UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭരത് ഭുഷണെ കല്ലെറിയുന്നതിന് മുമ്പ്

Avatar

ടീം അഴിമുഖം 

വര്‍ക്കലയിലെ ഒടയം എന്ന ഗ്രാമത്തിലുള്ള വാഹിദ് കുടുംബത്തിനൊപ്പം അല്‍പ്പസമയം ചെലവഴിക്കാന്‍ കഴിയുമെങ്കില്‍ ഇവിടെ പറയാന്‍ പോകുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് വളരെപ്പെട്ടെന്ന് മനസിലാകും. ചെറുപ്പക്കാരായ പല വായനക്കാര്‍ക്കും അവരെ അറിഞ്ഞുകൊള്ളണമെന്നില്ല, എന്നാല്‍ ഇന്ത്യന്‍ വ്യോമയാന മേഖലയിലെ തുടക്കക്കാര്‍ എന്ന നിലയില്‍ അവരെ നമ്മുടെ മുതിര്‍ന്ന തലമുറയെങ്കിലും അറിയേണ്ടതാണ്.

 

കാരണം, വഹീദ് കുടുംബത്തിന് ചില കാര്യങ്ങള്‍ പറയാന്‍ പറ്റും: 1990-കളുടെ ആദ്യം ഇന്ത്യന്‍ സാമ്പത്തിക മേഖല തുറന്നു കൊടുത്തപ്പോള്‍ രാജ്യത്തെ ആദ്യ സ്വകാര്യ വിമാനക്കമ്പനിക്ക് തുടക്കം കുറിച്ചത് അവരാണ്; ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സ്. എന്നാല്‍ 1995 നവംബര്‍ 13-ന് കാര്യങ്ങളെല്ലാം കീഴ്‌മേല്‍ മറിഞ്ഞു. ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സിന്റെ മാനേജിംഗ് ഡയറക്ടറായിരുന്ന തക്കിയുദ്ദീന്‍ വാഹിദ് ബോംബെയില്‍ വച്ച് വെടിയേറ്റു മരിച്ചത് അന്നാണ്. വാഹിദിന്റെ മരണത്തിനു പിന്നിലുള്ള കാര്യങ്ങളെ കുറിച്ച് ഇന്നും ആര്‍ക്കും കൃത്യമായ ധാരണകളൊന്നുമില്ല. എന്നാല്‍ ഇന്ത്യന്‍ വ്യോമയാന മേഖലയെ കൃത്യമായി നിരീക്ഷിക്കുന്നവര്‍ക്ക് ഒരുകാര്യം മനസിലാകും; അത് കേവലമൊരു അധോലോക ആക്രമണം ആയിരുന്നില്ല എന്ന്. മറിച്ച് ഇന്ത്യന്‍ വ്യോമയാന മേഖലയിലെ ചില യാഥാര്‍ഥ്യങ്ങളിലേക്കുള്ള വിരല്‍ ചൂണ്ടല്‍ കൂടിയായിരുന്നു ആ കൊലപാതകം.

 

ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞ് ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഇന്ത്യയിലേക്ക് വ്യോമയാന മേഖല കടന്നുവരുന്നത്. ജെ.ആര്‍.ഡി ടാറ്റയായിരുന്നു ഇതിനു പിന്നില്‍. എന്നാല്‍ സ്വാതന്ത്ര്യത്തിനു തൊട്ടുപിന്നാലെ ഇത് ദേശസാത്ക്കരിക്കുകയും ചെയ്തു. 1990-കളില്‍ ഈ മേഖയിലേക്ക് സ്വകാര്യ മേഖലയ്ക്ക് അനുമതി കൊടുത്തതോടെ രഹസ്യ പശ്ചാത്തലങ്ങളുള്ള, എന്തും കൈപ്പിടിയില്‍ ഒതുക്കാന്‍ തീരുമാനിച്ചുറപ്പിച്ച, ക്രിമിനല്‍ ബന്ധങ്ങളുള്ള നിരവധി പേര്‍ വ്യോമയാന മേഖലയിലേക്ക് കടന്നുവന്നു. ഈ മേഖലയെ കുറിച്ച് ഏറെ സ്വപ്നങ്ങള്‍ ഉള്ളവരായിരുന്നു വാഹിദ് കുടുംബവും. എന്നാല്‍ ഇവിടുത്തെ കൊള്ളക്കൊടുക്കലുകളും അതിനോട് അനുബന്ധിച്ച ബുദ്ധിമുട്ടുകളും ഏറിവന്നതോടെ അവര്‍ 1997-ല്‍ തങ്ങളുടെ വിമാനക്കമ്പനി അടച്ചുപൂട്ടി.

 

ഇത്തരമൊരു മേഖലയിലാണ് 2010 ഡിസംബറില്‍ കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ ഇ.കെ ഭരത് ഭൂഷണ്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) എന്ന പദവിയില്‍ നിയമിതനാകുന്നത്. ഈ മേഖലയെ നിയന്ത്രിക്കുക എന്നതാണ് ഡി.ജി.സി.എയുടെ ജോലി. ഭരത് ഭൂഷണു മുമ്പും ഇതേ പദവിയില്‍ ആളുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അടുത്ത രണ്ടു കൊല്ലത്തിനുള്ളില്‍ മറ്റു പലരും ചെയ്യാത്ത പലതും ഭരത് ഭൂഷണ്‍ ഇവിടെ നടപ്പാക്കി. വ്യോമയാന മേഖലയിലെ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയ അദ്ദേഹം അവ നടപ്പാക്കാനുള്ളവയാണെന്നും തെളിയിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിയതിനൊപ്പം രാജ്യത്തെ സമ്പന്ന കുടുംബങ്ങള്‍ക്കും ശക്തരായ കോര്‍പറേറ്റുകള്‍ക്കും ഇന്ത്യന്‍ വ്യോമയാന മേഖലയിലുള്ള അനിയന്ത്രിതമായ സ്വാധീനത്തിന് അറുതി വരുത്തുകയും ചെയ്തു.

 

യാത്രക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഒട്ടൊക്കെ ഉപേക്ഷ വിചാരിച്ചിരുന്ന ഒറ്റ വിമാനക്കമ്പനികളേയും അദ്ദേഹം വെറുതെ വിട്ടില്ല. യാത്രക്കാരുടെ സുരക്ഷാ കാര്യത്തില്‍ അലംഭാവം കാണിക്കുകയും ആവശ്യമായ സാമ്പത്തിക സുരക്ഷയില്ലാതെ കമ്പനി നടത്തുകയും ചെയ്തിരുന്ന കിംഗ്ഫിഷന്‍ എയര്‍ലൈന്‍സുമായി അദ്ദേഹം കൊമ്പുകോര്‍ത്തു. എന്നാല്‍ ഈ മേഖലയിലെ വമ്പന്മാര്‍ അതിലും ശക്തരായിരുന്നു. നിയമനങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രമന്ത്രിസഭാ സമിതി അദ്ദേഹത്തിന്റെ കാലാവധി നീട്ടിക്കൊടുത്തെങ്കിലും ഭരത് ഭൂഷണെ ഇനി വച്ചു പൊറുപ്പിക്കില്ലെന്നായിരുന്നു അന്നത്തെ വ്യോമയാന മന്ത്രി അജിത് സിംഗിന്റെ തീരുമാനം- 2012 ജൂലൈയില്‍ ഭരത് ഭൂഷന്‍ തെറിച്ചു. പണവും സ്വാധീനവും കൊണ്ട് എന്തുകാര്യത്തിനും തീര്‍പ്പുണ്ടാക്കുന്ന, എന്തുകാര്യവും വിരല്‍ത്തുമ്പില്‍ നിയന്ത്രിക്കുന്ന ഈ മേഖലയിലെ പല പ്രമുഖര്‍ക്കും ഭരത് ഭൂഷണ്‍ അപ്പോഴേക്കും വലിയ തലവേദനയായിത്തീര്‍ന്നിരുന്നു. വിലയ്‌ക്കെടുക്കാന്‍ പറ്റില്ലായിരുന്നു അദ്ദേഹത്തെ എന്നതായിരുന്നു വാസ്തവം.

 

 

ഇക്കാര്യങ്ങള്‍ കൂടി മനസിലാക്കിക്കൊണ്ടു വേണം പ്രതിപക്ഷ നേതാവും ഒരുകൂട്ടം ഐ.എ.എസ് ഉദ്യോഗസ്ഥരും ഭരത് ഭൂഷണെതിരായ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ പരിശോധിക്കാന്‍. അഴിമുഖമോ ഈ ലേഖനമോ ചീഫ് സെക്രട്ടറിയെ വെള്ള പൂശാനോ അദ്ദേഹത്തെ ന്യായീകരിക്കാനോ ശ്രമിക്കുന്നില്ലെന്നു കൂടി വ്യക്തമാക്കട്ടെ. എന്നാല്‍ ഭരത് ഭൂഷണെതിരായ ആരോപണങ്ങളില്‍ പലതും ചിരിച്ചു തള്ളാന്‍ പറ്റുന്നവയും ചിലതൊക്കെ വര്‍ഗീയ നിറം കലര്‍ന്നതു കൂടിയാണ്.

 

ഭരത് ഭൂഷണ്‍ ഒരു മോശം മാനേജറാവാം, അല്ലെങ്കില്‍ മറ്റുള്ളവരെ കൂടി ഒപ്പം കൂട്ടാനും അവരോട് ഇടപഴകാനും കഴിയാത്തയാളാവാം. അദ്ദേഹം കര്‍ക്കശക്കാരനായ ഒരു ഉദ്യോഗസ്ഥനായതിനാല്‍ അത്തരം സമീപനം പരിശീലിച്ചിട്ടില്ലാത്ത ഉയര്‍ന്ന മറ്റ് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് അത് രസിക്കാഞ്ഞതാവാം. എന്തൊക്കെയായാലും സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നതിനു മുമ്പ് നമ്മുടെ വ്യോമയാന മേഖലയെ കുറിച്ചു കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്.

 

ഐ.എസ്.ആര്‍.ഒ ചാരക്കേസിലേതു പോലെ, ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വത്തെ തന്റെ താളത്തിനൊത്ത് തുള്ളിക്കാനും ഒരു പാവപ്പെട്ട മാലിദ്വീപുകാരിയെ എളുപ്പത്തില്‍ ചാരവനിതയാക്കാനും സാധിക്കുന്ന നാടാണ് കേരളം. വിഡ്ഡിത്തങ്ങളുടേയും അസംബന്ധങ്ങളുടേയും ഉസ്താദുമാരാണ് നമ്മള്‍. മണ്ടന്‍മാരെ പുകഴ്ത്തുന്നതിന് നമുക്ക് മടിയില്ല, അതോടൊപ്പം തന്നെ സത്യസന്ധരേയും ഉറച്ച നിലപാടുകളുള്ളവരേയും പലപ്പോഴും നമുക്ക് ദഹിക്കില്ല. കൃത്യമായ കണക്കുകളുടെയും വസ്തുതകളുടേയും അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ പറയാന്‍ നമ്മെക്കൊണ്ടാവില്ല. ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളിലും ഏതെങ്കിലും വിധത്തിലുള്ള സാമുദായിക നിറം കണ്ടെത്താന്‍ നാം മിടുക്കരാണ്. ഭരത് ഭൂഷനെ വിമര്‍ശിക്കുന്നവര്‍ കൃത്യമായ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് അത് ചെയ്യുന്നതെന്ന് ആശിക്കാനേ നമുക്ക് കഴിയൂ. 

ബെസ്റ്റ് ഓഫ് അഴിമുഖം

ശിക്ഷ കിട്ടേണ്ടത് രാജ്യത്തെ ഒറ്റിയവര്‍ക്കാണ്- നമ്പി നാരായണന്‍

കറുത്ത മാലാഖമാരുടെ പോസ്റ്റ്മെട്രിക് ജീവിതങ്ങള്‍

പുരുഷന്‍മാര്‍ക്കായുള്ള അക്കാദമിക് ദന്തഗോപുരങ്ങള്‍

ഒരു ചെന്നൈ യാത്രയുടെ കഥ; എയര്‍ ഇന്ത്യയുടെതും

രാഷ്ട്രീയ സമൂഹത്തിന്‍റെ നിശബ്ദത നമ്മെ നയിക്കുന്നതെങ്ങോട്ട്?

ഭരത് ഭൂഷന്റെ മകളുടെ വിദ്യാഭ്യാസ കാര്യവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് മുമ്പ് അവര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനുള്ള സാമാന്യ മര്യാദയെങ്കിലും നാം കാട്ടേണ്ടതുണ്ട്. നിങ്ങളൊരു മികച്ച വിദ്യാര്‍ഥിയാണെങ്കില്‍ പാശ്ചാത്യ നാടുകളിലെ മിക്ക സര്‍വകലാശാലകളിലും നിങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കും. അതിന് നിങ്ങള്‍ ഒരു ഐ.എ.എസുകാരന്റെ മകളാകണമെന്ന് നിര്‍ബന്ധമില്ല.

 

നോയ്ഡയില്‍ ഒരിക്കലും പണിതീരാത്ത ഒരു ഫ്‌ളാറ്റ് ബുക്ക് ചെയ്ത് കബളിപ്പിക്കപ്പെട്ട ആദ്യത്തെ ആളല്ല ഭരത് ഭൂഷണ്‍. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന പുലോക് ചാറ്റര്‍ജിയും അടുത്ത കാലത്ത് ഇത്തരമൊരു അവസ്ഥ നേരിട്ടിട്ടുണ്ട്.

 

തങ്ങള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് വ്യക്തമായ തെളിവുകള്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റേയും ഐ.എ.എസുകാരുടേയും പക്കലുണ്ടെന്ന് നമുക്ക് പ്രതീക്ഷിക്കാം. അല്ലെങ്കില്‍ ഗൗരവകരമായ പല ചോദ്യങ്ങള്‍ക്കും അവര്‍ ഉത്തരം പറയേണ്ടതുണ്ട്, അതോടൊപ്പം, അവരുടെ ഉദ്ദേശ ശുദ്ധിയെ കുറിച്ചും ചോദ്യങ്ങള്‍ ഉയരാം. കാരണം, ഈ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ചില മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ട്രാക്ക് റിക്കോര്‍ഡ് പല സമയത്തും സംശയത്തിനിടയാക്കിയിട്ടുള്ളതുമാണ്.

 

പ്രത്യേകിച്ച് എയര്‍പോര്‍ട്സ് ഇകണോമിക് റഗുലേറ്ററി അതോറിറ്റി (എ.ഇ.ആര്‍.എ)യുടെ തലപ്പത്തേക്ക് ഭരത് ഭൂഷണ്‍ വരാനുള്ള സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ആക്രമിക്കുന്നവര്‍ ആരോപണങ്ങളെ കുറിച്ച് പഴുതുകളില്ലാത്ത തെളിവുകള്‍ ഹാജരാക്കുകയും വേണം. അല്ലെങ്കില്‍ എ.ഇ.ആര്‍.എയുടെ തലപ്പത്തേക്ക് അദ്ദേഹമെത്തരുത് എന്നതു ലക്ഷ്യമാക്കിയാണ് ഈ ആരോപണങ്ങള്‍ എന്ന് ന്യായമായി സംശയിച്ചുകൂടെ?

 

 

വ്യോമയാന മേഖലയിലെ വിവിധ നിരക്കുകള്‍ തീരുമാനിക്കുന്നതില്‍ വിപുലമായ അധികാരമുള്ള അതോറിറ്റിയാണ് എ.ഇ.ആര്‍.എ. ഉദാഹരണത്തിന് യാത്രക്കാരില്‍ നിന്ന് ഒരു വിമാനത്താവളത്തിന് ഈടാക്കാവുന്ന ഡവലപ്‌മെന്റ് ഫീസ് മുതല്‍ വിമാനത്താവള വികസനത്തിന് ചെലവാകുന്ന മൊത്തം തുകയുടെ കണക്കു വരെ നിശ്ചയിക്കാന്‍ ഇവര്‍ക്ക് അധികാരമുണ്ട്. അതായത്, നാം സംസാരിക്കുന്നത് നിക്ഷേപവും വരുമാനവും ഒക്കെയായി വരുന്ന ആയിരക്കണക്കിന് കോടി രൂപയെക്കുറിച്ചാണ്. അതാണ് അതിലെ ഗൗരവകരമായ കാര്യവും.

 

ഡല്‍ഹി വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ജി.എം.ആര്‍ ഗ്രുപ്പിന് 1.63 ലക്ഷം കോടി രൂപയുടെ ഭൂമി തീറെഴുതി നല്‍കിയെന്ന് 2012 ഓഗസ്റ്റിലെ ഒരു സി.എ.ജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. വെറും 1,813 കോടി രൂപ മുടക്കിയാണ് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിയന്ത്രണവും ലക്ഷക്കണക്കിന് കോടികള്‍ വിലമതിക്കുന്ന ഭൂമിയും ജി.എം.ആര്‍ സ്വന്തമാക്കിയത്. ഇത്രയധികം കോടികള്‍ ഇറങ്ങുന്ന മേഖലയുടെ നിര്‍ണായക പദവിയിലേക്ക് ഭരത് ഭൂഷണ്‍ എത്തുന്നതിന്റെ തൊട്ടുമുമ്പാണ് ഈ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. അദ്ദേഹം വഹിച്ചിരുന്ന ഡി.ജി.സി.സി.എ പദവിയും ഇപ്പോള്‍ വരാനിരിക്കുന്ന എ.ഇ.ആര്‍.എ നേതൃസ്ഥാനവും പരിഗണിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മകളുടെ വിദ്യാഭ്യാസ ചെലവിന്റേയും ഒരു വീടിന്റേയും കണക്കുകള്‍ അദ്ദേഹത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാന്‍ തക്ക വിലയുള്ളതല്ല.

 

ആന്ധ്രാ പ്രദേശ് പോലെയുളള സംസ്ഥാനങ്ങളില്‍ നിന്നുള്ള കോണ്‍ട്രാക്ടര്‍മാരുടെ ഏജന്റുമാര്‍ക്ക് ഇപ്പോള്‍ ഭരത് ഭൂഷണെതിരെ കേരളത്തില്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ പങ്കില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം. കാരണം, ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങള്‍ സ്വകാര്യവത്ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് കോടികള്‍ സ്വന്തം പോക്കറ്റിലാക്കിയവരാണ് ഈ കോണ്‍ട്രാക്ടര്‍മാര്‍, ഇനിയും എത്രയേറെ വിമാനത്താവളങ്ങള്‍ അവരെ കാത്തിരിക്കുന്നുമുണ്ട്. അതുകൊണ്ട് ഭരത് ഭൂഷനെ കല്ലെറിയുന്നതിന് മുമ്പ് കാര്യങ്ങള്‍ വ്യക്തമാകട്ടെ.  

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍