UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബീഹാര്‍: കൗശലങ്ങളുടെ പോരാട്ടവും കളത്തിലെ പടയാളികളും

ആഷിഷ് എസ്

വാര്‍ത്ത എന്നത് ലോകത്തൊട്ടാകെയുള്ള ഇന്ത്യക്കാര്‍ക്ക് മൃഷ്ടാന്നം പോലെ ആയി മാറിയിരിക്കുന്നു. പ്രത്യേകിച്ച് ടിവിയുടേയും ഇന്റര്‍നെറ്റിന്റേയും ഇക്കാലത്ത്. വാര്‍ത്തകളുടെ കാര്യം ഇങ്ങനെ ആയിരിക്കെ ഒക്ടോബര്‍ 12-നു തുടങ്ങാനിരിക്കുന്ന അഞ്ചുഘട്ട ബിഹാര്‍ തെരഞ്ഞെടുപ്പ് മാമാങ്കം ഒരു സുപ്രധാന നാഴികകല്ലായി മാറാനുള്ള എല്ലാ ലക്ഷണങ്ങളും കാണുന്നുണ്ട്. വെളിവാക്കപ്പെടുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ആകാരവടിവുകള്‍ നവംബര്‍ എട്ടിന് ബിഹാര്‍ ഫല പ്രഖ്യാപനം വരുന്നതിനു മുമ്പ് തന്നെ ഏതാണ്ട് വ്യക്തമായിരിക്കും. ഇനിയുള്ള ദിവസങ്ങളില്‍ ഇതു കൂടുതല്‍ വ്യക്തമായി വരികയും ചെയ്യും.

പ്രത്യക്ഷത്തില്‍ ഒരു ചതുഷ്‌കോണ മത്സരമാണെന്ന് തോന്നിപ്പിക്കുന്ന ഈ പോരാട്ടം പ്രായോഗിക തലത്തില്‍ അങ്ങനെ ആണെന്ന് പറയാനാവില്ല. ആവേശം നിറഞ്ഞ ഈ പോരാട്ടത്തില്‍ പ്രധാനമായും ഏറ്റുമുട്ടുന്നത് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നയിക്കുന്ന മഹാഗട്ബന്ധനും (മഹാസഖ്യം) പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നയിക്കുന്ന ബിജെപി നേതൃത്വത്തിലുള്ള നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സും (എന്‍ ഡി എ) തമ്മിലാണ്. ഭരണത്തിലിരിക്കുന്ന ജനതാദള്‍ യുനൈറ്റഡ് (ജെഡിയു), മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി), പിന്നെ ബിഹാറില്‍ നഷ്ടമായ പ്രതാപം തിരിച്ചു പിടിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന കോണ്‍ഗ്രസ് എന്നിവരടങ്ങുന്നതാണ് മഹാസഖ്യം.

എന്‍ഡിഎ സഖ്യത്തില്‍ ബിജെപിയോടൊപ്പമുള്ളത് രാം വിലാസ് പാസ്വാന്റെ ലോക് ജന്‍ശക്തി പാര്‍ട്ടി (എല്‍ജെപി), രാഷ്ട്രീയ ലോക്‌സമതാ പാര്‍ട്ടി (ആര്‍എല്‍എസ്പി), നിതീഷുമായി വേര്‍പിരിഞ്ഞ ഉപേന്ദ്ര കുഷ്‌വാഹ, കുപിതനായ മുന്‍മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച- സെക്കുലര്‍ എന്നിവരാണ്.

അങ്കത്തട്ടിലുള്ള മൂന്നാം സഖ്യം ആറു പാര്‍ട്ടികള്‍ ഉള്‍പ്പെടുന്നതാണ്. സിപിഐ, സിപിഐ-എം, സിപിഐ-എംഎല്‍ (ലിബറേഷന്‍), സോഷ്യലിസ്റ്റ് യുനിറ്റി സെന്റര്‍ ഓഫ് ഇന്ത്യ (എസ് യു സി ഐ), ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്, റെവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടി (ആര്‍എസ്പി) എന്നീ ഇടതു കക്ഷികളാണ് ഈ സഖ്യത്തിലുള്ളത്. ഇവരും 243 സീറ്റുകളില്‍ മത്സരിക്കുന്നുണ്ട്.

പോരാട്ടത്തിനിറങ്ങിയ നാലാം സഖ്യം നിതീഷ്-ലാലു കൂട്ടായ്മയോട് എതിര്‍പ്പുള്ള പാര്‍ട്ടികളുടെ ഒരു സമ്മിശ്ര സംഖ്യമാണ്. ഇവരെ അങ്ങനെയങ്ങ് എഴുതിതള്ളാനുമാവില്ല. മുലായം സിംഗ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി (എസ്പി), നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി), മുന്‍ ആര്‍ജെഡി നേതാവ് പപ്പു യാദവിന്റെ ജന്‍ ക്രാന്തി അധികാര്‍ മോര്‍ച്ച, സമര്‍ത്ഥ് സമാജ് പാര്‍ട്ടി, സമാജ് വാദി ജനതാ പാര്‍ട്ടി, മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി എ സാംഗ്മയുടെ നാഷണല്‍ പീപ്പ്ള്‍സ് പാര്‍ട്ടി എന്നിവരാണ് ഈ സഖ്യം. കൂടാതെ മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയും 243 സീറ്റുകളിലും ഭാഗ്യം പരീക്ഷിക്കുന്നുണ്ട്.

ഈ നാലു സഖ്യങ്ങള്‍ക്കു പുറമെ മേമ്പൊടിയായി ഹൈദരാബാദുകാരന്‍ അസദുദ്ദീന്‍ ഉവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീനും (എംഐഎം) ബിഹാര്‍ രാഷ്ട്രീയത്തിലെ നവാഗതരായി രംഗത്തുണ്ട്. സീമാഞ്ചല്‍ എന്നറിയപ്പെടുന്ന കിഴക്കന്‍ ബിഹാറിലെ കാര്യമായ മുസ്ലിം ജനസംഖ്യയുള്ള നാലു ജില്ലകളിലായി 24-ഓളം സീറ്റുകളില്‍ മത്സരിക്കാന്‍ ഇവര്‍ തീരുമാനിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യാനന്തരം ഇടതടവുകളില്ലാതെ സംസ്ഥാനം ഭരിച്ചു പോന്ന കോണ്‍ഗ്രസിന്റെ ആധിപത്യം തകര്‍ന്ന 1990-ലാണ് ബിഹാര്‍ രാഷ്ട്രീയത്തില്‍ വലിയ വിള്ളലുണ്ടായത്. ഏറെ കൊട്ടിഘോഷിക്കപ്പെട്ട ‘സാമൂഹ്യ നീതി’ രാഷ്ട്രീയത്തിലൂടെ ലാലു പ്രസാദിന്റെ നേതൃത്വത്തില്‍ മറ്റു പിന്നാക്ക വിഭാഗങ്ങള്‍ (ഒബിസി) ആധിപത്യം സ്ഥാപിച്ചപ്പോഴായിരുന്നു അത് സംഭവിച്ചത്. ഈ പുതിയ ‘മണ്ഡല്‍’ രാഷ്ട്രീയം പലപ്പോഴും ലാലുവിനു പിന്നില്‍ അടിയുറച്ചു നിന്ന മുസ്ലിം-യാദവ കൂട്ടുകെട്ടിനെ മാത്രം ആശ്രയിച്ചു നില്‍ക്കുന്ന ഒന്നായി ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടു. വാസ്തവത്തില്‍ അതിന്റെ സാമൂഹിക അടിത്തറ അതിലേറെ വിശാലമായിരുന്നു. മാത്രവുമല്ല, ഈ സഖ്യത്തിന് എല്ലാ പിന്നാക്ക വിഭാഗങ്ങളേയും ഒരു കുടയ്ക്കു കീഴില്‍ കൊണ്ടുവരാനും കഴിഞ്ഞു. എല്ലാത്തിലുമുപരി ഈ പുതിയ രാഷ്ട്രീയം ”കമണ്ഡലിന്റെ’ വിളിയെന്നു പരിഹസിക്കപ്പെട്ട ബിജെപിയുടെ ഉയര്‍ച്ചയെ ശക്തമായി എതിര്‍ക്കുകയും ചെയ്തു.

ഈ പശ്ചാത്തലത്തില്‍ ബദ്ധവൈരികളായ ലാലുവിന്റേയും (101 സീറ്റുകള്‍) നിതീഷിന്റേയും (101 സീറ്റുകള്‍) പുതിയ സഖ്യപ്പെടല്‍ ഇന്നത്തെ ബിഹാറിലെ മണ്ഡല്‍ രാഷ്ട്രീയത്തിന്റെ പലതരത്തിലുമുള്ള ഒരു ശക്തി പരീക്ഷണമാണ്. 41 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന കോണ്‍ഗ്രസും ഇവര്‍ക്കൊപ്പമുണ്ട്.

എന്‍ഡിഎയിലെ മുഖ്യ കക്ഷി എന്ന നിലയില്‍ ഇതാദ്യമായി സ്വന്തം ശക്തിയെ മാത്രം ആശ്രയിച്ച് 160-ഓളം സീറ്റുകളില്‍ മത്സരിക്കുന്ന ബിജെപിക്കും ബിഹാര്‍ ഒരു ജീവന്മരണ പോരാട്ടമാണ്. സമീപകാലത്ത് ഒരു പക്ഷേ ഏറ്റവും വാശിയേറിയ പേരാട്ടമായി ഈ ബിഹാര്‍ തെരഞ്ഞെടുപ്പ് മാറിയിരിക്കുന്നു. നരേന്ദ്ര മോദി ഇതൊരു അഭിമാനപ്രശ്‌നമായി കാണുന്നു എന്നത് നല്‍കുന്ന സൂചന അതാണ്. സംസ്ഥാനത്തെ രണ്ട് ദളിത് മുഖങ്ങളെ- പാസ്വാനും മാഞ്ചിയും- വിദഗ്ധമായി എന്‍ഡിഎ സഖ്യത്തിലെത്തിക്കാന്‍ ബിജെപിക്കു കഴിഞ്ഞു. കുഷ് വാഹയുടെ സാന്നിധ്യവും കൂടിയാകുമ്പോള്‍ ഒബിസി വോട്ടുകളുടെ നല്ലൊരു ശതമാനം തങ്ങളുടെ പെട്ടിയിലാകും എന്ന പ്രതീക്ഷയും ബിജെപിക്കുണ്ട്.

ഇടതു പാര്‍ട്ടികളുടെയും, എസ് പിയുടെ നേതൃത്തിലുമുള്ള മറ്റു രണ്ടു സഖ്യങ്ങള്‍ കാര്യമായി ബിജെപി വിരുദ്ധ വോട്ടുകളില്‍ വിള്ളലുണ്ടാക്കുകയും അത് നിതീഷിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിനു തിരിച്ചടിയായി മാറുകയും ചെയ്‌തേക്കാം. അതുകൊണ്ടു തന്നെ പ്രായോഗിക തലത്തില്‍ ഈ യുക്തിയുടെ ഭദ്രതയാണ് ബിഹാര്‍ തെരഞ്ഞെടുപ്പ് പരീക്ഷിക്കുന്നത്. സീമാഞ്ചല്‍ മേഖലയില്‍ ഉവൈസിയുടെ എംഐഎമ്മിന്റെ സാന്നിധ്യം മതത്തിന്റെ പേരില്‍ വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള ഒരു പരീക്ഷണമായാണ് കാണുന്നത്. എന്നാല്‍ ഈ അനുമാനവും തെളിയിക്കപ്പെടാനിരിക്കുന്നെയുള്ളൂ.

2010-ലെ ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം
മൊത്തം സീറ്റുകള്‍-243
ജെഡിയു-115
ആര്‍ജെഡി-22
കോണ്‍ഗ്രസ്-4
ബിജെപി-91
എല്‍ജെപി-3
സിപിഐ-1

(ബിഹാര്‍ രാഷ്ട്രീയം റിപ്പോര്‍ട്ട് ചെയ്യുന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകനാണ് ലേഖകന്‍.)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍