UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അങ്ങനെയെങ്കില്‍ ഈ രാജ്യസ്നേഹികളെ എന്തു ചെയ്യണം?

Avatar

അഴിമുഖം പ്രതിനിധി

 

വിവിധ കുറ്റകൃത്യങ്ങള്‍ക്ക് വിചാരണ നേരിട്ടുകൊണ്ടിരുന്ന എട്ടു പേര്‍ ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന്‍ രക്ഷപെട്ടു എന്നും ഇവരുടെ വിചാരണ പൂര്‍ത്തിയായി വരികയായിരുന്നു എന്നും അവരെ ഏറ്റുമുട്ടലിനിടയില്‍ കൊലപ്പെടുത്തി എന്ന് പോലീസ് അവകാശപ്പെട്ടതുമാണ് നമുക്ക് ഇതുവരെ അറിയാവുന്ന കാര്യങ്ങള്‍. പോലീസ് പലപ്പോഴും ഇത്തരം ഏറ്റുമുട്ടലുകള്‍ നടത്തി ആളുകളെ കൊന്നൊടുക്കുന്നതിന് ഗുജറാത്തിലും മഹാരാഷ്ട്രയിലുമൊക്കെ നമ്മള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. പക്ഷേ, ജയില്‍ ചാടിയ വിഷയത്തിലും ഏറ്റുമുട്ടലില്‍ ഇവരെ കൊലപ്പെടുത്തിയ കാര്യത്തിലുമൊക്കെ വ്യത്യസ്തമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു.

 

ചിലര്‍ക്ക് രണ്ടു തവണ വെടിയേറ്റിട്ടുണ്ടെന്നും ചിലരുടെ പുറത്താണ് വെടി കൊണ്ടിട്ടുള്ളതെന്നുമുള്ള റിപ്പോര്‍ട്ടുകളുണ്ട്. ദൃക്സാക്ഷികളെ ഉദ്ധരിച്ച് ദി ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇവരുടെ പക്കല്‍ തോക്കോ മറ്റ് ആയുധങ്ങളോ ഉണ്ടായിരുന്നില്ല എന്നാണ്. ഒളിച്ചിരുന്ന ഇവരെ വളഞ്ഞ് പോലീസ് വെടിവച്ചു കൊലപ്പെടുത്തുകായിരുന്നു എന്നും. ഇതില്‍ അഞ്ചു പേര്‍ കീഴടങ്ങാന്‍ തയാറായി ഒരു പാറമേല്‍ കയറി നില്‍ക്കുന്നതിന്റെ വീഡിയോകളും ഇപ്പോള്‍ പുറത്തുവന്നു കഴിഞ്ഞു. മരിച്ചു കിടക്കുന്നവര്‍ക്കിടയില്‍ ജീവനുണ്ടെന്ന് തോന്നിയ ഒരാളെ പോലീസ് വെടിവയ്ക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തില്‍ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കും എന്നായിരുന്നു സാമാന്യബോധമുള്ളവരുടെ പ്രതീക്ഷ. എന്നാല്‍ സംസ്ഥാന ആഭ്യന്തര മന്ത്രി തന്നെ ഇവരെ കൊലപ്പെടുത്തിയതിനെ ന്യായീകരിച്ച് ആദ്യം രംഗത്തെത്തി. സ്പൂണും പ്ലേയ്റ്റുകളും അടക്കമുള്ള മാരകായുധങ്ങള്‍ ഉള്ള ഇവര്‍ ഭീകരരായിരുന്നുവെന്നും അവരെ കൊലപ്പെടുത്താതെ മറ്റ് വഴികള്‍ ഇല്ലായിരുന്നു എന്നുമാണ് അദ്ദേഹം ആദ്യം പറഞ്ഞത്. 

 

ഇതിന്റെ പിന്നാലെയാണ് പോലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രിയെ ശിവരാജ് ചൌഹാന്‍ തന്നെ രംഗത്തെത്തിയത്. “പൊലീസുകാര്‍ ചെയ്തത് ശരിയായ കാര്യമാണ്. കൊല്ലപ്പെട്ട തീവ്രവാദികള്‍ മനുഷ്യത്വത്തിന്റെ ശത്രുക്കളാണ്. ഇവരെപോലുള്ളവരെ എത്രകാലം വിചാരണത്തടവുകാരായി പാര്‍പ്പിക്കും. ചിലര്‍ക്ക് ജയിലില്‍ ചിക്കന്‍ ബിരിയാണി പോലും ലഭിക്കുന്നുണ്ട്. അതുകൊണ്ട് അതിവേഗ കോടതികള്‍ രൂപീകരിക്കേണ്ടതിനെക്കുറിച്ച് അതീവ ഗൗരവമായി ആലോചിക്കുന്ന്”- അദ്ദേഹം പറഞ്ഞ വാക്കുകളാണ്. അപ്പോള്‍ വിചാരണ നടത്തിയ കോടതി ഇവര്‍ കുറ്റക്കാരാണോ അല്ലയോ എന്ന് തീരുമാനിക്കുന്നതിന് മുമ്പ് ഇവര്‍ തീവ്രവാദികളാണ് എന്ന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും തീരുമാനിച്ചതും ശിക്ഷ നടപ്പാക്കിയതും ഏത് ഭരണഘടനയുടെ അടിസ്ഥാനത്തിലാണ്? 

 

കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു ആവട്ടെ, ഒരുപടി കൂടി മുന്നോട്ട് പോയി. “ആദ്യമായി, ചോദ്യങ്ങള്‍ ഉന്നയിക്കുന്ന ഈ ശീലം നമ്മള്‍ അവസാനിപ്പിക്കണം. അധികാരികളേയും പോലീസിനേയും ചോദ്യം ചെയ്യുന്നത് നിര്‍ത്തണം. ഇപ്പോള്‍ ഇന്ത്യയില്‍ കണ്ടു വരുന്ന കാര്യം ആളുകള്‍ ആവശ്യമില്ലാത്ത സംശയങ്ങളും ചോദ്യങ്ങളും ഉയര്‍ത്തുന്നു എന്നതാണ്. ഇതൊരു നല്ല കാര്യമല്ല”- എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. അവര്‍ ജയില്‍ ചാടിയെങ്കില്‍ അതേത് സാഹചര്യത്തില്‍, ഇത്തരം കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടുന്നവരെ പാര്‍പ്പിക്കാന്‍ ആവശ്യമായ സുരക്ഷാ സന്നാഹങ്ങള്‍ എന്തുകൊണ്ട് ഉണ്ടായില്ല, ജയിലിന് അകത്തു നിന്ന് ഇവര്‍ക്ക് സഹായം ലഭിച്ചിട്ടുണ്ടോ, ഏത് സാഹചര്യത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്, അതൊരു വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമായിരുന്നോ, അത് നടപ്പാക്കിയവര്‍ക്കെതിരെ എന്തു നടപടി സ്വീകരിക്കാം തുടങ്ങി നിരവധി കാര്യങ്ങളില്‍ അന്വേഷണം നടത്തുന്നതിന് പകരമാണ് മുഖ്യമന്ത്രിയും ആഭ്യന്തര സഹമന്ത്രിയും വിചാരണ തടവുകാരെ കൊലപ്പെടുത്തിയതിനെ ന്യായീകരിക്കുകയും അവരെ തീവ്രവാദികള്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്തത്. 

 

അവര്‍ നിരോധിത സംഘടനയുടെ ഭാഗമായി വിധ്വംസ്വക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടണം. രാജ്യത്തെ തകര്‍ക്കാനോ മനുഷ്യരെ കൊല്ലാനോ അങ്ങനെ എന്തു കുറ്റമാണ് അവര്‍ ചെയ്തിട്ടുള്ളതെങ്കിലും അവര്‍ക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ തന്നെ ലഭിക്കണം. അക്കാര്യത്തില്‍ ആര്‍ക്കെങ്കിലും എതിരഭിപ്രായം ഉണ്ടാകാന്‍ വഴിയില്ല. പക്ഷേ, അവര്‍ കുറ്റവാളികളാണോ എന്ന് തീരുമാനിക്കാനാണ് ഇവിടെ ഏറെക്കുറെ സ്വതന്ത്ര സ്വഭാവമുള്ള ജുഡീഷ്യറിയുള്ളത്. അതനുസരിച്ച് വിചാരണ നേരിട്ടുകൊണ്ടിരുന്ന കുറ്റാരോപിതരാണ് അവര്‍. കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തുമ്പോള്‍ മാത്രമേ അവര്‍ കുറ്റവാളികള്‍ ആകുന്നുള്ളൂ. അവരെയാണ് ശിവരാജ് സിംഗ് ചൌഹാനും മാധ്യമങ്ങളും അടക്കമുള്ളവര്‍, തീവ്രവാദികള്‍ എന്ന്‍ ആരോപിക്കപ്പെടുന്നവര്‍ (alleged terrorists) എന്നുപോലും പറയാതെ തീവ്രവാദികളെ കൊലപ്പെടുത്തി എന്ന് വിശേഷിപ്പിച്ചത്.

 

 

അങ്ങനെ എങ്കില്‍ ഇതൊന്നു വായിക്കൂ. ദീപു സദാശിവന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ ഇങ്ങനെ പറയുന്നു. (https://www.facebook.com/drdeepus/posts/1230290803658094)

 

കുറ്റം ചെയ്യുന്നവരെ (കുറ്റാരോപിതര്‍ എന്നാണു ശരിയായ പ്രയോഗം കേട്ടോ) ഒക്കെ ജയിലില്‍ കിടത്തി വിചാരണ നടത്തി പൊതുമുതല്‍ ധൂര്‍ത്ത് അടിക്കാന്‍ പാടില്ല എന്നൊക്കെ തട്ടി വിടുന്ന ചിലരെ കണ്ടു അവരോടു ആണ് ചോദ്യം. ചിത്രത്തില്‍ ഉള്ള സ്ത്രീ, മായ കോഡ്‌നാനി ഒരു ഗൈനക്കോളജിസ്റ്റായിരുന്നു. മനുഷ്യ ജീവന്‍ രക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട വ്യക്തി. പക്ഷെ നരോദ പാട്യ കൂട്ട നരഹത്യയില്‍ 97 മനുഷ്യരെ കുത്തിയും വെട്ടിയും കത്തിച്ചും കൊന്നതില്‍ (ഇതില്‍ 36 സ്ത്രീകളും 35 കുട്ടികളും പെടും) പങ്കുണ്ട് എന്ന് കണ്ടെത്തിയ കോടതി 2012 ആഗസ്ത് 31-ന് ആയമ്മയെ 28 വര്‍ഷത്തേക്കാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. നോട്ട് ദി പോയിന്റ് – 28 വര്‍ഷം. എന്നാല്‍ 2014 ജൂലൈ മാസം മുതല്‍ മോശം ആരോഗ്യം ആണെന്നത് പരിഗണിച്ച് പരോളിലാണ് ആ മാന്യവനിത.

ഇതേ കേസില്‍ ‘ജീവപര്യന്തം’ ശിക്ഷിക്കപ്പെട്ട മറ്റൊരു പ്രമുഖനായ ബാബു ബജ്രംഗി ആണ് മറ്റേ ആള്‍. ശിക്ഷാകാലയളവില്‍ ആറോളം പ്രാവശ്യമാണ് ആരോഗ്യം മോശമാണെന്ന് കാണിച്ച് ഇദ്ദേഹത്തിനു പരോള്‍ അനുവദിക്കപ്പെട്ടത്. അതായത് ആകെ 130 ദിവസത്തോളം പുറത്തായിരുന്നു. ഒടുവില്‍ പരോള്‍ കിട്ടിയത് ഭാര്യയുടെ അനാരോഗ്യം പ്രമാണിച്ചായിരുന്നു കേട്ടോ.

 

ഇവരാരും കുറ്റാരോപിതരോ, വിചാരണ തടവുകാരോ അല്ല! അതിവേഗ കോടതി ശിക്ഷ വിധിച്ച ആള്‍ക്കാരാണ്.

വിചാരണ തടവുകാരെ പോലും അങ്ങ് തീര്‍ത്ത് കളയണം എന്ന് വാദിക്കുന്ന സൂര്‍ത്തുക്കള്‍ ഈ കുറ്റവാളികളെ എന്ത് ചെയ്യണം എന്ന് ഇത് വരെ പറഞ്ഞു കേട്ടിട്ടില്ല. ഒന്ന് പറയുമോ? വേണ്ട വെറുതെ ഒന്ന് സ്വയം ചിന്തിച്ചു നോക്കുമോ ആവോ?

അതോ മരണപ്പെട്ട 35 കുഞ്ഞുങ്ങളുടെ സമുദായം ഒക്കെ നോക്കിയാല്‍ അവര്‍ ‘ഇന്ത്യന്‍ പൌരന്മാര്‍ അല്ല’, എന്നോ ‘മരിക്കേണ്ട ആള്‍ക്കാര്‍’ എന്നോ ഒക്കെ ആവുമോ വിവക്ഷ?

രാജ്യത്ത് കലാപം, അന്ത: ഛിദ്രം, വര്‍ഗീയ വിദ്വേഷം എന്നിവ ഉണ്ടാക്കി എന്ന് തെളിഞ്ഞതിനാല്‍ വേറെ 30 പേരും ഇവരുടെ കൂടെ ജയിലില്‍ പോയിട്ടുണ്ട്. അവരുടെ കാര്യത്തില്‍ ഒക്കെ നിങ്ങള്‍ പറയുന്ന ഉടനടി വധശിക്ഷ വേണ്ടേ ഫ്രെണ്ട്‌സ്?

രാജ്യം നശിക്കുന്നത് പുറത്തുനിന്ന് ഒരു ശത്രു വന്ന്‍ ആക്രമിക്കുമ്പോള്‍ മാത്രമല്ല. രാജ്യത്തിന്റെ അടിസ്ഥാന ശിലയായ ഭരണഘടനാ സംവിധാനങ്ങളെ ഒക്കെ ശിഥിലമാക്കുന്ന രീതിയില്‍ ഉള്ളില്‍ നിന്ന് തന്നെ ഉള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവുമ്പോഴും രാജ്യം നശിക്കും. ജനാധിപത്യത്തെയും ബഹുസ്വരതയെയും ഒക്കെ ദുര്‍ബലപ്പെടുത്തുന്ന ഏതൊരു പ്രവര്‍ത്തിയും രാജ്യദ്രോഹമാണ്.

 

NB: ചേര്‍ക്കാന്‍ ഇനിയും പേരുകള്‍ ഉണ്ട്. എങ്കിലും ഒഴിവാക്കരുതാത്ത ഒരു പേര്; സ്വാമി അസീമാനന്ദ.  
ഇദ്ദേഹത്തെ എങ്ങനെ കൈകാര്യം ചെയ്യണമോ ആവോ?
ഇദ്ദേഹം പങ്കെടുത്ത വിധ്വംസക പ്രവര്‍ത്തനങ്ങള്‍
1. മലെഗാവ് സ്‌ഫോടനങ്ങള്‍ – 37 പേരാണ് മരിച്ചത്
2. സംജോത എക്‌സ്‌പ്രെസ്സ് സ്‌ഫോടനം- മരിച്ചത് 68 പേര്‍
3. മെക്കാ മസ്ജിദ് സ്‌ഫോടനം – 21 പേര്‍ മരിച്ചു
ഈ കേസിന്റെ വിചാരണയില്‍ എന്‍ഐഎയോടും കോടതിയിലും ഇദ്ദേഹം കുറ്റസമ്മതം നടത്തി.

 

2014 ഇദ്ദേഹം കാരവന്‍ മാഗസിന് നല്‍കിയ വിവാദ ഇന്റര്‍വ്യൂവില്‍ പറഞ്ഞത്, ഇന്ത്യയിലെ പല ഭീകരാക്രമണങ്ങള്‍ക്കും പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ്. എന്നാല്‍ പിന്നീട് ഇദ്ദേഹം ഇത് നിഷേധിച്ചതിനെ തുടര്‍ന്ന് കാരവന്‍ മാഗസിന്‍ ഇദ്ദേഹം ഇത് പറയുന്നതിന്റെ ഓഡിയോ ടേപ്പ് പുറത്തു വിട്ടു. 

 

2016 സെപ്റ്റംബര്‍ 16-ന് സംജോത എക്‌സ്‌പ്രെസ്സ് കേസില്‍ ജാമ്യം കിട്ടി… എന്ത് ചെയ്യണം രാജ്യസ്‌നേഹികളെ ഇദ്ദേഹത്തെ?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍