UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗോഡ്സെയില്‍ നിന്ന് ഗാന്ധിയെ രക്ഷിച്ച ഭിലാരെ അന്തരിച്ചു

“പെട്ടെന്ന് ഗാന്ധിജിയുടെ നേരെ ഒരു കത്തിയുമായി ഓടിയടുത്ത ഗോഡ്‌സെ തനിക്ക് ചില ചോദ്യങ്ങള്‍ ചോദിക്കാനുണ്ട് എന്ന് പറഞ്ഞു. ഞാന്‍ അയാളെ തടഞ്ഞുനിര്‍ത്തുകയും കൈപിടിച്ച് തിരിച്ച് കത്തി പിടിച്ച് വാങ്ങുകയുമായിരുന്നു. പക്ഷെ ഗാന്ധിജി അയാളെ പോകാന്‍ അനുവദിച്ചു”

1944ല്‍ പഞ്ചഗനിയില്‍ വച്ച് നാഥുറാം ഗോഡ്‌സെയുടെ ആക്രമണത്തില്‍ നിന്നും മഹാത്മ ഗാന്ധിയെ രക്ഷിച്ചു എന്ന് ചില ചരിത്രരേഖകളില്‍ പരാമര്‍ശിക്കപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനി ബികു ദാജി ഭിലാരെ അന്തരിച്ചു. മഹാരാഷ്ട്രയിലെ ബിലാറിലാണ് അന്ത്യം. ഭിലാരെ ഗുരുജി എന്ന് അറിയപ്പെടുന്ന അദ്ദേഹത്തിന് 98 വയസായിരുന്നു. 1944ല്‍ നടന്ന സംഭവത്തെ കുറിച്ച് ഭിലാരെ ചില അഭിമുഖങ്ങളില്‍ ഓര്‍മ്മിക്കുന്നത് ഇങ്ങനെയാണ്: “പഞ്ചഗനിയില്‍ മഹാത്മ ഗാന്ധിയുടെ പ്രാര്‍ത്ഥനയ്ക്ക് എല്ലാവര്‍ക്കും പ്രവേശനമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സഹായികളായ ഉഷ മേത്ത, പ്യാരേലാല്‍, അരുണ അസഫ് അലി എന്നിവരെല്ലാം അന്ന് പ്രാര്‍ത്ഥനയ്ക്ക് സന്നിഹിതരായിരുന്നു. പെട്ടെന്ന് ഗാന്ധിജിയുടെ നേരെ ഒരു കത്തിയുമായി ഓടിയടുത്ത ഗോഡ്‌സെ തനിക്ക് ചില ചോദ്യങ്ങള്‍ ചോദിക്കാനുണ്ട് എന്ന് പറയുകയായിരുന്നു. ഞാന്‍ അയാളെ തടഞ്ഞുനിറുത്തുകയും കൈപിടിച്ച് തിരിച്ച് കത്തി പിടിച്ച് വാങ്ങുകയുമായിരുന്നു. പക്ഷെ ഗാന്ധിജി അയാളെ പോകാന്‍ അനുവദിച്ചു”.

ഗാന്ധിജിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധിയുടെ കൈവശമുള്ള രേഖകളില്‍ ഭിലാരെയും ഒരു ലോഡ്ജ് ഉടമയായ മണിശങ്കര്‍ പുരോഹിതും ചേര്‍ന്നാണ് ഗോഡ്‌സെയെ കീഴടക്കിയത് എന്ന് പറയുന്നു. എന്നാല്‍ ഗാന്ധിജിയുടെ മരണത്തെ കുറിച്ച് അന്വേഷിച്ച കപൂര്‍ കമ്മീഷന്‍ ഈ ആക്രമണത്തെ കുറിച്ച് ചില സംശയങ്ങളാണ് ഉന്നയിക്കുന്നത്. 1944 ജൂലൈയില്‍ അങ്ങനെയൊരു സംഭവം നടന്നോ എന്ന് പോലും വ്യക്തമല്ലെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പുരോഹിത് കമ്മീഷന് മുന്നില്‍ നല്‍കിയ മൊഴിയില്‍ പറഞ്ഞത് 1947ലാണ് ഈ സംഭവം നടന്നത്. 1944 ജൂലൈയില്‍ പഞ്ചഗനിയില്‍ നടന്ന പ്രാര്‍ത്ഥന യോഗത്തില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായി എന്ന് മാത്രമാണ് കപൂര്‍ കമ്മീഷന്‍ രേഖപ്പെടുത്തുന്നത്. 1944 ആഗാ ഖാന്‍ കൊട്ടാരത്തിലെ തടവില്‍ നിന്നും മോചിപ്പിക്കപ്പെട്ട ഗാന്ധിജിക്ക് മലേറിയ പിടിപെടുകയും ഡോക്ടറുടെ ഉപദേശപ്രകാരം അദ്ദേഹം പഞ്ചഗനിയിലേക്ക് വിശ്രമത്തിനായി പോവുകയുമായിരുന്നു.

1944 ജൂലൈയില്‍ പഞ്ചഗനിയില്‍ വച്ച് ഗോഡ്‌സെ സഹോദരന്മാരില്‍ ഒരാള്‍ ഗാന്ധിജിയെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ ജാഗരൂകനായ ഒരു യുവാവ് ആ ശ്രമത്തെ തകര്‍ക്കുകയായിരുന്നുവെന്നും മണി ഭവന്‍ ഗാന്ധി സന്‍ഗ്രഹാലയയുടെ അദ്ധ്യക്ഷന്‍ ധീരുഭായ് മേത്ത 2008ല്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്. ഗാന്ധിയുടെ അടുത്ത അനുയായി ആയിരുന്ന പ്യാരേലാലിന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ ഈ വസ്തുത രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. മറ്റൊരു ഗാന്ധിയനായ ചുനിലാല്‍ വൈദ്യ എഴുതിയ ഒരു പുസ്തകത്തിലും ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ട്. അക്കാലത്ത് തന്നെ പോലെയുള്ള യുവജനങ്ങളുടെ ആരാധനപാത്രമായിരുന്നു ഭിലാരെ എന്ന് സ്വാതന്ത്ര്യസമര സേനാനിയും പെസന്‍സ് ആന്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടി നേതാവുമായ എന്‍ഡി പാട്ടീല്‍ ടൈംസ് ഓഫ് ഇന്ത്യയോട് കഴിഞ്ഞ ദിവസം പറഞ്ഞു. ‘ഗോഡ്‌സെയില്‍ നിന്നും ഗാന്ധിജിയെ ഗുരുജി രക്ഷിച്ചുവെന്ന വാര്‍ത്ത സതാരയില്‍ മുഴുവന്‍ പരന്നിരുന്നു. എനിക്ക് അന്ന് 15 വയസായിരുന്നു. ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഗുരുജിയെ കാണാനായി സൈക്കിളില്‍ പോയി. അദ്ദേഹം ഞങ്ങളുടെ ആരാധനാപാത്രമായി മാറി. ജീവിതത്തിലുടനീളം അദ്ദേഹം ലളിതജീവിതം നയിക്കുകയും ഗാന്ധിജിയുടെ തത്വങ്ങള്‍ പിന്തുടരുകയും ചെയ്തു, 90ന് മുകളില്‍ പ്രായമുള്ള എന്‍ ഡി പാട്ടീല്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍