UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിഹാറില്‍ മോദി തോറ്റതും നിതീഷ്‌-ലാലു സഖ്യം ജയിച്ചതും: 8 കാരണങ്ങള്‍

Avatar

ടീം അഴിമുഖം

1-നിതീഷ് കുമാറിനെതിരെ ഭരണ വിരുദ്ധ വികാരം ഉണ്ടായിരുന്നില്ല. ബിഹാറിലെ ഏറ്റവും ജനപ്രിയനായ നേതാവാണ് അദ്ദേഹം. 

മഹാസംഖ്യത്തെ ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം സഹായിച്ച ഘടകങ്ങളിലൊന്ന് ബിഹാറിലെ സമ്മതിദായകര്‍ക്കിടയില്‍ നിതീഷ് കുമാറിനുള്ള ജനപ്രിയതയാണ്. എല്ലാ സര്‍വ്വേകളിലും ഏറ്റവും ജനസമ്മതിയുള്ള മുഖ്യമന്ത്രിയെ സ്ഥാനാര്‍ത്ഥി നിതീഷ് തന്നെയായിരുന്നു. ഭരണവിരുദ്ധ വികാരം ഒരു തെരഞ്ഞെടുപ്പാന്‍ ജയിക്കാന്‍ മാത്രം പ്രാപ്തമല്ല. വോട്ടര്‍മാര്‍ രാജ്യത്താകെയും മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന മുഖ്യമന്ത്രിമാര്‍ക്ക് അനുകൂലമാകാറുണ്ട്. നരേന്ദ്ര മോദി ഗുജറാത്തിലും ശിവരാജ് ചൗഹാന്‍ മധ്യപ്രദേശിലും, രമണ്‍ സിങ് ഛത്തീസ്ഗഡിലും നവീന്‍ പട്‌നായിക് ഒഡിഷയിലും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വീണ്ടും വിജയിച്ചുകയറിയത് തങ്ങളുടെ വ്യക്തിഗത മികവിലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അവരുടെ കക്ഷികളുടെ പ്രകടനം അത്രത്തോളമില്ലായിരുന്നു എന്നും കാണാം. മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന ഒരു മുഖ്യമന്ത്രിക്ക് ദേശീയ ഗതിയെ തടഞ്ഞുനിര്‍ത്തി സംസ്ഥാന തെരഞ്ഞെടുപ്പ് ജയിക്കാമെന്നാണ് മൂന്നാം തവണയും ബിഹാറില്‍ വിജയം നേടിയ നിതീഷ് തെളിയിച്ചിരിക്കുന്നത്. 

2.-2014ലെ ലോക്‌സഭാ ഫലം ഒരു അന്തിമ മാര്‍ഗരേഖയാണെന്ന് ബി ജെ പി കരുതി. പക്ഷേ അതങ്ങനെ അല്ലായിരുന്നു. 

വിവിധ തരം തെരഞ്ഞെടുപ്പുകളില്‍ വ്യത്യസ്തമായ രീതിയില്‍ പ്രതികരിക്കുന്ന വോട്ടര്‍മാരുടെ രീതി വര്‍ധിക്കുകയാണ്. തെങ്ങിനും കവുങ്ങിനും വെവ്വേറെ തളപ്പുകളുണ്ടാക്കണമെന്ന തത്ത്വം പോലെയാണ് അവരിപ്പോള്‍ തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത്. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ഇത് വ്യക്തമായിരുന്നു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി ആകെയുള്ള 7 സീറ്റുകളും തൂത്തുവാരിയപ്പോള്‍ 2015ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 70ല്‍ വെറും 3 സീറ്റ് മാത്രമാണു അവര്‍ക്ക് നേടാനായത്. നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയും അരവിന്ദ് കേജ്രീവാളിനെ മുഖ്യമന്ത്രിയുമായി കാണാനാണ് താത്പര്യപ്പെടുന്നത് എന്നായിരുന്നു ഡല്‍ഹിയിലെ വോട്ടര്‍മാര്‍ക്കിടയിലെ ഒരു പൊതുവികാരം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദിയുടെ പ്രചാരണസംഘത്തിന്റെ തലപ്പത്തിരുന്ന പ്രശാന്ത് കിഷോര്‍ ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്റെ കൂടെയായിരുന്നു. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ സൂചനകള്‍ സംഘം കൊളുത്തിയെടുത്തു. പ്രധാനമന്ത്രി-മുഖ്യമന്ത്രി വൈരുദ്ധ്യം ബുദ്ധിപൂര്‍വം ഉപയോഗിച്ച അവര്‍ ‘ബിഹാറിക്കെതിരെ ബാഹറി/പുറത്തുള്ളയാള്‍’ എന്ന പ്രചാരണവാചകവും ഇറക്കി. സ്വാഭാവികമായും ബിഹാര്‍ ബിഹാറിയെ തെരഞ്ഞെടുത്ത്. 

3-ആര്‍ എസ് എസ് മേധാവിയുടെ ക്വാട്ട പരാമര്‍ശം തിരിച്ചടിയായി

ജാത്യാധിഷ്ഠിത സംവരണത്തെക്കുറിച്ച് പുനരാലോചിക്കേണ്ട സമയമായെന്ന ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതിന്റെ പരാമര്‍ശം ബി ജെ പിയെ സംബന്ധിച്ചു ഏറ്റവും മോശമായ സമയത്തായിരുന്നു വന്നത്. ‘Indians don’t cast their vote but vote their caste’എന്ന പറച്ചിലിനെ ഏറ്റവുമധികം സാധൂകരിക്കുന്ന സംസ്ഥാനമാണ് എക്കാലത്തും ബിഹാര്‍. മഹാസഖ്യത്തിന് അടിച്ചുപറത്താന്‍ കിട്ടിയ ഒരു ‘ഫ്രീ ഹിറ്റ്’ ആയിരുന്നു ഭഗവതിന്റെ പ്രസ്താവന. ആര്‍ ജെ ഡി നേതാവ് അതൊരു മുന്നോക്കക്കാരും പിന്നാക്കക്കാരും തമ്മിലുള്ള മത്സരമായി വിശേഷിപ്പിച്ചു. വിജയിച്ചാല്‍ ബിഹാര്‍ മുഖ്യമന്ത്രിയായി ഒരു ഒ ബി സിക്കാരനെ പ്രഖ്യാപിക്കുമെന്ന് ബി ജെ പി ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും പറ്റാനുള്ള അപകടം പറ്റിയിരുന്നു. 

4-മുസ്ലീങ്ങള്‍ക്ക് ബി ജെ പിയിലുള്ള വിശ്വാസമില്ലായ്മ 

മുസ്ലിങ്ങളും ബി ജെ പിയും തമ്മില്‍ എക്കാലത്തും വിശ്വാസരാഹിത്യമുണ്ട്. അവര്‍ എന്നും ബി ജെ പിക്ക് എതിരായിരിക്കുകയും ചെയ്യും. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ മുസ്ലിം വോട്ടുകള്‍ വിഭജിച്ചു പോയത് ബി ജെ പിയെ ഏറെ സഹായിച്ചിരുന്നു. എന്നാല്‍ ലാലു പ്രസാദ്-നിതീഷ് കുമാര്‍ സഖ്യം മുസ്ലിം വോട്ടുകള്‍ ഒന്നിക്കാന്‍ ഇടവരുത്തുകയും നിയമസഭ തെരഞ്ഞെടുപ്പില്‍ അവരുടെ ശക്തി കുത്തനെ കൂട്ടാന്‍ സഹായിക്കുകയും ചെയ്തു. മാത്രവുമല്ല, ദാദ്രിയിലെ കൊലപാതകവും, പശുവിറച്ചി സംബന്ധിച്ച മറ്റ് വിവാദങ്ങളും ബി ജെ പിക്കെതിരെ വോട്ട് ചെയ്യാന്‍ മുസ്ലിങ്ങളെ കൂടുതല്‍ പ്രേരിപ്പിച്ചിരുന്നിരിക്കാം. 

5-അസസുദ്ദീന്‍ ഒവൈസി നനഞ്ഞ പടക്കമായി

അസസുദ്ദീന്‍ ഒവൈസിയും അയാളുടെ ഓള്‍ ഇന്‍ഡ്യ മജ്‌ലിസ്ഇഇത്തിഹാദ്അല്‍ മുസ്ലീമീന്‍ (AIMIM) കക്ഷിയും ഇത്തവണ ബിഹാര്‍ തെരഞ്ഞെടുപ്പിലെ നിര്‍ണായാക ശക്തികളാകുമെന്നായിരുന്നു ധാരണ. അത് ബി ജെ പിയെ സഹായിക്കുമെന്നും. പക്ഷേ വോട്ടെടുപ്പിലേക്ക് നീങ്ങും തോറും ഒവൈസി വോട്ട് വിഭജിക്കാന്‍ മാത്രമേ ഉതകൂ എന്നു സ്ഥാപിക്കാന്‍ മഹാസഖ്യത്തിനായി. അയാള്‍ക്ക് ഒരു സ്വാധീനവും ഉണ്ടാക്കാനുമായില്ല. 

അവസാന വിജയം ലാലുവിന്റേതാകുമ്പോള്‍
ബിഹാര്‍ തെരഞ്ഞെടുപ്പ്; പ്രമുഖരുടെ ട്വീറ്റുകള്‍
പശുവും ചാണകവും പിന്നെ ബിഹാര്‍ തെരഞ്ഞെടുപ്പും; മാര്‍ക്കണ്ഡേയ ഖട്ജുവിന്റെ പോസ്റ്റ്‌ വൈറലാവുന്നു
ബിഹാറില്‍ മഹാവിജയം

6-കോണ്‍ഗ്രസിന്റെ നഷ്ടം ബി ജെ പിയുടെ നേട്ടമായില്ല 

ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ കൊഴിഞ്ഞുപോക്ക് തുടരുകയാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെ നഷ്ടം ബി ജെ പിയുടെ നേട്ടമാകുന്നില്ല. വാസ്തവത്തില്‍, അസംതൃപ്തരായ ഭൂരിപക്ഷം കോണ്‍ഗ്രസ് വോട്ടര്‍മാരും AAPക്കു വോട്ട് ചെയ്തപ്പോള്‍ ഡല്‍ഹിയില്‍ ബി ജെ പി നിലംതൊടാതെ പൊട്ടുകയായിരുന്നു. കോണ്‍ഗ്രസില്ലാത്ത ഏതൊരു ദ്വന്തയുദ്ധത്തിലും, പ്രത്യേകിച്ചും ബിഹാറിലെപ്പോലെ ഒരു നിര്‍ണായക പങ്ക് വോട്ടര്‍മാര്‍ മുസ്ലീംങ്ങളായിരിക്കെ, ബി ജെ പിക്ക് കാര്യങ്ങള്‍ ഒട്ടും എളുപ്പമാകില്ല. ബിഹാറില്‍ തങ്ങള്‍ക്ക് കാര്യമായൊന്നും ചെയ്യാനില്ലെന്ന തിരിച്ചറിവുണ്ടായിരുന്ന കോണ്‍ഗ്രസ് ബി ജെ പിയുടെ വിജയം തടയാനായിരുന്നു ശ്രമിച്ചത്. ജെ ഡി (യു)ആര്‍ ജെ ഡി ബന്ധം ഉറപ്പാക്കാനും നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അംഗീകരിപ്പിക്കാനും കോണ്‍ഗ്രസ് നിര്‍ണായക സ്വാധീനം ചെലുത്തി. അങ്ങനെയാണ് ബി ജെ പി വളരെയെളുപ്പത്തില്‍ വിജയം തട്ടിയെടുക്കാതിരിക്കാന്‍ കോണ്‍ഗ്രസ് നീക്കങ്ങള്‍ നടത്തിയത്. 

7-മോദിയുടെ ഒറ്റയാള്‍ പട്ടാളം തളരുന്നു 

രാജ്യത്ത് ഏറ്റവും ജനസമ്മതിയുള്ള ബി ജെ പി നേതാവ് മോദി തന്നെയാണ്. പക്ഷേ മോദിയുടെ പേരില്‍ എല്ലാ തെരഞ്ഞെടുപ്പും ജയിക്കാനാകില്ല. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിറങ്ങവേ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മികവിന്റെ കാലം മോദിക്കൊപ്പമുണ്ടായിരുന്നു. പക്ഷേ പ്രധാനമന്ത്രി മോദിക്ക് പരിപ്പിന്റെ വില കുത്തനെ ഉയര്‍ന്നതുപോലുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടിവരും. പ്രകടനങ്ങള്‍ക്ക് ആളെക്കൂട്ടാന്‍ ഇപ്പോഴും മോദിക്കാവുന്നു എന്നത് ചെറിയ കാര്യമല്ല. പക്ഷേ അതുമാത്രം പോര തെരഞ്ഞെടുപ്പുകള്‍ ജയിക്കാന്‍. 

8-പ്രാദേശിക നേതൃത്വത്തിന്റെ അഭാവം

പ്രാദേശിക നേതാക്കള്‍ ബി ജെ പിയുടെ ഏറ്റവും വലിയ ശക്തിയായിരുന്ന ഒരു സമയമുണ്ടായിരുന്നു. ഗുജറാത്തില്‍ മോദി, മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്‍, ഛത്തീസ്ഗഡില്‍ രമണ്‍ സിങ്, രാജസ്ഥാനില്‍ വസുന്ധര രാജെ; കോണ്‍ഗ്രസിന് അസൂയയോടെ നോക്കാനല്ലാതെ ഒന്നുമാകില്ലായിരുന്നു. എന്നാല്‍ കേന്ദ്രബിംബമായി മോദി പ്രധാനമന്ത്രിയായതോടെ ബി ജെ പിയില്‍ ഒരു കേന്ദ്രീകരണ പ്രവണത ശക്തമാവുകയും പ്രാദേശിക നേതാക്കള്‍ ഒതുക്കപ്പെടുകയും ചെയ്തു. ചിലയിടങ്ങളില്‍ അവരുടെ സാന്നിധ്യം വെറുതെ പേരിനു മാത്രമായിരുന്നു. ബിഹാറിനെ പോലെ കടുത്ത പോരാട്ടം നടക്കുന്ന ഒരിടത്ത് വലിയ പങ്കാളിത്തവും താത്പര്യവുമില്ലാത്ത പ്രാദേശിക നേതൃത്വം ബി ജെ പിക്ക് വലിയ കുറവുതന്നെയാണ്.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍