UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യയ്ക്കുവേണ്ടി ഗൂഗിളിന്റെ വമ്പന്‍ പദ്ധതികള്‍

Avatar

അഴിമുഖം പ്രതിനിധി

ദിവസങ്ങളോളം നീണ്ട ആകാംക്ഷയ്‌ക്കൊടുവില്‍ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചായിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ യാഥാര്‍ത്ഥ ഉദ്ദേശ്യം അറിവായി. ഭാഗ്യവശാല്‍ അത് ഒന്നല്ല, ഒരുകൂട്ടം ചെറിയ കാര്യങ്ങളാണ്. ഗൂഗിള്‍ ഇന്ത്യയെ കൂടുതല്‍ ഗൗരവമായെടുക്കുന്നുവെന്ന് വ്യക്തമാക്കുന്ന ചില കാര്യങ്ങള്‍.

കഴിഞ്ഞ കുറച്ചുമാസങ്ങളായി ഗൂഗിള്‍ നടത്തിയ പ്രഖ്യാപനങ്ങളും ഇന്ത്യയെ സംബന്ധിച്ച് അവയുടെ പ്രസക്തിയുമാണ് പിച്ചായി വിവരിച്ചത്. അടുത്ത വര്‍ഷം ആരംഭത്തോടെ തല്‍സമയ ക്രിക്കറ്റ് സ്‌കോറുകളും വിഡിയോകളും ലഭ്യമാക്കുക, ഹൈദരാബാദില്‍ വിശാലമായ പുതിയ ക്യാംപസ്, റിക്രൂട്ട്‌മെന്റ് വര്‍ധിപ്പിക്കല്‍ തുടങ്ങിയവയായിരുന്നു പുതിയ പരിപാടികളില്‍ ചിലത്.

ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളിലും അര്‍ദ്ധ നഗരങ്ങളിലും സാന്നിധ്യം അറിയിക്കാനുള്ള രണ്ടുപദ്ധതികളും ഗൂഗിള്‍ പ്രഖ്യാപിച്ചു. പ്രോജക്ട് ലൂണ്‍ എന്നു പേരിട്ടിട്ടുള്ള ആദ്യപദ്ധതി കേബിള്‍, ഒപ്റ്റിക് ഫൈബര്‍ സൗകര്യങ്ങളില്ലാത്ത ഗ്രാമങ്ങളെ ഉദ്ദേശിച്ചാണ്. ഉയരത്തില്‍ സഞ്ചരിച്ച് ഇന്റര്‍നെറ്റ് പ്രസരിപ്പിക്കുന്ന ബലൂണുകളാണ് ഇവ. ഇന്ത്യയില്‍ ഇപ്പോള്‍ത്തന്നെ റഗുലേറ്ററി പ്രശ്‌നങ്ങളില്‍പ്പെട്ടു കഴിഞ്ഞെങ്കിലും ലൂണുമായി മുന്നോട്ടുപോകാനാണ് കമ്പനിയുടെ നീക്കം.

‘ഇന്ത്യയില്‍ കൂടുതല്‍ ആളുകള്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ രണ്ട് വ്യത്യസ്ത പരിപാടികള്‍ നടപ്പാക്കാനാണ് ഉദ്ദേശ്യം. ഇന്റെലും ടാറ്റാ ട്രസ്റ്റുമായി സഹകരിച്ചു നടത്തുന്ന ‘ ഇന്റര്‍നെറ്റ് സാഥി’ യാണ് ഒന്ന്. സ്ത്രീകള്‍ക്ക് സൈക്കിളുകള്‍ നല്‍കി ഇവരെ ഉപയോഗിച്ച് ഉള്‍ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയാണ് ലക്ഷ്യം. മൂന്നു സംസ്ഥാനങ്ങളില്‍ ആയിരം ഗ്രാമങ്ങളില്‍ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി വരികയാണ്, ‘ പിച്ചായി പറഞ്ഞു.

കൂടുതല്‍ സ്ത്രീകളെ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ പഠിപ്പിക്കുന്ന ‘ഹെല്‍പിങ് വിമന്‍ ഗെറ്റ് ഓണ്‍ലൈന്‍’ എന്ന പദ്ധതിയും ഗൂഗിളിനുണ്ട്. ദേശീയതലത്തില്‍  മൂന്നുവര്‍ഷം കൊണ്ട് മൂന്നുലക്ഷം ഗ്രാമങ്ങളിലാണ് ഇതു നടപ്പാകുക. ഇന്ത്യയിലെ ആകെ ഗ്രാമങ്ങളുടെ പകതിയോളമാണിതെന്നു പിച്ചായി ചൂണ്ടിക്കാട്ടി.

തല്‍സമയ പരിഭാഷാ പദ്ധതിയായ ‘ ടാപ് ടു ട്രാന്‍സ്‌ലേറ്റ്’ ആണ് രണ്ടാമത്തെ പദ്ധതി. ടൈപ്പ് ചെയ്യുമ്പോള്‍ത്തന്നെ പരിഭാഷ സാധ്യമാകുന്ന ഇത് ഒരു ഡസനോളം ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമാണ്. എല്ലാ ആപ്ലിക്കേഷനുകളിലും ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലും ഇത് ഉപയോഗിക്കാനാകും.

ഇന്റര്‍നെറ്റ് സേര്‍ച്ച് എളുപ്പമാക്കാനുള്ള വഴികളും കണ്ടെത്തിവരികയാണ്. വോയിസ് റെക്കഗ്നിഷന്‍ സോഫ്റ്റ് വെയറില്‍ കൂടുതല്‍ ഇന്ത്യന്‍ ഭാഷകള്‍ ഉള്‍പ്പെടുത്തി ഇന്ത്യയിലെ വേഗം കുറഞ്ഞ ഇന്റര്‍നെറ്റ് ശൃംഖലകളില്‍ പ്രവര്‍ത്തനം സുഗമമാക്കുകയാണു ലക്ഷ്യം. ക്രിക്കറ്റ്, ബോളിവുഡ് തുടങ്ങി പ്രാദേശിക താല്‍പര്യങ്ങള്‍ക്കു മുന്‍തൂക്കം നല്‍കാനും ശ്രമമുണ്ട്.

‘2004ല്‍ ഞാന്‍ ഗൂഗിളില്‍ ചേരുമ്പോള്‍ ഇന്ത്യയില്‍ രണ്ട് ഓഫിസുകളാണു കമ്പനിക്കുണ്ടായിരുന്നത്. ഇന്ന് നാല് ഓഫിസുകളും 1500 ജീവനക്കാരുമുണ്ട്. ഹൈദരാബാദ്, ബാംഗ്ലൂര്‍ ഓഫിസുകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് തുടരുകയാണ്, ‘ ഗൂഗിള്‍ ഫോര്‍ ഇന്ത്യയില്‍ പ്രസംഗിക്കവേ പിച്ചായി ചൂണ്ടിക്കാട്ടി.

‘ ഗൂഗിള്‍ സെര്‍ച്ച് ഉപയോക്താക്കളുടെ വലിപ്പച്ചെറുപ്പം നോക്കുന്നില്ല എന്നതാണ് ഗൂഗിളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ എന്നെ പ്രേരിപ്പിച്ച ഘടകം. ഉപയോക്താവ് സ്റ്റാന്‍ഫോഡ് പ്രഫസറായാലും ഒരു പാവപ്പെട്ട കുട്ടിയായാലും അത് ഒരുപോലെ പ്രവര്‍ത്തിക്കുന്നു. വളരെ നേട്ടങ്ങളുണ്ടാക്കാന്‍ ഇന്ത്യ എന്നെയും ഗൂഗിളിനെയും സഹായിച്ചിട്ടുണ്ട്. സമീപഭാവിയില്‍ ഈ രാജ്യത്തിനുവേണ്ടി വളരെകാര്യങ്ങള്‍ ചെയ്യാനാകുമെന്ന് ഞാന്‍ കരുതുന്നു.’ പിച്ചായി പറഞ്ഞു.

ഓഗസ്റ്റില്‍ ആല്‍ഫബെറ്റ് ഇന്‍കോര്‍പറേറ്റിന്റെ ഭാഗമായ സമയത്താണ് സുന്ദര്‍ പിച്ചായി ഗൂഗിളിന്റെ തലപ്പത്തെത്തുന്നത്. പുതുതായി ഇന്റര്‍നെറ്റിലെത്താന്‍ സാധ്യതയുള്ള നൂറുകോടി ആളുകളിലാണ് കമ്പനിയുടെ ശ്രദ്ധ എന്നു പറഞ്ഞ പിച്ചായി സോഫ്റ്റ് വെയറില്‍ കൂടുതല്‍ ഇന്ത്യന്‍ ഭാഷകള്‍ ഉള്‍പ്പെടുത്തുന്നതും 400 റയില്‍വേ സ്റ്റേഷനുകളില്‍ വൈ-ഫൈ സൗകര്യം ഏര്‍പ്പെടുത്തുന്നതും മുന്‍ഗണനകളില്‍പ്പെടുമെന്ന് അറിയിച്ചു.

ഡിജിറ്റല്‍ വിപ്ലവത്തില്‍ വളരെക്കാലം പിന്നിലായിരുന്ന ഇന്ത്യ ഇന്ന് മുഖ്യ ആഗോള സോഫ്റ്റ് വെയര്‍ കമ്പനികളുടെയെല്ലാം പ്രധാനലക്ഷ്യമാണ്. മിഡില്‍ക്ലാസ് പ്രഫഷനലുകള്‍, ഇന്റര്‍നെറ്റ് ഉപയോഗം ഇനിയും തുടങ്ങാത്ത നൂറുകോടി ആളുകള്‍, മൊബൈല്‍ ഫോണ്‍ വിപ്ലവത്തിലൂടെ ഇന്റര്‍നെറ്റ് ഉപയോഗം പരിചയിക്കുന്നവര്‍ എന്നിങ്ങനെ പലതാണ് കാരണങ്ങള്‍.

‘ആഗോളതലത്തില്‍ മൊബൈലില്‍നിന്നുള്ള സെര്‍ച്ച് ഡസ്‌ക് ടോപ്പിനെ മറികടന്നത് ഒക്ടോബറിലാണ്. പക്ഷേ ഇന്ത്യയില്‍ ഇത് 2013 മേയില്‍ സംഭവിച്ചു. ഇവിടെ ഡസ്‌ക് ടോപ്പുകളെക്കാള്‍ വളരെക്കൂടുതലാണ് മൊബൈലുകള്‍ എന്നതാണു കാരണം,’ ഗൂഗിള്‍ സെര്‍ച്ച് വൈസ് പ്രസിഡന്റ് യഹോഷ്വ പറഞ്ഞു. ജനസംഖ്യയില്‍ പകുതിയിലേറെ ഇന്റര്‍നെറ്റിനു പുറത്തുള്ള ഇന്ത്യയിലും ലോകമെമ്പാടും നെറ്റ് ശൃംഖല വ്യാപിപ്പിക്കുന്നതിലാണ് കമ്പനിയുടെ പ്രധാനശ്രദ്ധ.

‘പ്രോജക്ട് ലൂണ്‍ ഇന്ത്യയിലേക്കു കൊണ്ടുവരാനാകുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്കു പ്രതീക്ഷയുണ്ട്. ഗ്രാമസമൂഹങ്ങളില്‍ ഇത് ഇന്റര്‍നെറ്റ് ഉപയോഗം കൂട്ടും. ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ കുതിച്ചുചാട്ടമുണ്ടാക്കുകയാണ് ലക്ഷ്യം,’ കമ്പനിയുടെ ആക്‌സസ് വൈസ് പ്രസിഡന്റ് മാരിയോണ്‍ ക്രോക്ക് പറഞ്ഞു.

‘ഇന്ത്യയിലുണ്ടാകുന്ന പ്രശ്‌നപരിഹാരങ്ങള്‍ ലോകമെമ്പാടും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ വിപ്ലവാത്മക മാറ്റം വരുത്തും. കാരണം ഇന്ത്യയിലെ പ്രവര്‍ത്തനം ഒരു വെല്ലുവിളിയാണ്,’ പിച്ചായി ചൂണ്ടിക്കാട്ടുന്നു.

ഖരഗ്പൂര്‍ ഐഐടി മുന്‍വിദ്യാര്‍ഥിയായ പിച്ചായി കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെത്തുന്ന ടെക്‌നോളജി വമ്പന്‍മാരില്‍ അവസാനത്തെയാളാണ്. ആലിബാബയുടെ ചെയര്‍പഴ്‌സന്‍ ജാക്ക് മാ, ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല എന്നിവരാണ് മുന്‍പ് ഇന്ത്യ സന്ദര്‍ശിച്ചവര്‍.

സെര്‍ച്ച്, യുട്യൂബ്, മാപ്‌സ്, ആന്‍ഡ്രോയിഡ് തുടങ്ങി ഗൂഗിളിന്റെ എട്ടു വിഭാഗങ്ങളിലെ വൈസ് പ്രസിഡന്റുമാര്‍ പിച്ചായിക്കൊപ്പമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, വാര്‍ത്താവിനിമയ മന്ത്രി രവിശങ്കര്‍ പ്രസാദ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ പിച്ചായി ഇന്ന് ശ്രീ റാം കോളജ് ഓഫ് കോമേഴ്‌സ് വിദ്യാര്‍ഥികളുമായി സംവദിക്കും.

ആന്‍ഡ്രോയിഡ് വണ്‍ പരിപാടിയുടെ തുടക്കത്തിന് കഴിഞ്ഞ വര്‍ഷം പിച്ചായി ഇന്ത്യയിലെത്തിയിരുന്നു. ഇന്ത്യന്‍ മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ സ്‌പൈസ്, മൈക്രോമാക്‌സ്, കാര്‍ബണ്‍ (ഇപ്പോള്‍ ലാവ) എന്നിവയുമായി സഹകരിച്ചായിരുന്നു പരിപാടി.

ഡിക്ടേഷനും വോയിസ് കമാന്‍ഡുകള്‍ക്കും ഉള്‍പ്പെടെ ഏഴ് ഇന്ത്യന്‍ ഭാഷകള്‍ ഉപയോഗിക്കുന്നവയാണ് ആന്‍ഡ്രോയിഡ് വണ്‍ ഫോണുകള്‍.  ഗൂഗിള്‍ ന്യൂസ് പ്ലേസ്റ്റാന്‍ഡിലെ പ്രാദേശിക വാര്‍ത്താ പ്രസിദ്ധീകരണങ്ങളും മാസികകളും ഇവയില്‍ ലഭിക്കും. 11 രാജ്യങ്ങളില്‍ പരീക്ഷിച്ച ആന്‍ഡ്രോയിഡ് വണ്‍ വിജയം കണ്ടില്ല. മൂന്നുമില്യണ്‍ ആന്‍ഡ്രോയിഡ് വണ്‍ ഫോണുകളാണ് ഗൂഗിള്‍ വിറ്റത്. ലോകമെമ്പാടുമുള്ള ആന്‍ഡ്രോയിഡ് വിപണിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് വളരെ കുറവാണ്. എന്നാല്‍ ആന്‍ഡ്രോയിഡ് വണ്‍ പുനരുജ്ജീവിപ്പാക്കാനുള്ള പദ്ധതിയൊന്നും ഇപ്പോള്‍ കമ്പനിക്കില്ല.

ഇന്ത്യയില്‍ ഈ വര്‍ഷം വളരെ വിവാദമുയര്‍ത്തി നെറ്റ് ന്യൂട്രാലിറ്റിയെപ്പറ്റിയും ഗൂഗിള്‍ നിശബ്ദത പാലിക്കുന്നു. യുഎസില്‍ നെറ്റ് ന്യൂട്രാലിറ്റിയെ പിന്തുണയ്ക്കുന്ന കമ്പനി ഇന്ത്യയില്‍ ഇക്കാര്യത്തില്‍ പരസ്യനിലപാട് എടുത്തിട്ടില്ല.

ഇന്ത്യയില്‍ സീറോ റേറ്റഡ് സര്‍വീസ് പോലുള്ള സൗജന്യങ്ങള്‍ നല്‍കാന്‍ കമ്പനിക്കു പരിപാടിയുണ്ടായിരുന്നെങ്കിലും ഫേസ് ബുക്കിന്റെ ഇന്റര്‍നെറ്റ് ഡോട്ട് ഒആര്‍ജിക്കുണ്ടായ തിരിച്ചടി കണ്ട് ഗൂഗിള്‍ ഇതില്‍നിന്നു പിന്മാറിയെന്ന് ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍