UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബീഹാര്‍; ആര്‍ക്ക് വേണം എക്സിറ്റ് പോള്‍?

Avatar

ടീം അഴിമുഖം

ബിഹാറില്‍ അവസാനഘട്ട വോട്ടെടുപ്പ് നടന്ന വെള്ളിയാഴ്ച വൈകുന്നേരം പുറത്തുവിടുമെന്ന് പ്രഖ്യാപിച്ച എക്‌സിറ്റ് പോള്‍ ഫലം സിഎന്‍എന്‍ ഐബിഎന്‍ ചാനല്‍ പ്രക്ഷേപണം ചെയ്തില്ല. മുകേഷ് അംബാനിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ ഭാഗമായ ഈ വാര്‍ത്താ ചാനല്‍ ഈ എക്‌സിറ്റ് പോള്‍ പ്രഖ്യാപനം വെള്ളിയാഴ്ച വൈകുന്നേരം പ്രക്ഷേപണം ചെയ്യുമെന്ന് ഒരാഴ്ചയോളം പരസ്യം നല്‍കിയിരുന്നു. മറ്റു ചാനലുകളെല്ലാം തങ്ങളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വിട്ടപ്പോള്‍ ഈ ഫലങ്ങളെ വിലയിരുത്തിയുള്ള റിപ്പോര്‍ട്ടുകളാണ് നേരത്തെ എക്‌സിറ്റ് പോള്‍ പ്രഖ്യാപനത്തിനു നിശ്ചയിച്ച സമയത്ത് ചാനല്‍ പ്രക്ഷേപണം ചെയ്തത്.

എക്‌സിറ്റ് പോള്‍ നടത്താന്‍ ചാനല്‍ ചുമതലപ്പെടുത്തിയ ഏജന്‍സി നിതീഷ് കുമാറിന്റെ മഹാസഖ്യം ബിഹാറില്‍ തൂത്തുവാരുന്ന വിജയം കാഴ്ചവയ്ക്കുമെന്ന് പ്രവചിച്ചതാണു കാരണം. അംബാനി കുടുംബത്തിന്റെ മോദിയോടുള്ള അടുപ്പം ഒരു ദേശീയ രഹസ്യമൊന്നുമല്ലെങ്കിലും ചാനല്‍ അനൗദ്യോഗികമായി വളരെ വ്യത്യസ്തമായ വിശദീകരണമാണ് നല്‍കുന്നത്. ഇന്ത്യയിലെ തെരഞ്ഞെടുപ്പു സര്‍വേകള്‍ക്കും എക്‌സിറ്റ് പോളുകള്‍ക്കും എവിടെയാണ് പിഴക്കുന്നത് എന്നതിനെ കുറിച്ച് നമുക്ക് ഒരുപാട് പറഞ്ഞു തരുന്ന ഒരു വിശദീകരണമാണിത്.

ചാനലിനു വേണ്ടി സര്‍വേ നടത്തിയ ഏജന്‍സിയായ ആക്‌സിസ് എപിഎം നല്‍കുന്ന വിശദീകരണങ്ങള്‍ തൃപ്തികരമല്ലാത്തതിനാലാണ് എക്‌സിറ്റ് പോള്‍ ഫലം പ്രക്ഷേപണം ചെയ്യാതെ ഉപേക്ഷിച്ചതെന്ന് ചാനല്‍ വൃത്തങ്ങള്‍ പറയുന്നു. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിന് ഏറ്റവും കൂടുതല്‍ സീറ്റുകളാണ് (169-183) ഈ എക്‌സിറ്റ് പോള്‍ പ്രവചിച്ചിരുന്നത്. ബിജെപിക്കും സഖ്യത്തിനും 58-70 സീറ്റുകളും മറ്റുള്ളവര്‍ക്ക് 3-7 സീറ്റുകളും മാത്രമെ ലഭിക്കൂവെന്നുമാണ് ആക്‌സിസ് സര്‍വേ പ്രവചിച്ചത്.

എങ്ങനെയാണ് ഇത്രയും കൂടുതല്‍ സീറ്റുകള്‍, പ്രത്യേകിച്ച് കോണ്‍ഗ്രസിന് മത്സരിക്കുന്ന 41 സീറ്റില്‍ 26-30 വരെ ലഭിക്കുമെന്ന് പ്രവചിക്കുന്നത് എന്നു വിശദീകരിക്കണമെന്ന് ചാനല്‍ ആക്‌സിസ് എപിഎമ്മിനോട് ആവശ്യപ്പെട്ടു. ഇതോടൊപ്പം മറ്റു വിശദീകരണങ്ങളും തേടിയിട്ടുണ്ട്. എന്നാല്‍ ആക്‌സിസ് നല്‍കിയ വിശദീകരണവും ശേഖരിച്ച വിവരം പങ്കുവയ്ക്കാനാവില്ലെന്ന അവരുടെ നിലപാടും ചാനല്‍ അധികൃതര്‍ക്കു തൃപ്തികരമായിരുന്നില്ല.

ചാനല്‍ അധികൃതര്‍ തങ്ങള്‍ സ്ഥിതിവിവരകണക്കു ശാസ്ത്രത്തിലെ നിപുണരാണെന്ന് അഭിനയിക്കുകയാണിപ്പോള്‍. അസംബന്ധ പ്രവചനങ്ങളും തെറ്റായ വാദങ്ങളും കേട്ടു ശീലിച്ച ഇന്ത്യക്കാരല്ല തങ്ങളെന്നാണ് ഭാവം. ഇന്ത്യയിലെ തെരഞ്ഞെടുപ്പു പ്രവചനങ്ങളുടെ വിശ്വാസ്യത എന്നത് വളരെ ഏറെ കാലമായി ചോദ്യം ചെയ്യപ്പെട്ടുവരുന്ന ഒന്നാണ്. എന്നാല്‍ ഈ സര്‍വേകളുടെ വിശ്വാസ്യതയെ ചൊല്ലി സിഎന്‍എന്‍- ഐബിഎന്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നു എന്നത് ഒരു അസാധാരണ സംഭവമാണ്.

മറ്റു ചാനലുകളിലെ ബിഹാര്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തമ്മില്‍ അന്തരങ്ങളുണ്ട്. ഇവ വെറും സ്ഥിതിവിവര കണക്കുകള്‍ വച്ചുള്ള വിദശീകരണങ്ങള്‍ കൊണ്ട് വേഗത്തില്‍ ന്യായീകരിക്കാവുന്നവ അല്ല. മാത്രവുമല്ല ഈ സര്‍വേകളില്‍ ഇഴചേര്‍ന്ന പല മുന്‍വിധികളെയും പ്രതിഫലിപ്പിക്കുന്നവയുമാണ്. ന്യൂസ്24 പോലുള്ള ചാനലുകള്‍ക്കു വേണ്ടി കഴിഞ്ഞ കാലങ്ങളില്‍ ഏതാണ്ട് ശരിയായി പ്രവചനം നടത്തിയ ടുഡേയ്‌സ് ചാണക്യയുടേതു പോലുള്ള സര്‍വേകള്‍ ബിഹാറില്‍ ബിജെപിക്ക് സുനിശ്ചിത വിജയം നല്‍കുന്നു. മറ്റു ഏജന്‍സികളുടെ സര്‍വേ ഫലങ്ങള്‍ കടുത്ത മത്സരമാണെന്ന പ്രവചനമാണ് നടത്തിയിരിക്കുന്നത്. വാസ്തവത്തില്‍ മറ്റെല്ലാവരും ജെഡിയു-ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യം ബിജെപിക്കെതിരേ വ്യക്തമായ മുന്നേറ്റം നടത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ തെരഞ്ഞെടുപ്പു പ്രവചനങ്ങള്‍ വ്യാപകമായ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി എക്‌സിറ്റ് പോളുകളിലെ ഇത്തരം അന്തരങ്ങള്‍ ഒരു അംഗീകൃത പ്രവണതയാണ്. 2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി ജയത്തെ കുറിച്ച് എല്ലാ എക്‌സിറ്റ് പോളുകളും കൃത്യമായ ചിത്രം നല്‍കിയപ്പോഴും അവരുടെ കണക്കുകള്‍ വളരെ വ്യത്യസ്തമായിരുന്നു. ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണിക്ക് 340 സീറ്റുകളും ഇതില്‍ ബിജെപിക്ക് 291 സീറ്റുമാണ് ടുഡേയ്‌സ് ചാണക്യ പ്രവചിച്ചിരുന്നത്. ബിജെപി 282 സീറ്റുകള്‍ നേടി. എന്‍ഡിഎക്ക് മൊത്തം 336 സീറ്റുകളും ലഭിച്ചു. എന്‍ഡിഎക്ക് 249 സീറ്റുകളില്‍ ജയിക്കാനാകുമെന്നായിരുന്നു ടൈംസ് നൗ-ഒആര്‍ജി സര്‍വേ പ്രവചിച്ചത്. സിഎസ്ഡിഎസ്-ലോക്‌നീതി സര്‍വേ എന്‍ഡിഎക്ക് 276 സീറ്റും ഇന്ത്യാ ടുഡേ-സിസെറോ സര്‍വേ 272 സീറ്റുകളുമാണ് പ്രവചിച്ചിരുന്നത്. എല്ലാ സര്‍വേകളും യുപിയില്‍ ബിജെപിക്ക് 60-ല്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കില്ലെന്നായിരുന്നു പ്രവചിച്ചിരുന്നത്. എന്നാല്‍ 80 ലോക്‌സഭാ സീറ്റുകളില്‍ 71-ഉം ബിജെപി നേടി ശക്തമായ ഒരു തിരിച്ചുവരവു നടത്തി. 4.3 ശതമാനം വോട്ടുകള്‍ നേടിയെയെങ്കിലും മായാവതിയുടെ ബിഎസ്പി അപ്രത്യക്ഷമാകുമെന്ന് മൂന്‍കൂട്ടി കാണാന്‍ ഒരു സര്‍വേക്കും ആയതുമില്ല.

2015 ഫെബ്രുവരിയില്‍ നടന്ന ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോളുകള്‍ എഎപി വിജയം പ്രവചിച്ചെങ്കിലും 70-ല്‍ 67 സീറ്റും എഎപി തൂത്തുവാരുമെന്ന് മുന്‍കൂട്ടി കാണാനും സര്‍വേകള്‍ക്ക് കഴിഞ്ഞില്ല. എഎപിക്ക് 44 സീറ്റും ബിജെപിക്ക് 22 സീറ്റുമായിരുന്നു ടുഡേയ്‌സ് ചാണക്യയുടെ പ്രവചനം. ബിജെപിക്ക് ലഭിച്ചത് വെറും മൂന്നു സീറ്റുകള്‍ മാത്രം.

ഇന്ത്യയില്‍ ഒരു സര്‍വേ നടത്തുന്നതില്‍ അടങ്ങിയിട്ടുള്ള സങ്കീര്‍ണ്ണതകള്‍ തെരഞ്ഞെടുപ്പു സര്‍വേകളും സ്ഥിതിവിവരക്കണക്കു വിശകലന വിദഗ്ധരും തുറന്നു സമ്മതിച്ചതാണ്. വിവിധ തട്ടുകളിലായി വ്യാപിച്ചു കിടക്കുന്ന സമൂഹവും പടിഞ്ഞാറുള്‍പ്പെടെ മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏകജാതീയ സ്വഭാവം തീരെയില്ലാത്തതുമായ ഇന്ത്യയിലെ സാമൂഹിക സ്ഥിതി കൃത്യമായ പ്രവചനങ്ങളെ കടുപ്പമുള്ളതാക്കുന്നു.

ഈ സങ്കീര്‍ണതകള്‍ക്കെല്ലാം പുറമെ ഇന്ത്യയില്‍ ലളിതമായ ഒരു ഇരു പാര്‍ട്ടി മത്സരമല്ല നടക്കുന്നത് എന്നതും പലവിധ പാര്‍ട്ടികളും സഖ്യങ്ങളും മത്സര രംഗത്തിറങ്ങുന്നുവെന്നതും പ്രവചനങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ സര്‍വേയ്ക്കുള്ള സാംപിള്‍ ശേഖരണം ഒരു വെല്ലുവിളിയും അത് മൊത്തത്തിലുള്ള ഒരു ചിത്രം പിടിക്കാന്‍ അപര്യാപ്തവുമാണ്.

ശേഖരിച്ച വിവരങ്ങളെ ഈ എക്‌സിറ്റ് പോളുകള്‍ ക്രമീകരിച്ചെടുക്കുന്ന രീതിയും വിവിധ ഘട്ടങ്ങളില്‍ ഈ പ്രക്രിയയിലേക്ക് ഇഴഞ്ഞു കയറുന്ന മുന്‍വിധികളുമാണ് അനിശ്ചിതത്വങ്ങള്‍ക്കിടവരുത്തുന്ന മറ്റൊരു ഘടകം. ഓരോ പാര്‍ട്ടിക്കും ലഭിക്കാവുന്ന വോട്ടുകളുടെ ശതമാനമാണ് അടിസ്ഥാനപരമായി എക്‌സിറ്റ് പോളുകള്‍ നല്‍കുന്നത്. ഈ ശതമാനം പിന്നീട് സീറ്റുകളാക്കി പരിവര്‍ത്തിക്കപ്പെടുന്നു. ഇതൊരു പ്രയാസമേറിയ പ്രക്രിയയാണ്. ഈ പരിവര്‍ത്തന പ്രക്രിയയില്‍ ഉള്‍പ്പെട്ടവരുടെ മുന്‍വിധികളും ഇതില്‍ സ്വാധീനം ചെലുത്തിയേക്കാം.

ഇവിടെ അവശേഷിക്കുന്ന ചോദ്യങ്ങള്‍ ഇതാണ്: ഇന്ത്യയില്‍ ഈ തെരഞ്ഞെടുപ്പു സര്‍വേകളും എക്‌സിറ്റ് പോളുകളും ആവശ്യമാണോ? മറ്റൊരു തരത്തില്‍ ഇവ വോട്ടര്‍മാരെ സ്വാധീനിച്ച് അവരെ കണ്ണടച്ച് ഈ ഫലങ്ങള്‍ക്കു പിന്നാലെ പോകാന്‍ പ്രേരിപ്പിക്കുന്നില്ലേ? കോലാഹലങ്ങള്‍ സൃഷ്ടിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇവ ദുരുപയോഗപ്പെടുത്താന്‍ കഴിയില്ലേ? 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍