UPDATES

ചരിത്രത്തില്‍ ഇന്ന്

1931 മാര്‍ച്ച് 23: ഭഗത് സിംഗിനെ ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റി

1956 മാര്‍ച്ച് 23: ലോകത്തിലെ ആദ്യത്തെ ഇസ്ലാമിക് റിപ്പബ്ലിക്കായി പാകിസ്ഥാന്‍ മാറി

ഇന്ത്യ

ഐതിഹാസിക സ്വാതന്ത്ര്യ സമര പോരാളിയായിരുന്ന ഭഗത് സിംഗിനെ 1931 മാര്‍ച്ച് 23-ന് ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റി. വധിക്കപ്പെടുമ്പോള്‍ അദ്ദേഹത്തിന് 23 വയസുമാത്രമേ ഉണ്ടായിരുന്നുള്ളു. രക്തസാക്ഷിത്വത്തിലൂടെ അദ്ദേഹത്തിന്റെ പേര് ഉപഭൂഖണ്ഡത്തിലെ സാധാരണ കുടുംബങ്ങളില്‍ പോലും സുപരിചിതമായി. ലാഹോറില്‍ വച്ച് ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥന്‍ ജോണ്‍ സൗണ്ടേഴ്‌സിന്റെ മര്‍ദ്ദനമേറ്റ് മരിച്ച സ്വാതന്ത്ര്യസമര സേനാനി ലാല ലജ്പത് റായിയുടെ മരണത്തിന് പകരം വീട്ടാനാണ് ഭഗത്സിംഗും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും ശ്രമിച്ചത്. ലാല ലജ്പത് റായിയുടെ മരണത്തിന് കാരണമായ ലാത്തിച്ചാര്‍ജ്ജിന്റെ ഉത്തരവാദി എന്ന് അവര്‍ വിചാരിച്ചിരുന്ന മറ്റൊരു പോലീസ് ഉദ്യോഗസ്ഥനായ ജയിംസ് സ്‌കോട്ടായിരുന്നു അവരുടെ ലക്ഷ്യം. രക്ഷപ്പെട്ടതിന് ശേഷം അപരനാമത്തില്‍ പ്രവര്‍ത്തനം തുടര്‍ന്ന ഭഗത്സിംഗും കൂട്ടരും ലജ്പത് റായിയുടെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. മാസങ്ങള്‍ക്ക് ശേഷം,, ഡല്‍ഹിയിലെ കേന്ദ്ര ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ അദ്ദേഹവും കൂട്ടാളികളും ചേര്‍ന്ന് രണ്ട് ബോംബ് സ്‌ഫോടനങ്ങള്‍ നടത്തി. മുകളിലത്തെ ഗ്യാലറിയില്‍ നിന്നുകൊണ്ട്, താഴെയിരുന്ന സാമാജികര്‍ക്ക് ലഘുലേഖകള്‍ വിതരണം ചെയ്യുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തതിന് ശേഷം അവര്‍ പിന്നീട് കീഴടങ്ങുകയായിരുന്നു. ഭഗത്സിംഗിനെയും രാജ്ഗുരുവിനെയും സുഖ്‌ദേവിനെയും മരണശിക്ഷയ്ക്ക് വിധിച്ചു. 1931 മാര്‍ച്ച് 24-ന് വിധി നടപ്പാക്കാനായിരുന്നു പരിപാടി. എന്നാല്‍ നിശ്ചയിച്ചതില്‍ നിന്നും പതിനൊന്ന് മണിക്കൂര്‍ നേരത്തെ, 1931 മാര്‍ച്ച് 23-ന് വിധി നടപ്പിലാക്കി.

ലോകം: 1956 മാര്‍ച്ച് 23-ന് ലോകത്തിലെ ആദ്യത്തെ ഇസ്ലാമിക് റിപ്പബ്ലിക്കായി പാകിസ്ഥാന്‍ മാറി


നിലവില്‍ വന്ന് ഏകദേശം പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം 1956 മാര്‍ച്ച് 23ന് ലോകത്തിലെ ആദ്യത്തെ ഇസ്ലാമിക് റിപബ്ലിക്കായി പാകിസ്ഥാന്‍ മാറി. സ്വാതന്ത്ര്യത്തിന് ശേഷം അത് സ്വീകരിച്ചിരുന്ന മതേതര ഭരണഘടന പ്രകാരമുള്ള റിപബ്ലിക്കന്‍ സ്ഥാനത്തില്‍ ഇതോടെ മാറ്റങ്ങള്‍ വന്നു. 1947 മുതല്‍ 1956 വരെ പാകിസ്ഥാന്‍ ഡൊമീനിയന്‍ എന്നാണ് അത് അറിയപ്പെട്ടിരുന്നത്. എന്നാല്‍ 1973ല്‍ കൂടുതല്‍ ജനാധിപത്യപരവും എന്നാല്‍ മതേതരം അല്ലാത്തതുമായ പുതിയ ഭരണഘടന അംഗീകരിക്കുന്നത് വരെ അതിന് ഒരു ഔദ്ധ്യോഗിക മതം ഉണ്ടായിരുന്നില്ല. മാര്‍ച്ച് 23 ആണ് പാകിസ്ഥാന്‍ ദിനമായി ആചരിക്കുന്നത്. 1940 മാര്‍ച്ച് 23ലെ ലാഹോര്‍ പ്രമേയത്തിന്റെ വാര്‍ഷീകം എന്ന നിലയില്‍ കൂടിയാണിത്. ബ്രിട്ടീഷ് ഇന്ത്യയുടെ കീഴില്‍ മുസ്ലീങ്ങള്‍ക്ക് പ്രത്യേക ഫെഡറേഷന്‍ വേണമെന്ന രാഷ്ട്രീയ പ്രമേയം മിനാര്‍-ഇ-പാകിസ്ഥാനില്‍ വച്ച് മുസ്ലീം ലീഗ് ഈ ദിവസമാണ് അംഗീകരിച്ചത്. അതിന്റെ പാസ്‌പോര്‍ട്ടുകളിലും വിസകളിലും നാണയങ്ങളിലും മാത്രമാണ് പാകിസ്ഥാന്‍ ‘ഇസ്ലാമിക്’ എന്ന പേര് ഉപയോഗിക്കുന്നത്. ഇസ്ലാമിക പ്രത്യയശാസ്ത്ര മാതൃകയ്ക്ക് എതിരായ ഏറ്റവും വലിയ എതിര്‍പ്പ് വന്നത് കിഴക്കന്‍ പാകിസ്ഥാനിലെ ബംഗാളി മുസ്ലീങ്ങളില്‍ നിന്നായിരുന്നു. 1971ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തിലേക്കും തുടര്‍ന്നുള്ള വിഭജനത്തിലേക്കും ഇത് നയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍