UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിഗ് ബസാര്‍: പണം വരുന്ന വഴിയടയ്ക്കാന്‍ നമ്മുടെ മാധ്യമങ്ങള്‍ എങ്ങനെ തയാറാകും?

Avatar

അഴിമുഖം പ്രതിനിധി

മാധ്യമങ്ങള്‍ എപ്പോഴും ധാര്‍മികതയെക്കുറിച്ച് വാചാലരാകും. നിഷ്പക്ഷമാണ് തങ്ങളുടെ പ്രവര്‍ത്തിയെന്ന് സ്ഥാപിച്ചെടുക്കുകയും നിര്‍ഭയരെന്ന് ഊറ്റം കൊള്ളുകയും ചെയ്യും. 

പക്ഷേ അവരില്‍ ബഹുഭൂരിപക്ഷവും തങ്ങളുടെ കച്ചവട താത്പര്യത്തില്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകാത്തവരാണ് എന്നിടത്ത് ഈ പറയുന്ന അവകാശവാദങ്ങളെല്ലാം പൊളിയുകയാണ്.

ഇങ്ങനെയൊരു ചോദ്യമുണ്ടാവുകയാണ്: മാധ്യമങ്ങള്‍ക്ക് ആരോടാണ് കടപ്പാട്? 

ഉത്തരം; തീര്‍ച്ചയായും അവര്‍ക്ക് പരസ്യം കൊടുക്കുന്ന സ്ഥാപനങ്ങളോടും വ്യക്തികളോടുമാണ്.

പൊതുമനഃസ്ഥതിയുടെ മറുപടിയാണിത്. അവര്‍ക്ക് സാക്ഷ്യങ്ങളുണ്ട്.

ഏറ്റവും ഒടുവിലത്തെ ഉദാഹരണം പറയട്ടെ. ഇന്നലെ തിരുവനന്തപുരം നഗരസഭയുടെ പരിധിയിലുള്ള തിരുമല കൊങ്കളം നാഗരുകാവിന് സമീപത്തായി പൊതുസ്ഥലത്തും സ്വകാര്യ വ്യക്തിയുടെ പറമ്പിലുമായി പഴയ ബാഗുകളും ചെരുപ്പുകളും ഉള്‍പ്പെടുന്ന അഞ്ച് ലോഡോളം വരുന്ന മാലിന്യങ്ങള്‍ കേശവദാസപുരത്തുള്ള ബിഗ് ബസാറില്‍നിന്ന്‍ കൊണ്ടുവന്നു തള്ളിയതിനെതിരെ ശക്തമായ നടപടിയുണ്ടായി. നഗരസഭ മേയറും പ്രദേശത്ത കൗണ്‍സിലര്‍മാരും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്ഥലം നേരിട്ട് സന്ദര്‍ശിച്ച് വ്യക്തമായ തെളിവുകളോടെയാണ് ബിഗ് ബസറിന്റെ സാമൂഹ്യവിരുദ്ധമായ പ്രവര്‍ത്തിയ്‌ക്കെതിരെ നടപടിയെടുത്തത്. 25,000 രൂപ പിഴ ചുമത്തിയതുകൂടാതെ നിക്ഷേപിച്ച മാലിന്യം മുഴുവന്‍ അവിടെ നിന്ന്‍ സ്ഥാപനത്തിന്റെ സ്വന്തം ചെലവില്‍ നീക്കം ചെയ്യാനും നിര്‍ദേശം കൊടുത്തു.

ഒരു ജനകീയ ഭരണസംവിധാനത്തില്‍ നിന്നും ഉണ്ടായിരിക്കുന്ന ശ്ലാഘനീയമായ നടപടി. പ്രത്യേകിച്ച് മാലിന്യപൂരിതമായ അന്തരീക്ഷത്താല്‍ സംസ്ഥാനം വലിയ തിരിച്ചടികള്‍ നേരിടുന്ന ഘട്ടത്തില്‍ തങ്ങളുടെ ജനാധിപത്യപരമായ കടമ നിര്‍വഹിച്ച നഗരസഭ സ്വയമൊരു മാതൃകയായി മാറിയിരിക്കുകയുമാണ്.

ഈ വിവരങ്ങളറിയിച്ച് നഗരസഭ പ്രത്യേകം പ്രസിദ്ധീകരണ കുറിപ്പ് പുറത്തിറക്കിയിരുന്നു. ഇവിടെ മാധ്യമങ്ങള്‍ക്കും അവരുടെ കടമ ചെയ്യാനുള്ള അവസരമുണ്ടായിരുന്നു. ഈ വാര്‍ത്ത പൊതുജനങ്ങളിലേക്ക് എത്തിക്കുക. ഒന്ന്, ബിഗ് ബസാര്‍ പോലുള്ള റീട്ടെയ്ല്‍ ഭീമനോടുപോലും മാലിന്യത്തിന്റെ കാര്യത്തില്‍ സന്ധി ചെയ്യാതെ തങ്ങളുടെ ഉത്തരവാദിത്വം നിര്‍വഹിച്ച നഗരസഭയുടെ പ്രവര്‍ത്തി ജനങ്ങളെ അറിയിക്കാം. രണ്ട്, ബിഗ് ബസാര്‍ പോലുള്ള വമ്പന്മാര്‍ ചെയ്യുന്ന ദ്രോഹങ്ങളെ ജനങ്ങളെ ബോധ്യപ്പെടുത്താം, മൂന്ന്, അനധികൃത മാലിന്യ നിക്ഷേപം കുറ്റമാണെന്നും അത്തരം പ്രവര്‍ത്തികള്‍ കര്‍ശനമായ ശിക്ഷനടപടികള്‍ക്ക് നിങ്ങളെ വിധേയരാക്കുമെന്നും ജനങ്ങള്‍ക്ക് മുന്നറിയിപ്പു കൊടുക്കാം.

ഇതില്‍ രണ്ടു കാര്യങ്ങള്‍ ഉത്സാഹത്തോടെ ഭൂരിപക്ഷം മാധ്യമങ്ങളും ഏറ്റെടുത്തതായി കണ്ടു. പക്ഷേ ഒരു കാര്യത്തില്‍ ഇവിടുത്തെ ഏറ്റവും പ്രചാരമുള്ള പത്രങ്ങള്‍ ഉള്‍പ്പെടെ മൗനം പാലിച്ചു. ആ മൗനം തന്നെയാണ് മാധ്യമങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഏറ്റവും വലിയ കുറ്റവും.

മാലിന്യം നിക്ഷേപിച്ചതാരാണെന്ന ഭാഗത്തില്‍ അവര്‍ ഒരു വ്യാപാരസ്ഥാപനം എന്നു മാത്രം പറഞ്ഞൊഴിഞ്ഞു. എന്തു കൊണ്ട് ബിഗ് ബസാര്‍ എന്ന പേര് പറയാന്‍  തയ്യാറായില്ല?

ചരിത്രവും പാരമ്പര്യവും പറയുന്നൊരു പത്രം ഇത്തരമൊരു വാര്‍ത്ത അറിഞ്ഞതായി നടിച്ചില്ല.

അപ്പോള്‍ ആരോടാണ് ഇവരുടെ കടപ്പാട്? തീര്‍ച്ചയായും ബിഗ് ബസാറിനോട്. മാസത്തില്‍ കുറഞ്ഞതു രണ്ടു തവണയെങ്കിലും ബിഗ് ബസാര്‍ പരസ്യങ്ങള്‍ ഈ പത്രങ്ങളില്‍ വരുന്നുണ്ട്. സ്വാഭാവികമായും അവരുടെ വിലപിടിച്ച ക്ലയന്റ് ആണ് ബിഗ് ബസാര്‍. പണം വരുന്ന വഴി എങ്ങനെയടയ്ക്കും?

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വര്‍ണാഭരണശാലകള്‍, ആശുപത്രികള്‍, തുണിക്കടകള്‍ എന്നിവയില്‍ പലതിനെതിരെയും കൃത്യമായ തെളിവുകളോടു കൂടിയ നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പക്ഷേ എത്ര മാധ്യമങ്ങള്‍ അവ ചര്‍ച്ച ചെയ്യുന്നുണ്ട്. അവരൊക്കെ ചാനലുകളുടെ സ്‌പോണ്‍സര്‍മാരും പത്രങ്ങളുടെ പരസ്യദാതാക്കളുമാണ്. ലക്ഷങ്ങളുടെ പരസ്യമാണ് കിട്ടുന്നത്. ബോബി ചെമ്മണ്ണൂര്‍ ജുവല്ലറിക്കെതിരെയുള്ള ആരോപണങ്ങള്‍ വസ്തുനിഷ്ഠാപരമായിട്ടുള്ളതാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. തിരൂരില്‍ ഒരു കുടുംബനാഥാന്‍ ജുവല്ലറിക്കുള്ളില്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവം എടുക്കുക. നമ്മുടെ മുഖ്യധാര മാധ്യമങ്ങളില്‍ എത്രപേര്‍ അതൊരു വാര്‍ത്തയാക്കി, പ്രൈംടൈം ചര്‍ച്ചയാക്കി? എന്തുകൊണ്ട് ഉണ്ടായില്ല എന്ന് നമുക്കെല്ലാവര്‍ക്കും മനസിലാകും. ഒരു ചാനലിന്റെ പ്രൈംടൈം ന്യൂസ് സ്‌പോണ്‍സര്‍ ചെയ്യുന്നത് തന്നെ ബോബി ചെമ്മണ്ണൂര്‍ ഗ്രൂപ്പാണ്. ആദര്‍ശം പറയുന്ന എത്ര മാധ്യമ സ്ഥാപനങ്ങള്‍ തങ്ങള്‍ക്ക് ചെമ്മണ്ണൂരിന്റെ പരസ്യം വേണ്ട എന്ന നിലപാടെടുത്തു?

നമ്മുടെ തുണിക്കടകളിലെ സെയില്‍സ് ഗേള്‍സ് അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ അടുത്തകാലത്ത് വലിയ ചര്‍ച്ചയായതാണ്. മാനേജ്‌മെന്റിന്റെ പീഡനങ്ങളെ തുടര്‍ന്ന് ആലപ്പുഴ സീമാസിലെ സെയില്‍സ് ഗേള്‍സ് പ്രത്യക്ഷ സമരത്തിനിറങ്ങുകയും ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും ഇവര്‍ക്ക് നിറഞ്ഞ പിന്തുണ ലഭിച്ചതുവഴി സമരം വിജയിക്കുന്നതും നാം കണ്ടു. അവിടെയും മുഖ്യധാരാമാധ്യമങ്ങള്‍ പരമ്പരാഗത മൗനം തുടരുകയായിരുന്നു. ഇവിടെ മറ്റൊരു കാര്യം വ്യക്തമായി; മുഖ്യധാരമാധ്യമങ്ങളുടെ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍പ്പോലും ഒരു സാമൂഹിക വിഷയം വിജയിപ്പിച്ചെടുക്കാന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വിചാരിച്ചാല്‍ കഴിയും.

തൃശൂരില്‍ ശോഭ ഡവലപ്പേഴ്‌സ് പുഴയ്ക്കല്‍ പാടം നികത്തിയ സംഭവം, തിരുവനന്തപുരം കിംസ് ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം, ആറ്റിങ്ങല്‍ കല്യാണ്‍ ജുവല്ലേഴ്‌സില്‍ ദളിത് സ്ത്രീക്ക് നേരെയുണ്ടായ ആക്രമണം തുടങ്ങി എണ്ണിപ്പറയാവുന്ന ഒട്ടേറെ കുറ്റങ്ങള്‍ കേരളത്തിലെ പ്രമുഖ കോര്‍പ്പറേറ്റുകള്‍ക്കെതിരെയുണ്ടായിട്ടുണ്ട്. പക്ഷേ ഇവയിലൊന്നും നീതിപൂര്‍വകമായ മാധ്യമ ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്നതാണ് വസ്തുത. വാര്‍ത്തകള്‍ കൊടുത്താല്‍ തന്നെ ഒരു വ്യാപാരസ്ഥാപനം, പ്രമുഖ സ്ഥാപനം, ഒരാശുപത്രി എന്നു മാത്രമെ പ്രതിസ്ഥാനത്തു നില്‍ക്കുന്നവരെ പരാമര്‍ശിക്കാറുള്ളൂ. ഇതിലെ വൈരുദ്ധ്യത എന്തെന്നാല്‍ മറ്റേതു വാര്‍ത്തയാണെങ്കിലും-കൊലപാതകമോ മോഷണോ പീഡനമോ എന്തുമാകട്ടെ- സാമാന്യനീതിപോലും നോക്കാതെയാവും പേരും മേല്‍വിലാസവും ചിത്രവും സഹിതം വാര്‍ത്ത കൊടുക്കുന്നത്.

രാഷ്ട്രീയക്കാരോടാണെങ്കില്‍ യാതൊരു മര്യാദയോടെയുമല്ല നമ്മുടെ മുഖ്യധാര മാധ്യമങ്ങള്‍ പ്രതികരിക്കുന്നത്. അപഹാസ്യരും ആരോപണവിധേയരുമാക്കി മാത്രമാണ് രാഷ്ട്രീയക്കാരെ ചിത്രീകരിക്കുന്നത് (ചില ചാനല്‍ പ്രോഗ്രാമുകള്‍ ശ്രദ്ധിക്കുക). ഇവരോടൊന്നും കാണിക്കാത്ത സൗമനസ്യമാണ് തങ്ങളുടെ പരസ്യദാതാക്കളോട് മുഖ്യധാര മാധ്യമങ്ങള്‍ക്കുള്ളതെന്നാണ് ബിഗ് ബസാര്‍ പ്രശ്‌നവും വ്യക്തമാക്കുന്നത്.

മാധ്യമങ്ങളെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയാണോ?

ചാനലുകളാണെങ്കിലും പത്രങ്ങളാണെങ്കിലും നിലനില്‍ക്കാന്‍ പണം വേണം. വലിയ മുതല്‍മുടക്കില്‍ നടത്തിക്കൊണ്ടുപോകുന്ന ഈ സംരംഭങ്ങളെ താങ്ങി നിര്‍ത്തുന്നത് പരസ്യവരുമാനമാണ്. 35 രൂപകൊടുത്ത് സോഫ്റ്റ് ഡ്രിംഗ്‌സ് വാങ്ങിക്കുടിക്കാന്‍ യാതൊരു മടിയുമില്ലാത്തവരാണ് നമ്മള്‍. എന്നാല്‍ ഒരു വര്‍ത്തമാനപത്രത്തിന് അമ്പതു പൈസ കൂട്ടിയാല്‍ പിന്നെ  വാങ്ങാന്‍ ശ്രമിക്കില്ല. ആറര രൂപ വിലയുള്ള ഒരു പത്രത്തിന്റെ മൊത്തം പ്രൊഡക്ട് കോസ്റ്റ് കണക്കാക്കിയാല്‍ ഒന്നൊര രൂപയ്ക്കു മേല്‍ നഷ്ടം സഹിക്കേണ്ടി വരുന്നുണ്ട്. പക്ഷേ ഈ വിലപോലും ഉള്‍ക്കൊള്ളാന്‍ വരിക്കാര്‍ തയ്യാറാകുന്നില്ല. ചാനലുകളുടെ കാര്യവും വ്യത്യസ്തമല്ല. ഏതു ചാനല്‍ കാണണമെന്നത് പ്രേക്ഷകനാണ് തീരുമാനിക്കുന്നത്. ആറര രൂപ കൊടുത്ത് ഒരുപത്രം വാങ്ങാന്‍ താത്പര്യം കാണിക്കാത്തവര്‍ തന്നെയാണ് നല്ല വാര്‍ത്തകള്‍ കിട്ടുന്നില്ലെന്നു പരാതിപ്പെടുന്നതും. കവര്‍ പ്രൈസില്‍ നിന്നും ലാഭം കിട്ടുന്ന സാഹചര്യമാണ് കേരളത്തില്‍/ ഇന്ത്യയില്‍ പത്രമാധ്യമങ്ങള്‍ക്ക് ഉണ്ടായിരുന്നതെങ്കില്‍ തീര്‍ച്ചയായും സ്ഥിതി മാറ്റൊന്നാകുമായിരുന്നു. ഇംഗ്ലണ്ടില്‍ ഒരു പത്രത്തിന്റെ വില ഏകദേശം ഒരു പൗണ്ടിനടുത്താണ്, അതായയത് നൂറു രൂപയോടടുത്ത്. നമ്മുടെ നാട്ടില്‍ അത്രയൊക്കെ ചിന്തിക്കാനൊക്കുമോ? പരസ്യദാതാക്കളെ ആശ്രയിക്കാതെ നിലനില്‍ക്കാമെന്നുള്ളപ്പോള്‍ യഥാര്‍ത്ഥ പത്രധര്‍മം പുറത്തെടുക്കാന്‍ അവര്‍ക്കാകും. പക്ഷേ ഇന്ത്യന്‍ സാഹചര്യത്തില്‍ പരസ്യദാതാക്കള്‍ തന്നെയാണ് മാധ്യമങ്ങളെ നിയന്ത്രിക്കുന്നത്. ഇപ്പോഴത് ഒരു ട്രെന്‍ഡായി മാാറിയിരിക്കുകയാണ്. എല്ലാ പ്രമുഖ മാധ്യമങ്ങളുടെയും പിന്നില്‍ കോര്‍പ്പറേറ്റുകളുണ്ട്. സ്വാഭാവികമായും താതാപര്യങ്ങള്‍ സംരക്ഷിക്കപ്പെടും. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. ബിഗ് ബസാറും ബോബി ചെമ്മണ്ണൂറും കല്യണും കിംസും ഒക്കെ നല്‍കുന്ന പണം കൊണ്ടു തന്നെയാണ് ഇവിടുത്തെ ഭൂരിഭാഗം മാധ്യമങ്ങളും നിലനിന്നുപോകുന്നത്. അങ്ങനെയുള്ളപ്പോള്‍ മാധ്യമപ്രവര്‍ത്തനം കച്ചവടത്തിനുവേണ്ടിയാണെന്ന്‍ കൂടി സമ്മതിക്കണം. അപ്പോള്‍ അവിടെ കാണിക്കാവുന്ന ഒരു മാന്യത ധാര്‍മികതയെ കുറിച്ച് ഊറ്റം കൊള്ളാതിരിക്കലാണ്…

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍