UPDATES

ട്രെന്‍ഡിങ്ങ്

അതിര്‍ത്തിയില്‍ സര്‍വ്വസന്നാഹം: കാശ്മീരില്‍ പതിനഞ്ച് വര്‍ഷത്തിനിടെയിലെ ഏറ്റവും വലിയ തിരച്ചില്‍

ഇന്നലെ വൈകുന്നേരമുണ്ടായ ആക്രമണത്തില്‍ ഒരു സിവിലിയന്‍ ഡ്രൈവര്‍ കൊല്ലപ്പെടുകയും നാല് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു

പോലീസിനും ബാങ്കുകള്‍ക്കും നേരെ ഭീകരര്‍ നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ദക്ഷിണ കാശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സൈന്യവും പോലീസും ചേര്‍ന്ന് ശക്തമായ തിരച്ചില്‍ ആരംഭിച്ചു. കഴിഞ്ഞ 15 വര്‍ഷത്തിനിടെ കാശ്മീരില്‍ നടത്തുന്ന ഏറ്റവും ശക്തമായ തിരച്ചിലും സുരക്ഷ വിന്യാസവുമാണ് ഇപ്പോഴത്തേതെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

അതേസമയം ഇന്നലെ വൈകുന്നേരവും ഇമാം സാഹിബ് മേഖലയില്‍ വച്ച് സൈനിക വാഹനത്തിന് നേരെ ആക്രമണമുണ്ടായി. രാഷ്ട്രീയ റൈഫിള്‍സിലെ 62 സൈനികര്‍ തിരച്ചില്‍ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനിടെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഒരു സിവിലിയന്‍ ഡ്രൈവര്‍ കൊല്ലപ്പെടുകയും നാല് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. ഷോപ്പിയാനിലെ കച്ച്ദൂര ഗ്രാമത്തിലെ നസിര്‍ അഹമ്മദാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

താഴ്‌വരയിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാനാണ് തിരച്ചില്‍ നടത്തുന്നതെന്ന് ഇന്നലെ കരസേന മേധാവി ബിപിന്‍ റാവത്ത് വ്യക്തമാക്കിയിരുന്നു. ‘ബാങ്കുകള്‍ കൊള്ളയടിക്കപ്പെടുകയും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണങ്ങളുണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് തിരച്ചില്‍. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ഉറപ്പാക്കാനാണ് തിരച്ചില്‍. ഇത്തരം മുന്നേറ്റങ്ങള്‍ പതിവാണ്’ അദ്ദേഹം പറയുന്നു.

ഇതിനിടെയാണ് കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെയിലെ ഏറ്റവും വലിയ തിരച്ചിലാണ് കാശ്മീരില്‍ നടക്കുന്നതെന്ന് ഒരു ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപ്പത്രത്തോട് വെളിപ്പെടുത്തിയത്. ഭീകരരെ സമ്മര്‍ദ്ദത്തിലാക്കി അവരുടെ സുരക്ഷിത സ്ഥാനങ്ങളില്‍ പുറത്തുചാടിക്കലാണ് തിരച്ചിലിന്റെ ലക്ഷ്യമെന്നാണ് അദ്ദേഹം പറയുന്നത്. ഷോപ്പിയാനിലെ റമ്പി അര നദിയ്ക്ക് സമീപമുള്ള മലയിടുക്കുകളും തോട്ടങ്ങളുമാണ് ഭീകരരുടെ ഒളിത്താവളങ്ങള്‍. അവര്‍ക്ക് ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയ സംഘങ്ങളായി ഒത്തുചേരാനോ മുന്നേറാനോ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ റൈഫിള്‍സിന്റെ നാല് ബറ്റാലിയനുകളും സിആര്‍പിഎഫിന്റെ എട്ട് കമ്പനികളും മുപ്പത് വനിത കോണ്‍സ്റ്റബിള്‍മാര്‍ ഉള്‍പ്പെടെയുള്ള ജമ്മു കാശ്മീര്‍ പോലീസിന്റെ അഞ്ച് സേനാവിഭാഗങ്ങളും ഇന്ത്യന്‍ റിസര്‍വ് പോലീസും ഉള്‍പ്പെടുന്ന 4000 സുരക്ഷ ഉദ്യോഗസ്ഥരാണ് തിരച്ചിലില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഷോപ്പിയാനിലെ 20 ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് ഇന്നലെ പുലര്‍ച്ചെ മുതലാണ് തിരച്ചില്‍ ആരംഭിച്ചത്. കുഴിബോംബ് സംരക്ഷിത വാഹനങ്ങളും ബുള്ളറ്റ് പ്രൂഫ് കവചങ്ങളുമാണ് ഇവര്‍ ഉപയോഗിക്കുന്നത്.

അതേസമയം സുഗന്‍, തര്‍ക്‌വംഗന്‍, ഹെഫ്, ഷിര്‍മല്‍ തുടങ്ങിയ ഗ്രാമങ്ങളില്‍ സൈന്യം വീടുകള്‍ കയറി നടത്തുന്ന തിരച്ചിലില്‍ ഭീകര ബന്ധം ആരോപിച്ച് ചെറുപ്പക്കാരെ പിടിച്ചുകൊണ്ട് പോകുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഹെലിക്കോപ്റ്ററുകളും യുദ്ധവിമാനങ്ങളും തുടര്‍ച്ചയായി ഈ മേഖലയില്‍ റോന്ത് ചുറ്റുന്നതായി ചില പ്രദേശവാസികള്‍ പറയുന്നു. സൈനിക നീക്കങ്ങളോട് പ്രദേശവാസികള്‍ നടത്തിയ പ്രതിഷേധത്തില്‍ സുഗന്‍, ദ്രസ്‌പൊര, മല്‍ദൗര്‍, തര്‍ക്‌വംഗന്‍ ഗ്രാമങ്ങളില്‍ സൈന്യവുമായി ഏറ്റുമുട്ടലുണ്ടായി. ഇതില്‍ നാല് ഗ്രാമവാസികള്‍ക്ക് പരിക്കേറ്റെന്നും ഒരാളുടെ നെറ്റിയില്‍ വെടിയുണ്ടകൊണ്ടെന്നും ഗ്രാമവാസികള്‍ പറയുന്നു. കൂടാതെ സൈന്യം നടത്തിയ തിരച്ചിലില്‍ നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ജമ്മു കാശ്മീരിലെ ബാങ്കുകളില്‍ മോഷണം നടത്തിയവരും അഞ്ച് പോലീസുകാരെയും രണ്ട് സുരക്ഷ ഉദ്യോഗസ്ഥരെയും കൊലപ്പെടുത്തിയവരും ഉള്‍പ്പെടെയുള്ള ഭീകരര്‍ ഇവിടെ ഒളിവില്‍ കഴിയുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഭീകരര്‍ ഏതാനും വീഡിയോകള്‍ ഷോപ്പിയാനിലെ ആപ്പിള്‍ തോട്ടങ്ങളില്‍ വച്ച് തയ്യാറാക്കിയതായി അറിഞ്ഞ സൈന്യം ഈ തോട്ടങ്ങളിലും പരിശോധന നടത്തുന്നുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വീഡിയോകള്‍ ആണിത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍