UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭോപ്പാല്‍; ജയിലിലെ സിസി ടിവി പ്രവര്‍ത്തനരഹിതമാക്കിയതാര്?

Avatar

അഴിമുഖം പ്രതിനിധി

ഭോപ്പാല്‍ ഏറ്റുമുട്ടലില്‍ പ്രതികളുടെ ‘ജയില്‍ചാട്ടം’ പോലീസിന്റെ അറിവോടുകൂടിയായിരുന്നുവെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. മധ്യപ്രദേശിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഇക്കാര്യം സ്ഥീരീകരിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഭോപ്പാല്‍ സെന്‍ട്രല്‍ ജയില്‍ ബി ബ്ലോക്കിലെ സിസിടിവികള്‍ പ്രവര്‍ത്തനക്ഷമമല്ലാതിരുന്നതും ഡ്യുപ്ലിക്കേറ്റ് താക്കോലുകളുടെ സാന്നിദ്ധ്യവും ഓവുചാലിനടത്ത് നിന്ന് കണ്ടെടുത്ത കത്തിയും സൂചിപ്പിക്കുന്നത് പോലീസിന്റെ പിന്തുണയില്ലാതെ ഇത് സാധിക്കില്ല എന്ന് തന്നെയാണ്.

എട്ട് സിമി പ്രവര്‍ത്തകര്‍ ‘ജയില്‍ചാടി’ മണിക്കുറുകള്‍ക്കുളളില്‍ ഭോപ്പാലില്‍ നിന്ന് 12 കി മി അകലെ അചാര്‍പുരയില്‍ വെച്ച് ഇവരെ പോലീസ് ‘ഏറ്റുമുട്ടലില്‍’ കൊലപ്പെടുത്തുകയായിരുന്നു. പോലീസുകാരുടെ സംഭാഷണമെന്നു സംശയിക്കുന്ന ശബ്ദരേഖയില്‍ ‘എല്ലാവരെയും തീര്‍ത്തുകളഞ്ഞേക്ക്’ എന്നാണ് വോക്കിടോക്കിയുടെ ഒരു വശത്തുനിന്നുള്ള പ്രതികരണം.

ഏറ്റുമുട്ടലിന്റേതെന്നു കരുതുന്ന വിഡിയോയില്‍ നിരായുധരായി നിലത്ത് കിടക്കുന്ന തടവുകാരെ പൊലീസ് അടുത്ത് നിന്ന് വെടിവച്ചു കൊലപ്പെടുത്തുന്ന ദൃശ്യങ്ങളാണുള്ളത്.

ജയിലിനുള്ളില്‍ നിന്ന് എത്രമാത്രം സഹായം ലഭിച്ചു എന്നതിനെ കുറിച്ച് ഇനിയും കൃത്യമായ ധാരണ ലഭിച്ചിട്ടില്ല എന്ന് ഒരു ഉയര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

ഉള്ളില്‍ നിന്നുള്ള സഹായമില്ലാതെ ഇത്തരത്തിലൊന്ന് സംഭവിക്കില്ല എന്നും പുറത്ത് നിന്ന് പണം കൈപ്പറ്റി ചെയ്തതാണ് എന്നും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി പത്രത്തോട് പ്രതികരിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കുറഞ്ഞത് മുന്നോ നാലോമാസത്തെ തയ്യാറെടുപ്പുകള്‍ നടന്നിട്ടുണ്ടാവണം എന്നും അദ്ദേഹം പറയുന്നു. ഡൂപ്ലിക്കേറ്റ് താക്കോലുകള്‍ നിര്‍മ്മിക്കാന്‍ ഉള്ളില്‍ നിന്നുള്ള സഹായമില്ലാതെ സാധിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

വിചാരണത്തടവുകാരെ താമസിപ്പിച്ചിരുന്ന ബി ബ്ലോക്കിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമല്ലാതാക്കിയത് തന്നെ കള്ളക്കളിയുടെ സൂചനയാണെന്ന് ഒരു മുതിര്‍ന്ന ഉദ്യേഗസ്ഥന്‍ പറയുന്നു. ജയിലില്‍ ഏകദേശം 50 സിസിടിവികള്‍ സ്ഥാപിച്ചിട്ടുള്ളതില്‍ ഏതാണ്ട് എല്ലാം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ബി ബ്ലോക്കിലെ മൂന്ന് സിസിടിവി ക്യാമറകളും ഒന്നിച്ച് പ്രവര്‍ത്തക്ഷമമല്ലാതായത് യാദ്യശ്ചികമെന്ന് കരുതാനാവില്ല.

ഈ മൂന്ന് ക്യാമറകളില്‍ ഒരെണ്ണം സ്ഥാപിച്ചിട്ട് മാസങ്ങളേ ആയിട്ടുള്ളു. സംസ്ഥാനത്തെ മറ്റ് മൂന്ന് ജയിലുകളില്‍ സിസിടിവി സ്ഥാപിച്ചതിന് ശേഷം ബാക്കി വന്ന 20 ലക്ഷം രൂപ ഇതിനായി ഉപയോഗിക്കുകയായിരുന്നു. യുഎപിഎയും തീവ്രവാദ കുറ്റങ്ങളും ആരോപിക്കപ്പെട്ടവരെ താമസിപ്പിച്ചിരിക്കുന്ന ബ്ലോക്കായതിനാലാണ് ഇവിടെതന്നെ ക്യാമറ വീണ്ടും വെച്ചത്. എന്നാല്‍ അതും പ്രവര്‍ത്തിച്ചില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഡ്യുപ്ലിക്കേറ്റ് താക്കോലുകള്‍ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തതും സംശയം വര്‍ദ്ധിപ്പിക്കുന്നു. ജയിലില്‍ ഉപയോഗിക്കാന്‍ നല്‍കിയിരുന്ന കട്ടിയുള്ള പ്ലാസ്റ്റിക് ടൂത്ത് ബ്രഷുകളാണ് ഇതിന് ഉപയോഗിച്ചത്. ബ്രഷിന്റെ ഭാഗം അടര്‍ത്തി മാറ്റി കട്ടിയുള്ള നീളന്‍ ഭാഗം ഇതിനായി ഉപയോഗിച്ചിരിക്കാം. ഇവര്‍ ബ്രഷിന്റെ ഭാഗം ഉരുക്കി ലോക്കിനുളളില്‍ കടത്തി അളവെടുത്തു എന്നാണ്. എന്നാല്‍ പുറത്ത് പ്രത്യേക കൊളുത്തില്‍ ഘടിപ്പിച്ചിരിക്കുന്ന താഴുകളായതിനാല്‍ ഈ സാദ്ധ്യത തളളിക്കളയേണ്ടി വരും. അകത്തേക്ക് താഴ് വളച്ച് മാത്രമേ ഇത് ചെയ്യാനാവു.അത് കൊണ്ട് തന്നെ ഇത് പുറത്ത് നിര്‍മ്മിച്ച് അകത്തേക്ക്‌ നല്‍കിയതാവാനെ തരമുള്ളൂ എന്നാണ് ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടുന്നത്.

മറ്റാരു ഉദ്യോഗസ്ഥന്‍ പത്രത്തിനോട് വെളിപ്പെടുത്തുന്നത് സംസ്ഥാന സര്‍ക്കാരിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച നാലു മണി കഴിഞ്ഞ് ജയില്‍ സന്ദര്‍ശിച്ചപ്പോള്‍ ഓവ് ചാലിനടുത്ത് നിന്ന് ജയില്‍ചാടാന്‍ ഉപയോഗിച്ച ഒരു കത്തി കണ്ടെടുത്തത് എന്നാണ്.

പാത്രങ്ങള്‍ ഉപയോഗിച്ച് മൂര്‍ച്ചയുള്ള ഉപകരണങ്ങളുണ്ടാക്കിയാണ് ഇവര്‍ ജയില്‍ ചാടിയത് എന്നായിരുന്നു ഔദ്യോഗിക വിവരണം. എന്നാല്‍ ഇത് നീളമുള്ള നല്ല കത്തിയായിരുന്നു. ഇത് തടവുകാര്‍ക്ക് ലഭ്യമായ ഒന്നായിരുന്നില്ല. നിരന്തരം പരിശോധനകള്‍ക്ക് വിധേയമാകുന്ന സ്ഥലം കൂടിയാണ് ജയില്‍. മതില്‍ചാടാന്‍ പുതപ്പുകള്‍ കൂട്ടിക്കെട്ടി ഉണ്ടാക്കിയ കയറിന് 50 അടിയിലധികം നീളമുണ്ടായിരുന്നു. 35 അടിയുള്ള മതിലിനപ്പുറത്തേക്ക് ഇത് നീണ്ട് കിടന്നിരുന്നു. ഇതിനൊക്കെ ആവശ്യമുള്ള സാധനങ്ങളും സഹായവും ഇവര്‍ക്ക് ലഭ്യമായിരുന്നു എന്നും അദ്ദേഹം പറയുന്നു.

തടവുകാര്‍ ഹെഡ്‌കോണ്‍സ്റ്റബിള്‍ രാമാശങ്കര്‍ യാദവിനെ കൊലപ്പെടുത്തുകയും ചന്ദന്‍ അഹിര്‍വാര്‍ എന്ന പോലീസുകാരനെ ആക്രമിക്കുകയും ചെയ്തു. ഇവര്‍ക്ക് മറ്റൊരു പോലീസുകാരനെയും നേരിടേണ്ടി വന്നില്ല. കാവല്‍ നിന്ന ഉദ്യോഗസ്ഥര്‍ ഉറക്കത്തിലായിരുന്നു. ദീപാവലിയായിരുന്നിനാല്‍ പലരും അവധിയിലുമായിരുന്നു എന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍