UPDATES

ട്രെന്‍ഡിങ്ങ്

പെണ്‍പള്ളിക്കൂടത്തിലെ വിദ്യാര്‍ത്ഥിനികള്‍ ബിവറേജസ് ഔട്ട്‌ലെറ്റ് സമരം ചെയ്ത് പൂട്ടിച്ചു

ഔട്ട്‌ലെറ്റ് തുറന്നത് പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന ഹോളി ഏയ്ഞ്ജല്‍സ് സ്‌കൂളിന് സമീപം

തിരുവനന്തപുരം നന്തന്‍കോട് പുതുതായി തുറക്കാന്‍ ശ്രമിച്ച ബിവറേജസ് ഔട്ട്ലെറ്റ് നന്ദന്‍കോട് ഹോളി ഏയ്ഞ്ചല്‍സ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ സമരം ചെയ്ത് പൂട്ടിച്ചു. ബേക്കറി ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ബിവറേജസ് ഔട്ട്ലെറ്റാണ് നന്തന്‍കോടേക്ക് പ്രവര്‍ത്തനം മാറ്റിയത്. ചൊവ്വാഴ്ച ബേക്കറിയിലെ ബിവറേജസ് നേരത്തെ അടച്ചിരുന്നു. ഇവിടുത്തെ സ്റ്റോക്കുകള്‍ നന്ദന്‍കോടേക്ക് മാറ്റുന്നതിനായായിരുന്നു ഇത്. തുടര്‍ന്ന് ഒന്നാം തിയതി അവധിയായിരുന്നതിനാല്‍ ഇന്നലെ ഇവിടെ ഇന്നുമുതല്‍ ഔട്ട്ലെറ്റ് തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയായിരുന്നു.

എന്നാല്‍ ഇന്ന് രാവിലെ ജീവനക്കാര്‍ ഔട്ട്ലെറ്റ് തുറക്കാനായി എത്തിയപ്പോള്‍ പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളിന് സമീപം തുറന്ന ഔട്ട്ലെറ്റ് പൂട്ടണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥിനികള്‍ രംഗത്തെത്തി. ഒരു മണിക്കൂര്‍ നേരത്തെ സമരം കൊണ്ടു തന്നെ ഔട്ട്ലെറ്റ് പൂട്ടാന്‍ തീരുമാനമായി. ആരോഗ്യ സെക്രട്ടറി സ്ഥലത്തെത്തി ഔട്ട്ലെറ്റ് പൂട്ടി സീല്‍ വയ്ക്കുകയും ചെയ്തു. മുന്‍ എംഎല്‍എ അന്റണി രാജുവിന്റെ നേതൃത്വത്തിലുള്ള ആക്ഷന്‍ കൗണ്‍സിലായിരുന്നു പ്രതിഷേധവുമായി എത്തിയത്. ഇവര്‍ക്ക് പിന്തുണയുമായി ഹോളി ഏയ്ഞ്ചല്‍സ് പെണ്‍ പള്ളിക്കൂടത്തിലെ വിദ്യാര്‍ഥിനികള്‍ പ്രതിഷേധം ഏറ്റെടുക്കുകയായിരുന്നു.


കവി സുഗതകുമാരിയായിരുന്നു കുട്ടികളുടെ പ്രതിഷേധം ഉദ്ഘാടനം ചെയ്യാനായി എത്തിയത്. പക്ഷെ അതിന് മുമ്പ് തന്നെ വിദ്യാര്‍ഥികളുടെ ആവിശ്യം ആരോഗ്യ സെക്രട്ടറി അംഗീകരിച്ച് ഔട്ട്ലെറ്റ് പൂട്ടാന്‍ നടപടിയെടുത്തു. വിദ്യാര്‍ഥികളുടെ വിജയത്തില്‍ അതീവ സന്തോഷത്തോടെ കൂടിയാണ് സുഗതകുമാരി പ്രതികരിച്ചത്. ‘എന്റെ കുഞ്ഞുങ്ങള്‍ ഒരിക്കലും തോല്‍ക്കില്ല’ എന്നു പറഞ്ഞു തുടങ്ങിയ കവി താന്‍ മുമ്പ് പങ്കെടുത്ത മദ്യവിരുദ്ധ സമരങ്ങളെക്കുറിച്ചും മദ്യശാലയിക്കെതിരെ ആവേശത്തോടെ പെണ്‍കുട്ടികള്‍ മുന്നിട്ടിറങ്ങിയതിനെ പിന്തുണച്ചും സംസാരിച്ചു. കൂടാതെ കേരളത്തെ പൂര്‍ണമായും മദ്യവിമുക്തമാകാമെന്നു പറയുന്ന സര്‍ക്കാര്‍ ഉഴപ്പുകാണിക്കുകയാണെന്നും കുറ്റപ്പെടുത്തി.

ചൊവ്വാഴ്ചയായിരുന്നു സര്‍ക്കാര്‍ മദ്യശാല നന്ദന്‍കോട് നളന്ദ റോഡില്‍ തുടങ്ങിയത്. ഔട്ട്ലെറ്റ് തുടങ്ങിയതിന് ശേഷമാണ് പ്രദേശവാസികളും സ്‌കൂള്‍ അധികൃതരും ഇത് അറിഞ്ഞത്. മദ്യശാല തൊട്ടടുത്ത് തന്നെ സക്കൂളും മൂന്ന് ക്രിസ്ത്യന്‍ ദേവാലയങ്ങളും ഒരു മുസ്ലീം പള്ളിയുമുണ്ട്. കൂടാതെ അഞ്ചോളം റെസിഡന്‍സ് ഏരിയകളും ആറ് ഫ്‌ളാറ്റുകളുമുണ്ട്. ചുറ്റിനും വീടുകളുള്ള ഇടുങ്ങിയ തെരുവില്‍ ആരംഭിക്കുന്ന ഈ ബിവറേജസിനെതിരെ ഇന്നലെ അടിയന്തരമായി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുകയും ക്രിസ്ത്യന്‍ ദേവാലയങ്ങളുടെയും ഒരു മുസ്ലീം പള്ളിയുടെയും പുരോഹിതരോടും പ്രതിനിധികളോട് സംസാരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ ഹോളി ഏയ്ഞ്ചല്‍സ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ അധ്യാപകരുടെ അനുവാദത്തോടെ സമരം ചെയ്യാന്‍ ഇറങ്ങുകയായിരുന്നു.


സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ സൂസി പറഞ്ഞത്- ‘ഞങ്ങളുടെ കുഞ്ഞുങ്ങളെ ഇതുവരെ സമരം ചെയ്യാനും മുദ്രാവാക്യം വിളിക്കാനും പഠിപ്പിച്ചില്ലായിരുന്നു. എന്നാല്‍ ഇന്ന് ആ കുഞ്ഞുങ്ങള്‍ സ്വമേധയാ ഇതിനെതിരെ പ്രതിഷേധിക്കാന്‍ അനുവാദം ചോദിച്ചപ്പോള്‍ അത് ന്യായമാണെന്ന് തോന്നി. ഞങ്ങളുടെ കുഞ്ഞുങ്ങള്‍ പഠിക്കുന്ന ഇവിടെ അടുത്ത് ഏതായാലും ഒരു മദ്യഷോപ്പ് വേണ്ട’. വിദ്യാര്‍ഥിനികളായ സ്വാതി പാര്‍വ്വതി,പ്രിയ,ശ്രദ്ധ എന്നിവര്‍ ഒരേ സ്വരത്തില്‍ അഴിമുഖത്തിനോട് പറഞ്ഞത്, ‘ഇവിടെ മദ്യശാല വന്നാല്‍ സ്ത്രീ സുരക്ഷയെയും പെണ്‍കുട്ടികളുടെ സുരക്ഷയെയും ബാധിക്കും അതുകൊണ്ടാണ് ഞങ്ങള്‍ ഒറ്റക്കെട്ടായി ഇത് പൂട്ടിക്കാന്‍ മുന്‍കൈ എടുത്തത്. അതിന് ഞങ്ങളുടെ ടീച്ചറുമാരും ഞങ്ങള്‍ക്ക് പിന്തുണ നല്‍കി. ഇത് വിജയിക്കുമെന്ന് ഒട്ടും വിചാരിച്ചില്ല. ഞങ്ങള്‍ ആദ്യമായിട്ടാണ് സമരത്തിനൊക്കെ ഇറങ്ങുന്നത്.പേടിയുണ്ടായിരുന്നു പോലീസ് അടിക്കുമോ എന്നൊക്കെ. പക്ഷെ എല്ലാവരും, ടീച്ചര്‍മാരും, സിസ്റ്റര്‍മാരും, നാട്ടുകാരും എല്ലാവരും ഞങ്ങളുടെ കൂടെ തന്നെ നിന്നു. ഇതുപോലെ എന്തെങ്കിലും വീണ്ടും വന്നാല്‍ ഒറ്റക്കെട്ടായി ഞങ്ങള്‍ എതിര്‍ക്കും.’

വിദ്യാര്‍ഥിനികള്‍ നല്ല പാട്ടു മുദ്രാവാക്യങ്ങളും മുഴക്കിയാണ് പ്രതിഷേധത്തിന് എത്തിയത്. ‘ആരാണവിടെ? ഞാനാണിവിടെ മദ്യകുപ്പി. പിടിയെടാ അവനെ.. കെട്ടടാ അവനെ.. വേണ്ടാ.. വേണ്ടാ.. മദ്യശാല’, ‘കളിച്ചുനടക്കാന്‍ മാത്രമല്ല സമരം ചെയ്യാനും ഞങ്ങള്‍ക്ക് അറിയാം’ തുടങ്ങിയ മുദ്രാവാക്യങ്ങളുമായി പെണ്‍പള്ളിക്കുടത്തിലെ വിദ്യാര്‍ഥിനികള്‍ സമരത്തിനിറങ്ങിപ്പോള്‍ മണിക്കൂറുകള്‍ക്ക് അകം അധികൃതര്‍ക്ക് നടപടിയേടുക്കേണ്ടി വന്നു. ദേശീയ, സംസ്ഥാന പാതകള്‍ക്കരികിലെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്നാണ് ബേക്കറി ജംഗ്ഷനിലെ ബിവറേജസ് ഔട്ട്ലെറ്റ് നന്തന്‍കോടേക്ക് മാറ്റി സ്ഥാപിക്കാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ഒരുങ്ങിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍