UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇതും ബിഹാർ മോഡൽ: മദ്യനിരോധനം സാധാരണ ജീവിതങ്ങളെ തകർക്കുന്ന വിധം

Avatar

അഴിമുഖം പ്രതിനിധി

ഈ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്ന മദ്യ നിരോധന നിയമം ലംഘിക്കപ്പെടുന്നത് ബീഹാറില്‍ തുടര്‍ക്കഥയാകുന്നു. അതോടെ ചില തുഗ്ലക്കിയന്‍ ഭേദഗതികളുമായി രംഗത്തെത്തിയിരിക്കുകയാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.

ആഗസ്ത് ഒന്നിന് ബീഹാര്‍ അസംബ്ലി പാസാക്കിയ ‘ദി ബീഹാര്‍ എക്സൈസ് (അമെന്‍ഡ്മെന്‍റ്) ആക്ട് 2016 പ്രകാരം തുടര്‍ച്ചയായി നിയമം ലംഘിച്ചതിന് അര ഡസനോളം ഗ്രാമങ്ങള്‍ക്കാണ് കൂട്ടമായി പിഴ ചുമത്തിയിരിക്കുന്നത്. പുതിയ നിയമപ്രകാരം ഗ്രാമത്തിലെ എല്ലാവരും നിരോധന നിയമം ലംഘിച്ചിട്ടില്ലെങ്കില്‍ കൂടി വ്യക്തികളുടെ കുറ്റത്തിന് ഗ്രാമത്തിനൊട്ടാകെയാകും പിഴ ചുമത്തുന്നത്. ബീഹാറിലെ പല ഉള്‍നാടന്‍ ഗ്രാമങ്ങളും മഹുവയില്‍ നിന്നുണ്ടാക്കുന്ന വാറ്റിന് കുപ്രസിദ്ധമാണ്. 

അടുത്തിടെ എക്സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് പറ്റ്ന ഡിസ്ട്രിക്ട് മജിസ്ട്രേട്ടിനോട് (DM) ജില്ലയിലെ  ഫുല്‍വാരി ഷരീഫ് ബ്ലോക്കിലെ ഗോവിന്ദ്പൂര്‍ വില്ലേജിലെ മാഞ്ഝി തോല, ബെല്‍ദാരി തോല ഗ്രാമങ്ങളില്‍ നിന്ന് കൂട്ട പിഴ ഈടാക്കാന്‍ ആവശ്യപ്പെട്ടു. സമാനമായ ഉത്തരവ് ശൈഖ്പുര ഡിഎമ്മിനും നല്‍കുകയുണ്ടായി; മുരാര്‍പുര്‍ ഗ്രാമത്തിലെ ദര്‍ഹി തോലയുടെ മേല്‍ മൊത്തമായി പിഴ ചുമത്താനായിരുന്നു അത്. ഗോവിന്ദ്പൂര്‍, മുരാര്‍പുര്‍ ഗ്രാമങ്ങള്‍ മഹുവ വാറ്റിന് കുപ്രസിദ്ധമാണ്. 

പട്ടണപ്രാന്തങ്ങളില്‍ ഉള്ള കരോറി ബസാര്‍, ദിവാന്‍ പൊഖര്‍ എന്നീ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഇതേ കുറ്റത്തിന് കൂട്ടമായി പിഴ ശിക്ഷ കൊടുക്കാന്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ ഭഗല്‍പൂര്‍ ജില്ലാ മജിസ്ട്രേട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈയിടെ ജില്ലാ എക്സൈസ് ഉദ്യോഗസ്ഥരും പോലീസുകാരും ചേര്‍ന്നു നടത്തിയ റെയ്ഡില്‍ ഈ രണ്ടു സ്ഥലങ്ങളില്‍ നിന്നും വലിയ അളവില്‍ നാടന്‍ മദ്യം പിടിച്ചെടുത്തിരുന്നു.

നാടന്‍ മദ്യങ്ങള്‍ക്കു ഏപ്രില്‍ 1 മുതലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഏതാനും ദിവസങ്ങള്‍ക്കകം ഇത് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യങ്ങള്‍ക്കും ബാധകമാക്കി. വിവാദപരമായ മറ്റൊരു തീരുമാനത്തിലൂടെ പ്രാര്‍ത്ഥനാകര്‍മ്മങ്ങള്‍ക്കിടയില്‍ ആശീര്‍വാദമായി നല്‍കപ്പെടുന്ന വീഞ്ഞു നിര്‍മ്മിക്കാന്‍ പള്ളികള്‍ക്കുണ്ടായിരുന്ന സ്പെഷ്യല്‍ ലൈസന്‍സ് ബീഹാര്‍ ഗവണ്‍മെന്‍റ് റദ്ദാക്കി.

സമ്പൂര്‍ണ്ണ നിരോധനം നിലവില്‍ വന്നതോടെ ഗ്രാമവാസികള്‍ വീടുകളില്‍ മദ്യം വാറ്റാനും അനധികൃതമായി വില്‍ക്കാനും തുടങ്ങിയതായി എക്സൈസ് സൂപ്രണ്ടന്‍റ് വികേഷ് കുമാര്‍ പറഞ്ഞു. ഈ ഗ്രാമങ്ങളില്‍ നടന്ന റെയ്ഡുകളില്‍ വ്യാജ മദ്യവും താല്‍ക്കാലിക ഡിസ്റ്റിലറികളും കണ്ടെത്തുകയും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ എക്സൈസുകാര്‍ തിരികെ പോയിക്കഴിഞ്ഞാല്‍ അവര്‍ വീണ്ടും ഇതൊക്കെ തുടങ്ങും.

പുതിയ ഭേദഗതി പ്രകാരം സെക്ഷന്‍ 68-Iല്‍ മൊത്തമായി പിഴ ചുമത്താന്‍ പ്രൊവിഷനുണ്ട്. ഇതുപ്രകാരം ഡിസ്ട്രിക്ട് മജിസ്ട്രേട്ടിന് തുടര്‍ച്ചയായി നിരോധന നിയമം ലംഘിക്കുന്ന ഗ്രാമത്തിനോ പട്ടണത്തിനോ അവയ്ക്കുള്ളിലെ പ്രദേശങ്ങള്‍ക്കോ ഒരു പ്രത്യേക ഗ്രൂപ്പിനോ സമൂഹത്തിനോ മേല്‍ പിഴ ചുമത്താനുള്ള വിവേചനാധികാരമുണ്ട്. കൂട്ടമായ ഫൈന്‍ ചുമത്താന്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റുമാര്‍ക്ക് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. ഏപ്രില്‍ 1 മുതല്‍ മദ്യനിരോധനം കൊണ്ടുവന്ന മുന്‍നിയമത്തിലെ പഴുതുകള്‍ അടയ്ക്കാനാണ് പുതിയ നിയമനിര്‍മ്മാണം നടത്തിയതെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു.

സംസ്ഥാനത്ത് സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പിലാക്കുക എന്ന യജ്ഞം വിചിത്രവും പരിഹാസ്യവുമായ തലങ്ങളിലേയ്ക്കാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ കൊണ്ടു പോകുന്നത്; ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങളെ പോലും ഇത് ബാധിക്കുന്നു. ഏപ്രില്‍ 1 മുതലുള്ള നിരോധനം പ്രതീക്ഷിച്ച ഫലം ഉളവാക്കിയോ എന്ന് ഇനിയും വ്യക്തമല്ല. അതിനുമുന്‍പേ ബീഹാര്‍ ഗവണ്‍മെന്‍റ് ബീഹാര്‍ എക്സൈസ് ആക്ടിന് പുതിയ അമെന്‍ഡ്മെന്‍റ്  പാസ്സാക്കി. ഇതനുസരിച്ച് വീട്ടില്‍ നിന്ന് ഒരു കുപ്പി മദ്യം കണ്ടെടുത്താല്‍ ആ കുടുംബത്തിലെ സ്ത്രീകള്‍ ഉള്‍പ്പടെ ‘പ്രായപൂര്‍ത്തിയായ’ എല്ലാവരെയും അറസ്റ്റ് ചെയ്യാം എന്നാണ് വ്യവസ്ഥ. ഈ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ക്ക് ജാമ്യമില്ല എന്നുമാത്രമല്ല, 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ ജയില്‍ശിക്ഷ ലഭിക്കാം. ഇത്തരത്തില്‍ നിയമലംഘനം കണ്ടെത്തിയാല്‍ വീടും പരിസരവും സീല്‍ ചെയ്യുകയും പുതിയ അമെന്‍ഡ്മെന്‍റ്  പ്രകാരം വസ്തുവകകള്‍ ജപ്തി ചെയ്യുകയുമാകാം.

അമെന്‍ഡ്മെന്‍റിനെ എതിര്‍ത്ത പ്രതിപക്ഷ കക്ഷികള്‍ ‘നിര്‍ദ്ദയം’, ‘തുഗ്ലക്കിന്‍റെ ആജ്ഞ’ എന്നൊക്കെയാണ് വ്യവസ്ഥകളെ വിശേഷിപ്പിച്ചത്. ഇവ നടപ്പിലാക്കിയാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ പറ്റി അവര്‍ മുന്നറിയിപ്പു നല്‍കുന്നു. കുറ്റത്തില്‍ പങ്കാളികളല്ലാത്തവരെ കൂടി തോന്നുന്നപ്പോലെ, അന്യായമായി ശിക്ഷിക്കാനിടയാക്കുന്നു എന്നു മാത്രമല്ല, ഏതെങ്കിലും രീതിയില്‍ വിരോധം തോന്നിയാല്‍ പക പോക്കാനായി അവരുടെ വീട്ടില്‍ മദ്യക്കുപ്പി കൊണ്ടുപോയിട്ട് നിയമം ദുരുപയോഗം ചെയ്യാം. അസമത്വവും ഭിന്നതയും നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍, പ്രത്യേകിച്ച് ബീഹാര്‍ പോലെയൊരു സംസ്ഥാനത്ത് പോലീസും എക്സൈസ് ഉദ്യോസ്ഥരും സാധാരണക്കാരെ ഉപദ്രവിക്കാനായി ഈ നിയമങ്ങള്‍ ദുരുപയോഗപ്പെടുത്തില്ല എന്നതിന് ഒരുറപ്പുമില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍