UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബീഹാറിന് ശേഷമുള്ള ഇന്ത്യ; മോദിയും ഷായും പഠിക്കേണ്ട ചില ചരിത്രങ്ങള്‍

ബിഹാറില്‍ ജെ‌ ഡി (യു)-ആര്‍ ജെ ഡി- കോണ്‍ഗ്രസ് മഹാസഖ്യം നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയതോടെ ഭാരതീയ ജനത പാര്‍ടിക്ക് എതിരായ എല്ലാ രാഷ്ട്രീയ ശക്തികളും ഒന്നിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ പ്രബലമാണ്. ബി ജെ പി വിരുദ്ധ കക്ഷികളുടെ ഒത്തുചേരല്‍ തീര്‍ച്ചയായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണസംവിധാനത്തിന് ഒട്ടും സുഖകരമായ വാര്‍ത്തകളായിരിക്കില്ല സമ്മാനിക്കുന്നത്.

എന്നാല്‍ ബി ജെ പിക്കെതിരായ പ്രാദേശിക കക്ഷികള്‍ തമ്മിലുള്ള രൂക്ഷമായ ഭിന്നതകള്‍- ഉത്തര്‍പ്രദേശില്‍ സമാജ് വാദി  പാര്‍ടിയും ബി എസ് പിയും, ബംഗാളില്‍ തൃണമൂലും ഇടതുപക്ഷവും, തമിഴ്നാട്ടില്‍ എ ഐ എ ഡി എം കെയും ഡി എം കെയും-സമീപഭാവിയിലൊന്നും ബി ജെ പിക്ക് ഭയക്കേണ്ടതില്ലെന്നാണ് കാണിക്കുന്നതെന്ന് ബി ജെ പിയെ പിന്തുണയ്ക്കുന്നവര്‍ വാദിക്കുന്നുണ്ട്.

മറ്റുതരത്തില്‍ പറഞ്ഞാല്‍ ഫെബ്രുവരിയില്‍ ഡല്‍ഹിയിലും ഒക്ടോബര്‍-നവംബറില്‍ ബിഹാറിലും സംഭവിച്ചപോലെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ബി ജെ പിക്കെതിരായ തരത്തില്‍ വോട്ടുകള്‍ ധ്രുവീകരിക്കില്ല. ലളിതമായി പറഞ്ഞാല്‍ മോദി സര്‍ക്കാരിന്റെ അടുത്ത മൂന്നരക്കൊല്ലക്കാലം ദേശീയാടിസ്ഥാനത്തില്‍ തങ്ങള്‍ക്കെതിരെ ഒരു സഖ്യം ഉണ്ടാകാനുള്ള സാധ്യതകള്‍ വിരളമാണെന്ന് ബി ജെ പി വിശ്വസിക്കുന്നു.

ബീഹാര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഉറപ്പായ ഒരു കാര്യം , മോദി സര്‍ക്കാരിന്റെ അവശേഷിക്കുന്ന ഭരണകാലത്ത് രാജ്യസഭയില്‍ ബി ജെ പി ഭൂരിപക്ഷത്തിന്റെ അടുത്തൊന്നും വരാനുള്ള യാതൊരു സാധ്യതയും ഇല്ലെന്നാണ്. അതിനര്‍ത്ഥം പുതിയ നിയമങ്ങളും സാമ്പത്തിക ‘പരിഷ്കരണങ്ങളും’ അംഗീകരിപ്പിക്കാന്‍ അവര്‍ക്ക് തങ്ങളുടെ രാഷ്ട്രീയ എതിരാളികളുമായി ഒത്തുതീര്‍പ്പുണ്ടാക്കിയേ മതിയാകൂ എന്നും. പ്രത്യേകിച്ചും രാജ്യത്തെ വിപണി ഏകീകരണത്തിന്നായുള്ള ചരക്ക് സേവന നികുതി ബില്‍. അതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കും സ്വതസിദ്ധമായ ഔദ്ധത്യ പ്രകടനം തത്കാലത്തേക്ക് മാറ്റിവെച്ചേ മതിയാകൂ. ആറാമത്തെ പൊതുതെരഞ്ഞെടുപ്പിന് ശേഷമാണ് സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി 1967-ല്‍ കോണ്‍ഗ്രസ് വിരുദ്ധ ശക്തികള്‍ ഒത്തൊരുമിച്ചത്. ആ വര്‍ഷം ഇടതു, വലത് കക്ഷികള്‍ ഹിന്ദി മേഖലയില്‍ സഖ്യമുണ്ടാക്കി. കൊല്‍ക്കൊത്തയില്‍ നിന്നും അമൃതസര്‍ വരെ ഒരൊറ്റ കോണ്‍ഗ്രസ് ഭരണ സംസ്ഥാനവും കാണാതെ ഒരാള്‍ക്ക് യാത്ര ചെയ്യാനായി.

കോണ്‍ഗ്രസ് വിരുദ്ധ ശക്തികള്‍ 1975-77-ലെ അടിയന്തരാവസ്ഥക്കാലത്ത് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ വീണ്ടും ഒന്നിച്ചു. 1989-ല്‍ വിശ്വനാഥ് പ്രതാപ് സിങ്ങിന്റെ നേതൃത്വത്തില്‍ ഇത് വീണ്ടും ആവര്‍ത്തിച്ചു. 1996-ലും സമാന പരീക്ഷണമുണ്ടായി. എന്നിരുന്നാലും ഈ സഖ്യങ്ങളൊന്നും നീണ്ടുനിന്നവയായിരുന്നില്ല. അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ കോണ്‍ഗ്രസ്-ഇതര സര്‍ക്കാര്‍ 1999-ല്‍ അധികാരത്തില്‍ വന്ന അടല്‍ ബിഹാരി വാജ്പേയിയുടേതായിരുന്നു.

കാര്യം വളരെ ലളിതമാണ്: വിരുദ്ധാശയങ്ങളുള്ള രാഷ്ട്രീയകക്ഷികളെ ഏറെക്കാലം ഒന്നിച്ചുനിര്‍ത്താന്‍ ‘കോണ്‍ഗ്രസ് വിരുദ്ധതയ്ക്ക്’ ആകാത്തതുപോലെ ‘മതേതരത്വത്തിന്റെ’പേരില്‍ ബി ജെ പിക്കെതിരായ ‘തന്ത്രപരവും’‘അവസരവാദപരവുമായ’ സഖ്യങ്ങള്‍ക്കും വിപുലമാകാനോ നീണ്ടുനില്‍ക്കാനോ കഴിയില്ല. അതേസമയം ബി ജെ പിയുടെ മോശം പ്രകടനം ഭരണവിരുദ്ധ വികാരങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യും.

ഡല്‍ഹിയിലും ബിഹാറിലും മാത്രമല്ല, മഹാരാഷ്ട്രയിലും ഹരിയാനയിലും ഝാര്‍ഖണ്ടിലും നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലും 2014-ലെ ലോകസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബി ജെ പിയുടെ പ്രകടനം പിന്നാക്കമായിരുന്നു. ഉത്തര്‍ പ്രദേശില്‍ ഈയിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രധാന മത്സരം എസ് പിയും ബി എസ് പിയും തമ്മിലായിരുന്നു. ബി ജെ പിക്ക് ഏറെ പിന്നിലായി മൂന്നാമതെത്താനേ ആയുള്ളൂ.

ഇന്ത്യയിലെ ഏറ്റവുമധികം ജനസംഖ്യയുള്ള സംസ്ഥാനത്ത് ബീഹാര്‍ മാതൃകയിലൊരു മുന്നണി സാധ്യമാണെന്ന് യു പി മുഖ്യമന്ത്രി അഖിലേഷ് യാദവ് അവകാശപ്പെട്ടേക്കും. പക്ഷേ രണ്ടു പതിറ്റാണ്ടു മുമ്പ് ലഖ്നൌവിലെ ഒരു സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ എസ് പിയിലെ ഗുണ്ടകള്‍ തന്നെ കടന്നാക്രമിച്ചത് ബി എസ് പി നേതാവ് മായാവതി മറക്കാനിടയില്ല.

പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ വ്യത്യസ്തമായ പ്രശ്നങ്ങളും പരിഗണനകളുമാണ് സ്വാധീനം ചെലുത്തുകയെന്ന് വാദമുയരാം. അതിന്റെ ഫലങ്ങള്‍ക്ക് അമിതപ്രാധാന്യം കൊടുക്കേണ്ടെന്നും. അതേസമയം പഴയൊരു പറച്ചില്‍ പോലെ രാഷ്ട്രീയം വിചിത്രമായ സൌഹൃദങ്ങളുണ്ടാക്കുന്നു. അത് ഒരുകാലത്ത് സോഷ്യലിസ്റ്റുകളുടെ ഒരേ കക്ഷിയില്‍ ഉണ്ടായിരുന്ന നീതീഷും ലാലുവും പോലുള്ളവരുടേത് മാത്രമാകില്ല.

നവംബര്‍ 1993-നും ജൂണ്‍ 1995-നും ഇടയ്ക്ക് ഒരു സര്‍ക്കാരുണ്ടാക്കാന്‍ എസ് പിയും ബി എസ് പിയും കൈകോര്‍ത്തിരുന്നു. 2004-ല്‍ തൃണമൂല്‍ നേതാവ് മമത ബാനര്‍ജി മന്ത്രിയായിരുന്ന യു പി എ സര്‍ക്കാരിന് ഇടതുകക്ഷികള്‍ പിന്തുണ നല്കി. എ ഐ എ ഡി എം കെ, ഡി എം കെ കക്ഷികളെ സംബന്ധിച്ച് തരാതരം പോലെ ആര്‍ക്കും പിന്തുണ നല്കാന്‍ അവര്‍ തയ്യാറാണ്.

രാഷ്ട്രീയം സാധ്യതയുടെ കലയാണ്. രാഷ്ട്രീയത്തില്‍ ഒരാഴ്ച്ച നീണ്ട കാലമാണ്. പക്ഷേ പുതിയ സഖ്യങ്ങളുണ്ടാക്കുന്നതിനുള്ള സമയം, അത് അടവ് നയത്തിന്റെ ഭാഗമായോ അവസരവാദപരമായോ ആകട്ടെ, ഇതുവരെ വന്നിട്ടില്ല. ആരും ഒട്ടും തിടുക്കത്തിലല്ല, കമ്പിറാന്തലുമായി ലാലു പോലും. പ്രാദേശിക രാഷ്ട്രീയ കക്ഷികള്‍ക്കിടയിലും തമ്മിലുമുള്ള ഭിന്നതകള്‍ പരിഹരിക്കാന്‍ കഴിയാത്തതാണെന്ന് വെച്ചാല്‍പ്പോലും ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ പ്രത്യാഘാതങ്ങള്‍ താത്ക്കാലികമാണെന്ന് കരുതാന്‍ ബി ജെ പിക്കാവുമോ? ഒരിക്കലുമില്ല.

പ്രധാനമന്ത്രിയുടെ ജനപ്രിയത ഇടിഞ്ഞുപോകുന്ന വേഗത പലരേയും അമ്പരപ്പിക്കുന്നുണ്ട്. പാര്‍ടിയിലെ വിഭാഗീയത വീണ്ടും ശക്തിയാര്‍ജിക്കുന്നു-ഇപ്പോള്‍ ബി ജെ പിയിലെ ‘കുപിതരായ വയസന്‍മാര്‍’ വഴി കാണിച്ചിരിക്കുന്നു. ഒന്നു രണ്ടു ദിവസത്തിനുള്ളില്‍ ബി ജെ പിയില്‍ പൊട്ടിത്തെറിയുണ്ടാകും എന്നല്ല ഇപ്പറഞ്ഞതിനര്‍ത്ഥം. അമിത് ഷാ അധ്യക്ഷ സ്ഥാനത്തുനിന്നും ഉടനെയൊന്നും രാജിവെയ്ക്കാനും ഇടയില്ല. പക്ഷേ ഷായും ഷായുടെ മേലാളനും തന്നിഷ്ടവും താന്‍പ്രാമാണിത്തവും അല്പം കുറയ്ക്കുമോ എന്നതാണ് രാഷ്ട്രീയ സമൂഹം ഉറ്റു നോക്കുന്നത്. 

പാര്‍ടിയെ രണ്ടുതവണ പിളര്‍ത്തിയ ഇന്ദിരാഗാന്ധിക്ക് 1977-നു മുമ്പ് ബാബു ജഗ്ജീവന്‍ റാമും, എച്ച് എന്‍ ബഹുഗുണയും പാര്‍ടി വിട്ടുപോകുന്നത് തടയാനായി. അടിയന്തരാവസ്ഥയില്‍ ഡി കെ ബറുവയുടെ കുപ്രസിദ്ധമായ മുദ്രാവാക്യം ‘ഇന്ത്യയാണ് ഇന്ദിര, ഇന്ദിരയാണ് ഇന്ത്യ’ എന്നായിരുന്നു. സ്വേച്ഛാധിപതികള്‍ക്ക് പൊതുവായി ഏറെയൊന്നും ഉണ്ടായിരിക്കില്ല. പക്ഷേ പല മോദി ഭക്തരും ഉറച്ചു വിശ്വസിക്കുന്നത് കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന രണ്ടാം റിപ്പബ്ലിക്കിന്റെ പരമോന്നത നേതാവാണ് നരേന്ദ്ര മോദി എന്നാണ്.

എത്രവേഗമാണ് കാലം പറന്നുപോകുന്നത്. എത്ര കുറവാണ് നാം ചരിത്രത്തില്‍ നിന്നും പഠിക്കുന്നത്. 2019-ല്‍ത്തന്നെ ഇന്ത്യ വീണ്ടും മുന്നണി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമോ?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പരഞ്ചോയ് ഗുഹ തക്കുര്‍ത്ത

പരഞ്ചോയ് ഗുഹ തക്കുര്‍ത്ത

ഇപ്പോള്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുന്ന പരഞ്ചോയ് ഗുഹ തകുര്‍ത്ത 35 വര്‍ഷക്കാലത്തെ പത്രപ്രവര്‍ത്തക ജീവിതത്തിനിടയില്‍ ബിസിനസ് ഇന്ത്യ, ബിസിനസ് വേള്‍ഡ്, ദി ടെലിഗ്രാഫ്, ഇന്‍ഡ്യ ടുഡേ തുടങ്ങി നിരവധി മാധ്യമ സ്ഥാപനങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. കൂടാതെ അദ്ധ്യാപകന്‍, അഭിമുഖകാരന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍, കമന്‍റേറ്റര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച പരഞ്ചോയ് 2 ജി അഴിമതിയുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയില്‍ പരാതി നല്‍കുകയും റിലയന്‍സിന്റെ കൃഷ്ണ-ഗോദാവരി ഖനനപര്യവേഷണത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന 'ഗ്യാസ് വാര്‍' എന്ന പുസ്തകം എഴുതുകയും ചെയ്തിട്ടുണ്ട്. പരഞ്ചോയ് ഗുഹ തകുര്‍ത്ത സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ്കോള്‍ കേഴ്സ്. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്, ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല, ജാമിയ മിലിയ ഇസ്ലാമിയ എന്നിവിടങ്ങളില്‍ ഗസ്റ്റ് ലെക്ചറായി പ്രവര്‍ത്തിച്ചു വരുന്നു

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍