UPDATES

സിനിമ

ആദിവാസി കുട്ടികള്‍ മാലിന്യം കഴിച്ച സംഭവം: ഭരണകൂടം അടക്കമുള്ളവര്‍ കുറ്റക്കാര്‍ മോഹന്‍ ലാല്‍

അഴിമുഖം പ്രതിനിധി

ആദിവാസി കുട്ടികള്‍ മാലിന്യം ഭക്ഷണമാക്കിയ സംഭവം മനസിനെ അസ്വസ്ഥമാക്കുന്നുവെന്നും അതിന് ഭരണകൂടം അടക്കം നമ്മളേവരും കുറ്റക്കാരാണെന്നും മോഹന്‍ലാല്‍. തന്റെ പുതിയ ബ്ലോഗിലാണ് അദ്ദേഹം മനസ് പങ്കുവച്ചത്. സ്വന്തം ആവാസ സ്ഥലത്ത് നിന്നും നഗരത്തിലേക്കിറങ്ങി വന്ന് നഗരത്തിന്റെ ഉച്ഛിഷ്ടവും മാലിന്യവും ഭക്ഷിച്ച് ജീവിക്കുന്ന കുട്ടികളെ കുറിച്ചുള്ള വാര്‍ത്തയും ചിത്രവും കണ്ടത് മുതല്‍ മനസ് അസ്വസ്ഥമായതായി മോഹന്‍ലാല്‍ രേഖപ്പെടുത്തുന്നു.

ആദിവാസികള്‍ക്കുവേണ്ടി വന്‍തുക ചെലവഴിച്ചിട്ടും പാവം ആദിവാസി കുട്ടികള്‍ നഗരത്തില്‍ വന്ന് നമ്മുടെ ഉച്ഛിഷ്ടം ഭക്ഷിച്ച് ജീവിക്കേണ്ടി വന്നതില്‍ ഭരിക്കുന്ന മന്ത്രിമാര്‍ മുതല്‍ താനടക്കമുള്ള സാധാരണ പൗരന്‍മാര്‍ വരെ കുറ്റക്കാരാണ്. തെറ്റുകാരാണ്. നമുക്കാര്‍ക്കും ആത്മാര്‍ത്ഥയില്ല. ഈ പദ്ധതികളും പണവും എവിടെ പോയിയെന്നും മോഹന്‍ലാല്‍ ചോദിക്കുന്നു.

പണം വേണ്ട രീതിയിലാണ് ചെലവഴിച്ചതെങ്കില്‍ പിന്നെയും ഈ കുട്ടികള്‍ എന്തുകൊണ്ട് ഇങ്ങനെ ജീവിക്കേണ്ടി വരുന്നത് എന്തു കൊണ്ടാണ് എന്ന് നമ്മള്‍ അന്വേഷിക്കണമെന്നും ലാല്‍ ആവശ്യപ്പെടുന്നു.

ഇത്രയും പ്രധാനപ്പെട്ട ഒരു വാര്‍ത്ത വന്നിട്ടും നമുക്ക് വലിയ ഞെട്ടലോ ബഹളമോ ഉണ്ടായില്ല. ഈ വാര്‍ത്തയെ മറന്ന് നാം തെരഞ്ഞെടുപ്പിന്റേയും ബാര്‍ കോഴയുടേയും രാജി വയ്ക്കലിന്റേയും ഉല്‍സവക്കാഴ്ച്ചകളിലേക്ക് പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. എല്ലാകാര്യത്തിലും ഇടപെടുന്ന നവമാധ്യമങ്ങളും വലിയ ശ്രദ്ധ ചെലുത്തിയില്ലെന്ന് അദ്ദേഹം എടുത്തതു പറഞ്ഞു. ആദിവാസികള്‍ എന്നല്ല ആരും പട്ടിണി കിടക്കാത്ത ഒരു കാലമാണ് എല്ലാ കാലത്തേയും നല്ല മനസുകളേയും സ്വപ്‌നമെന്ന് പറഞ്ഞ അദ്ദേഹം അത് സാധ്യമാകുമോയെന്നും ചോദിക്കുന്നു. മാലിന്യം ഭക്ഷണമാക്കുന്ന ആദിവാസി ബാലന്മാരുടെ ചിത്രത്തിനും വാര്‍ത്തയ്ക്കും മുന്നില്‍ മനുഷ്യനെന്ന നിലയിലും മലയാളി എന്ന നിലയിലും ഭക്ഷണം ആസ്വദിച്ച് കഴിക്കുന്ന ആളെന്ന നിലയിലും താന്‍ ലജ്ജിച്ച്, കുറ്റബോധത്തോടെ തലതാഴ്ത്തി കണ്ണീരണിഞ്ഞ് നില്‍ക്കുന്നു. ഈ മാഹപാപത്തില്‍ നിന്ന് ഒരു ഭാഗം ഞാനും പങ്കിട്ടെടുക്കുന്നുവെന്നും മനുഷ്യ വംശത്തോട് മാപ്പ് പറയുന്നുവെന്നും മോഹന്‍ ലാല്‍ ബ്ലോഗില്‍ കുറിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍