UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സംഘ പരിവാറിന്റെ വാചകമടിയല്ല ഭഗത് സിങ്ങിന്‍റെ ദേശീയത

Avatar

ടീം അഴിമുഖം/എഡിറ്റോറിയല്‍

ദേശീയതയുടെ ഏതാണ്ടെല്ലാ പ്രതീകങ്ങള്‍ക്കുമേലും അവകാശവാദം ഉന്നയിച്ച ബി ജെ പി ഇപ്പോള്‍ മാര്‍ച്ച് 23 മുതല്‍ 25 വരെ മൂന്നുദിവസം നീളുന്ന ഭഗത് സിങ് രക്തസാക്ഷിത്വ അനുസ്മരണം സംഘടിപ്പിക്കുന്നു.

രണ്ടു ദിവസം മുമ്പ് ജെ എന്‍ യു സര്‍വകലാശാല വളപ്പില്‍ നടത്തിയ പ്രസംഗത്തില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ശശി തരൂര്‍ ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെ ഭഗത് സിങിനോട് ഉപമിച്ചതാണ് ഈ തീരുമാനത്തിന് പ്രചോദനമായതെന്ന് പാര്‍ടി പറയുന്നു. തരൂര്‍ മാപ്പ് പറയണമെന്ന് ബി ജെ പി ആവശ്യപ്പെടുന്നു എന്നും കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേകര്‍ പറഞ്ഞു. “12 കൊല്ലം കോണ്‍ഗ്രസ് മോദിയെ എതിര്‍ത്തു; രണ്ടു കൊല്ലം അവര്‍ വികസനത്തെ എതിര്‍ത്തു; പിന്നെയവര്‍ ജെ എന്‍ യുവിലെ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ക്ക് അംഗീകാരം നല്കി; ഇപ്പോള്‍ രക്തസാക്ഷികളെ അപമാനിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ കീഴില്‍ കോണ്‍ഗ്രസിന്റെ പുതിയ സ്വത്വം.”

ചരിത്രപുരുഷന്മാരെ ഏറ്റെടുക്കാനും ദേശീയതയുടെ പേരില്‍ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കാനുമുള്ള ബി ജെ പിയുടെ ശ്രമങ്ങള്‍ കുറച്ചുകാലത്തേക്ക് വിജയിച്ചേക്കാം: എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് വലിയ അബദ്ധമായി മാറും. കാരണം ബി ജെ പി പ്രതിനിധാനം ചെയ്യുന്ന വര്‍ഗീയ, വിഭാഗീയ രാഷ്ട്രീയത്തെ നഖശിഖാന്തം എതിര്‍ത്ത ചരിത്ര പുരുഷന്മാരെയാണ് അവര്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത്-ഗാന്ധി, അംബേദ്കര്‍, ഭഗത് സിങ്, തുടങ്ങിയവര്‍. വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരിക്കും നല്ലത്, പക്ഷേ മോദി സര്‍ക്കാരിന് അതൊന്നും ചെയ്യാന്‍ സമയമില്ല.

സകലരോടും ദേശീയതയുടെ കൊടിയടയാളങ്ങളുമായി പ്രതിജ്ഞയെടുക്കാന്‍ ബി ജെ പി ആവശ്യപ്പെടുമ്പോള്‍ മാര്‍ച്ച്-23നു രക്തസാക്ഷി ദിനം ആചരിക്കുന്ന ഭഗത് സിങ്ങിന്റെ ദേശീയതാ കാഴ്ച്ചപ്പാട് എന്തായിരുന്നു എന്ന് അന്വേഷിക്കുന്നത് ഉചിതമായിരിക്കും.

കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കെതിരെ രാജ്യത്തെ സര്‍വകലാശാലകളില്‍ പ്രതിഷേധം പുകയുന്ന സമയത്താണ് ഇന്ത്യ കണ്ട ധീരയൌവ്വനങ്ങളിലെ ജ്വലിക്കുന്ന പേരായ ഭഗത് സിങ്ങിന്റെ രക്തസാക്ഷി ദിനം എന്നത് ഉചിതമായ യാദൃശ്ചികതയാകാം.

വെറും 22 വയസ് പ്രായമുള്ളപ്പോഴാണ് 1931-ല്‍ ഭഗത് സിങിനെ തൂക്കിക്കൊന്നത്. പക്ഷേ തന്റെ അവസാനവര്‍ഷങ്ങളില്‍ അദ്ദേഹം ധാരാളമായി എഴുതിയിരുന്നു. പ്രത്യേകിച്ചും കീര്‍ത്തി, പ്രതാപ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍. ഭഗത് സിങ്ങിന്റെ സമാഹൃത കൃതികളിലൂടെയും ചമന്‍ ലാല്‍, കുല്‍ദീപ് നയ്യാര്‍, എ ജി നൂറാണി തുടങ്ങിയവരുടെ പഠനങ്ങളിലൂടെയും അദ്ദേഹത്തിന്റെ ചിന്തകളേയും പ്രേരണകളെയും തത്ത്വശാസ്ത്രത്തെയും കുറിച്ചു നമുക്ക് വ്യക്തമായ ധാരണ കിട്ടുന്നുണ്ട്.

രണ്ടു പ്രധാന വശങ്ങളില്‍ ഭഗത് സിങ് മറ്റ് വിപ്ലവകാരികളില്‍ നിന്നും വ്യത്യസ്തനായിരുന്നു. അദ്ദേഹം നിരീശ്വരവാദിയായിരുന്നു. തന്റെ നിരീശ്വരവാദത്തെക്കുറിച്ചുള്ള തികഞ്ഞ ബോധ്യത്തോടെയാണ് ഭഗത് സിങ് കഴുമരത്തിലേക്ക് നടന്നുകയറിയതും. സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ സമൂഹം എങ്ങനെയായിരിക്കണം എന്ന കാര്യത്തില്‍ അദ്ദേഹത്തിന് കൃത്യമായ കാഴ്ച്ചപ്പാടുണ്ടായിരുന്നു.

ഭഗത് സിങ്ങിന്റെ രചനകളില്‍ നിന്നും ദേശീയതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട് വ്യക്തമാണ്. ബി ജെ പിയുടെയും ആര്‍ എസ് എസിന്റെയും ഇപ്പോഴത്തെ ദേശീയതയെ കുറിച്ചുള്ള വാചകമടികളില്‍ സ്വാധീനിക്കപ്പെടാന്‍ എളുപ്പമാണെങ്കിലും എക്കാലത്തെയും വലിയ ദേശാഭിമാനികളായ ഭഗത് സിങിനെ പോലുള്ളവരില്‍ നിന്നും ദേശീയതയുടെ അര്ത്ഥം ഗ്രഹിക്കുന്നത് ഏറെ പ്രധാനമാണ്. ഒരിക്കല്‍ അങ്ങനെ ചെയ്താല്‍ ബി ജെ പിയുടെ കപട ദേശീയതയെ തിരിച്ചറിയാന്‍ ഒട്ടും ബുദ്ധിമുട്ടേണ്ടിവരില്ല.

ഭഗത് സിങ്ങിന്റെ നിരീശ്വരവാദം
“ബധിരന്മാരെ കേള്‍പ്പിക്കാന്‍ വേണ്ടി” ഡല്‍ഹിയിലെ കേന്ദ്ര നിയമനിര്‍മാണ സഭയില്‍ അപകടകരമല്ലാത്ത തരം കൈബോംബുകളെറിഞ്ഞതിന് ശേഷം 1929 ഏപ്രില്‍ 8-നു ഭഗത് സിങ്ങും ബി കെ ദത്തും സ്വമേധയ പിടികൊടുക്കുകയായിരുന്നു.

1930 ഒക്ടോബറില്‍ തൂക്കിക്കൊല്ലാനായിരിക്കും വിധിയെന്ന് ഏതാണ്ടുറപ്പുള്ള, വിധിക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പുള്ള നാളുകളില്‍,  തടവില്‍ വെച്ചെഴുതിയ “എന്തുകൊണ്ട് ഞാനൊരു നിരീശ്വരവാദിയാണ്?” എന്ന ലേഖനത്തില്‍ തന്റെ ജീവിതത്തിന്റെ വഴികാട്ടിയായ തത്വങ്ങളെ അദ്ദേഹം ഇങ്ങനെ പ്രഖ്യാപിച്ചു:

വിശ്വാസം (ദൈവത്തില്‍) കഠിനതകളിലൂടെ കടന്നുപോകാന്‍, അവയെ സന്തോഷകരമാക്കാന്‍ പോലും, സഹായിക്കുന്നു. മനുഷ്യന് ദൈവത്തില്‍ ശക്തമായൊരു പിന്തുണയും അവന്റെ പേരില്‍ പ്രോത്സാഹനജനകമായൊരു ആശ്വാസവും ലഭിക്കുന്നു. നിങ്ങള്‍ക്ക് അവനില്‍ (ദൈവത്തില്‍)വിശ്വാസമില്ലെങ്കില്‍ പിന്നെ നിങ്ങളെത്തന്നെ ആശ്രയിക്കുക മാത്രമാണു വഴി. കൊടുങ്കാറ്റിനും കോളിനുമിടയില്‍ സ്വന്തം കാലില്‍ നില്‍ക്കുക എന്നത് കുട്ടിക്കളിയല്ല.

ദൈവവിശ്വാസിയായ ഹിന്ദു ഒരു രാജാവായി പുനര്‍ജനിക്കുന്നതിനെക്കുറിച്ച് സ്വപ്നം കാണും; തന്റെ സഹനങ്ങള്‍ക്കും ബലികള്‍ക്കും സ്വര്‍ഗത്തില്‍ ലഭിക്കാന്‍ പോകുന്ന ആഡംബരങ്ങളെക്കുറിച്ചായിരിക്കും ഒരു മുസ്ലീമോ ക്രിസ്ത്യാനിയോ സ്വപ്നം കാണുന്നത്. ഞാന്‍ എന്താണ് ആഗ്രഹിക്കേണ്ടത്? എന്റെ കഴുത്തില്‍ കുരുക്ക് മുറുകുമ്പോള്‍, കാലിനടിയില്‍ നിന്നും പലകകള്‍ നീങ്ങുമ്പോള് അതാണ് അന്ത്യമെന്ന് എനിക്കറിയാം. കൂടുതല്‍ കൃത്യമായ മതപദാവലി ഉപയോഗിച്ചാല്‍ അത് സമ്പൂര്‍ണ നിഗ്രഹത്തിന്റെ നിമിഷമായിരിക്കും. എന്റെ ആത്മാവ് ഒന്നുമല്ല. ധീരമായിത്തന്നെ,  പ്രതിഫലത്തിന്റെ കാര്യമെടുത്താല്‍ അത്തരം വലിയ പ്രതിഫലങ്ങളൊന്നുമില്ലാത്ത ഈ പോരാട്ടങ്ങളുടെ ഈ ചെറിയ ജീവിതം ത്തന്നെയാണ് എന്റെ പ്രതിഫലം. അത്രയേ ഉള്ളൂ. ഇഹത്തിലോ പരത്തിലോ എന്തെങ്കിലും പ്രതിഫലം കിട്ടണമെന്ന സ്വാര്‍ത്ഥചിന്ത ഇല്ലാതെ തീര്‍ത്തും നിസ്വാര്‍ത്ഥമായി ഞാനെന്റെ ജീവിതം സ്വാതന്ത്ര്യത്തിനായി സമര്‍പ്പിച്ചിരിക്കുന്നു. എനിക്കതല്ലാതെ ഒന്നും ചെയ്യാനാവില്ല. മനുഷ്യരാശിയെ സേവിക്കുക എന്ന ആശയത്തില്‍നിന്നും ധൈര്യമുള്‍ക്കൊണ്ട് അവരെ ദുരിതങ്ങളില്‍ നിന്നും ദൈന്യതയില്‍ നിന്നും മോചിപ്പിക്കാന്‍വേണ്ടി, ഈയൊരു ലക്ഷ്യത്തിനുവേണ്ടി തങ്ങളുടെ ജീവിതം സമര്‍പ്പിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും തങ്ങള്‍ക്ക് മുന്നില്‍ ഇല്ലെന്നു വലിയ സംഘം സ്ത്രീപുരുഷന്‍മാര്‍ തീരുമാനിക്കുമ്പോള്‍ സ്വാതന്ത്ര്യത്തിന്റെ പുതിയ യുഗത്തിലേക്ക് ഒരു ദിനം പിറന്നുവീഴും.

അതുകൊണ്ട്, തന്റെ ജീവിതത്തിന്റെ അഗാധമായ ലക്ഷ്യങ്ങളെ സാര്‍ത്ഥകമാക്കാന്‍ ഭഗത് സിങ്ങിന് ദൈവത്തിന്റെയോ, സ്വര്‍ഗ,നരകങ്ങളുടെയോ എന്തിന് ആത്മാവിന്റെ അനശ്വരതയുടെയോ പോലും പിന്‍ബലം വേണ്ടിയിരുന്നില്ല.

ദാരിദ്ര്യമില്ലാത്ത ഇന്ത്യയായിരുന്നു ഭഗത് സിങ്ങിന്റെ ലക്ഷ്യം
മനുഷ്യരാശിയെ സേവിക്കുകയും ദുരിതങ്ങളില്‍ നിന്നും വിമോചിപ്പിക്കൂകയും ചെയ്യുക എന്നതായിരുന്നു അതേ ലേഖനത്തില്‍ തന്റെ പ്രവര്‍ത്തനലക്ഷ്യമായി അദ്ദേഹം പ്രഖ്യാപിച്ചത്. ആ ലക്ഷ്യത്തെ അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് സമാനമായിക്കണ്ടു. ബ്രിട്ടീഷുകാരില്‍ നിന്നും  സ്വാതന്ത്ര്യം നേടുക എന്നതുമാത്രമല്ല ദാരിദ്ര്യവും സാമൂഹ്യ-സാമ്പത്തിക വിവേചനവും ചൂഷണവും ഇല്ലാത്ത ഒരിന്ത്യക്കായുള്ള പോരാട്ടമായിരുന്നു ലക്ഷ്യം.

നിയമസഭയിലെ ബോംബാക്രമണക്കേസില്‍ വിചാരണ നേരിടവേ 1929 ജൂണ്‍ 6-നു തങ്ങളുടെ ലോകവീക്ഷണം വ്യക്തമാക്കിക്കൊണ്ട് വിപ്ലവത്തെക്കുറിച്ചുള്ള തങ്ങളുടെ ധാരണയും ഉദ്ദേശവും ഭഗത് സിങ്ങും ബി കെ ദത്തും കോടതിയില്‍ വ്യക്തമാക്കി. ദത്തിന് അഭിഭാഷകനുണ്ടായിരുന്നു, എന്നാല്‍ ഭഗത് സിങ് ഒരു നിയമോപദേഷ്ടാവിന്റെ സഹായത്താല്‍ കേസ് സ്വന്തമായാണ് വാദിച്ചത്. വിപ്ലവം എന്നതുകൊണ്ട് പ്രകടമായ അനീതിയില്‍ അധിഷ്ഠിതമായ ഇന്നത്തെ വ്യവസ്ഥ മാറണം എന്നതാണ്. ഉത്പാദകരും തൊഴിലാളികളും സമൂഹത്തിന്റെ അവിഭാജ്യഘടകമായിരുന്നിട്ടും അവരുടെ അടിസ്ഥാനാവകാശങ്ങള്‍പ്പോലും നിഷേധിക്കപ്പെട്ടു ചൂഷണം ചെയ്യപ്പെടുകയാണ്. സകലര്‍ക്കുമായി ധാന്യം ഉണ്ടാക്കുന്ന കൃഷിക്കാരനും കുടുംബവും പട്ടിണികിടക്കുന്നു. ലോകവിപണിക്ക് തുണി നല്‍കുന്ന നെയ്ത്തുകാരനും കുട്ടികള്‍ക്കും ദേഹം മരിക്കാന്‍ തുണിയില്ല; ഗംഭീരമായ മണിമാളികകള്‍ പണിയുന്ന ആശാരിയും കൊല്ലനും കല്‍പ്പണിക്കാരനും ചേരികളില്‍ പ്രേതങ്ങളെപ്പോലെ ജീവിക്കുന്നു. സമൂഹത്തിലെ ഇത്തിള്‍ക്കണ്ണികളായ മുതലാളിമാരും ചൂഷകരും ധൂര്‍ത്തടിച്ചു കഴിയുന്നു.”

ജാതീയമായ ചൂഷണത്തെക്കുറിച്ച് മറ്റൊരു ലേഖനത്തില്‍ ഭഗത് സിങ് എഴുതി,“തൊട്ടുകൂടാത്തവര്‍ വൃത്തിയില്ലാത്തവരാണെന്ന് എപ്പോഴും പറയുന്നു. അതിന്റെ കാരണം ലളിതമാണ്-അവര്‍ ദരിദ്രരാണ്. അവരുടെ ദാരിദ്ര്യം മാറ്റൂ. ഉയര്‍ന്ന ജാതിയിലെ ദരിദ്രരും വൃത്തിയായല്ല ജീവിക്കുന്നത്. സ്കൂളുകളും കോളേജുകളും കിണറുകളും വഴികളുമെല്ലാം തൊട്ടുകൂടാത്തവര്‍ക്ക് ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യത്തിനായി കൌണ്‍സിലുകളും നിയമനിര്‍മാണ സഭകളും ശ്രമിക്കണം. മതത്തിനെയും ശൈശവ വിവാഹത്തിനെതിരായ ബില്ലിനെയും കുറിച്ചു കോലാഹലമുണ്ടാക്കുന്ന നിയമസഭയില്‍ തൊട്ടുകൂട്ടാത്തവരെ തങ്ങളുടെ കൂടെക്കൂട്ടാന്‍ അവര്‍ക്കെങ്ങനെ ധൈര്യമുണ്ടാകും? അതുകൊണ്ടാണ് തൊട്ടുകൂടാത്തവര്‍ക്ക് സ്വന്തം പ്രതിനിധികളുണ്ടാകണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നത്. അവര്‍ക്കായി വിപുലമായ അവകാശങ്ങള്‍ക്കായി അവര്‍ ആവശ്യപ്പെടണം.

ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ അടിച്ചമര്‍ത്തലും ഭയത്തിന്റെയും വെറുപ്പിന്റെയും അന്തരീക്ഷവും കപട ദേശീയതയുടെ പ്രഘോഷണങ്ങള്‍ക്കൊപ്പം കൂടിക്കുഴയുന്ന നമ്മുടെ കാലഘട്ടത്തില്‍ ഇത് പരിചിതമായി തോന്നുന്നുണ്ടോ?

ജാതിവിവേചനം ഇന്നും നിലനില്‍ക്കുകയാണ്. ഗ്രാമങ്ങളിലും, ചെറുപട്ടണങ്ങളിലും, പ്രാദേശിക സ്ഥാപനങ്ങളിലും മാത്രമല്ല രോഹിത് വെമൂലയുടെ ആത്മഹത്യ തെളിയിക്കുന്നതുപോലെ ദേശീയ സ്ഥാപനങ്ങളിലും അത് രൂക്ഷമാണ്. ഭഗത് സിങിനെ പോരാടാന്‍ പ്രേരിപ്പിച്ച ഘടകങ്ങളെല്ലാം ഏറിയും കുറഞ്ഞും ഇന്നും ഇന്ത്യയില്‍ നിലവിലുണ്ട്.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള തന്റെ പോരാട്ടവും തന്റെ അര്‍ത്ഥപൂര്‍ണമായ ജീവിതവുമായി ഭഗത് സിങ് കണ്ടത് തന്റെ സഹജീവികള്‍ നേരിടുന്ന അസമത്വവും അനീതിയും അവസരങ്ങളുടെ നിഷേധവും മാറ്റാനുള്ള പോരാട്ടത്തില്‍ ഏര്‍പ്പെടുക എന്നതാണ്. അതായിരുന്നു അദ്ദേഹത്തിന്റെ ‘ദേശീയത’, അതായിരുന്നു അദ്ദേഹത്തിന്റെ ‘ദേശാഭിമാനം.’ അത് ‘ഭാരത് മാത കീ ജയ്’ എന്നതുപോലെയുള്ള പൊള്ളയായ ഭൂരിപക്ഷ മതാക്രോശങ്ങള്‍ക്കും അപ്പുറമാണ്. മതം, ജാതി, വംശം,കുലം എന്തിന് രാജ്യാതിര്‍ത്തികളെപ്പോലും  ഉല്ലംഘിക്കുന്ന സാര്‍വലൌകികതയാണത്. ഭഗത് സിങ്ങിന്റെ ജീവിതത്തിലും ആശയത്തിലും നിന്ന് അല്പമെങ്കിലും പ്രചോദനം ഉള്‍ക്കൊണ്ട് തങ്ങളുടെ ദേശീയത വ്യാഖ്യാനത്തിന്റെ ക്ഷുദ്രതയെ മറികടക്കാന്‍ ഇന്നത്തെ സര്‍ക്കാര്‍ ശ്രമിക്കുമോ?

ഭഗത് സിങ്ങിന്‍റെ മരണ വാറണ്ട്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍