UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഏറ്റുമുട്ടല്‍ കൊലപാതകം; മധ്യപ്രദേശ് സര്‍ക്കാര്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയേ തീരൂ

Avatar

അഴിമുഖം പ്രതിനിധി

ഭോപ്പാലില്‍ തിങ്കളാഴ്ച്ച സിമി (SIMI) പ്രവര്‍ത്തകരായ എട്ടു വിചാരണ തടവുകാരെ വെടിവെച്ചു കൊന്നതിനെ ചൊല്ലിയുള്ള തീയും പുകയും അടുത്തൊന്നും അണയാന്‍ പോകുന്നില്ല. പ്രതിപക്ഷത്തിനും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും പൊതുജനത്തിനും സര്‍ക്കാര്‍ വ്യക്തമായ ഉത്തരങ്ങള്‍ നല്‍കിയേ മതിയാകൂ. വസ്തുതകള്‍ മുന്നോട്ടുവയ്‌ക്കേണ്ടത് സര്‍ക്കാരിന്റെ തന്നെ താത്പര്യത്തിനു ഗുണകരമാണ്. കാരണം പ്രശ്‌നം അവസാനിപ്പിക്കാന്‍ അതിനു കഴിയും. എന്നാല്‍ രാജ്യത്തിന്റെ സുരക്ഷയെ സംബന്ധിക്കുന്ന വിഷയം രാഷ്ട്രീയവത്കരിക്കാനും വര്‍ഗീയവത്കരിക്കാനുമാണ് ചിലയാളുകളും ചില രാഷ്ട്രീയ കക്ഷികളും ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അധികൃതരെയും പൊലീസിനെയും ചോദ്യം ചെയ്യുന്ന ശീലം ആളുകള്‍ അവസാനിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു പറയുമ്പോള്‍ അത് ഒട്ടും സുതാര്യമായ ഒന്നല്ല. ഈ കൊലപാതകങ്ങളിലും സമാനമായ മുന്‍ കൊലപാതകങ്ങളിലും എന്താണ് നടന്നതെന്നതിനെക്കുറിച്ച് വസ്തുതകള്‍ പുറത്തുപറയാതെ, സംശയകരമായ അതാര്യത പുലര്‍ത്തുകയാണ് അധികൃതര്‍ ചെയ്യുന്നത്. 

പ്രശ്‌നത്തിന്റെ വര്‍ഗീയവത്കരണത്തെക്കുറിച്ചാണെങ്കില്‍ പ്രീണനത്തെക്കുറിച്ചും ചില വിചാരണതടവുകാര്‍ തടവില്‍ ചിക്കന്‍ ബിരിയാണി കഴിക്കുകയാണെന്നും പറഞ്ഞ് കൊല്ലപ്പെട്ടവരുടെ മതം സൂചിപ്പിച്ച മധ്യപ്രദേശ് മുഖ്യമന്ത്രിയെ ശിവരാജ് സിങ് ചൗഹാനാണ് അത് ചെയ്തത്. സുരക്ഷാ സേന പരിശോധനകള്‍ക്ക് പുറത്തല്ല എന്ന് ഭരണകൂടം ഓര്‍ക്കണം. ദേശീയ സുരക്ഷയുടെ മറവില്‍ ആളുകളെ നിശബ്ദരാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കരുത്. പൊലീസിനെ ചോദ്യം ചെയ്യുന്നത് ഒരു പുതുശൈലി ആയിരിക്കുന്നു എന്ന് വാര്‍ത്താപ്രക്ഷേപണ വകുപ്പ് മന്ത്രി പറയുന്നു. ഇത് തടവുകാര്‍ ജയിലിലെ സുരക്ഷാ പാളിച്ചയെ മറച്ചുവെക്കാനും അവരെ ജീവനോടെ പിടിക്കാനാവുമായിരുന്നോ എന്ന ചോദ്യത്തെ ലളിതവത്കരിക്കാനുമുള്ള അടവാണ്. 

ഈ വിഷയവും ഇഷ്രാത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപോലെയും അതുപോലുള്ള നിരവധി സംഭവങ്ങള്‍ പോലെയും ഉണങ്ങാത്ത മുറിവായി മാറരുത്. സംഭവത്തെക്കുറിച്ച് സംശയകരമായ മൗനം പാലിക്കുന്ന സര്‍ക്കാര്‍ ഇപ്പോള്‍ത്തന്നെ മോശമായ സ്ഥിതിയെ കൂടുതല്‍ വഷളാക്കുകയാണ്. സംഭവത്തില്‍ അന്വേഷണമില്ല എന്ന നിലപാട് സര്‍ക്കാര്‍ എടുക്കരുത്. മറിച്ച് എല്ലാ വസ്തുതകളും വെളിച്ചത്തുകൊണ്ടുവരാന്‍ സഹായിക്കുന്ന ഒരു അന്വേഷണത്തെ അവര്‍ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. 

ആരോപണങ്ങളെ ഇല്ലാതാക്കാന്‍ ഏറ്റവും നല്ല മാര്‍ഗം അതാണ്. ഇത് സര്‍ക്കാര്‍ പ്രചരിപ്പിക്കുന്ന പോലെ വര്‍ഗീയവത്കരണമൊന്നുമല്ല. നിയമ ബാഹ്യമായ വ്യാജ ഏറ്റുമുട്ടല്‍ കൊലയാണോ അതോ തടവുചാടിയെന്ന് പറയുന്ന ഇവരെ യഥാര്‍ത്ഥ ഏറ്റുമുട്ടലിലാണോ വധിച്ചത് എന്നതിന്റെ സത്യാവസ്ഥ പൊതുസമൂഹത്തെ അറിയിക്കാനുള്ള ഒരു മാര്‍ഗമാണ്. വസ്തുതകള്‍ കൃത്യമായി അവതരിപ്പിക്കുക എന്നതുമാത്രമാണ് സര്‍ക്കാരിന് അസ്വസ്ഥതയുണ്ടാക്കുന്ന, അനാവശ്യമെന്ന് തോന്നുന്ന ചോദ്യങ്ങള്‍ ഒഴിവാക്കാനുള്ള ഏകമാര്‍ഗം.

പ്രമോദ് പുഴങ്കരയുടെ ഈ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും ഗൗരവത്തോടെ തന്നെ കാണാം(https://www.facebook.com/pramod.puzhankara?fref=ts)

വാ, എഴുന്നേറ്റോ, ഒരു സ്ഥലം വരെ പോണം എന്നു പറഞ്ഞ് 8 പേരെ പുലര്‍ച്ചെ ജയിലില്‍ നിന്നും ഇറക്കിക്കൊണ്ടുപോയി, ഈ കുപ്പായമൊക്കെ മാറ്റ്, എന്നും പറഞ്ഞ്, ഇനി ദാ അങ്ങോട്ട് നടന്നോ എന്നും പറഞ്ഞ് വിട്ടു പിന്നാലേ പോലീസുകാരും പോയി, നാടകം വേണ്ടത്രയറിയാത്ത നാട്ടുകാരെക്കൊണ്ട് ഒച്ചയും ബഹളവുമുണ്ടാക്കിച്ച് 8 വിചാരണതടവുകാരെ വെടിവെച്ചുകൊന്ന ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ ഏതാണ്ട് ഒരു പതിറ്റാണ്ടു മുമ്പ് 8 മാസത്തോളം ആഴ്ച്ചയില്‍ രണ്ടുദിവസം അതിനകത്തേക്ക് സ്ഥിരമായി പോയിരുന്ന ഒരാളാണ് ഞാന്‍. അകത്തു കടക്കാനും പുറത്തിറങ്ങാനും ഒരു ജയില്‍ വാര്‍ഡനെ കൊല്ലാനും അതിനകത്തെ നിരവധിയായ ചെറുവാതിലുകള്‍ തുറക്കാനും എന്നിട്ട് 32 അടി ഉയരമുള്ള ആ മതില് ചാടി പുറത്തെ വിജനതയില്‍ സര്‍ച്ച് ലൈറ്റിന്റെ വെളിച്ചത്തില്‍ ആടിപ്പാടി നടന്നുപോകാനും കഴിയുമെന്ന് സ്വബോധമുള്ള ഒരാള്‍ക്കും വിശ്വസിക്കാന്‍ കഴിയില്ല. ജയിലിന്നകത്തെ ഒന്നിലേറെ ഉദ്യോഗസ്ഥര്‍ സഹായിച്ചാല്‍ നടക്കുമായിരിക്കും. അങ്ങനെയെങ്കില്‍ ഒരാളെ കൊന്നു മറ്റെ വാര്‍ഡനെ പൂട്ടിയിട്ട കഥയുടെ ആവശ്യം വരില്ലായിരുന്നു. 

ഷര്‍ട്ടും പാന്റും പുത്തന്‍ ഷൂസുമൊക്കെ കൊടുക്കാന്‍ ആളുണ്ടെങ്കില്‍ അടുത്തുള്ള ഭോപ്പാല്‍ നഗരം വഴിയോ അല്ലെങ്കില്‍ ദേശീയപാത വഴിയോ എപ്പഴേ സ്ഥലം വിടാം. 

ഭോപ്പാല്‍ സെന്‍ട്രല്‍ ജയില്‍ കടഛ ജയിലാണ്. അതായത് ധാരാളം ഫണ്ട്, തടിച്ചുകൊഴുക്കുന്ന ജയില്‍ സൂപ്രണ്ട് മുതല്‍പ്പേര്‍. ചെറുപ്പക്കാരനായ ഡെപ്യൂട്ടി സൂപ്രണ്ടിനോട് മനുഷ്യാവകാശം പറഞ്ഞപ്പോള്‍ എന്നെ കാണിക്കാന്‍ അയാള്‍ ഒരു വിചാരണ തടവുകാരനേ എന്തോ കാര്യം പറഞ്ഞ് ഒരു 6 convict warden മാരെക്കൊണ്ട് വൈക്കോല്‍ മെതിക്കും പോലെ തല്ലിക്കാണിച്ചു. അതിനുശേഷം അസാധാരണമായ അതിനാടകീയതയോടെ പറഞ്ഞു, ‘ശരിയാണ്, ഞങ്ങള്‍ക്കും ആഗ്രഹമുണ്ട്, മനുഷ്യാവകാശങ്ങള്‍ തടവുകാര്‍ക്ക് നല്‍കണമെന്ന്!’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍