അഴിമുഖം പ്രതിനിധി
ഒറ്റനോട്ടത്തില്‍ ആളെ മനസിലാകില്ല. പിടികിട്ടിയാല്‍ ഒരു ഹെലികോപ്ടര്‍ ഷോട്ട് കണ്ട അവിശ്വസനീയതയും. സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച ഒരു ഫോട്ടോയെകുറിച്ചാണ് പറഞ്ഞത്. മഹേന്ദ്ര സിംഗ് ധോണിയുടെ പുതിയ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ചൂടുള്ള ചര്‍ച്ച.
നീട്ടിവളര്‍ത്തിയ താടിയാണ് ഇത്തവണ ധോണി സെപ്ഷ്യല്‍. കട്ടിമീശയും കഴുത്തോളം ഇറങ്ങി വളര്‍ന്ന ഇടതൂര്‍ന്ന താടിയും ഇതുവരെ ലോകം കണ്ടിട്ടില്ലാത്ത ധോണിയുടെ മുഖമാണ്. തലമുടിയില്‍ പലപരീക്ഷണങ്ങളും നടത്താറുള്ള താരമാണ് ധോണി. ടീം ഇന്ത്യയുടെ ആവേശമായി കടന്നുവരുമ്പോള്‍ തന്നെ ബാറ്റിംഗിനെക്കാള്‍ ആരാധകരെ ആകര്‍ഷിച്ചിരുന്നത് ധോണിയുടെ നീട്ടിവളര്‍ത്തിയ മുടിയായിരുന്നു. ഇന്ത്യന്‍ ടീമിലെ സ്റ്റൈല്‍ മന്നനായി ധോണി വളരെ പെട്ടെന്നാണ് മാറിയത്. പിന്നീട് ആ മുടി ധോണി വെട്ടിയത് പ്രഥമ ട്വന്റി-20 ലോകകീരീടം കൈകളിലേക്ക് വാങ്ങുമ്പോഴാണ്. മുടി വീണ്ടും നീണ്ടില്ലെങ്കിലും കളിക്കളത്തില്‍ നടത്തിയതുപോലെ പല പരീക്ഷണങ്ങളും സ്വന്തം തലയിലും ക്യാപ്റ്റന്‍ കൂള്‍ നടത്തി. രണ്ടിടത്തും കൈയടികള്‍ തന്നെ കിട്ടി. ഏകദിന ലോകകിരീടം നേടിയശേഷം മൊട്ടയടിച്ച തലയുമായും ധോണി പ്രത്യക്ഷപ്പെട്ടു. ആ മുടിക്കഥകളൊക്കെ നിഷ്പ്രഭമാക്കി കൊണ്ടാണ് ഇപ്പോഴത്തെ താടിലുക്ക്.
കറുത്ത വട്ട കണ്ണടയും ധരിച്ച് വെളുത്ത ഷര്‍ട്ടും കഴുത്തിലൊരു ചുവന്ന സ്കാര്‍ഫും ചൂറ്റി താടിക്കാരന് ധോണി ഇരിക്കുമ്പോള്‍ മടിയില്‍ മറ്റൊരാള്‍ കൂടിയുണ്ട്. കുഞ്ഞ് സിവ. രണ്ടുപേരും വലിയ ഗൗരവത്തിലാണെന്നതാണ് മറ്റൊരു പ്രത്യേകത. അച്ഛന്റെ ഭാവം മകളും അനുകരിച്ചതാവാം.
എന്തായാലും ധോണി പോസ്റ്റ് ചെയ്ത ഈ ചിത്രം ഇതിനകം ലൈക്ക് ചെയ്തവരുടെ എണ്ണം അരക്കോടി കവിഞ്ഞു. ഏഴുലക്ഷത്തോളം പേര് ഷെയറുകളും കമന്റും വന്നു.
ടീം ഇന്ത്യ വെസ്റ്റിന്‍ഡീസില്‍ ടെസ്റ്റ് പരമ്പരയില്‍ ആണിപ്പോള്‍ ടെസ്റ്റില്‍ നിന്നും വിരമിച്ച ധോണി അതുകൊണ്ട് തന്നെ വീട്ടില്‍ വിശ്രമത്തിലാണ്. ഒക്ടോബറില്‍ ന്യൂസിലന്‍ഡുമായാണ് ഇന്ത്യക്ക് ഇനി ഏകദിന മത്സരമുള്ളത്.