UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അവസാന വിജയം ലാലുവിന്റേതാകുമ്പോള്‍

Avatar

അഴിമുഖംപ്രതിനിധി

ബിഹാറില്‍ മഹാസഖ്യത്തിന്റെ ശക്തമായ വിജയം രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയഭാവിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പു കൂടിയാണ്. ഇതുവരെ പൊതുവെ അവഗണിക്കപ്പെട്ടിരുന്ന ലാലു ഇനി ബിഹാര്‍ രാഷ്ട്രീയത്തില്‍ മാത്രമല്ല ദേശീയ രാഷ്ട്രീയത്തിലും ബിജെപിക്കെതിരായ മതേതരശക്തികളുടെ പോരാട്ടത്തിലെ ഭാഗ്യമുദ്രയാകും.

രാഘൊപുറില്‍ നിന്നു വിജയിച്ചെത്തിയ മകന്‍ തോജസ്വി യാദവിന് ഉപമുഖ്യമന്ത്രിസ്ഥാനം ലാലു ആവശ്യപ്പെട്ടാലും അത്ഭുതമില്ല. നിതീഷ്‌കുമാറിന്റെ മന്ത്രിസഭയില്‍ പ്രധാനവകുപ്പുകള്‍ ആവശ്യപ്പടാനും അദ്ദേഹം മടിക്കില്ല.

തേജസ്വി മന്ത്രിസഭയിലെ രണ്ടാമനായാല്‍ ലാലുവിന് സര്‍ക്കാരില്‍ ശക്തമായ നിയന്ത്രണം കൈവരും. ജെഡി-യുവിനെക്കാള്‍ ആര്‍ജെഡിക്കു കൂടുതല്‍ സീറ്റുകള്‍ ലഭിച്ചതിനാല്‍ യഥാര്‍ത്ഥ മുഖ്യമന്ത്രി ലാലുവാണെന്നുവരും. ഭരണകാര്യങ്ങളില്‍, പ്രത്യേകിച്ച് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങളിലും മറ്റും കര്‍ശനമായി നിയമം പാലിക്കുന്ന നിതീഷ്‌കുമാര്‍ അധികാരവിനിയോഗത്തില്‍ പിന്തള്ളപ്പെടുകയും ചെയ്യും. നയരൂപീകരണത്തിലും അവ തന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ചു നടപ്പാക്കുന്നതിലും ലാലുവിനെ തടയാന്‍ ആര്‍ക്കുമാകില്ലെന്ന് മുന്‍മന്ത്രിയും ലാലുവിന്റെ അടുത്തയാളുമായ ജഗദാനന്ദ് സിങ് പറയുന്നു.

ബിജെപിക്കെതിരെയുള്ള പോരാട്ടത്തില്‍ നിതീഷ്‌കുമാറിന് വ്യവസ്ഥകളില്ലാത്ത പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞ വര്‍ഷം രംഗത്തെത്തിയാണ് ലാലു തന്റെ രാഷ്ട്രീയ ചാതുര്യം തെളിയിച്ചത്. ഇതോടെ സര്‍ക്കാരില്‍ ലാലുവിന് മുന്‍പില്ലാത്ത സ്വാധീനം കൈവന്നു. സംസ്ഥാന തെരഞ്ഞെടുപ്പിനു മുന്‍പ് ഉദ്യോഗസ്ഥരെ തന്നിഷ്ടം പോലെ സ്ഥലംമാറ്റാന്‍ ലാലു ഈ സ്വാധീനം ഉപയോഗിക്കുകയും ചെയ്തു. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാടലീപുത്രത്തില്‍ മല്‍സരിച്ചു പരാജയപ്പെട്ട പുത്രി മിസ ഭാരതിക്ക് രാജ്യസഭാ സീറ്റ് ആവശ്യപ്പെടാനും ലാലു മടിക്കില്ലെന്ന് അഭ്യൂഹമുണ്ട്.

കാലിത്തീറ്റ കുംഭകോണക്കേസില്‍ മേല്‍ക്കോടതിയില്‍ നിന്ന്‍ എതിര്‍വിധി വന്നാല്‍ വീണ്ടും ജയിലിലേക്കു മടങ്ങേണ്ടിവരും എന്നതുമാത്രമാണ് ലാലുവിനെ പിന്തുടരുന്ന ഭയം. ഈ ഭയമാണ് 1997-ല്‍ ഭാര്യ റാബ്‌റി ദേവിയെ മുഖ്യമന്ത്രിയാക്കാന്‍ ലാലുവിനെ പ്രേരിപ്പിച്ചത്.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയില്‍ ഒതുങ്ങിപ്പോയ ലാലുവിന് ബിഹാറിലെ നേട്ടത്തോടെ ദേശീയരാഷ്ട്രീയത്തിലെ പ്രധാന പ്രതിപക്ഷനേതാക്കളില്‍ ഒരാളെന്ന നിലയില്‍കൂടുതല്‍ പ്രാധാന്യവും കൈവരും.

ബിഹാറില്‍ മോദി തോറ്റതും നിതീഷ്‌-ലാലു സഖ്യം ജയിച്ചതും: 8 കാരണങ്ങള്‍
പശുവും ചാണകവും പിന്നെ ബിഹാര്‍ തെരഞ്ഞെടുപ്പും; മാര്‍ക്കണ്ഡേയ ഖട്ജുവിന്റെ പോസ്റ്റ്‌ വൈറലാവുന്നു
ബിഹാറില്‍ മഹാവിജയം
ബിഹാര്‍ തെരഞ്ഞെടുപ്പ്; പ്രമുഖരുടെ ട്വീറ്റുകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയില്‍നിന്നു ലാലു തുടങ്ങാനിരിക്കുന്ന ബിജെപിക്കെതിരായ പ്രചാരണത്തിന്റെ പ്രധാനലക്ഷ്യം ‘ബിജെപിയുടെ അശ്വമേധത്തിന് ബിഹാറില്‍ കടിഞ്ഞാണിട്ട മതേതരനേതാവ്’ എന്ന പ്രതിച്ഛായ ശക്തിപ്പെടുത്തലും കൂടിയാണ്. 1990ല്‍ സമസ്തിപ്പൂരില്‍ ബിജെപി നേതാവ് എല്‍ കെ അദ്വാനിയുടെ രഥയാത്ര അന്ന് മുഖ്യമന്ത്രിയായിരുന്ന ലാലു തടഞ്ഞതിന്റെ ബാക്കിയാകും ഇനിയുള്ള പരിപാടികള്‍ എന്നുവേണം കരുതാന്‍. ബിജെപിയുടെ ഹിന്ദുത്വ അജണ്ടക്കെതിരെ പിന്നാക്കജാതിക്കാരെ അണിനിരത്താന്‍ അന്നു പുറത്തെടുത്ത ‘കമണ്ഡലുവിനെതിരെ മണ്ഡല്‍’ പോരാട്ടവും ലാലുവിന്റെ പ്രതിഛായയ്ക്കു തിളക്കമേകും.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍