UPDATES

ബിഗ് ബോസ്10; സല്‍മാന്‍ ഖാനും മറ്റു സെലിബ്രിറ്റികളും വാങ്ങുന്ന പ്രതിഫലം അറിയുമോ?

അഴിമുഖം പ്രതിനിധി

സ്‌പോട് ലൈറ്റില്‍ നില്‍ക്കാന്‍ കഴിയുക എന്നതുമാത്രമല്ല, കിട്ടുന്ന കനത്ത പ്രതിഫലം കൂടിയാണ് ബിഗ് ബോസ് എന്ന ഇന്ത്യന്‍ റിയാലിറ്റി ഷോയിലേക്ക് സെലിബ്രിറ്റികളെ അടുപ്പിക്കുന്നത്. രാജ്യത്തെ ഏറ്റവും പോപ്പുലറായ ഈ റിയാലിറ്റി ഷോയില്‍ ഇത്തവണ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് കിട്ടുന്ന പ്രതിഫലം മലയാള സിനിമയിലെ രണ്ടാം നിര നായക നടന്‍മാര്‍ വാങ്ങുന്നതിനേക്കാള്‍ അധികമാണ്.

നെതര്‍ലാന്‍ഡ് ആസ്ഥാനമായുള്ള ഡച്ച് മീഡിയ കമ്പനി അവതരിപ്പിച്ച ടെലിവിഷന്‍ റിയാല്‍റ്റി ഷോ സീരിസായിരുന്നു ബിഗ് ബ്രദര്‍. ലോകം മുഴുവന്‍ ശ്രദ്ധപിടിച്ചു പറ്റിയ ഈ പരിപാടി ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്തും വലിയ സ്വാധീനമാണ് ചെലുത്തിയത്. അതിന്റെ തുടര്‍ച്ചയായിരുന്നു ബിഗ് ബോസ്. ബിഗ് ബ്രദര്‍ ഫോര്‍മുലയില്‍ ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ട ചാനല്‍ റിയാല്‍റ്റി ഷോ സീരീസ്. ഇതുവരെ ഒമ്പതു സീസണ്‍ പിന്നിട്ടു കഴിഞ്ഞ ബിഗ് ബോസ് ഇന്ത്യയില്‍ ഏറ്റവും പോപ്പുലറായ ടെലിവിഷന്‍ പ്രോഗാം ആണ്. അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍, ശില്‍പ ഷെട്ടി, സഞ്ജയ് ദത്ത്, ഫാറ ഖാന്‍, അര്‍ഷാദ് വര്‍സി എന്നിവര്‍ മെയിന്‍ ഹോസ്റ്റായി വന്നിട്ടുള്ള ഈ പ്രോഗ്രാമിന്റെ പത്താം പതിപ്പിന് ആരംഭം കുറിക്കുകയാണ്.

കഴിഞ്ഞ സീസണുകളെക്കാള്‍ ഒരുപിടി മുന്നില്‍ നില്‍ക്കണം പത്താം സീസണ്‍ എന്ന നിശ്ചയത്തില്‍ തന്നെയാണ് അണിയറക്കാര്‍. ഇത്തവണയും സല്‍മാന്‍ ഖാനെ തന്നെ പ്രധാന ആതിഥേയനായി കിട്ടിയിട്ടുണ്ട്. സാധാരണക്കാരില്‍ നിന്നും മത്സരാര്‍ത്ഥികളെ ഉള്‍പ്പെടുത്തണമെന്നത് ഇത്തവണത്തെ പുതുമയാണെങ്കിലും ഇതിനൊപ്പം ഏഴു സെലിബ്രിറ്റി മത്സരാര്‍ത്ഥികളെ കൂടി ഷോയില്‍ പങ്കെടുപ്പിക്കുന്നതില്‍ അണിയറപ്രവര്‍ത്തകര്‍ വിജയിച്ചിട്ടുണ്ട്.

ബാനി ജെ, രാഹുല്‍ ദേവ്, ഗൗരവ് ചോപ്ര, ലോപമുദ്ര റൗട്ട്, കരണ്‍ മെഹ്‌റ, മൊണോലിസ, രോഹന്‍ മെഹ്‌റ എന്നീ ഏഴു താരങ്ങളാണ് ഇത്തവണ ഷോയിലുള്ളത്.

ഇതില്‍ എടുത്തപറയേണ്ട പ്രത്യേകതയെന്തെന്നാല്‍ ബാനി, രഹുല്‍ ദേവ് എന്നിവര്‍ക്കുവേണ്ടി കഴിഞ്ഞ കുറെ സീസണുകളിലായി അണിയറക്കാര്‍ വലയെറിയുകയായിരുന്നു. എന്നാല്‍ ഇരുവരും ഓഫറുകള്‍ തിരസ്‌കരിച്ചു. എന്നാല്‍ ഇത്തവണ എന്തുകൊണ്ട് ഇരുവരും ഷോയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ; പണം.

പത്താം സീസണില്‍ ഏറ്റവും അധികം പ്രതിഫലം പറ്റുന്ന സെലിബ്രിറ്റി കണ്ടസ്റ്റന്റുകളാണ് രാഹുലും ബിന്നിയും. എന്നാല്‍ എത്ര രൂപയാണ് ഇവര്‍ക്കു കിട്ടുന്നതെന്നറിയില്ല. യേഹ് റിഷ്ത ക്യാ കെഹല്‍ത ഹേ എന്ന ചാനല്‍ ഷോയിലെ നൈതിക് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിലൂടെ സ്റ്റാര്‍ ആയി മാറിയ കിരണ്‍ മെഹ്‌റയ്ക്ക് ബിഗ് ബോസില്‍ പങ്കെടുക്കാന്‍് കിട്ടുന്നത് ഒരു കോടി രൂപയാണെന്നാണ് അറിയുന്നത്. ഇത്രയും വലിയൊരു തുക വാഗ്ദാനം നല്‍കിയശേഷമാണ് കിരണ്‍ ഷോയില്‍ പങ്കെടുക്കാന്‍ സമ്മതം മൂളിയത്. ഈ പ്രതിഫലത്തുക വിജയികള്‍ക്ക് കിട്ടുന്ന സമ്മാനത്തുക കൂടാതെയുള്ളതാണെന്നു സാരം.

ഷോയില്‍ പങ്കെടുക്കുന്നവരെ മൂന്നു ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്; ടേപ് ലെവല്‍, മിഡ് ലെവല്‍. ബോട്ടം ലെവല്‍. മൂന്നുമാസമാണു ഷോയുടെ കാലയളവ്. ഓരോ അഴ്ചയിലും അവസാന ദിവസം ഇവര്‍ക്ക് പ്രതിഫലം നല്‍കും.

പണത്തിനൊപ്പം പ്രശസ്തിയും കിട്ടുന്നു എന്നതാണ് താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ ബിഗ്‌ബോസിലേക്ക് അടുപ്പിക്കുന്നത്. ബിഗ് ബോസിന്റെ ഷോ ഫോര്‍മാറ്റിനെ കുറിച്ച് വ്യാപക പരാതിയാണുള്ളതെങ്കിലും( മലയാളി ഹൗസ് ഓര്‍ക്കുക) സെലിബ്രിറ്റികള്‍ അതേ കുറിച്ച് ഉത്കണ്ഠപ്പെടുന്നില്ല, കൈ നിറച്ചു പണം ഒപ്പം സ്‌പോട്‌ലൈറ്റില്‍ നില്‍ക്കാനുള്ള സാഹചര്യവും കിട്ടുമ്പോള്‍ വിമര്‍ശനങ്ങളെ കാര്യമാക്കുന്നതെന്തിനാണെന്നാണ് അവര്‍ ചോദിക്കുന്നത്. തങ്ങളുടെ കരിയറില്‍ അതൊരു തരത്തിലും നിഴല്‍ വീഴ്ത്തുന്നില്ല, മാത്രമല്ല കൂടുതല്‍ ആളുകളുടെ ശ്രദ്ധ കിട്ടുകയുമാണ്. കരിയറിന്റെ ഉയര്‍ച്ചയ്ക്കാണ് അതു സഹായിക്കുക. ഫീല്‍ഡ് ഔട്ടായി കൊണ്ടിരുന്നവരെപ്പോലും പോപ്പുലര്‍ ആക്കാന്‍ ബിഗ്‌ബോസിന്റെ വേദി സഹായമായിട്ടുണ്ട്. തങ്ങളുടെ സ്വകാര്യനിമിഷങ്ങള്‍ ഡസണ്‍ കണക്കിനു ക്യാമറകള്‍ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ മടി കാണിക്കാത്തവരെന്നു ചിലര്‍ അധിക്ഷേപിക്കുമ്പോഴും ബിഗ് ബോസില്‍ പങ്കെടുക്കുന്നവര്‍ അത്തരം ആളുകള്‍ക്ക് ചെവി കൊടുക്കാത്തതിനു കാരണം ഇതൊക്കെയാണ്.

ഒരു കാര്യം കൂടി; മത്സരാര്‍ത്ഥികളായ സെലിബ്രിറ്റികള്‍ക്ക് ഇത്രയും തുക പ്രതിഫലമായി കിട്ടുമെങ്കില്‍ പ്രധാന താരമായ സല്‍മാന്‍ ഖാന് എത്രകിട്ടും? പുറത്തുവരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ സല്‍മാനു ഷോയില്‍ പങ്കെടുക്കുന്നതിനായി ഓരോ ദിവസവും നല്‍കുന്നത് ആറു കോടിക്കും എട്ടു കോടിക്കും ഇടയിലുള്ള തുകയാണത്രേ! കഴിഞ്ഞ സീസണില്‍ നല്‍കിയിരുന്നതിന്റെ മുപ്പത് ഇരട്ടി…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍