UPDATES

സാമ്പത്തിക വളര്‍ച്ച പിന്നോട്ട്, തൊഴിലില്ലായ്മ കുതിക്കുന്നു, നിര്‍മ്മല സീതാരാമനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികള്‍

സാമ്പത്തിക രംഗത്തെ വളര്‍ച്ചാ മാന്ദ്യം പരിഹരിക്കാന്‍ കഴിയുമോ എന്നതാണ് പ്രധാന വെല്ലുവിളി

പ്രവര്‍ത്തന മികവുകൊണ്ട് സ്ഥാനക്കയറ്റം കിട്ടി എന്ന് മാധ്യമങ്ങള്‍ പറയുന്ന നിര്‍മ്മല സീതാരാമന് ധനകാര്യ മന്ത്രാലയത്തില്‍ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികള്‍. ധനകാര്യമന്ത്രാലയത്തില്‍ സ്ഥാനം ഏറ്റെടുക്കുന്ന ദിവസം തന്നെയാണ് മൊത്തം ആഭ്യന്തര ഉത്പാദനത്തെ സംബന്ധിച്ചും തൊഴില്‍നിരക്കിനെക്കുറിച്ചുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് ജനുവരി മാര്‍ച്ച് പാദത്തിലെ ജിഡിപി നിരക്ക് 5.8 ശതമാനമായി കുറഞ്ഞപ്പോള്‍ തൊഴിലില്ലായ്മ നിരക്ക് 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായെന്നുമാണ് കണക്കുകള്‍ പുറത്തുവന്നത്. ഇതിന് പുറമെയാണ് സാമ്പത്തിക രംഗത്തെ മറ്റ് വെല്ലുവിളികള്‍.

രാജ്യത്തെ ആദ്യത്തെ മുഴുവന്‍ സമയ വനിതാ ധനകാര്യമന്ത്രി കൂടിയായ നിര്‍മ്മല സീതാരാമന്റെ ആദ്യ ഉത്തരവാദിത്തം ബജറ്റ് തയ്യാറാക്കുകയെന്നതാണ്. ലോകത്തെ ഏറ്റവും വളര്‍ച്ച നിരക്കുള്ള സമ്പദ് വ്യവസ്ഥ എന്ന നിലയില്‍ നിന്നും രണ്ടാം സ്ഥാനത്തേക്ക് ഇന്ത്യ പിന്തള്ളപ്പെട്ടതായാണ് പുറത്തുവന്നിട്ടുള്ള ആഭ്യന്തര ഉത്പാദനവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉത്പാദന കാര്‍ഷിക മേഖലകളിലെ തകര്‍ച്ചയാണ് ആഭ്യന്തര ഉത്പാദനത്തില്‍ കുറവുണ്ടാകാന്‍ കാരണമെന്നാണ് സൂചന. ഉപഭോക്തൃ ഡിമാന്റിലും കാര്യമായ കുറവ് ഇക്കാരണം കൊണ്ട് ഉണ്ടായി. ഇത് ഉത്പാദന മേഖലയെയും ബാധിച്ചു.

അതുകൊണ്ട് തന്നെ സമ്പദ് വ്യവസ്ഥയില്‍ പണം കൂടുതല്‍ ലഭ്യമാക്കി ഡിമാന്റ് വര്‍ധിപ്പിക്കുകയാവും നിര്‍മ്മല സീതാരാമന്റെ ആദ്യ ലക്ഷ്യം. സാമ്പത്തിക വളര്‍ച്ചയില്‍ ഉണ്ടായ കുറവ് പരിഹരിക്കുന്നതിന് ഇത് അത്യാവശ്യമാണ്. സാമ്പത്തിക സ്ഥിതിയിലെ മാന്ദ്യം അടുത്ത പാദത്തിലും തുടരുമെന്നാണ് ചില വിദഗ്ദര്‍ സൂചിപ്പിക്കുന്നത്. സാമ്പത്തിക വളര്‍ച്ചയിലുണ്ടായ കുറവ് മറികടക്കുന്നതിന് എന്ത് നടപടികളാണ് നിര്‍മ്മലാ സീതാരാമന്‍ സ്വീകരിക്കുകയെന്നതാണ് പ്രധാനം. കാരണം വിവിധ ഉത്പാദന മേഖലകളിലും മാന്ദ്യം പിടികുടിയിട്ടുണ്ട്. ഏപ്രിലില്‍ വ്യാവസായിക ഉത്പാദനം നെഗറ്റീവ് ആയിരുന്നു. ഇതിനെ മറികടക്കാന്‍ പലിശ നിരക്കില്‍ കുറവു വരുത്തുകയോ, ഉത്പാദകര്‍ക്ക് നികുതി ഇളവ് നല്‍കുകയോ ചെയ്യുകയെന്ന രീതി ധനമന്ത്രി കൈകൊള്ളുമോ എന്നതാണ് പ്രധാനം. ധനക്കമ്മിയുടെ നിബന്ധനകള്‍ ഉള്ളതുകൊണ്ട് ഇത് എളുപ്പത്തില്‍ നടപ്പിലാക്കാന്‍ കഴിയുകയുമില്ല. സര്‍ക്കാരിന്റെ പൊതുചിലവ് വര്‍ധിപ്പച്ചുകൊണ്ട് സമ്പദ് വ്യവസ്ഥയില്‍ ചലനങ്ങള്‍ ഉണ്ടാക്കുന്നതിലുള്ള നടപടികള്‍ക്കും പരിമിതികളുണ്ട്.

ജിഎസ്ടി സമ്പ്രദായം ലളിതവത്കരിക്കുകയെന്നതാണ് മോദി സര്‍ക്കാര്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി. സിമന്‍റ് പോലുള്ള ഉത്പന്നങ്ങളുടെ ജിഎസ്ടി 28 ശതമാനത്തില്‍നിന്ന് കുറയ്ക്കാനുള്ള സമ്മര്‍ദ്ദം ശക്തമാണ്. എന്നാല്‍ ഇങ്ങനെ ചെയ്യുകയാണെങ്കില്‍ ഖജനാവിന് 13000 കോടിരൂപയുടെ നഷ്ടമെങ്കിലും ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

കേന്ദ്ര ബാങ്കായ ആര്‍ബിഐയുമായുള്ള സഹകരണമാണ് മറ്റൊരു പ്രധാനവെല്ലുവിളി. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് ആര്‍ബിഐയും ധനമന്ത്രാലയവുമായുള്ള ബന്ധം സങ്കീര്‍ണമായിരുന്നു. നോട്ടുനിരോധനത്തിലടക്കം ആര്‍ബിഐയുമായുള്ള ബന്ധം വഷളയിരുന്നു. ഇക്കാര്യത്തില്‍ നിര്‍മ്മല സീതാരാമന്‍ എന്തുചെയ്യുന്നുവെന്നത് നിര്‍ണായകമാണ്.

കയറ്റുമതി വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ വേഗത്തില്‍ കൈകൊള്ളുകയെന്നതാണ് മറ്റൊരു പ്രധാന വിഷയം.

പ്രതിരോധ മന്ത്രാലയത്തില്‍ റാഫേല്‍ വിഷയത്തില്‍ മോദി പ്രതിരോധത്തിലായപ്പോള്‍ സ്വീകരിച്ച സമീപനമാണ് നിര്‍മ്മല സീതാരാമന് ധനമന്ത്രാലയത്തിന്റെ ചുമതലയേല്‍പ്പിക്കാന്‍ കാരണമായതെന്നാണ് സൂചന. മോദിയുടെ വിശ്വസ്തത നിലനിര്‍ത്തുകയും സാമ്പത്തിക രംഗത്തെ മാന്ദ്യം മറികടക്കുന്നതിനുള്ള നടപടികള്‍ കൈകൊള്ളുകയും ചെയ്ത് എങ്ങനെ മുന്നോട്ട് പോകാമെന്നതാണ് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമുള്ള നിര്‍മ്മല സീതാരാമന്റെ മുന്നിലുള്ള വെല്ലുവിളി.

Read More: വെള്ളമില്ല, വീടുകള്‍ വിണ്ടുകീറുന്നു, ഗുണ്ടാഭീഷണി; ഒടുവില്‍ ക്വാറിക്കെതിരെ സമരം ചെയ്ത മുണ്ടത്തടം കോളനിയിലെ ദളിതരെയും ആദിവാസികളെയും തല്ലിച്ചതച്ച് പോലീസും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍