UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇരിക്കരുത് മലയാളീ, ക്യൂ പാലിക്കുക, നില്‍ക്കുക; ചില ബാര്‍ നിരോധന ചിന്തകള്‍

Avatar

പ്രിയന്‍ അലക്‌സ് റബെല്ലോ

‘തത്ത്വചിന്തയുടെ ഉദാത്തവിചാരങ്ങള്‍ മുതല്‍ ഒരു കപ്പ് സൂപ്പിനായുള്ള ഏറ്റവും നിരാശാജനകമായ ആഗ്രഹം വരെ’ എന്ന ചെഗുവേരയുടെ ഭാഷ കടമെടുത്തുകൊണ്ട് പറയട്ടെ, ബാറുകളില്ലാത്ത ഒരു ഈസ്റ്റര്‍ കാലം മറ്റെന്താണ് നമ്മോട് പറയുന്നത്; ആഘോഷിക്കാനൊന്നുമില്ലാത്ത കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്നോ?

ഇതെന്റെ രക്തമാണെന്ന് രക്ഷകന്‍ പറഞ്ഞിരുന്നു. ഇനിയിപ്പോ ക്യൂ നില്‍ക്കേണ്ടിവരുമല്ലോ. വിശ്വാസികളേ നിങ്ങള്‍ക്ക് ദുരിതം. പകലന്തിയോളം കൂലിവേല ചെയ്യുന്നവര്‍ വീട്ടില്‍ ചെലവിനു നല്‍കാതെ കുടിച്ചവസാനിക്കുന്നതിന് ബാറാണോ ബിവറേജാണോ അതോ സാമൂഹികവ്യവസ്ഥിതിയാണോ കാരണം? സാക്ഷരത തൊഴില്‍നേടിത്തരുന്നു. ആഹാ, സാക്ഷരത സ്ത്രീകള്‍ക്ക് സുരക്ഷ തരുന്നു. നിയമവും നിരോധനവും നീതിപീഠങ്ങളും വഴി എല്ലാം പരിഹരിക്കാനാവും. നിയമം നിയമത്തിന്റെ വഴിക്കുപോവുന്നു. വഴിയില്‍ കോടതിയലക്ഷ്യമായി കൂട്ടം കൂടരുത്. 

എല്ലാം മറന്ന് ഉറങ്ങാനും വോട്ടുകുത്താനുമുള്ള ബോധമേ ജനാധിപത്യം ആവശ്യപ്പെടുന്നുള്ളൂ. അഥവാ ജനാധിപത്യം ക്രമസമാധാനമാകുന്നു. ബോധം നശിക്കാന്‍ പിന്നെന്താണ് വേണ്ടത്? ആലോചിക്കണം! മദ്യരഹിതകേരളമോ? അതിന് പരശുരാമന്‍ ഒന്നുങ്കൂടെ മഴുവെറിയേണ്ടിവരും. ഒരബദ്ധം ഒരു പോലീസുകാരനും രണ്ടു തവണ പറ്റാറില്ലെന്നാണ്. അല്ലെങ്കിലിതാണ്

‘ ദയ തോന്നി
തിരികെ കീശയിലിടാന്‍ ശ്രമിച്ചാല്‍
പോക്കറ്റടിക്കാരന്‍ 
പിടിക്കപ്പെടും’ എന്ന് കല്‍പ്പറ്റ നാരായണന്‍ എഴുതിയത്. അങ്ങനെയാരും നമ്മെ രക്ഷിക്കില്ല. ആര്‍ക്കും ദയ തോന്നില്ല. കാരണം നിയമവും നിയമസഭയും നീതിപീഠവും നമ്മെ നിരന്തരം…

ആ!

ചുംബിക്കരുത്, ആലിംഗനം ചെയ്യരുത്, മദ്യപിക്കരുത്; എല്ലാം പുതിയ കല്‍പ്പനകളാണ്. മദ്യപാനത്തിന്റെ പക്ഷിക്കൂടുകള്‍ തൂവലുകളില്ലാതെ കൊഴിയുകയാണ്, കാല്‍പ്പായക്കടലാസില്‍ അന്നൊരു മുഖ്യമന്ത്രി എഴുതിയതാണ്. നാരായണ നാരായണ!

മദ്യം ബിവറേജ് ഷോപ്പുകളില്‍നിന്ന് വാങ്ങാം. സിനിമകള്‍ വീട്ടിലിരുന്ന് കാണാമല്ലോ. സീരിയലുകള്‍, അന്തിച്ചര്‍ച്ചകള്‍, കളിക്കളങ്ങളില്ലാത്ത കമ്പ്യൂട്ടര്‍ ഗെയിമുകള്‍. എല്ലാം വീട്ടിലേക്ക് വരുന്നു. ഇനിയിപ്പോ കുടുംബപ്രാര്‍ത്ഥന പോലെ കുടുംബക്കുടിയുമാവാം.

മദ്യത്തിന് അടിമയാവുക (addiction) എന്നതും മദ്യപാനം ശീലമാവുക (habituation) എന്നതും രണ്ടാണെന്ന് ആരു പറഞ്ഞുതരും. ഹാബിച്വേഷന്‍ ഒരു സാമൂഹികവല്‍ക്കരണ ഉപാധികൂടിയാണ്. അതില്‍ അടിമത്തമൊന്നുമില്ല. കുടുംബത്തിനും, ഭാര്യയ്ക്കും, കാമുകിക്കും, മക്കള്‍ക്കും, അധ്യാപര്‍ക്കും, മേലധികാരിക്കും, സമൂഹത്തിനും, രാഷ്ട്രീയപ്പാര്‍ട്ടിക്കും, ഫേസ്ബുക്കിനും വരെ അടിമയാവുന്നു. പിന്നെയാണ്! അഡിക്ഷന് ഒരു പോം വഴി നിയമനിര്‍മ്മാണമല്ലെന്ന് എന്തിനെങ്കിലും അഡിക്ടായവര്‍ക്കറിയാം. അതിനാര് ചോദിക്കുന്നു? ആരെങ്കിലും ചോദിച്ചാല്‍ പിന്നെ മദ്യമാഫിയ പോലുള്ള ഇറ്റാലിയന്‍ പദങ്ങള്‍ കേള്‍ക്കേണ്ടിവരും. അതീ പാവം ലെ മിറാബിലെ മലയാളിക്കുടിയന്മാര്‍ താങ്ങില്ല.

സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഏറ്റവും സുന്ദരമായ കവിത ടാഗോറിന്റേതാണ്. തലയുയര്‍ത്തിപ്പിടിക്കാന്‍ കഴിയുന്നതാണ് സ്വാതന്ത്ര്യമെന്ന് ടാഗോര്‍ എഴുതിയിട്ടുണ്ട്. തലയില്‍ ഹെല്‍മറ്റിട്ട് ക്യൂവില്‍ നില്‍ക്കുന്നവരുടെ നാട്ടില്‍ സ്വാതന്ത്ര്യം ഒളിസേവയാണ്. ഒളിസേവ ഒരു സദാചാരകാപട്യമാണെങ്കിലും അത് മലയാളിയുടെ സംസ്‌ക്കാരമാണെന്ന് യുവര്‍ ഓണര്‍ അറിയുന്നു.

നിയമം കയ്യിലെടുത്ത് പെരുമാറുന്നവരോട് നിയമത്തെക്കുറിച്ച് ചോദ്യങ്ങളുന്നയിക്കുക എങ്ങനെയാണ്? നീതിദേവതയ്ക്ക് കണ്ണുകെട്ടുകയാണോ കണ്ണാടി കാട്ടിക്കൊടുക്കുകയാണോ വേണ്ടത്? കണ്ണാടി കാണ്മോളവും എന്ന പ്രയോഗം കണ്ണാടി കണ്ടുതന്നെ മനസിലാക്കേണ്ടതാണ്. നിയമത്തിന്റെ മുഖം ഇത്ര സുന്ദരമാണല്ലോ. ഹായ്!

ഏതു നാഗരികതയും, ഏതു സംസ്‌ക്കാരവും, ഏത് ദൂസരസങ്കല്പവും മദ്യത്തെ നിര്‍മ്മിക്കുന്നുണ്ട്. ലഹരിയില്‍പ്പെടാത്ത ഏത് ജീവിതസത്യമാണുള്ളത്. എന്തുവന്നാലുമെനിക്കാസ്വദിക്കണം, മുന്തിരിച്ചാറുപോലുള്ളൊരീ ജീവിതം എന്നാണല്ലോ. ദേവേന്ദ്രന്‍ മഹാകുടിയനല്ലേ? പെസഹാദിനത്തില്‍ മദ്യം കഴിക്കുന്ന ഫ്രീക്കത്തരം യേശുവല്ലേ തുടങ്ങിവെച്ചത്. മദ്യം സത്യത്തിന്റെ ചിയേഴ്‌സ് പറച്ചില്‍ക്കൂടിയല്ലേ? അങ്ങനെയുമൊരാണയിടല്‍ ഇല്ലേ? നിയമസഭകളില്‍ മദ്യപിച്ചു വരുന്ന സാമാജികരില്ലേ? ജഡ്ജിമാരില്‍ മദ്യപരില്ലേ? നിയമജ്ഞരുടെ കോണ്‍ഫറന്‍സുകളില്‍ മദ്യസേവയില്ലേ? ഗസറ്റഡ് ഓഫീസര്‍മാരുടെ കോണ്‍ഫറന്‍സുകളില്‍ മദ്യമില്ലേ? ആത്മാര്‍ത്ഥതയില്ലാത്ത പൊയ്മനുഷ്യര്‍ കണ്ണുമൂടിയ നിയമത്തെയും മുഖം മൂടിയിട്ട നിയമങ്ങളെയുമാണ് കൊണ്ടാടുന്നത്.

ഞാനിപ്പോള്‍ കൊല്ലത്താണുള്ളത്. ഇന്നലെ ഇവിടെ ഒരു അഞ്ച് നക്ഷത്രഹോട്ടലില്‍ പ്രത്യേക കൗണ്ടര്‍ വഴി മദ്യം നല്‍കാന്‍ തുടങ്ങി കാരണം പണത്തിനുമീതേ പറക്കുന്ന പരുന്തുകള്‍ക്ക് എല്ലാ കുടിയന്മാരെയും ഒരേ മനുഷ്യരായി കാണാന്‍ കഴിയില്ല. ഇരിക്കരുത് മലയാളീ, ക്യൂ പാലിക്കുക, നില്‍ക്കുക.

ചാരായ നിരോധനത്തിനുശേഷം ഒരു സ്ത്രീയുടെ ‘ സാമൂഹിക സേവനത്തിനും കരുണയ്ക്കും’ കാവല്‍നിന്ന ജനങ്ങളുണ്ടായിരുന്നു ഇവിടെ കൊല്ലത്ത്; കല്ലുവാതുക്കലെ ഹൈറുന്നീസയെ മറന്നിട്ടുണ്ടാവില്ല നിങ്ങള്‍. എല്ലാ ഗ്രാമത്തിലും ഇതേപോലെ എത്രയെത്ര ഹൈറുന്നീസമാര്‍. എന്റെ ഗ്രാമത്തില്‍ കൂസ എന്നൊരു സ്ത്രീയുണ്ടായിരുന്നു. പക്ഷെ ലാത്തിക്കുമുമ്പില്‍, നിയമത്തിനുമുമ്പില്‍ എല്ലാവര്‍ക്കും കാഴ്ച നഷ്ടപ്പെടും. വ്യാജന്മാരാവുന്നു നമ്മളെല്ലാം. എല്ലാ മലയാളിയും വ്യാജന്മാരാവുന്നു, ഡീസന്റാവുന്നു.

സാമൂഹികബോധവും, നിയമവാഴ്ച്ചയോടുള്ള ഭയവും, സദാചാരക്ലിപ്തതയും മൂലം സര്‍ഗാത്മകത നശിക്കുന്ന ഭയത്തിന്റെ റിപബ്ലിക്കിലേക്ക് സ്വാഗതം. ഇരുട്ടുമറവിനു, ഒളിസേവ മാത്രം! ഭയത്തിന്റെ ചില്ലുകുപ്പികളിലടയ്ക്കപ്പെട്ട മലയാളി കാഴ്ച്ചക്കാരന്‍, ചില്ലുകുപ്പിക്കുള്ളില്‍ ചുറ്റിത്തിരിയുന്നു. അവന്‍ എന്നെങ്കിലും പ്രതികരിക്കുമോ? അവനവനു വേണ്ടിത്തന്നെ? 

ഈയടുത്തകാലത്ത് വായിച്ച വിലാപ്പുറങ്ങള്‍ എന്ന ലിസിയുടെ നോവലില്‍ പനങ്കേറി മറിയ പറയുമ്പോലെ ധൈര്യത്തോടെയും ധിക്കാരത്തോടെയും ‘ഏതു കമ്മ്യൂണിസ്റ്റു കു…കളായാലും കോണ്‍ഗ്രസ് മ…കളായാലും എനിക്ക് ഒരുപോലെയാ…മറിയേ ഭരിക്കാന്‍ മാത്രം ഒരുത്തനും വരണ്ട’. എന്നാണിങ്ങനെ മലയാളി പറയുക?

(പയ്യന്നൂര്‍ സ്വദേശിയായ പ്രിയന്‍ അലക്‌സ് വെറ്ററിനറി സര്‍ജനായി ജോലി ചെയ്യുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍