UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ടാറ്റ സണ്‍സ്: സൈറസ് മിസ്ട്രിയെ നീക്കി; രത്തന്‍ ടാറ്റ പുതിയ ചെയര്‍മാന്‍

Avatar

അഴിമുഖം പ്രതിനിധി

 

ടാറ്റാ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സൈറസ് മിസ്ട്രിയെ പുറത്താക്കി. പകരം രത്തന്‍ ടാറ്റ താത്കാലിക ചെയര്‍മാനായി ചുമതലയേറ്റു. ഇന്നു നടന്ന ഡയറക്‌ടേഴ്‌സ് ബോര്‍ഡ് യോഗമാണ് വോട്ടെടുപ്പിലൂടെ മിസ്ട്രിയെ നീക്കാന്‍ തീരുമാനിച്ചത്. അടുത്ത ഫെബ്രുവരി വരെ രത്തന്‍ ടാറ്റയായിരിക്കും ഗ്രൂപ്പിനെ നയിക്കുക. മിസ്ട്രി ചുമതലയേറ്റ ശേഷം കമ്പനി നഷ്ടത്തിലായതാണ് പുറത്താക്കലിന്റെ കാരണമെന്നാണ് സൂചനകള്‍.

 

2012 ഡിസംബര്‍ 28-നാണ് മിസ്ട്രി ടാറ്റ സണ്‍സിന്റെ ചെയര്‍മാനായി ചുമതലയേല്‍ക്കുന്നത്. രത്തന്‍ ടാറ്റ വിരമിക്കല്‍ പ്രഖ്യാപിക്കുകയും അദ്ദേഹത്തിന് പിന്‍ഗാമികളില്ലാത്തതിനാല്‍ പ്രമുഖ വ്യവസായിയായ പല്ലോന്‍ജി മിസ്ട്രിയുടെയും അദ്ദേഹത്തിന്റെ ഐറീഷുകാരിയായ ഭാര്യ പാസ്റ്റി പെറിന്‍ ദുബാഷിന്റെയും മകന്‍ സൈറസിനെ ഈ പദവിയിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നു. ഐറിഷ് പൌരത്വമാണ് മിസ്ട്രിക്കുള്ളത്.

 

ടാറ്റ ഗ്രൂപ്പിലെ വിവിധ സ്ഥാപനങ്ങളായ ടാറ്റ ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ്, ടാറ്റ പവര്‍, ടാറ്റ ടെലിസര്‍വീസസ്, ഇന്ത്യന്‍ ഹോട്ടല്‍സ്, ടാറ്റ ഗ്ലോബല്‍ ബിവറേജസ്, ടാറ്റ കെമിക്കല്‍സ് എന്നിവയെല്ലാം വരുന്നത് ടാറ്റ സണ്‍സ് എന്ന മാതൃകമ്പനിക്ക് കീഴിലാണ്.

 

നാലു വര്‍ഷം മുമ്പ് ചുമതലയേറ്റ മിസ്ട്രിയുടെ കീഴില്‍ കമ്പനി തളര്‍ച്ചയാണ് കാണിക്കുന്നതെന്ന് ബോര്‍ഡ് വിലയിരുത്തിയതായാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പക്കുന്നത്. ഇതേ തുടര്‍ന്നായിരുന്നു നീക്കാനുള്ള തീരുമാനം. രത്തന്‍ ടാറ്റയ്ക്ക് പുറമെ റോണെന്‍ സെന്‍, വേണു ശ്രീനിവാസന്‍, അമിത് ചന്ദ്ര എന്നിവരടങ്ങുന്ന സെലക്ഷന്‍ പാനല്‍ നാലു മാസത്തിനുള്ളില്‍ പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കും.

 

ഇന്ത്യയിലെ ഏറ്റവും വ്യവസായ ഗ്രൂപ്പുകളിലൊന്നായ ടാറ്റയില്‍ ഉണ്ടായ അപ്രതീക്ഷിത നീക്കം വ്യവസായ ലോകത്തെ ഒന്നാകെ ഞെട്ടിച്ചിട്ടുണ്ട്. ടാറ്റ സണ്‍സിന്റെ ആകെ ടേണോവര്‍ 2014-15 വര്‍ഷത്തില്‍ 108 ബില്യണ്‍ ഡോളറായിരുന്നത് 2015-16-ല്‍ 103 ബില്യണ്‍ ഡോളറായി താഴ്ന്നു. അതോടൊപ്പം, കമ്പനിയുടെ ആകെ നഷ്ടം തലേവര്‍ഷം 23.4 ബില്യണ്‍ ഡോളറില്‍ നിന്ന് 24.5 ബില്യണ്‍ ഡോളറായി ഉയര്‍ന്നതായും ഇകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതാണ് മിസ്ട്രിയുടെ പുറത്താക്കലിലേക്ക് നയിച്ചതെന്നാണ് സൂചനകള്‍.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍