂടെ ബ്രിട്ടീഷ് പത്രപ്രവര്‍ത്തനത്തിന്റെ സ്വഭാവ വൈചിത്ര്യങ്ങളെയും ഫലിതം കലര്‍ത്തി അദ്ദേഹം ആവിഷ്‌ക്കരിക്കുന്നുണ്ട്.

റഷ്യന്‍ പ്രവിശ്യയില്‍ നിന്ന് ബ്രിട്ടനില്‍ കുടിയേറിയ ഒരു തുന്നല്‍ക്കാരന്റെ മകനായി 1931 ജനുവരിയിലാണ് ബര്‍ണാര്‍ഡ് ഷ്‌റിംസ്‌ലി ജനിച്ചത്. ഷ്‌റിംസ്‌കി എന്നായിരുന്നു പിതാവിന്റെ പേര്. കുടിയേറിയ വിദേശിയാണെന്ന് നാട്ടുകാര്‍ അറിയാതിരിക്കാന്‍ പേരിന്റെ ഒടുവിലെ റഷ്യന്‍ ധ്വനി ആംഗലേയവല്‍ക്കരിച്ച് ഷ്‌റിംസ്‌ലി എന്നാക്കി. രണ്ടാം ലോകയുദ്ധകാലത്ത് ഷ്‌റിംസ്‌ലി കുടുംബം ചിതറിപ്പോയി. ബര്‍ണാര്‍ഡും അനുജന്‍ ആന്റണിയും ഒരു ഇംഗ്ലീഷ് കുടുംബത്തില്‍ അഭയംതേടി. ദുരിതജീവിതമായിരുന്നു ഒമ്പതുവയസുകാരനായ ബര്‍ണാര്‍ഡിനും അനുജനും ആ വീട്ടില്‍ നേരിടേണ്ടിവന്നത്. പീഡനം സഹിക്കാനാവാതെ ബര്‍ണാര്‍ഡ് ഒരു ദിവസം അനുജന്റെ കൈയും പിടിച്ച് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ചെന്നു. ആ വീട്ടില്‍ നിന്ന് ഇരുവരും മോചനം നേടി. എന്നാല്‍ തനിക്കും സഹോദരനും നല്ല വിദ്യാഭ്യാസം കിട്ടുന്നില്ലെന്ന് പതിമൂന്നാം വയസില്‍ പ്രാദേശിക ഭരണകൂടത്തോട് ബര്‍ണാര്‍ഡ് പരാതിപ്പെട്ടു. അങ്ങനെ നോര്‍ത്താംപ്ടണ്‍ ഗ്രാമര്‍ സ്‌കൂളില്‍ ഇരുവര്‍ക്കും പ്രവേശനം കിട്ടി.

യുദ്ധം കഴിഞ്ഞു. മാതാപിതാക്കള്‍ തിരിച്ചെത്തി. ബര്‍ണാര്‍ഡിനെ ഒരു അക്കൗണ്ടന്റ് ആക്കാനായിരുന്നു രക്ഷിതാക്കളുടെ ആഗ്രഹം. അതിനു വഴങ്ങാതെ പതിനാറാം വയസില്‍ ബര്‍ണാര്‍ഡ് വീടുവിട്ടു. ലണ്ടനിലെ പ്രസ് അസോസിയേഷന്‍ എന്ന വാര്‍ത്താ ഏജന്‍സി ഓഫീസില്‍ ‘മെസഞ്ചര്‍ ബോയി’ എന്ന പണി ലഭിച്ചു. പത്രപ്രവര്‍ത്തകരെ അടുത്തു കാണാനും അവരുടെ ജോലി നിരീക്ഷിക്കാനും അവസരം ലഭിച്ചപ്പോള്‍ തനിക്കും അതുപോലാകണമെന്ന് ബര്‍ണാര്‍ഡ് കൊതിച്ചു. സ്റ്റോക് ന്യൂവിംഗ്ടണ്‍ ലിറ്റററി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ക്രാഫ്റ്റ് ഓഫ് റൈറ്റിംഗ് എന്ന കോഴ്‌സിനു ചേര്‍ന്നു. ഭാഷയും ലേഖന വിദ്യയും അഭ്യസിക്കുന്നതിനിടയില്‍ ഡെറിക് ജയിസണ്‍ എന്ന ഉറ്റ സുഹൃത്തിനെയും ക്ലാസില്‍ നിന്ന് ലഭിച്ചു. പത്രപ്രവര്‍ത്തനത്തെക്കുറിച്ച് ഇരുവരും വലിയ സ്വപ്നങ്ങള്‍ കണ്ടു. രണ്ടുപേരും പില്‍ക്കാലത്ത് അതില്‍ വിജയിക്കുകയും ചെയ്തു.

‘സൗത്ത് പോര്‍ട്ട് ഗാര്‍ഡിയന്‍’ എന്ന ഒരു ചെറിയ പത്രത്തിലാണ് ബര്‍ണാര്‍ഡ് അവിടെ അഞ്ചുവര്‍ഷം പത്രാധിപസമിതിയില്‍ പ്രവര്‍ത്തിച്ചു. നിര്‍ബന്ധിത സൈനിക സേവനം പൂര്‍ത്തിയാക്കാന്‍ റോയല്‍ എയര്‍ഫോഴ്‌സില്‍ പോകേണ്ടി വന്നപ്പോള്‍ നിരാശതോന്നി. ”പത്രപ്രവര്‍ത്തനം രസകരമായി മുന്നേറുന്നതിനിടയില്‍ വന്ന തിരിച്ചടി” എന്ന് ബര്‍ണാര്‍ഡ് കൂട്ടുകാരന്‍ ഡെറിക്കിന് എഴുതി. നല്ല ‘അറിവുള്ള’ കേഡറ്റ് എന്ന നിലയില്‍ എയര്‍ഫോഴ്‌സില്‍ ചേരാന്‍ എത്തുന്നവരെ ഇന്റര്‍വ്യൂ ചെയ്യുന്ന പണിയാണ് ബര്‍ണാര്‍ഡ് മുഖ്യമായി ഏറ്റെടുത്തത്. പട്ടാളത്തില്‍ ചേരാന്‍ വരുന്നവരെയെല്ലാം മണ്ടശിരോമണികള്‍. ഒന്നിനും യാതൊരു വിവരവുമില്ലെന്ന് ബര്‍ണാര്‍ഡ് തിരിച്ചറിഞ്ഞു. സൈന്യസേവനം കഴിച്ച് മാഞ്ചസ്റ്ററില്‍ എത്തിയ ബര്‍ണാര്‍ഡ് ‘സണ്‍ഡെ എക്‌സ്പ്രസില്‍’ സഹപത്രാധിപരായി. ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഡയ്‌ലി മിറര്‍ പത്രത്തില്‍ നിന്ന് നല്ലൊരു ഓഫര്‍ വന്നു. മാഞ്ചസ്റ്റര്‍ മേഖലാ എഡിറ്റര്‍ പദവി. കഠിനാധ്വാനം, ഊര്‍ജസ്വലത എന്നീ ഗുണവിശേഷങ്ങളുള്ള യുവ എഡിറ്ററെ മിറര്‍ ഗ്രൂപ്പിന്റെ ഉടമ സെസില്‍ കിംഗ് ശ്രദ്ധിച്ചു. മാഞ്ചസ്റ്റര്‍ മേഖലയില്‍ മിറര്‍ പത്രത്തിന്റെ പ്രചാരം ഇരട്ടിച്ചു. എഡിറ്റോറിയല്‍ ഡയറക്ടര്‍ ഹഗ്കുഡ് ലിപ്പിനോട് ബര്‍ണാര്‍ഡിനെ ലണ്ടനില്‍ എത്തിച്ച് മികച്ച പരിശീലനം നല്‍കാന്‍ സെസില്‍ കിംഗ് നിര്‍ദേശിച്ചു. ലണ്ടനില്‍ ഡെയ്‌ലി മിറര്‍ പത്രത്തിന്റെ കേന്ദ്ര ഡസ്‌കില്‍ അസിസ്റ്റന്റ് എഡിറ്റര്‍ ആയി ബര്‍ണാര്‍ഡ് പ്രവര്‍ത്തനം തുടങ്ങി. മിറര്‍ എക്‌സിക്യുട്ടീവുകളില്‍ നിന്നെല്ലാം വ്യത്യസ്തനായ പുതിയ അസിസ്റ്റന്റ് എഡിറ്ററെ സഹപ്രവര്‍ത്തകര്‍ ശ്രദ്ധിച്ചു. ചിട്ടയും ചുമതലാബോധവും. ഏതുവാര്‍ത്തയും പൂര്‍ണമായി മാറ്റി എഴുതും. വാക്കുകളില്‍ കര്‍ശനമായ നിലപാടുകള്‍. ഉള്ളടക്കവും രൂപവും സൂക്ഷ്മമായി നോക്കൂക്കും. മദ്യപാനം തീരെയില്ല. പുകവലിയും കുറവ്  പ്രൂഫ് മുതല്‍ ഫോട്ടോ എഡിറ്റിംഗ് വരെ നോക്കയിട്ടേ ദിവസവും മടങ്ങൂ. ഇങ്ങനൊരു പത്രാധിപരെ അവര്‍ക്ക് മുമ്പ് പരിചയമില്ലായിരുന്നു. പേജ് പ്രൂഫ് നോക്കി തലക്കെട്ടു മുതല്‍ ഉള്ളടക്കം വരെ കൂടെക്കൂടെ തിരുത്തുന്ന ബര്‍ണാര്‍ഡിന് സഹപ്രവര്‍ത്തകര്‍ രഹസ്യമായി ഒരു ഇരട്ടപ്പേര് നല്‍കി. ആവോണ്‍ ലേഡി. കണ്ണാടിക്കു മുന്നില്‍ നിന്ന് മാറാന്‍ മടിക്കുന്ന പച്ചപ്പരിഷ്‌ക്കാരിപ്പെണ്ണ്. അഴകിയ രാവണന്‍ എന്ന് നമ്മള്‍ മലയാളികള്‍ ചില കോന്തന്മാരെ വിശേഷിപ്പിക്കാറില്ലെ. അതിന്റെ സ്ത്രീ രൂപമാണ് ‘ആവോണ്‍ ലേഡി’.

1969 ല്‍ ആസ്‌ത്രേലിയയില്‍ നിന്ന് മാധ്യമലോകത്തെ വലിയ മുതലാളി റൂപര്‍ട്ട് മര്‍ഡോക്ക് ഇംഗ്ലണ്ടില്‍ എത്തി മിറര്‍ ഗ്രൂപ്പില്‍ നിന്ന് ‘സണ്‍’ പത്രം വിലയ്ക്കുവാങ്ങി. ലാറിലാമ്പിനെ എഡിറ്റര്‍ ആയും നിയമിച്ചു. ബ്രോഡ് മീറ്റില്‍ നിന്ന് സണ്‍ ടബ്ലോയ്ഡ് രൂപത്തിലാകുമെന്ന് പരസ്യം ചെയ്തു. ബര്‍ണാര്‍ഡ് ഷ്‌റിംസ്‌ലിയെ തന്റെ അസിസ്റ്റന്റ്എഡിറ്റര്‍ ആയി നിയമിക്കണമെന്ന് ലാറിലാമ്പ് മുന്നോട്ടുവച്ച നിര്‍ദ്ദേശം മര്‍ഡോക്ക് അംഗീകരിച്ചു. ”അക്കാര്യം ഞാന്‍ അങ്ങോട്ടു പറയാനിരിക്കുകയായിരുന്നു. ബര്‍ണാര്‍ഡിനെ ഞാന്‍ നേരത്തെ നോട്ടമിട്ടിരുന്നു”. എന്നാണ് മര്‍ഡോക് പ്രതികരിച്ചത്. മിറര്‍ ഗ്രൂപ്പില്‍ ചില പ്രൊമോഷന്‍ തര്‍ക്കങ്ങള്‍ ഇതിനകം ഉടലെടുത്തിരുന്നു. ലേബര്‍ പാര്‍ട്ടിയോട് തീരെ താല്‍പ്പര്യമില്ലാത്ത ബര്‍ണാര്‍ഡ് തന്റെ ഓഫീസില്‍ ഒതുക്കപ്പെട്ടതായി മനസിലാക്കി; ലിവര്‍പൂള്‍ പോസ്റ്റ് എന്ന പത്രത്തിലേയ്ക്ക് മാറിയിരുന്നു. അപ്പോഴാണ് ‘സണ്‍’ പുതുക്കിപ്പണിയാന്‍ മര്‍ഡോക്ക് ക്ഷണിച്ചത്. ലാറിലാമ്പും ബര്‍ണാര്‍ഡും നല്ല ചേരുവകളായിരുന്നു. സണ്‍പത്രത്തില്‍ ചേരാന്‍ പോകുന്ന വിവരം ബര്‍ണാര്‍ഡ് ലിവര്‍ പൂള്‍ പോസ്റ്റ് ഉടമയോട് പറഞ്ഞു. ”അവിടെ എത്രകാലം?” എന്ന് അദ്ദേഹം കളിയാക്കി ചോദിച്ചു. സ്ഥായിയായി ഒരിടത്തും നില്‍ക്കാന്‍ പറ്റാത്ത ഉരുളന്‍ കല്ലാണ് ബര്‍ണാര്‍ഡ് ഷ്‌റിംസ്‌ലി എന്ന പത്രപ്രവര്‍ത്തകനെന്ന് ദുഷ്‌പ്പേര് വീണു കഴിഞ്ഞു.

വളരെ എളിയ ചുറ്റുപാടിലാണ് സണ്‍ പത്രം മര്‍ഡോക്ക് ആരംഭിച്ചത്. മിറര്‍ ഗ്രൂപ്പില്‍ നാനൂറ് ജീവനക്കാരുമായി ഗാംഭീര്യത്തോടെ വാണിരുന്ന ബര്‍ണാര്‍ഡ് നൂറ് പേരുമായി പുതിയ താവളത്തില്‍ ഒരു മൂലയില്‍ ഇരുന്ന് അക്ഷമനായി ജോലി ചെയ്തു. ലാമ്പിന്റെ നൂറ് കുഞ്ഞാടുകളില്‍ ഒരാള്‍ ലിനോടൈപ്പിന്റെ ഒച്ചയും ഈയമുരുകുന്ന ചൂടും പുകയും കരിയുമെല്ലാം പത്രാധിപന്മാരും പങ്കുവയ്ക്കണം. കാരണം എല്ലാവര്‍ക്കും കൂടി ഒരു മുറി മാത്രമേ ലണ്ടനില്‍ സണ്‍ പത്രത്തിന് മര്‍ഡോക്ക് തരപ്പെടുത്തിയിട്ടുള്ളു. ദിവസം പതിനാല് മണിക്കൂര്‍ ജോലി. ന്യൂസ് ഓഫ് ദ വേള്‍ഡ്, സണ്‍ എന്നീ പത്രങ്ങള്‍ അവിടെ നിന്ന് പുറത്തുവന്നു. ടാബ്ലോയിഡ് സണ്‍ വായനക്കാര്‍ക്ക് രസിച്ചു. ഒതുക്കിപ്പിടിച്ചു വായിക്കാം. രസകരമായ അവതരണം. ഹരംപിടിപ്പിക്കുന്ന ചിത്രങ്ങളും വിവരണങ്ങളും. ഒരു കൊല്ലം കൊണ്ട് സണ്‍ 16 ലക്ഷം പ്രതിദിനം തോറും വിറ്റു.  1981 എത്തിയപ്പോള്‍ പ്രചാരം 40 ലക്ഷം കോപ്പിയായി ബ്രിട്ടനില്‍ ഒന്നാം നിരയില്‍ ബര്‍ണാര്‍ഡിന്റെ അധ്വാനവും മിടുക്കുമായിരുന്നു. ആ വളര്‍ച്ചയുടെ അടിസ്ഥാന ഘടകം. ലാറി ലാമ്പ്  പുറം ബന്ധങ്ങളും മര്‍ഡോക്കുമായുള്ള വിനിമയങ്ങളും നോക്കി. പത്രത്തില്‍ എന്ത് ചെയ്യണം, എങ്ങനെ ചെയ്യണമെന്നെല്ലാം ബര്‍ണാര്‍ഡ് തീരുമാനിച്ചു. പേജ് പ്രൂഫും തലക്കെട്ടും ഭാഷാശുദ്ധിയും ഉള്‍പ്പെടെ വളരെ സൂക്ഷ്മമായ കാര്യങ്ങളില്‍ പോലും ബര്‍ണാഡ് ഇടപ്പെട്ടു. മൂന്നാം പേജിലെ ഫോട്ടോകള്‍ സൂക്ഷ്മമായി എഡിറ്റ് ചെയ്യാന്‍ നിര്‍ദേശിച്ചു. ”സ്ത്രീകളുടെ മേനിയഴക് ആരും ഇഷ്ടപ്പെടും. എന്നാല്‍ സ്തനങ്ങള്‍ക്കിത്ര വലിപ്പം പാടില്ല. പ്രത്യേകിച്ച്, മുലകണ്ണുകള്‍ ചെറുതായിരിക്കണം”. എന്ന് ഫോട്ടോ എഡിറ്ററോട് നിര്‍ദേശിച്ചപ്പോള്‍ താനെന്തു ചെയ്യാന്‍ എന്ന് അയാള്‍ കൈമലര്‍ത്തി. ബര്‍ണാര്‍ഡ് ചിരിച്ചുകൊണ്ടു പറഞ്ഞു: ”ശരിയാണ്, ഇംഗ്ലണ്ടിലെ സ്ത്രീകള്‍ പീനസ്തനികളായിരിക്കാം. എങ്കിലും നമ്മള്‍ വായനക്കാരെ ഭയപ്പെടുത്താന്‍ പാടില്ല”.

ഉജ്വലവും തീവ്രവുമായിരുന്നു. ബര്‍ണാര്‍ഡ് ഷ്‌റിംസ്‌ലിയുടെ പ്രവര്‍ത്തന ശൈലി. വളരെ വിചിത്രമായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. വസ്തുതകളെ പൊലീസ് മഹസറിലെപ്പോലെ വിവരിക്കുന്നതല്ല, പത്രപ്രവര്‍ത്തനമെന്ന് സഹപ്രവര്‍ത്തകരെ ഉപദേശിച്ചു. ”വസ്തുതകള്‍ കലാപരമായി അവതരിപ്പിക്കണം. തെക്കുപടിഞ്ഞാറെ ഇന്ത്യയില്‍ കഥകളി എന്നൊരു കലാരൂപമുണ്ട്. കഥാപാത്രങ്ങളായി അതില്‍ പ്രത്യക്ഷപ്പെടുന്ന മനുഷ്യര്‍ക്ക് യഥാര്‍ത്ഥ മനുഷ്യരുമായി യാതൊരു യോജിപ്പുമില്ല. തടിച്ചുകൊഴുത്ത കഥകളി മനുഷ്യര്‍ ജീവിതത്തില്‍ എങ്ങുമില്ല. കല യഥാഥാര്‍ത്ഥ്യത്തിന്റെ സ്തൂല രൂപമാണെന്ന് അതു പറയുന്നു. പത്രപ്രവര്‍ത്തനം സ്വന്തം നിലയില്‍ ഒരു കലയാണെന്ന് മറക്കണ്ട”. സില്ലി സീസണ്‍ എന്ന നോവലില്‍ ജാക്സ്റ്റാക് സഹപ്രവര്‍ത്തകരെ ഉപദേശിക്കുന്നു. ബര്‍ണാര്‍ഡിന്റെ അഭിപ്രായത്തിന്റെ പ്രതിധ്വനി തന്നെയാണിത്. അദ്ദേഹം കേരളത്തിന്റെ പ്രതിധ്വനി തന്നെയാണിത്. അദ്ദേഹം കേരളത്തില്‍ വരികയും കഥകളി ആസ്വദിക്കുകയും ചെയ്തിട്ടുണ്ടാകണം.

1974 ല്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ ടീം യോഗ്യത നേടാതെ ലോക ഫുട്‌ബോള്‍ മത്സരവേദിയില്‍ നിന്നു പുറത്തായി. ആ വാര്‍ത്തയ്ക്ക് ”ദ എന്‍ഡ് ഓഫ് ദി വേള്‍ഡ്” എന്ന് തലക്കെട്ട് നല്‍കാന്‍ ബര്‍ണാര്‍ഡ് നിര്‍ദേശിച്ചു. സഹപത്രാധിപര്‍ തലചൊറിഞ്ഞ് ”അത്രയുംവേണോ?” എന്ന് ചോദിച്ചു. ”താങ്കളുടെ സന്ദേഹം ശരിയാണ്. അതിനാല്‍ ആ തലക്കെട്ടിന് ഒടുവില്‍ ഒരു അതിശയ ചിഹ്നം ഇട്ടോളൂ” എന്നു പറഞ്ഞതായാണ് കേള്‍വി.

വായനക്കാരെ വിസ്മയിപ്പിച്ചും ഇക്കിളിപ്പെടുത്തിയും ഉല്‍ബുദ്ധരാക്കിയും സണ്‍, ന്യൂസ് ഓഫ് ദ വേള്‍ഡ് എന്നീ പത്രങ്ങളെ ഇംഗ്ലീഷുകാരുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കിയ ബര്‍ണാര്‍ഡ് പതിമൂന്ന് വര്‍ഷം മര്‍ഡോക്കിനൊപ്പം തുടര്‍ന്നുപോയത് ലണ്ടനിലെ മറ്റെല്ലാം പത്രപ്രവര്‍ത്തകര്‍ക്കും അത്ഭുതമാണ്. ന്യൂസ് ഓഫ് ദ വേള്‍ഡ് കൂടി ടാബ്ലോയ്ഡ് ആക്കാന്‍ ബര്‍ണാര്‍ഡ് നിര്‍ദേശിച്ചെങ്കിലും മര്‍ഡോക്ക് വഴങ്ങിയില്ല. ‘മെയില്‍ ഓണ്‍ സണ്‍ഡെ’ എന്നൊരു കുട്ടിപ്പത്രം തുടങ്ങി ബര്‍ണാര്‍ഡ് മുതലാളിയെ വെല്ലുവിളിച്ചു. ബര്‍ണാര്‍ഡ് വിട്ടശേഷം സണ്‍ എഡിറ്റ് ചെയ്യാന്‍ ഒരു വര്‍ഷം നാല് പത്രാധിപന്മാരെ മര്‍ഡോക്കിന് പരീക്ഷിക്കേണ്ടി വന്നു. ഒടുവില്‍ മത്സരവേദിയില്‍ പിടിച്ചു നില്‍ക്കാന്‍ ബര്‍ണാര്‍ഡ് നിര്‍ദേശിച്ചപോലെ ന്യൂസ് ഓഫ് ദ വേള്‍ഡ് കുട്ടിപ്പത്രമായി. എങ്കിലും ഇറങ്ങിപ്പോന്ന പടികള്‍ കയറി ബര്‍ണാര്‍ഡ് വീണ്ടും സണ്‍ പത്രത്തിലേയ്ക്ക് തിരിച്ചുപോയില്ല. മര്‍ഡോക്കിന്റെ ക്ഷണം അദ്ദേഹം നന്ദിപൂര്‍വ്വം നിരസിച്ചു.

മെയില്‍ ഓണ്‍ സണ്‍ഡെയില്‍ ബര്‍ണാര്‍ഡിന് എല്ലാം ശുഭകരമായിരുന്നില്ല. പതിവ് എഴുത്തുകാര്‍ മുഴുവന്‍ കര്‍ക്കശക്കാരനായ ബര്‍ണാര്‍ഡിനെ ബഹിഷ്‌ക്കരിച്ചു. ആരെയും അനുനയിപ്പിക്കാന്‍ വളഞ്ഞ വഴിനോക്കിയില്ല. പകരം പുതിയ എഴുത്തുകാരെയും പംക്തികാരന്മാരെയും ഓരോ വിഷയത്തിലും സൃഷ്ടിച്ചു. അവരില്‍ ജില്ലി കൂപ്പര്‍, മൈക്കല്‍ പാര്‍ക്കിന്‍സണ്‍ എന്നിവര്‍ പ്രശസ്തരായി. ക്രിസ്റ്റഫര്‍ ഫീല്‍ഡ് എന്ന പുതിയ എഡിറ്ററെ കണ്ടെത്തി. പാട്രിക് കോളിന്‍സ് എന്ന കായികവിനോദ ലേഖകന്‍ ശ്രദ്ധേയനായി. എങ്കിലും 1982 ലെ ലണ്ടന്‍ പുതിയ ഒരു പത്രം കൂടി സ്വീകരിക്കാന്‍ പ്രാപ്തമായിരുന്നില്ല. പത്രപ്രവര്‍ത്തനം മതിയാക്കി ബര്‍ണാര്‍ഡ് പ്രസ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തു. പ്രതിരോധവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത് എങ്ങനെ എന്ന് പത്രങ്ങളെ ഉപദേശിക്കുന്ന ഡി – കമ്മിറ്റി അംഗമായും ഗസറ്റിയറിന്റെ ലീഡര്‍ റൈറ്റര്‍ ആയും ബര്‍ണാര്‍ഡ് മാറി. 66-ാം വയസില്‍ റിട്ടയര്‍ ചെയ്തശേഷമാണ് മൂന്ന് നോവലുകള്‍ രചിച്ചത്. അര നൂറ്റാണ്ട് താന്‍ ജീവിച്ച പത്രപ്രവര്‍ത്തനം മണ്ഡലത്തിലേയ്ക്കുള്ള തമാശ കലര്‍ന്ന തിരിഞ്ഞുനോട്ടമായിരുന്നു അവ ഓരോന്നും.

ബര്‍ണാര്‍ഡിന്റെ ഇളയ സഹോദരന്‍ ആന്റണി ഷ്‌റിംസ്‌ലി 1984 ല്‍ മരിക്കുമ്പോള്‍ സണ്‍ഡെ മിറര്‍ പത്രത്തില്‍ പൊളിറ്റിക്കല്‍ എഡിറ്റര്‍ ആയിരുന്നു. ആന്റണിയുടെ മകന്‍ റോബര്‍ട്ട് ഫിനാന്‍ഷ്യല്‍ ടൈംസിന്റെ വെബ്‌സൈറ്റ് ആയ എഫ്.ടി. കോം എഡിറ്റര്‍ ആണ്. ഭാര്യ നോര്‍മ മരിച്ചശേഷം ഏഴുവര്‍ഷമായി ബര്‍ണാര്‍ഡ് പൊതുവേദികളില്‍ നിന്ന് അകന്നു നിന്നു. ന്യൂസ് ഓഫ് ദ വേള്‍ഡില്‍ ഫീച്ചര്‍ എഴുതുന്ന മകള്‍ അമാണ്ടയെ അവര്‍ക്കിഷ്ടപ്പെട്ട തൊഴിലായ പത്രപ്രവര്‍ത്തനം തിരഞ്ഞെടുക്കാന്‍ ബര്‍ണാര്‍ഡ് അനുവദിച്ചു. എന്നാല്‍ ചെറുമകന്‍ ടെഡ്‌ലൗഡേ ആ വഴിക്കു തിരിയാന്‍ ഒരുങ്ങിയപ്പോള്‍ ബര്‍ണാഡ് ശക്തമായി എതിര്‍ത്തു. ചെറുമകനോട് ‘നോ, നെവര്‍’ എന്ന് പറഞ്ഞ ബര്‍ണാര്‍ഡ് അതിനുള്ള കാരണം ‘ദ ‘കാന്‍ഡിഡേറ്റ്’ എന്ന നോവലില്‍ ഒരു കഥാപാത്രം വഴി സൂചിപ്പിച്ചിട്ടുണ്ട്. ”ആസ്‌ത്രേലിയന്‍ മുതലാളിക്ക് പണമുണ്ടാക്കാന്‍ ഇംഗ്ലണ്ടിലെ തൊഴിലാളി പാര്‍ട്ടിയുടെ മണ്ടത്തരങ്ങളെ പുകഴ്ത്തിക്കൊണ്ടിരിക്കാം. അമേരിക്കയുടെ ആയുധങ്ങള്‍ വിറ്റഴിക്കാന്‍ പാവപ്പെട്ട രാജ്യങ്ങളുടെ തലവന്മാരെക്കുറിച്ച് നുണക്കഥകള്‍ എഴുതിക്കൂട്ടാം. പൊലീസ്, പ്രോസ്റ്റിറ്റിയൂട്ട്, പ്രസ് എന്നീ വാക്കുകളുടെ ആദ്യക്ഷരം ഒന്നുതന്നെ ആയത് യാദൃശ്ചികമല്ല”. 2016 ജൂണ്‍ ഒമ്പതാം തീയതി ഈ ആത്മപരിഹാസത്തിന് വിരാമചിഹ്നം വീണു.   

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

പി സുജാതന്‍

പി സുജാതന്‍

കേരള പത്രപ്രവര്ത്തലന രംഗത്തെ പ്രമുഖ വ്യക്തിത്വമായ പി സുജാതന്‍ അറിയപ്പെടുന്ന രാഷ്ട്രീയ നിരീക്ഷകനും കാര്ട്ടൂ ണിസ്റ്റുമാണ്. കേരള കൌമുദി, കലാകൌമുദി, വീക്ഷണം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. കലാകൌമുദിയില്‍ എഴുതിയ രാഷ്ട്രീയ ലേഖനങ്ങള്‍ ഏറെ ശ്രദ്ധേയം.

More Posts

Follow Author:
TwitterFacebookLinkedInGoogle PlusYouTube

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍