UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭോപ്പാല്‍ ഏറ്റുമുട്ടലും പൊലീസ് വാദങ്ങളിലെ വൈരുദ്ധ്യങ്ങളും

Avatar

അഴിമുഖം പ്രതിനിധി

ഭോപ്പാലില്‍ ജയില്‍ ചാടിയെന്ന് ആരോപിച്ച് എട്ട് സിമി പ്രവര്‍ത്തകരെ പൊലീസ് വധിച്ച സംഭവം, വ്യാജ ഏറ്റുമുട്ടലാണെന്ന് സംശയമുണ്ടാക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളിലൂടെ പുറത്തുവരുന്നത്. അതുകൊണ്ടു തന്നെ പോലീസ് തിയറിയെ ഖണ്ഡിക്കുന്ന നിരവധി കാര്യങ്ങള്‍ക്ക് ഉത്തരവാദപ്പെട്ടവര്‍ മറുപടി പറയേണ്ടതുണ്ട്.

പ്രതികള്‍ തടവ് ചാടിയത് വ്യക്തമായപ്പോള്‍ എന്തുകൊണ്ട് ജയില്‍ അലാം മുഴക്കിയില്ല എന്ന ചോദ്യം വരുന്നുണ്ട്. 

തടവുകാര്‍ രക്ഷപ്പെട്ടതായി പറയുന്ന വഴികളിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായത് എങ്ങനെ?

32 അടി ഉയരമുള്ള കൂറ്റന്‍ ജയില്‍ മതില്‍ ചാടിക്കടന്ന് എങ്ങനെ ഇവര്‍ പുറത്ത് കടന്നു. ജയിലധികൃതരുടെയോ സഹതടവുകാരുടേയോ സഹായം ഇതിന് ലഭിച്ചിട്ടുണ്ടോ?

ഇത്രയധികം സര്‍ച്ച് ലൈറ്റുകളും മറ്റ് നിരീക്ഷണ സംവിധാനങ്ങളും ഉള്ള ഒരു ജയിലില്‍ ഇത് ആരുടേയും ശ്രദ്ധയില്‍ പെട്ടില്ലേ?

യഥാര്‍ത്ഥ ഏറ്റുമുട്ടലുകള്‍ എങ്ങനെയാണ് പൊലീസ് മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തുക?

തടവുകാര്‍ പൊലീസിന് നേരെ നിറയോഴിച്ചു എന്ന വാദം ശരിയാണെങ്കില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയവര്‍ അടക്കമുള്ള പൊലീസുകാര്‍ക്ക് എങ്ങനെയാണ് പരിക്കേല്‍ക്കാതെ അതിന് കഴിഞ്ഞത്?

രാത്രി രണ്ടര മണിക്ക് പുറത്ത് നിന്ന് ആരെങ്കിലും ജയിലില്‍ കടന്നിരുന്നോ?

സിന്ദാ ഹേ, മാരോ (ജീവനുണ്ട്, അവനെ കൊല്ലൂ) എന്ന് പൊലീസുകാര്‍ പറയുന്നതായി വീഡിയോയിലുണ്ട്. പുട് വണ്‍ ഇന്‍ ദ ചെസ്റ്റ് (നെഞ്ചത്ത് തന്നെ ഒരെണ്ണം കൊടുക്ക്….അവന്‍ ചത്തോളും) എന്ന് പറയുന്നതും കേള്‍ക്കാം….

അതേസമയം ഈ വീഡിയോയുടെ ആധികാരികത പുറത്തുവിട്ട മാധ്യമങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഏതായാലും ഈ സാഹചര്യത്തില്‍ നിരവധി ചോദ്യങ്ങളും സംശയങ്ങളുമാണ് സ്വാഭാവികമായും ഉയര്‍ന്നുവരുന്നത്. 

ഒരു പൊലീസുകാരന്‍ അനക്കമില്ലാത്ത ശരീരത്തില്‍ വെടി വയ്ക്കുന്നത് കാണാം. മറ്റൊരു പൊലീസുകാരന്‍, കീഴടങ്ങിയതായി കരുതുന്ന ഒരാള്‍ക്കെതിരെ നിറയൊഴിക്കുന്നു. രണ്ടാമത്തെ വീഡിയോയില്‍ അവരെ വളയൂ എന്ന് പറയുന്നത് കേള്‍ക്കാം. പിന്നീട് വെടിയൊച്ചകളും.

മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിന്‌റെ ഏറ്റുമുട്ടല്‍ സംബന്ധിച്ച അവകാശവാദങ്ങളെ പ്രതിപക്ഷം ഒട്ടും വിശ്വാസത്തിലെടുത്തിട്ടില്ല. സിപിഎമ്മും കോണ്‍ഗ്രസും അടക്കമുള്ളവര്‍ മധ്യപ്രദേശ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇവര്‍ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 

പൊലീസ് പറയുന്നത് ഇവരെ വധിക്കുകയല്ലാതെ വേറെ മാര്‍ഗമില്ലായിരുന്നതുകൊണ്ടാണെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിംഗ് പറയുന്നത്. നേരത്തെ പറഞ്ഞതിന് കടകവിരുദ്ധമാണ് ഇത്. 

തടവ് ചാടിയവരുടെ പക്കല്‍ ആയുധങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും സ്റ്റീല്‍ പ്ലേറ്റുകളും സ്പൂണുകളും മാത്രമാണ് ഉണ്ടായിരുന്നതെന്നും ഭൂപേന്ദ്ര സിംഗ് പറഞ്ഞിരുന്നു.

ഏറ്റുമുട്ടലിനെ കുറിച്ചല്ല തടവ് ചാട്ടത്തെ കുറിച്ചാണ് താന്‍ അങ്ങനെ പറഞ്ഞതെന്നാണ് ഇപ്പോള്‍ ഭൂപേന്ദ്രയുടെ വാദം. വീഡിയോ സംബന്ധിച്ച് ഇ്‌നി അന്വേഷണമൊന്നും നടത്തില്ലെന്നും മന്ത്രി പറയുന്നു. അതേസമയം വീഡീയോയുടെ ആധികാരികത സംബന്ധിച്ച് കാര്യമായി എതിര്‍വാദങ്ങളൊന്നും ഭൂപേന്ദ്ര ഉയര്‍ത്തിയില്ലെന്നതും ശ്രദ്ധേയമാണ്. ദീപാവലി ആയിരുന്നതിനാല്‍ മതിയായ ജയില്‍ ജീവനക്കാര്‍ ഇല്ലായിരുന്നുവെന്ന് ദുര്‍ബലവാദവും ഉന്നയിക്കപ്പെടുന്നുണ്ട്.

ജയില്‍ ചാടി കുറഞ്ഞ സമയത്തിനുള്ളില്‍ തോക്കുകള്‍ സംഘടിപ്പിക്കാന്‍ സാധിക്കുന്നവര്‍ക്ക് എന്തുകൊണ്ട് ഒരു വാഹനം സംഘടിപ്പിക്കാതെ കാല്‍നടയായി പോയി എന്ന ചോദ്യമുയരുന്നുണ്ട്.

പൊലീസില്‍ നിന്ന് തന്നെ പരസ്പര വിരുദ്ധമായ വിവരങ്ങളാണ് പുറത്തുവരുന്നത്. പ്രതികളുടെ ഭാഗത്ത് നിന്ന് കല്ലേറുണ്ടായതായി ചില ഉദ്യോഗസ്ഥര്‍ പറയുമ്പോള്‍ മറ്റ് ചിലര്‍ വെടിവയ്പിനെ കുറിച്ച് മാത്രമാണ് പറയുന്നത്. മഹാരാഷ്ട്ര എടിഎസ് തലവന്‍ സജ്ഞയ് ഷാമിയെ പോലുള്ള ഉദ്യോഗസ്ഥര്‍ പറയുന്നത് പ്രതികള്‍ നിരായുധരായിരുന്നു എന്നാണ്.

കൊല്ലപ്പെട്ട സിമി പ്രവര്‍ത്തകരെ സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ സുരക്ഷ പോരെന്ന് ചൂണ്ടിക്കാട്ടിയാണ് അതീവ സുരക്ഷയുള്ള ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റിയതെന്നതും ശ്രദ്ധേയം. ഇതേ കാരണത്താല്‍ വിചാരണ തടവുകാരായ ഇവരെ ഭോപ്പാല്‍ ജില്ലാ കോടതിയിലേയ്ക്ക് കൊണ്ടുപോകുന്നതും ജയിലധികൃതര്‍ നിര്‍ത്തിയിരുന്നു.

 

കൊല്ലപ്പെട്ടവര്‍ ധരിച്ചിരുന്നത് സാധാരണ ജയിലിന് പുറത്തുള്ളവര്‍ ധരിക്കുന്ന വസ്ത്രങ്ങളും ഷൂസും ഒക്കെയാണ്. ഇതെങ്ങനെ ഇവര്‍ക്ക് ലഭ്യമായി?

 

ജയില്‍ ചാടിയ എട്ടുപേരും എങ്ങനെയാണ് ഒരുമിച്ച് തന്നെ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഉണ്ടായിരുന്നത്? മിക്കവരും ഈ ഭോപ്പാലിനും ചുറ്റുവട്ടത്തും ഉള്ളവരായിരുന്നത് കൊണ്ട് വെവ്വേറെ രക്ഷപെടാന്‍ എന്തുകൊണ്ട് ശ്രമിച്ചില്ല?

പുലര്‍ച്ചെ 2.30, 3.00 എന്നിങ്ങനെയൊക്കയാണ് പ്രതികള്‍ ജയില്‍ ചാടിയ സമയമായി ജയില്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ രാവിലെ 11.00, 11.30 സമയത്താണ് ഭോപ്പാലില്‍ നിന്ന് ഏതാണ്ട് 15 കിലോമീറ്റര്‍ അകലെയുള്ള കുന്നിമുകളില്‍ ഒരു ഏറ്റുമുട്ടലിന് സജ്ജരായി ഇവര്‍ സംഘം ചേര്‍ന്ന് നില്‍ക്കുന്നതായി തെളിയുന്നത്. ഏതായാലും വീഡിയോയുടെ ആധികാരികത വിശദമായ പരിശോധനയിലൂടെ തെളിയിക്കപ്പെട്ടാല്‍ ഇതൊരു വ്യാജ ഏറ്റുമുട്ടലായിരുന്നു എന്ന് നിസംശയം പറയാം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍