UPDATES

സാംബ- 2014

ബൈസിക്കിള്‍ കിക്ക് ആരുടെ കണ്ടെത്തല്‍?

Avatar

പോള്‍ സിംപ്സണ്‍, ഉലി ഹെസ്സെ
(സ്ലേറ്റ്)

ഉറുഗ്വെ എഴുത്തുകാരന്‍ എഡ്വാര്‍ഡോ ഗലിയാനോയുടെ “Soccer in Sun and Shadow” എന്ന പുസ്തകത്തെ വിശ്വസിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഇതിന് കൃത്യമായ ഒരു  ഉത്തരമുണ്ട്. ഗലിയാനോ പറയുന്നു,“ചിലിയന്‍ തുറമുഖമായ താല്‍കാവാനോയിലെ  മൈതാനത്ത് റാമോണ്‍ ഉന്‍സാഗയാണ് ഈ നീക്കം സൃഷ്ടിച്ചത്. ശരീരം വായുവില്‍, പുറംഭാഗം നിലത്തോട് തിരിഞ്ഞു, ഒരു കത്രികയിലേ കത്തികള്‍ പോലെ തന്റെ കാലുകളുടെ അതിചടുലമായോരു ചലനത്തില്‍ അയാള്‍ പന്ത്  പുറകോട്ടടിച്ചു.”

ഈ ചരിത്രമുഹൂര്‍ത്തത്തിന്റെ തിയ്യതി ഗലിയാനോ പറയുന്നില്ല. പക്ഷേ, പ്രചാരത്തിലുള്ള കഥ വെച്ചാണെങ്കില്‍, താല്‍കാവാനോയില്‍, 1914-ലാണ് ഉന്‍സാഗോ ഈ നീക്കം നടത്തിയത്. 1906-ല്‍ മാതാപിതാക്കളോടൊപ്പം ബില്‍ബാവോയില്‍ നിന്നും ചിലിയിലേക്ക് കുടിയേറിയതായിരുന്നു ഉന്‍സാഗോ. ആക്രമണത്തിലും, പ്രതിരോധത്തിലും ഒരുപോലെ  ഈ നീക്കം നടത്താന്‍ അയാള്‍ ഇഷ്ടപ്പെട്ടു. രണ്ടു കോപ്പ അമേരിക്കന്‍ മത്സരങ്ങളില്‍ (1916, 1920) അയാള്‍ തന്റെ മുഖമുദ്രയായ ഈ നീക്കം കളികളില്‍ കാണിച്ചപ്പോള്‍ അര്‍ജന്റീനയിലെ പത്രങ്ങള്‍ അതിനെ ‘bicycle kick la chileña’ എന്നാണ് വിളിച്ചത്.

ഈ കഥ വളരെ വിശ്വസീനയമായ വിധത്തില്‍ സംഗ്രഹിച്ചെങ്കിലും കയ്യാവോയിലോ (പെറുവിലെ ഏറ്റവും വലിയ തുറമുഖം)അര്‍ജന്‍റീനക്കാരനായ പത്രപ്രവര്‍ത്തകന്‍ ജോര്‍ജ് ബറാസോ ഈ കഥയ്ക്ക് അത്ര വിശ്വാസ്യത പോര എന്ന അഭിപ്രായക്കാരനാണ്. ബറാസോയുടെ അന്വേഷണങ്ങള്‍ പറയുന്നത്, ആഫ്രിക്കന്‍ വംശജനായ ഒരു ചലാകൊ (കയ്യാവോയിലെ പ്രദേശവാസികള്‍ അറിയപ്പെടുന്ന പേര്)ബ്രിട്ടീഷ് നാവികരുമായുള്ള ഒരു കളിയിലാണ് ഈ അഭ്യാസം കാണിച്ചതെന്നാണ്. പെറു ചരിത്രകാരനായ ജോര്‍ജ് ബസാദ്രെ കരുതുന്നത് ഇത് 1892-നോടടുപ്പിച്ചായിരിക്കും നടന്നതെന്നാണ്. ചിലിയിലെ തുറമുഖം വാല്‍പറൈസോയിലെയും കയ്യാവിലെയും ടീമുകള്‍ തമ്മിലുള്ള നിരന്തര കളികളില്‍ നിന്നായിരിക്കും ചിലിക്കാര്‍ ഈ ബൈസിക്കിള്‍ കിക്ക് സ്വായത്തമാക്കിയിരിക്കുക എന്നാണ് ബസാദ്രെയുടെ നിഗമനം. ഇതാണ് നിങ്ങള്‍ വിശ്വസിക്കുന്നതെങ്കില്‍ ബൈസിക്കിള്‍ കിക്ക് ഒരു ചലാകന്‍ അടിയാണ്.

മാറിയോ വര്‍ഗസ് യോസയുടെ “The Time of the Hero”(1963) എന്ന നോവലില്‍ യോസ പറയുന്നത് കയ്യുപോലെതന്നെ കാലുകളും വഴക്കത്തോടെ ഉപയോഗിക്കുന്നവരായതുകൊണ്ട് കയ്യാവോയിലെ നാട്ടുകാര്‍ തന്നെയായിരിക്കും ബൈസിക്കിള്‍ കിക്ക് കണ്ടുപിടിച്ചതെന്നാണ്. എന്തായാലും ചിലിയും പെറുവും ഇക്കാര്യത്തില്‍ തങ്ങളുടെ അവകാശവാദങ്ങള്‍ ഉപേക്ഷിക്കും എന്നു കരുതുക വയ്യ. ആരെങ്കിലും തന്റെ പണി വേണ്ട രീതിയില്‍  ചെയ്യാത്തപ്പോഴാണ് ബൈസിക്കിള്‍ കിക്ക് വേണ്ടിവരുന്നത് എന്നാണ് വേറൊരുകാര്യം. ചലന തന്ത്രങ്ങളില്‍ വിദഗ്ദ്ധനായ ജര്‍മ്മന്‍ ശാസ്ത്രജ്ഞന്‍ ഹെര്‍മന്‍ ഷ്വാമേദര്‍ പറയുന്നതു ഈ കിക്കിന് നിങ്ങള്‍ക്ക് വേണ്ടത് “സഹജവാസനയും ഒരുപാട് ധൈര്യവും-പിന്നെ ഒരു മോശം ക്രോസുമാണ്” എന്നാണ്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ബൈസിക്കിള്‍ കിക്ക് ഗോള്‍ നേടിയ ക്ലോസ് ഫിഷര്‍ (1982-ലെ ഫ്രാന്‍സ്-പശ്ചിമ ജര്‍മ്മനി സെമിഫൈനലില്‍) ഇത് സമ്മതിക്കുന്നു: “പൊതുവേ നോക്കിയാല്‍,ബൈസിക്കിള്‍ കിക്ക്  ഗോളിലേക്ക് നയിക്കുന്ന ഒരു ക്രോസും അത്ര മികച്ച ക്രോസല്ല എന്നു കാണാം.”

എന്നിട്ടും, ഒരു പ്രശസ്തമായ സന്ദര്‍ഭത്തില്‍, അത്ര മെച്ചമല്ലാത്ത ഒരു പെനാല്‍റ്റി ബൈസിക്കിള്‍ കിക്ക് ഗോളിലേക്ക് നയിച്ചു. 2010 മെയ്,ഹംഗറി  ക്ലബ് ഹോന്‍വേദ് അവരുടെ ചിരകാലവൈരികളായ ഫേരെങ്ക്വാറോസിനെതിരെ 1-0ത്തിന് മുന്നില്‍. അവര്‍ക്കൊരു പെനാല്‍ട്ടികൂടി ലഭിക്കുന്നു. വിജയം അരക്കിട്ടുറപ്പിക്കാന്‍ ഇറ്റാലിയന്‍ സ്ട്രൈക്കര്‍ ഏഞ്ചലോ വകരോ വന്നു. കൃത്യമായി ഉയര്‍ത്തിയടിച്ചെങ്കിലും ഗോളി പന്തിനെ തട്ടിയകറ്റി. ഒന്നുകാത്തുനിന്ന വകാരോ ഓടിവരുന്ന പ്രതിരോധക്കാരെ ഒന്നോട്ടക്കണ്ണിട്ടുനോക്കി തന്റെയും ഗോളിയുടെയും തലക്ക് മുകളിലൂടെ പന്ത് വലക്കകത്താക്കി.

ആദ്യമൊരു പെനാല്‍റ്റി അടിച്ചുകളഞ്ഞെങ്കിലും നല്ലൊരു ബൈസിക്കിള്‍ കിക്ക് പ്രശസ്തിയിലേക്കുള്ളോരു കുറുക്കുവഴിയാണ്-ചിലപ്പോള്‍ അത് അത്ര നീണ്ടുനില്‍ക്കില്ലെങ്കിലും.  2012 നവംബറില്‍ ഇംഗ്ലണ്ടിനെതിരെ സല്‍ടാന്‍ ഇബ്രാഹിമോവിച്ചിന്റെ ഗോള്‍ എക്കാലത്തെയും മികച്ച ഒന്നായാണ് കണക്കാക്കുന്നത്. അതേമാസം, സെയിന്‍റ് ഏറ്റിയനെതിരെ ഫ്രഞ്ച് കപ്പില്‍ല്‍ പാരിസ് സെയിന്‍റ് ജര്‍മ്മന് വേണ്ടി അതേ അടി ആവര്‍ത്തിക്കാന്‍ ശ്രമിച്ച ഇബ്രാഹിമോവിച്ചിന് പാടെ പിഴച്ചുപോയി.

2011 ഫെബ്രുവരിയില്‍ മാഞ്ചസ്റ്റര്‍ ടെര്‍ബിയിലെ വയാണ്‍ റൂണിയുടെ തലക്ക് മുകളിലൂടെയുള്ള അടി പ്രീമിയര്‍ ലീഗിലെ എക്കാലത്തെയും മികച്ച ഗോളുകളിലൊന്നായാണ് കരുതുന്നത്. അയാള്‍ അതിനെ അത്ര കാല്‍പനികവത്കരിച്ചല്ല കണ്ടത്,“ബോക്സിലേക്ക് പന്ത് വരുന്നതുകണ്ടപ്പോള്‍ എന്തുകൊണ്ടായിക്കൂട എന്നു ഞാന്‍ ചിന്തിച്ചു.”

അവിടെയാണ്, ഈ നീക്കത്തിന്റെ കാലാതിവര്‍ത്തിയായ സൌന്ദര്യത്തിന്റെയും ആകര്‍ഷണീയതയുടെയും രഹസ്യം ഒളിഞ്ഞുകിടക്കുന്നത്. മോശം ക്രോസുപോലെ പിഴച്ചുപോകുന്നോരു നീക്കത്തെ മനുഷ്യന്റെ ഭാവനാസമ്പന്നത ഒരു സുന്ദരകലയാക്കി മാറ്റുന്ന മാസ്മരികമുഹൂര്‍ത്തം.

കൈവിട്ടുപോയൊരു ബൈസിക്കിള്‍ കിക്കിനും വിചാരിക്കാത്ത പ്രത്യാഘാതങ്ങളുണ്ടാകാം. 1994-ലെ ലോകകപ്പ്. ആതിഥേയരായ അമേരിക്ക കൊളംബിയക്കെതിരെ 2-1 വിജയത്തിന്റെ വക്കിലാണ്. റോസ്സ് ബൌളിലെ കാണികളെ അമ്പരപ്പിച്ചുകൊണ്ടു മാര്‍സാലോ ബല്‍ബോവ എടുത്ത ബൈസിക്കിള്‍ കിക്ക് പോസ്റ്റിന്റെ ഇടത്തെ മൂലയെ ഉരസി പുറത്തുപോയി. അത് ഗോളായിരുന്നെങ്കില്‍ പന്തുകളി ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധമായ യു ട്യൂബ് ക്ലിപ്പായേനെ അത്.

അത് ഗോളായില്ല. പക്ഷേ,കളികണ്ട ഡെന്‍വരിലെ കോടീശ്വരന്‍ ഫിലിപ് അന്‍ഷൂറ്റ്സിനെ അത് വല്ലാതെ ആവേശം കൊള്ളിച്ചു. “എന്റെ ടീമിന് കളിക്കാനുള്ള കളിക്കാരനെ ഞാന്‍ കണ്ടെത്തി.” കൊളറാഡോ റാപ്പിഡ്സുമായി ബാല്‍ബോവ കരാര്‍ ഒപ്പുവെച്ചു. ആന്‍ഷൂറ്റ്സ് വലിയൊരു പന്തുകളി കമ്പക്കാരനായി. ചിക്കാഗോ ഫയര്‍, ന്യൂയോര്‍ക്/ന്യൂജഴ്സി മെട്രോസ്ടാഴ്സ്, എല്‍ എ ഗാലക്സി, ഡി സി യുനൈറ്റഡ്,സാന്‍ജോസ് എര്‍ത്ത്ക്വേക്ക് –പ്രമുഖമായ 10-ല്‍ 6 സോക്കര്‍ ക്ലബ്ബുകളില്‍ അയാള്‍ നിക്ഷേപം നടത്തി. ഒരൊറ്റ ബൈസിക്കിള്‍ കിക്കിന്‍റെ മായാജാലം.

ബൈസിക്കിള്‍ കിക്ക് സൃഷ്ടിച്ചതിന് അത്ര വിശ്വസനീയമല്ലാത്ത അവകാശവാദങ്ങളുമുണ്ട്.  തന്റെ മെയ് വഴക്കം കൊണ്ട് ‘റബ്ബര്‍ മാന്‍’ എന്ന ചെല്ലപ്പേര് കിട്ടിയ ബ്രസീല്‍ സ്ട്രൈക്കര്‍ ലിയോനിഡസ് അവകാശപ്പെടുന്നത് ബൈസിക്കിള്‍ കിക്ക് തന്റെ സൃഷ്ടിയാണെന്നാണ്. പക്ഷേ അയാള്‍ അത് ആദ്യം ഉപയോഗിച്ചത്, 1932-ല്‍ തന്റെ ക്ലബ്ബായ ബോണ്‍സൂസെസ്സോവിന് വേണ്ടിയാണ്-ഉന്‍സാഗോ കളിച്ച് ഒരു ദശാബ്ദത്തിനുശേഷം. കാലഗണന വെച്ചാണ് ഇറ്റലിയില്‍ ‘മിസ്റ്റര്‍ റിവേഴ്സ് ബാക്ക്’ എന്നറിയപ്പെട്ട യുവാന്‍റസ് സ്ട്രൈക്കര്‍ കാര്‍ലോ പരോലയും, രണ്ടാം ലോകമഹായുദ്ധ കാലത്ത് സൌത്പോര്‍ടിന് കളിക്കുമ്പോള്‍ താന്‍ സൃഷ്ടിച്ചതെന്ന് അവകാശപ്പെടുന്ന ഡൌഗ് എല്ലിസും ഇതിന്റെ പിതൃത്വത്തില്‍നിന്നും ഒഴിവാകുന്നത്.

അന്നത്തേക്ക് ബൈസിക്കിള്‍ കിക്ക് ആഗോള കുപ്രസിദ്ധിയും നേടിയിരുന്നു. 1927-ല്‍ ചിലി ക്ലബ്ബായ കൊളോ കൊളോയുടെ യൂറോപ്പ് പര്യടനകാലത്ത്  അവരുടെ നായകനും, സ്ഥാപകനും, സ്ട്രൈക്കറുമായ ഡേവിഡ് അരെല്ലാനോ ഈ കിക് ചറുപിറുന്നനെ എടുത്തു എതിരാളികളെ ഞെട്ടിച്ചുകളഞ്ഞു. സ്പെയിനില്‍ അയാളൊരു താരമായി മാറി. വല്ലാഡോലിടില്‍ മറ്റൊരു കളിക്കാരനുമായി കൂട്ടിയിടിച്ചു ആന്തരാവയവങ്ങള്‍ക്കേറ്റ ക്ഷതം അണുബാധയായി മാറി അയാള്‍ മരിക്കും വരെ. കൊളോ കൊളോ ക്ലബ്ബിന്റെ ചിഹ്നത്തിന് മുകളിലുള്ള കറുത്ത വര മിന്നിത്തിളങ്ങിയ ഈ സ്ട്രൈക്കരുടെ ഓര്‍മ്മക്കാണ്, അതിസാഹസിക പ്രകടനങ്ങളുടെ മറുവശത്തിന്റെ  ഒരു ഓര്‍മ്മപ്പെടുത്തലും.

(“Who Invented the Bicycle Kick?: Soccer’s Greatest Legends and Lore,” എന്ന പോള്‍ സിംപ്സനും, ഉലി ഹെസ്സെയും ചേര്‍ന്നെഴുതിയ പുസ്തകത്തില്‍ നിന്നും എടുത്തുചേര്‍ത്ത ഭാഗങ്ങളാണ് ഈ ലേഖനം)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍