UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശ്വാസം കിട്ടാത്ത ജീവിതങ്ങള്‍; അവര്‍ തിരിച്ചു പോവുകയാണ്

ഭോപാൽ യൂണിയൻകാര്‍ബൈഡ് ഫാക്ടറിയിലെ 
വിഷവാതകം ചോര്‍ന്ന് 12,000-ത്തോളം പേർ മരിച്ച ദുരന്തത്തെ അതിജീവിച്ച അഞ്ചു സ്ത്രീകൾ ഈ മാസം നവംബർ 10-ന് ഡൽഹിയിലെ ജന്തർ മന്തറിൽ നിരാഹാര സമരം തുടങ്ങി. അവരോടൊപ്പം ഭോപാലിൽ നിന്നുള്ള 500- ഓളം ദുരന്തബാധിതരും ഉണ്ട്. നിരാഹാരം തുടങ്ങി രണ്ടാം ദിവസം അവർ ജലപാനവും ഉപേക്ഷിച്ചു. വിഷവാതക പീഡിതരുടെ ഔദ്യോഗിക കണക്കിന്റെ പുന:പരിശോധന, ദുരന്തം അതിജീവിച്ചവരുടെ നഷ്ടപരിഹാര തുക ഉയർത്തുക തുടങ്ങിയ അവരുടെ ആവശ്യങ്ങൾ Chemical and Fertilizer മന്ത്രാലയം അംഗീകരിച്ചു. സമരം ഇന്നലെ അവസാനിച്ചു. ഭോപ്പാലിൽ പ്രവർത്തിക്കുന്ന അഞ്ചു സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന ഈ നിരാഹാര സമരത്തിൽ പങ്കെടുക്കുന്ന സ്ത്രീകളുടെ ദുരന്ത അനുഭവങ്ങളും സമര സ്ഥലത്തു നിന്നുള്ള ചില ചിത്രങ്ങളും കാണുക.

പേര്: വിഷ്ണു പന്തി, വയസ്സ്: 50 
ഒരുപാടു ആളുകളുള്ള വലിയ  കുടുംബമായിരുന്നു എന്‍റേത്. അർദ്ധരാത്രിക്ക് ശേഷമാണ്‌  യുണിയൻ കാർബൈഡിൽ നിന്നുള്ള വിഷപ്പുക എന്റെ വീട്ടിൽ കടക്കുന്നത്‌. ഞങ്ങൾക്കെല്ലാവർക്കും കണ്ണു നീറാനും ശ്വാസം മുട്ടാനും തുടങ്ങി, ചിലര് ചുമയ്ക്കുകയും ഛർദിക്കുകയും ചിലർക്ക് വയറിളകുകയും ചെയ്തു. എന്റെ മൂത്ത സഹോദരിയുടെ മൂന്ന് കുട്ടികൾ ആ രാത്രി മരിച്ചു. എന്റെ ഭർത്താവിന് കുറച്ചു വർഷങ്ങൾക്കു ശേഷം പലരേയും പോലെ ടി ബി പിടിപെട്ടു. അദ്ദേഹത്തിന് കൂലിപ്പണി നിർത്തേണ്ടി വന്നതിനാൽ ഞങ്ങളുടെ കുട്ടികളുടെ പഠിപ്പ് മുടങ്ങി. മകന് മൂന്ന് മാസം പ്രായമുള്ളപ്പോഴാണ് അവൻ ഈ വിഷ വാതകം ശ്വസിച്ചത്. ശ്വാസം മുട്ടലും, കണ്ണെരിച്ചിലും, നെഞ്ച് വേദനയും ഞാൻ ദിവസേന അനുഭവിക്കുന്നു.

എനിക്ക് 25,000 രൂപ മാത്രമാണ് ലഭിച്ചത്. ഞാൻ മരിച്ചാൽ ആ മരണത്തിനു സർക്കാർ മാത്രമാവും ഉത്തരവാദി. മുഖ്യമന്ത്രി എല്ലാ ദുരന്ത ബാധിതർക്കും 5 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. പക്ഷേ ഇന്നും അത് നടപ്പാക്കിയിട്ടില്ല. സര്‍ക്കാരിന്റെ കാപട്യം എന്നെ മടുപ്പിച്ചു കഴിഞ്ഞു. 

പേര്: ഷെസാദി ബി, വയസ്സ്: 59 
ഭർത്താവിനും നാല് കുട്ടികൾക്കുമൊപ്പം  ആ രാത്രി അവിടുന്ന് എനിക്ക് രക്ഷപ്പെടാനായത്  ഭാഗ്യവശാൽ ഒരു ട്രക്കിൽ കയറി പറ്റാൻ സാധിച്ചത് കൊണ്ടാണ്. ഞങ്ങളുടെ ഒപ്പം ഉണ്ടായിരുന്ന എന്റെ രണ്ടു അയൽപക്കക്കാർ അന്ന് രാത്രി ആ വണ്ടിയിൽ വെച്ച് മരിച്ചത് ഞാൻ ഇന്നും ഓർക്കുന്നു. വിഷവാതകം എന്റെ ഭർത്താവിന്റെ ആരോഗ്യത്തെ ബാധിച്ചതിനാൽ അദ്ദേഹത്തിനു പണിക്ക്  പോകാൻ കഴിയാതായി. പലപ്പോഴും അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. എന്റെ മൂത്ത മകൾക്ക് ഇപ്പോൾ 38 വയസായി; ആ രാത്രി മുതൽ അവൾക്ക് രോഗം വിട്ടു മറിയിട്ടില്ല. 1997-ൽ ടി ബി പിടിപെട്ട എന്റെ മകനു അതിനു ശേഷം ക്ലേശകരമായ ജോലിയൊന്നും തന്നെ ചെയ്യാൻ സാധിക്കാറില്ല. ഞങ്ങൾ ഇന്ന് താമസിക്കുന്ന സ്ഥലത്തെ ഭൂഗർഭ ജലം യുണിയൻ കാർബൈഡിന്റെ അശ്രദ്ധമായ മാലിന്യ നിര്‍മ്മാർജ്ജനത്താൽ മലിനമാണ്‌. അത് വീണ്ടും ഞങ്ങളുടെ ആരോഗ്യത്തെ ബാധിച്ചിരിക്കുന്നു. എനിക്ക് നെഞ്ച് വേദനയും, കാഴ്ചവൈകല്യവും വയർ എരിച്ചിലും എപ്പോഴും ഉണ്ട്. നഷ്ടപരിഹാരമായി 25,000 രൂപ മാത്രമാണ് ലഭിച്ചത്.

കഴിഞ്ഞ മൂന്ന് ദശകങ്ങളായി പല രാഷ്ട്രീയ പാർടികളും അധികാരത്തിൽ വന്നു. പക്ഷെ ആരും തന്നെ ഞങ്ങളുടെ ആവശ്യങ്ങൾ ശ്രദ്ധിച്ചിട്ടില്ല. മരിക്കാൻ എനിക്ക് ഭയമില്ല.  ഭോപാലിലെ അവസ്ഥ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താൻ എന്റെ മരണത്തിനെങ്കിലും സാധിക്കട്ടെ. 

പേര്: പ്രേമ ലത ചൗധരി, വയസ്സ്: 66  
1947 ആഗസ്റ്റ്‌ 15-നാണ് ഞാൻ ജനിച്ചത്‌. എന്റെ ആറു മക്കളിൽ ഒരു മകൻ ആ ദുരന്തത്തിന് കുറച്ചു നാളുകൾക്ക് ശേഷം മരിച്ചു. വിഷവാതകം ശ്വസിച്ചതിന്റെ ഫലമായി പിടിപെട്ട അപസ്മാര ബാധയിൽ മറിഞ്ഞു വീണ ആഘാതത്തിലാണ് അവൻ മരിച്ചത്. ഭോപാലിൽ എന്നെ കാണാൻ എത്തിയ എന്റെ അമ്മയെ ആ ഭീകര രാത്രിക്ക് ശേഷം ഞാൻ കണ്ടിട്ടില്ല. എഞ്ചിൻ ഡ്രൈവറായി പണിയെടുത്തിരുന്ന എന്റെ ഭർത്താവിന് അതിനുശേഷം പണിക്കു പോകാൻ സാധിച്ചിട്ടില്ല. പണമില്ലാതിനാൽ എന്റെ ആണ്‍കുട്ടികൾക്ക് പഠനം നിർത്തേണ്ടി വന്നു. അനാരോഗ്യം മൂലം പണിക്കു പോകാനും അവർക്ക് സാധ്യമല്ല. കുടുംബത്തിന്റെ മോശം സാമ്പത്തിക സ്ഥിതി കാരണം എന്റെ ഒരു മരുമകൾ ആത്മഹത്യ ചെയ്തു. 

യുണിയൻ കാർബൈഡിന്റെ വിഷപ്പുക എന്റെ കുടുംബത്തെ നേരിട്ടും അല്ലാതെയും നശിപ്പിച്ചു. എന്നെ ഏറ്റവും അലട്ടുന്ന വസ്തുത അമേരിക്കയിലെ കമ്പനികളോടുള്ള സർക്കാരിന്റെ നിലപാടാണ്: ഞങ്ങളുടെ ആവശ്യങ്ങള്ക്ക് പുല്ലു വില പോലും കല്പിക്കാത്ത അവർ കമ്പനികളെ സഹായിക്കാൻ അവരാൽ കഴിയുന്നതൊക്കെ ചെയ്യുന്നു. ഈ നിരാഹാര സമരമെങ്കിലും ഞങ്ങളുടെ അവസ്ഥയെ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. 

പേര്: കസ്തുരി ഭായ്,  വയസ്സ്:  65 
പുക മേഘങ്ങളിലൂടെ എന്റെ കുട്ടികളെയും കൊണ്ട് ആ രാത്രി ആശുപത്രിയിലേക്ക് ഓടിയത് ഞാൻ ഇന്നും ഓര്‍ക്കുന്നു. ശവശരീരങ്ങളുടെ കൂമ്പാരത്തിൽ നിന്നും ജീവനുള്ള ഒരാളെ അന്ന് രക്ഷിക്കാൻ എനിക്ക് സാധിച്ചു. എന്നാൽ അന്ന് രാത്രി ഒരു മകളെ എനിക്ക് നഷ്ടപ്പെട്ടു. എന്റെ മറ്റൊരു മകൾ ഈ അടുത്ത് കാൻസർ ബാധിച്ചു മരിച്ചു. കെട്ടിട നിർമാണ കോണ്‍ട്രാക്ടർ ആയിരുന്ന എന്റെ ഭര്ത്താവിന്റെ ആരോഗ്യ സ്ഥിതി അന്ന് രാത്രി നശിച്ചു; കുടുംബ വരുമാനം പകുതിയായി ചുരുങ്ങി. അദ്ദേഹത്തെ  ഇന്ന് പക്ഷാഘാതം, നെഞ്ചെരിച്ചിൽ ശ്വാസംമുട്ടൽ ദഹനസംബന്ധിയായ അസുഖങ്ങൾ ഒക്കെ ബാധിച്ചിരിക്കുന്നു. ആണ്‍ മക്കളുടെ ആരോഗ്യം തീര്‍ത്തും മോശമാണ്. എന്റെ രണ്ടു പേരക്കുട്ടികളുടെ  വളര്‍ച്ച മുരടിച്ചിരിക്കുന്നു. എനിക്ക് 25,000 മാത്രമാണ് നഷ്ടപരിഹാരമായി ലഭിച്ചത്.

യൂണിയൻ കാർബൈഡിന്റെ വിഷപ്പുക ഏറ്റവും രൂക്ഷമായി ബാധിച്ചത് ഞാൻ താമസിച്ചിരുന്ന പ്രദേശത്താണ്‌. എന്നിട്ടും ആ ചുറ്റുവട്ടത്തെ  91 ശതമാനം ആളുകളേയും ഭാഗിക ബാധിതരായാണ് സര്‍ക്കാർ ഇനം തിരിച്ചത്. ഈ അന്യായത്തിനെതിരെ ഇത്തരത്തിലെങ്കിലും പ്രതികരിക്കാൻ സാധിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. 

പേര്: കമല ഭായ് ഐർവർ, വയസ്സ്: 70 
ഭർത്താവും ഒരു മകളും നാല് ആണ്മക്കളും അടങ്ങുന്നതായിരുന്നു എന്റെ കുടുംബം. 1984-ൽ ഞാൻ ഗർഭിണിയായിരുന്നു. ഒന്നേകാൽ വയസുള്ള എന്റെ മകൻ പ്രതാപിനെയും കൊണ്ട് ആ രാത്രി ഞാൻ ഓടുമ്പോൾ എന്റെ ഭർത്താവ് മൂന്ന് വയസു പ്രായമുള്ള മകൾ മൽഖനെ രക്ഷിക്കാൻ തത്രപ്പെടുകയായിരുന്നു. അവരേക്കാൾ മുതിർന്ന ഞങ്ങളുടെ മറ്റ് മക്കൾ തനിയെ ഓടി രക്ഷപ്പെട്ടു. ജില്ലാ ആശുപത്രിയിൽ എത്തിക്കപ്പെട്ട എന്റെ ഭാര്‍ത്താവ്  മോർച്ചറിയിൽ തള്ളപ്പെട്ടു. ജീവൻ  ഉണ്ടായിരുന്ന അദ്ദേഹം അവിടുന്ന് എങ്ങിനെയോ പുറത്തു കടന്നു. പക്ഷെ അന്ന് മുതൽ അദ്ദേഹത്തെ രോഗങ്ങൾ വിട്ടു മാറിയിട്ടില്ല. ശ്വാസംമുട്ടലും ചുമയും രക്തം ഛർദിക്കലും നിത്യേന അലട്ടുന്നു. ഞങ്ങളുടെ വരുമാന മാർഗ്ഗമായിരുന്ന ചെരുപ്പ് നന്നാക്കലും  വിൽക്കലും അതോടെ നിലച്ചു. ആണ്മക്കൾ പലതരം അസുഖങ്ങൾക്ക് ചികിത്സയിലാണ്. രണ്ടു പേർ ടിബി ബാധിതരാണ്. എന്റെ പേരകുട്ടികളിൽ ഒരാൾക്ക്‌ മുച്ചുണ്ടും, ഒരാൾക്ക്‌ സംസാര വൈകല്യവും, മറ്റൊരാൾക്ക്‌ പഠന വൈകല്യവും ഉണ്ട്. 

നാല് ആണ്മക്കൾ ഉള്ള സ്ത്രീ സൗഭാഗ്യവതിയായാണ് കാണപ്പെടുന്നത്. പക്ഷെ ഈ ദുരന്തം കാരണം ഞാൻ ഒരു ശപിക്കപെട്ട ജീവിതമാണ് നയിക്കുന്നത്. സർക്കാറിനോട് എനിക്ക് പറയാനുള്ളത് ഇതാണ്: എന്തായാലും ഞാൻ മരിച്ചു കൊണ്ടിരിക്കുന്നു. ഈ സമരത്തിലൂടെ   എന്റെ മരണത്തിനു ഒരു മാറ്റം ഉണ്ടാക്കാൻ സാധിക്കട്ടെ. എനിക്ക് ഭയമില്ല: വിഷപ്പുക എന്നെ ഭയപ്പെടുത്തിയില്ലെങ്കിൽ, ഡൽഹിയിലെയും ബോംബയിലെയും മറ്റു പല സ്ഥലങ്ങളിലേയും  സമരസ്ഥലത്തെ പോലീസ് എന്നെ ഭയപ്പെടുത്തിയില്ലെങ്കിൽ, ഇന്ന് ഞാൻ എന്തിനു ഭയപ്പെടണം?   

ഈ സ്ത്രീകൾ മറ്റു സമരക്കാരുടെ ഒപ്പം ഇന്ന് ഭോപാലിലേക്ക് തിരിച്ചുപോവുകയാണ്. ഭോപാൽ ദുരന്തം അതിന്റെ മുപ്പതാം വർഷത്തിലേക്ക് കടക്കുമ്പോഴും അവർ നീതിക്കായി സമരം തുടരുന്നു. ആ രാത്രി അവരിൽ നിന്ന് വിഷവാതകം ഒപ്പിയെടുത്ത ജീവിതം എങ്ങനെയാണ്, ആർക്കാണ്‌ തിരിച്ചു നൽകാൻ ആവുക? 

 

കടപ്പാട്: www.bhopal.net

 

അശ്വതി സേനന്‍: http://www.azhimukham.com/columnist/46

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍