UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിവറേജില്‍ നിന്നും മദ്യം വാങ്ങാന്‍ ഇനി കാര്‍ഡും

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബിവറേജസിന് കീഴില്‍ 270 റീടെയ്ല്‍ ഔട്ട്‌ലെറ്റുകളുണ്ടായിരുന്നത് ഈ വര്‍ഷം പ്രിമിയം ഷോപ്പുകള്‍ ഉള്‍പ്പെടെ 183 ആയി കുറഞ്ഞു

ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകളില്‍ നിന്നും മദ്യം വാങ്ങാന്‍ ഇനി ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാം. ഒരു മാസത്തിനകം എല്ലാ ബിവറേജസ് ഔട്ട്‌ലെറ്റുകളിലും കാര്‍ഡ് സൗകര്യം ഏര്‍പ്പെടുത്താനാണ് നീക്കം. ഇത് കൂടാതെ പണം കൊടുത്തും മദ്യം വാങ്ങാനുള്ള സൗകര്യം ഉണ്ടായിരിക്കും.

ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ നിര്‍ത്തലാക്കുകയും 2000 രൂപ നോട്ടുകള്‍ പ്രാബല്യത്തില്‍ വരികയും ചെയ്തതിന് ശേഷം പല ഔട്ട്‌ലെറ്റുകളിലും ഉപഭോക്താക്കളും ജീവനക്കാരും തമ്മില്‍ ചില്ലറയുടെ പേരിലുള്ള വാക്ക് തര്‍ക്കം പതിവായിരുന്നു. ഈ സാഹചര്യത്തിലാണ് കാര്‍ഡ് സൗകര്യം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കാര്‍ഡ് സൈ്വപ്പിംഗ് യന്ത്രങ്ങള്‍ക്കായി ബിവറേജസ് കോര്‍പ്പറേഷന്‍ ബാങ്കുകളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ട്. എഫ്എല്‍1 ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന റീടെയ്ല്‍ ഔട്ട്‌ലെറ്റുകളില്‍ സൈ്വപ്പിംഗ് യന്ത്രം സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.

ആദ്യഘട്ടത്തില്‍ പ്രീമിയം കൗണ്ടറുകളിലും പിന്നീട് വില്‍പ്പന കൂടുതലുള്ള ഔട്ട്‌ലെറ്റുകളിലും ഈ സൗകര്യം ലഭ്യമാക്കും. ബാങ്കുകള്‍ സൗജന്യമായാണ് സൈ്വപ്പിംഗ് യന്ത്രങ്ങള്‍ സ്ഥാപിക്കേണ്ടത്. അതേസമയം സൈ്വപ്പിംഗ് ചാര്‍ജ്ജ് ഉപഭോക്താവ് നല്‍കേണം. കാര്‍ഡ് ഉപയോഗത്തിന് ഈടാക്കുന്ന തുക എത്രയാണെന്ന് കാര്‍ഡുകളുടെ ഇനം തിരിച്ച് അറിയിക്കാന്‍ ബാങ്കുകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിദേശ കാര്‍ഡുകളും ഉപയോഗിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. കാര്‍ഡ് ഇടപാടുകളിലൂടെ ലഭിക്കുന്ന തുക തൊട്ടടുത്ത ദിവസം തന്നെ ബിവറേജസ് കോര്‍പ്പറേഷന്റെ അക്കൗണ്ടുകളിലേക്ക് മാറ്റേണ്ടതാണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 270 റീട്ടെയ്ല്‍ മദ്യശാലകളാണ് ബിവറേജസ് കോര്‍പ്പറേഷന് കീഴിലുണ്ടായിരുന്നത്. ഈ കാലയളവില്‍ വിറ്റുവരവിലൂടെ ലഭിച്ച 12,134 കോടി രൂപയില്‍ 9900 കോടിയും ലഭിച്ചത് റീടെയ്ല്‍ ഔട്ട്‌ലെറ്റുകളില്‍ നിന്നാണ്. അതേസമയം ഈ സാമ്പത്തിക വര്‍ഷ ആരംഭത്തില്‍ പ്രീമിയം കൗണ്ടറുകള്‍ ഉള്‍പ്പെടെ 183 ഔട്ട്‌ലെറ്റുകള്‍ മാത്രമാണ് ബിവറേജസിനുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍