UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എഡിറ്റര്‍മാര്‍ മാനേജര്‍മാരാകുന്ന കാലത്ത് ബി.ജി വര്‍ഗീസ് ബാക്കിവയ്ക്കുന്നത്

Avatar

ടീം അഴിമുഖം

ബൂബ്ലിളി ജോര്‍ജ് വര്‍ഗ്ഗീസ്, തന്റെ 87-ാം വയസില്‍ ഇന്നലെ ഈ ലോകത്തോട് എന്നെന്നേക്കുമായി വിടചൊല്ലി. വര്‍ഗീയമായി വിഭജിക്കപ്പെട്ട ഇന്ത്യയുടെ അവസ്ഥയിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ തെക്കനേഷ്യന്‍ ജനാധിപത്യ സംവിധാനം മുന്നോട്ട് നീങ്ങുന്ന അവസ്ഥയിലും ഉള്ള ആശങ്കയോടെയാവും അദ്ദേഹം വിടവാങ്ങുന്നത്. തങ്ങളുടെ തന്നെയോ അല്ലെങ്കില്‍ മുതലാളിമാരുടെയോ ലാഭത്തിനായി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വൃത്തികെട്ട കമ്പോളത്തില്‍ വില്‍പനയ്ക്ക് വെയ്ക്കപ്പെട്ട ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തനത്തെ കുറിച്ചാവും ഒരു പക്ഷെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആശങ്ക. ഇന്ത്യന്‍ മാധ്യമങ്ങളുടെ തളര്‍ച്ചയും, അത് മറ്റ് ജനാധിപത്യ സ്ഥാപനങ്ങളില്‍ സൃഷ്ടിക്കുന്ന പ്രതിഫലനങ്ങളും തീര്‍ച്ചയായും അദ്ദേഹത്തെ അലട്ടിയിരുന്നു. 

വേനല്‍ക്കാലത്തെ സംക്രമണ ദിവസമായിരുന്നതിനാല്‍ ആ വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള ദിവസമായിരുന്ന 1927 ജൂണ്‍ 21-ന് മ്യാന്‍മാറിലെ മെയ്‌മ്യോയിലാണ് കോഴിമണ്ണില്‍ തറവാട്ടില്‍ നിന്നുള്ള ബി ജി വര്‍ഗ്ഗീസ് ജനിക്കുന്നത്. സൈനീക ഡോക്ടറായിരുന്ന അച്ഛന്‍ ക്യാപ്ടന്‍ ജോര്‍ജ്ജ് വര്‍ഗ്ഗീസിന് ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ മുഴുവന്‍ യാത്ര ചെയ്യേണ്ടി വന്നു. അതുകൊണ്ട് തന്നെ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലായിരുന്നു ബി ജി വര്‍ഗ്ഗീസിന്റെ ജീവിതം. കേരളത്തിലേക്ക് ഇടയ്ക്കിടെയുള്ള ചില സന്ദര്‍ശനങ്ങള്‍ മാത്രം.

നരേന്ദ്ര മോദിയുടെ വിജയവും ഗുജറാത്ത് മുഖ്യമന്ത്രിയെ ഇന്ത്യന്‍ പ്രധാനമന്ത്രിയാക്കാനുള്ള നീക്കവും ഇന്ത്യയില്‍ വര്‍ഗ്ഗീയ വിഭജനം സൃഷ്ടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ വയോധികനായ മനുഷ്യന്റെ ക്ഷീണിച്ച സ്വരത്തിന് ആരും വേണ്ട ശ്രദ്ധ നല്‍കിയില്ല. എന്നാല്‍ എക്കാലത്തും അദ്ദേഹത്തിന്റെ സ്വരം അത്ര കണ്ട ക്ഷീണിച്ചതായിരുന്നില്ല. ഇന്ത്യയിലെ ഭരണ മേലാളന്മാരെ വര്‍ഗ്ഗീസ് വിറപ്പിച്ച് നിറുത്തിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു.

ഇന്ദിര ഗാന്ധിയുടെ മാധ്യമ ഉപദേശക സ്ഥാനത്ത് നിന്നും പിരിഞ്ഞ് ആറുവര്‍ഷങ്ങള്‍ക്ക് ശേഷം ഹിന്ദുസ്ഥാന്‍ ടൈംസിന്റെ എഡിറ്ററായി വര്‍ഗ്ഗീസ് പ്രവര്‍ത്തിക്കുമ്പോള്‍, ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നേടിയ തിരഞ്ഞെടുപ്പ് വിജയത്തിന്റെ പേരില്‍ ഇന്ത്യന്‍ ജനാധിപത്യത്തെ ചവിട്ടിയരയ്ക്കാന്‍ അതേ സ്ത്രീ തന്നെ ശ്രമം നടത്തിയപ്പോള്‍ രൂക്ഷമായി കടന്നാക്രമിക്കാന്‍ വര്‍ഗ്ഗീസ് മടിച്ചില്ല. എന്നാല്‍ അടിയന്തിരാവസ്ഥാനന്തര തിരഞ്ഞെടുപ്പില്‍, 1977-ല്‍ മാവേലിക്കര മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ വര്‍ഗ്ഗീസ് എത്തിയപ്പോള്‍, പക്ഷെ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ ഉഷ്മളമായ സ്വീകരണമല്ല അദ്ദേഹത്തിന് നല്‍കിയത്. ആ തിരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീസ് പരാജയപ്പെടുകയും ചെയ്തു. തിരഞ്ഞെടുപ്പിന്റെ ആ ദിനങ്ങളെ വര്‍ഗ്ഗീസ് ഇങ്ങനെ ഓര്‍ക്കുമായിരുന്നു: ‘1947 ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചു. 1977 ല്‍ ഇന്ത്യയ്ക്ക് ഒരു തരം സ്വാതന്ത്ര്യബോധവും ലഭിച്ചു.’ അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങുകയും ഇന്ത്യയുടെ നിര്‍മാണ ചരിത്രം രേഖപ്പെടുത്തുന്നതിന്റെ ഭാഗമാകുന്നത് തുടരുകയും ചെയ്തു.

വെറും ഒരു മാധ്യമ പ്രവര്‍ത്തകനായിരുന്നില്ല ബി ജി വര്‍ഗ്ഗീസ്. അസ്തിത്വം നഷ്ടപ്പെടുത്തുകയും അധികാരത്തോട് സന്ധിചെയ്യുകയും ചെയ്യുന്ന മറ്റൊരു മലയാളി ജേര്‍ണലിസ്റ്റുമായിരുന്നില്ല അദ്ദേഹം. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ജ്ഞാനസ്‌നാനം ചെയ്യപ്പെട്ട അദ്ദേഹത്തിന് സ്വതന്ത്ര ഇന്ത്യ എന്ന തെക്കന്‍ ഏഷ്യന്‍ പ്രതിഭാസത്തിന്റെ രൂപീകരണത്തെ പറ്റിയുള്ള വിശാലമായ കാഴ്ചപ്പാടുണ്ടായിരുന്നു.

ഇപ്പോഴും ആര്‍ജ്ജവം ബാക്കിയുള്ള മാധ്യമ പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം വര്‍ഗ്ഗീസിന്റെ വേര്‍പാട് നമ്മുടെ കാലത്തിന്റെ നേര്‍സാക്ഷ്യമായി അനുഭവപ്പെടും. അഭിപ്രായ വ്യത്യാസത്തിന്റെ, ആര്‍ജ്ജവത്തിന്റെ, പക്വതയുള്ള മറ്റൊരു ശബ്ദം കൂടി നിലയ്ക്കുമ്പോള്‍, ഇന്ത്യ മതവിഭാഗീയതയുടെ മരണവക്രത്തിലേക്ക് തെന്നിവീണുകൊണ്ടിരിക്കുകയാണ്. തന്റെ സഹ സംഘപരിവാര്‍ അംഗങ്ങള്‍, മതവിശ്വാസങ്ങള്‍ക്കും ഭക്തിക്കും നല്‍കുന്ന വിഷലിപ്തമായ നിര്‍വചനങ്ങള്‍ക്ക് നരേന്ദ്ര മോദി നിശബ്ദ പിന്തുണ നല്‍കുകയാണ്.

സമീപകാലങ്ങളില്‍ ഇന്ത്യന്‍ മാധ്യമ രംഗത്തിന്റെ പോക്കിനെകുറിച്ച് ആഴത്തിലുള്ള ആശങ്ക വര്‍ഗ്ഗീസിനുണ്ടായിരുന്നു. ‘പണവും കമ്പോളവും ഇന്ത്യന്‍ മാധ്യമ രംഗത്തെ കൈപ്പിടിയിലാക്കിയിരിക്കുന്നു. എന്നാല്‍ നമ്മള്‍ അതിനെ മറികടക്കും,’ എന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കാറുണ്ടായിരുന്നു. എന്നാല്‍ മുഖ്യധാര മാധ്യമങ്ങള്‍ ചെന്നു പെട്ടിരിക്കുന്ന ആഴത്തിലുള്ള മൂല്യ പ്രതിസന്ധിയെ കുറിച്ച് അദ്ദേഹത്തിനും വേണ്ട ധാരണയുണ്ടായിരുന്നില്ലെന്ന് വേണം കരുതാന്‍.

‘അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പൊതു സംരക്ഷകരാണ് മാധ്യമ പ്രവര്‍ത്തകര്‍. ഈ വിശ്വാസം വഞ്ചിക്കപ്പെട്ടാല്‍, ഒരു പൊതുമാധ്യമ പ്രവര്‍ത്തകന്‍ വഴിപിഴച്ച് പോവുന്നതിനേക്കാള്‍ ഗുരുതരമായ പ്രത്യാഘാതമായിരിക്കും അത് സൃഷ്ടിക്കുക. യുവമാധ്യമ പ്രവര്‍ത്തകരില്‍ നിന്നും വായനക്കാരില്‍ നിന്നുമാണ് മാറ്റങ്ങള്‍ ഉണ്ടാവേണ്ടത്. പത്രങ്ങള്‍ തങ്ങളുടെ സത്യസന്ധത കാത്ത് സൂക്ഷിക്കണം. അല്ലെങ്കില്‍ തെരുവിലെ മനുഷ്യന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും സംരക്ഷകര്‍ എന്ന അവരുടെ ഉത്തരവാദിത്വത്തോട് ചെയ്യുന്ന വഞ്ചനയാവും അത്. ഏത് തരം മാധ്യമമായാലും വിശ്വാസ്യത വളരെ പ്രധാനമാണ്. കാര്യങ്ങള്‍ തീര്‍ച്ചയായും മാറും. ഇപ്പോള്‍ നിലനില്‍ക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷത്തെ കുറിച്ച് വായനക്കാരും രാഷ്ട്രീയ വര്‍ഗ്ഗങ്ങളും തിരിച്ചറിഞ്ഞ് തുടുങ്ങിയിട്ടുണ്ട്.’

നിരവധി എഡിറ്റര്‍മാര്‍ തങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടുകയാണെന്ന് വര്‍ഗ്ഗീസ് അഭിപ്രായപ്പെട്ടിരുന്നു. അവര്‍ എഡിറ്റര്‍മാരല്ല, വെറും മാനേജര്‍മാരാണെന്നായിരുന്നു രാജ്യത്തെ ഒരു പ്രമുഖ വര്‍ത്തമാനപത്രത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം. മാധ്യമ സ്ഥാപനങ്ങളില്‍ എഡിറ്റര്‍മാരുടെ പ്രാധാന്യം കുറയുമ്പോഴും മാധ്യമങ്ങള്‍ ഭയാനകാമാംവിധം ശക്തരായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

ഈ വൈരുദ്ധ്യത്തെ അദ്ദേഹം ഇങ്ങനെ വിശദീകരിക്കും: ‘എല്ലാവര്‍ക്കും മാധ്യമങ്ങളെ ഭയമാണ്. നിങ്ങള്‍ എഴുതുന്നത് ലക്ഷക്കണക്കിന് ആളുകളാണ് വായിക്കുന്നത്. അച്ചടി, സംപ്രേക്ഷണ, ഇന്റര്‍നെറ്റ് മാധ്യമങ്ങളുടെ വളര്‍ച്ചയാണ് ഇതിന് കാരണം. രഹസ്യാന്വേഷണ മേധാവിക്കും പ്രധാനമന്ത്രിക്കും ഉള്‍പ്പെടെ എല്ലാവര്‍ക്കും വിവരങ്ങള്‍ ലഭിക്കുന്നത് മാധ്യമങ്ങളില്‍ നിന്നാണ്. വിവരവിനിമയം വേഗത്തിലായതോടെ മാധ്യമങ്ങള്‍ അതിശക്തരായി മാറി. അതോടൊപ്പം വലിയ ഉത്തരവാദിത്വവും മാധ്യമങ്ങളുടെ ചുമലില്‍ വീഴുന്നുണ്ട്. ചില പത്രങ്ങള്‍ അതിസമ്പന്നരാണ്. ചില പത്രസ്ഥാപനങ്ങള്‍ ബാങ്കുകള്‍ വരെ തുടങ്ങുന്നു. അതോടെ പരസ്യങ്ങള്‍ക്കിടയിലെ സ്ഥലം നിറയ്ക്കുക മാത്രമാണ് എഡിറ്റര്‍മാരുടെ ജോലിയെന്നും അതിനാല്‍ അവരുടെ ആവശ്യമില്ലെന്നും മനേജര്‍മാര്‍ കരുതുന്നു. മാനേജര്‍മാര്‍ കൂടുതല്‍ ശക്തരാവുകയും, പത്രത്തിന്റെ ദൗത്യം ലാഭത്തിന്റെ പിന്നിലേക്ക് മാറിപ്പോവുകയും ചെയ്യുന്നു. അതായത് ഒരു സന്തുലനം നഷ്ടപ്പെട്ട അവസ്ഥയാണ് ഇന്നുള്ളത്. ചില എഡിറ്റര്‍മാര്‍ അവരുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഭൂരിപക്ഷത്തിനും അത് സാധിക്കുന്നില്ല. യുവമാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇക്കാര്യത്തില്‍ ആശങ്കയുണ്ടെങ്കിലും പിടിച്ച് നില്‍ക്കാനുള്ള അധികാരവും ശേഷിയുമില്ലാത്തതിനാല്‍ അവര്‍ക്ക് വലുതായൊന്നും ചെയ്യാനാവുന്നില്ല. ചില പത്രങ്ങളും ചില ചാനലുകളും ചില വ്യക്തികളും വ്യതിരിക്തത പുലര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ സ്വകാര്യ കരാറുകളും പണം വാങ്ങിയുള്ള വാര്‍ത്തകളും അധികാര കേന്ദ്രങ്ങളുടെ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നവരും ചേര്‍ന്ന് മാധ്യമ രംഗത്തെ മാറ്റി മറിച്ചിരിക്കുന്നു.’

എന്നാല്‍ ഈ പരീക്ഷണത്തെ അതിജീവിക്കാന്‍ എഡിറ്റര്‍മാര്‍ക്ക് സാധിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ‘മുന്‍കാലങ്ങളില്‍ എഡിറ്റര്‍മാരുടെ ചിത്രം വ്യത്യസ്തമായിരുന്നു. കാണപ്പെടേണ്ട ആളായിരുന്നില്ല എഡിറ്റര്‍. വായിക്കപ്പെടേണ്ട ആളായിരുന്നു. ഇപ്പോള്‍ അവര്‍ കാഴ്ചവസ്തുക്കളായിരിക്കുന്നു. തങ്ങളുടെ പത്രങ്ങള്‍ എഡിറ്റ് ചെയ്യേണ്ട വൈകുന്നേരങ്ങളില്‍ അവര്‍ ഒരു സ്റ്റുഡിയോയില്‍ നിന്നും മറ്റൊരു സ്റ്റുഡിയോയിലേക്ക് ഓടുകയാണ്. പത്രങ്ങള്‍ പ്രസിലേക്ക് പോകുന്ന സമയത്ത് മിക്ക എഡിറ്റര്‍മാരും അപ്രത്യക്ഷരാവുന്നു.’

മുഖ്യധാര മാധ്യമങ്ങളുടെ വഴിപിഴച്ച പോക്ക് അദ്ദേഹത്തെ അങ്ങേയറ്റം ഖിന്നനാക്കിയിരുന്നു. ഇന്ത്യയില്‍ വളര്‍ന്ന് വരുന്ന സാമുദായിക അസ്വസ്ഥതകളെ കുറിച്ചുള്ള മോദിയുടെ മൗനത്തിലുള്ള അവരുടെ നിര്‍മമതയും നിശബ്ദതയും ഇതിന്റെ ഉത്തമ ദൃഷ്ടാന്തമാണ്.

ബി ജി വര്‍ഗ്ഗീസ് ജനിച്ച ദിവസം വല്ലഭായി പട്ടേല്‍ നാഗ്പൂരില്‍ സത്യാഗ്രഹത്തിലായിരുന്നു എന്നത് വെറും യാദൃശ്ചികത മാത്രമായിരിക്കില്ല. പട്ടേലിനെ ഏറ്റെടുക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ നടപ്പ് യാഥാര്‍ഥ്യമായി മുന്നില്‍ നില്‍ക്കുമ്പോള്‍ പ്രത്യേകിച്ചും. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍