UPDATES

സിനിമ

താനൊരു താരമല്ല, നടനാണ്‌ എന്ന ബോധമില്ലാത്ത മമ്മൂട്ടി

Avatar

എന്‍. രവി ശങ്കര്‍

ഹൊറര്‍ ഫാക്ടറിയുടമ രാമഗോപല വര്‍മ്മന്‍റെ പ്രസ്താവന വന്നതില്‍ പിന്നെയാണ് റാസ്ക്കലിനെ ശ്രദ്ധിക്കാന്‍ തോന്നിയത്. ശരിയാണ് അയാള്‍ പറഞ്ഞത്. ഒരു നടനാണ്‌ താന്‍ വെറും റാസ്ക്കല്‍ അല്ല എന്ന ഒരു ലക്ഷണവും ഭരത് മമ്മൂട്ടി കാണിക്കുന്നില്ല. കഴിഞ്ഞ കുറെ പടങ്ങളായി ഇതേ സ്റ്റാറ്റിക് അവസ്ഥയാണ്. തട്ടിക്കൊട്ടിയുണ്ടാക്കുന്ന പടങ്ങളിലല്ലാതെ അയാളെ കാണാനുമില്ല. ഒന്നുമില്ലെങ്കിലും തനിക്കു കിട്ടിയ ഭരത് എന്ന പട്ടത്തോടെങ്കിലും ഉത്തരവാദിത്തം വേണ്ടേ. താനൊരു താരമല്ല, നടനാണ്‌ എന്ന ബോധം ആദ്യം മനസ്സിലുണ്ടാവണം. അതില്ലാത്തതാണ് ഇപ്പോഴത്തെ ദുര്യോഗത്തിന് കാരണം. പ്രായമാകുമ്പോള്‍ ജ്ഞാനം വര്‍ധിക്കും എന്ന് കേട്ടിട്ടുണ്ട്. 40 വയസ്സാകുമ്പോഴേക്കും തന്റെ പ്രായത്തിനു ചേരുന്ന മുഖ ലക്ഷണത്തിലേക്ക് മാറിയ അജിത്തിനെ പോലുള്ള തമിഴ് താരങ്ങളെ നോക്കുക. വിവേകം തൊഴിലില്‍ കാണണം, പ്രസംഗത്തില്‍ കണ്ടാല്‍ പോര.

ഇത് പറയാന്‍ മറ്റൊരു കാര്യവുമുണ്ട്. ദുല്‍ഖറിന്റെ ഒരു പിടി പടങ്ങളാണ് കുറഞ്ഞൊരു കാലം കൊണ്ട് ഇവിടെ ഓടിയത്. ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന ‘ഓക്കെ കണ്മണി’യില്‍ സാമാന്യം നല്ല പ്രകടനമാണ് അയാളുടേത്. എല്ലാ പടങ്ങളിലും തന്റേതായ ഒരു കഴിവ് കഥാപാത്രങ്ങളില്‍ ചെലുത്താന്‍ അയാള്‍ക്ക് കഴിയുന്നുണ്ട്. അല്ലെങ്കില്‍, അയാള്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. ‘ഞാന്‍’ എന്ന സിനിമ തന്നെ മികച്ച ഉദാഹരണം. സത്യത്തില്‍ ആ പടത്തിലെ ദുല്‍ഖര്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഔന്നത്യത്തിലേക്ക് മമ്മൂട്ടിയുടെ ഒരു കഥാപാത്രം എത്തിയിട്ട് കാലമേറെയായി. ഒരു പക്ഷെ, ഇതായിരിക്കാം കാസ്റ്റിങ്ങില്‍ മിടുക്ക് കാണിക്കുന്ന വര്‍മന്‍ അങ്ങനെ പറയാന്‍ കാരണം.

സിദ്ദിഖ് എഴുതി സംവിധാനം ചെയ്ത പടമാണ് റാസ്ക്കല്‍. കോമഡികളുടെ ഒരു ഘോഷയാത്ര നടത്തുകയല്ലാതെ മറ്റൊന്നും അയാള്‍ സാധാരണ ചെയ്യാറില്ല. അല്ലാതെ വിശദമായ ഒരു അഭിനയത്തിനൊന്നും യാതൊരു സ്കോപ്പും ഇല്ലാത്ത പടങ്ങളാണ് അയാളുടേത്. തന്റെ സംഘടനയ്ക്ക് വേണ്ടി ഒരു ചാനലില്‍ കോമഡി ഷോ നടത്തുകയും ചെയ്യുന്നുണ്ട് അയാള്‍. സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ പറഞ്ഞ പോലെ മിമിക്രി ഒരു കലയും സിനിമ ഒരു വിനോദവും ആയതാണല്ലോ കേരളത്തിന്റെ ഒരു ഗതികേട്. പക്ഷെ, ഈ പടത്തില്‍ അയാള്‍ക്ക്‌ കാലു പിഴച്ചു എന്ന് വേണം കരുതാന്‍. കാരണം, ആളില്ല പടം കാണാന്‍. കാണുന്നവര്‍ ചിരിക്കുന്നുമില്ല.

പെട്ടെന്ന് ദേഷ്യം വരുന്ന വിഭാര്യനായ മുതലാളിയാണ് മമ്മൂട്ടി. ഈ വേഷം ഇദ്ദേഹം എത്രാമത്തെ തവണയാണ് അവതരിപ്പിക്കുന്നത്‌ എന്നോര്‍മ്മയില്ല. അയാള്‍ക്ക് ഒരു മകന്‍ ഉണ്ടായിരിക്കുമല്ലോ. അതേ ഉണ്ട്. മകനോട്‌ അയാള്‍ക്ക്‌ അനല്‍പ്പമായ വാല്സല്യമായിരിക്കുമല്ലോ. അതേ. മകന്‍റെ  സഹപാഠിയായ പെണ്‍കുട്ടിയുടെ അമ്മയും വിധവയാണ്. അവളും ചോക്ലൈറ്റുകള്‍ ഉണ്ടാക്കുന്ന ഒരു യുവസംരംഭകയാണ്. ഇവരെ രണ്ടു പേരെയും ഒന്നിച്ചു ചേര്‍ത്താലോ എന്ന് പിള്ളേര് രണ്ടും ആലോചിക്കുമ്പോഴേക്കും അതാ അവളുടെ കൊല്ലപ്പെട്ടെന്ന് കരുതപ്പെട്ട ഭര്‍ത്താവ് തിരിച്ചു വരുന്നു. ഇടവേള.

ഇടവേളയ്ക്കു ശേഷം ആകെ ഒരു കുഴമറിച്ചിലാണ്. അതില്‍ മുംബൈ മാഫിയ തൊട്ടു ലോക്കല്‍  ഉസ്താദുകള്‍ വരെ ഉണ്ട്. കൂട്ടപ്പോരിച്ചിലില്‍ തീയ ശക്തികളെല്ലാം കൊല്ലപ്പെട്ടെന്നു നമുക്ക് ആശ്വസിക്കാം. അങ്ങനെ അവര്‍ മക്കളോടൊപ്പം ഒന്നിച്ചു ചേരുന്നുവെന്നും. പല തവണ കണ്ടാലേ ഈ ഭാഗങ്ങള്‍ വ്യക്തമാവൂ എന്നത് കൊണ്ട് അത് ഒരു brain teaser ആയി കണക്കാക്കാം. എന്തായാലും പിള്ളേര് ഹാപ്പി ആയല്ലോ! അത് മതി.

ഒന്ന് നോക്കിയാല്‍, ഈ രണ്ടു പിള്ളേരാണ് `കഥ കൊണ്ടുപോകുന്നത്’ എന്ന് നമുക്ക് കാണാം. ഇവര്‍ മാത്രമേ സിനിമയില്‍ നമുക്ക് രസകരമായ എന്തെങ്കിലും തരുന്നുള്ളൂ. അതുപോലും, ബാക്കിയുള്ള ഭാഗങ്ങള്‍ പോലെ, സ്ടീരിയോ ടൈപ്പ് ആണ്. ഏറ്റവും മോശമായിരിക്കുന്നത് തെലുങ്ക്‌ നടന്‍ ചക്രവര്‍ത്തിയുടെ വരവും പോക്കുമാണ്. മമ്മൂട്ടിയുടെയത്ര പോലും മുഖപേശികള്‍ ചലിപ്പിക്കാന്‍ ഇയാള്‍ക്ക് കഴിയുന്നില്ല. രാമഗോപാലവര്‍മ്മന്‍റെ ഒറിജിനല്‍ കണ്ടുപിടിത്തമാണ് ഈ നടന്‍ എന്നോര്‍ക്കണം.

സ്കിറ്റുകളുടെ ഒരു പരമ്പരയാണ് ഈ പടം. റാസ്ക്കല്‍ എന്ന വിശേഷണം പോലും ഒരു അധികപ്പറ്റാണ്. കഥാപാത്രത്തിന് തീരെ  യോജിക്കാത്ത ഒന്ന്.

പുറത്തിറങ്ങുമ്പോള്‍ എല്ലാ തിയെറ്ററുകളില്‍ നിന്നും ശുഷ്ക്കമായ ജനക്കൂട്ടം പോകുന്നു. വടക്കന്‍ സെല്‍ഫിക്ക് പോലും ആള് കുറഞ്ഞു. എന്തിനു, യുവാക്കളുടെ ഹരമായ അല്ലുവിനെ കാണാന്‍ പോലും ആളില്ല. പക്ഷെ, അതാ ദൂരെ ഒരു തിയേറ്ററില്‍ ജനം മുഴുവന്‍ തടിച്ചു കൂടുന്നു. ടിക്കറ്റ് കിട്ടാനില്ല. പടം തമിഴ്. അറിയപ്പെടുന്ന ആരും അതിലില്ല. പേര് കാഞ്ചന.

അഴിമുഖം യു ടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍