UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിഹാറില്‍ ‘ബ്രില്യന്റ്’ വിദ്യാര്‍ത്ഥികളെ ഉണ്ടാക്കുന്ന വിധം

Avatar

ടീം അഴിമുഖം

പന്ത്രണ്ടാം ക്ലാസില്‍ റാങ്ക് ജേതാക്കളായിട്ടും സ്വന്തം വിഷയങ്ങളിലെ അടിസ്ഥാന വിവരങ്ങള്‍ പോലും അറിയാത്ത ബിഹാറിലെ ചില വിദ്യാര്‍ത്ഥികളുടെ കഥ ഈയിടെ വാര്‍ത്തയായിരുന്നു. ഇതിലുള്‍പ്പെട്ട മിക്കവരും പഠിച്ചിരുന്ന കോളേജിലെ പ്രിന്‍സിപ്പല്‍ ശനിയാഴ്ച പോലീസിന് കീഴടങ്ങിയത് ഒരു പുതിയ വഴിത്തിരിവായിരിക്കുകയാണ്. ബിഹാറിലെ വൈശാലി ആസ്ഥാനമായ വി എന്‍ റായ് കോളേജിന്റെ പ്രിന്‍സിപ്പല്‍ അമിത് കുമാര്‍ അഥവ ബച്ചാ റായ് ആണ് മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ പോലീസിനു മുന്‍പില്‍ ഹാജരായത്.

തന്റെ കോളേജിന്റെ ഗേറ്റില്‍ എത്തിയ ഇദ്ദേഹത്തെ അവിടെ കാത്തു നിന്നിരുന്ന പോലീസ് സംഘം കസ്റ്റഡിയിലെടുത്ത്, കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പട്‌നയില്‍ കൊണ്ടുവരികയായിരുന്നു.

‘പരീക്ഷാഫലം തട്ടിപ്പുമായി എനിക്കൊരു ബന്ധവുമില്ല. ഞാന്‍ ഈ കേസില്‍ അന്യായമായി ഉള്‍പ്പെട്ടിരിക്കുകയാണ്,’ പോലീസുകാര്‍ വാഹനത്തിലേയ്ക്ക് കയറ്റുന്നതിനിടെ ബച്ചാ റായ് റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞു.

‘പോലീസ് ബച്ചാ റായിയെ അറസ്റ്റ് ചെയ്തിരിക്കുകയാണ്; അദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്യുന്നതായിരിക്കും,’ പട്‌ന സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസ് മനു മഹാരാജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

റാങ്ക് ജേതാക്കളെ സൃഷ്ടിക്കുന്നതിനായി 2000 മുതല്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലങ്ങള്‍ തിരുത്തി എന്ന കുറ്റമാണ് റായിയുടെ കോളേജിനെതിരെ ചുമത്തിയിട്ടുള്ളത്. അണ്‍ എയ്ഡഡ് ആയതിനാല്‍ ഗവണ്‍മെന്റ് പോളിസി അനുസരിച്ച് ഇവിടെ നിന്നുള്ള ഓരോ ടോപ്പര്‍ക്കും 7,000 രൂപ വീതം ഗവണ്‍മെന്റ് ഗ്രാന്‍ഡ് കോളേജിന് ലഭിച്ചിരുന്നു. ഫസ്റ്റ് ഡിവിഷന്‍ നേടി ജയിച്ച ഓരോ കുട്ടിക്കും 5,000 രൂപ വീതവും സെക്കന്‍ഡ്് ഡിവിഷന്‍ വാങ്ങുന്നവര്‍ക്ക് 4,000 രൂപ വീതവും മൂന്നാം ഡിവിഷന്‍കാര്‍ക്ക് 3,000 രൂപ വീതവുമായിരുന്നു കോളേജിന് കിട്ടിയിരുന്ന ഗ്രാന്‍ഡ്. അതേ സമയം ഉയര്‍ന്ന മാര്‍ക്ക് വാഗ്ദാനം നല്‍കി കുട്ടികളില്‍ നിന്നും പണം മേടിച്ചിരുന്നു. 2015ല്‍ ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ക്കാണ് ഫസ്റ്റ് ഡിവിഷന്‍ ലഭിച്ചത്; അതില്‍ 222 പേര്‍ക്കും ഒരേ മാര്‍ക്കായിരുന്നു.

വൈശാലിയിലെ സ്വാധീനമുള്ള ആര്‍ജെഡി നേതാവായ ബച്ചാ റായ് കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മുഖ്യനായ ലാലു പ്രസാദ് യാദവിന്റെ ആണ്‍മക്കള്‍ക്ക് വേണ്ടി പ്രചാരണവും നടത്തിയിരുന്നു. അവര്‍ രണ്ടുപേരും വൈശാലി ജില്ലയിലായിരുന്നു മല്‍സരിച്ചത്. തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് റായ് പരീക്ഷാഫലങ്ങളില്‍ തട്ടിപ്പ് നടത്തിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

അര്‍ഹതയില്ലാത്ത വിദ്യാര്‍ത്ഥികള്‍ വളരെ ഉയര്‍ന്ന മാര്‍ക്കുകള്‍ നേടി എന്ന കേസില്‍ മൂന്നു റാങ്ക് ജേതാക്കള്‍ ഉള്‍പ്പടെ ഏഴു പേര്‍ക്കെതിരെ പോലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ബിഹാര്‍ സെക്കന്‍ഡറി എക്‌സാമിനേഷന്‍ ബോര്‍ഡ് (BSEB) ചെയര്‍മാന്‍ ലല്‍കേശ്വര്‍ സിംഗിനെതിരെയും പരാതിയുണ്ട്. ചെയര്‍മാന്‍ സ്ഥാനത്തു നിന്നു രാജിവച്ച സിംഗ് ഇപ്പോള്‍ ഒളിവിലാണെന്നു പറയപ്പെടുന്നു. ഇതുവരെ അഞ്ചു പേരെയാണ് അറസ്റ്റ് ചെയ്തത്; ഇവര്‍ വെള്ളിയാഴ്ച മുതല്‍ 14 ദിവസത്തേയ്ക്ക് ജുഡീഷ്യല്‍ കസ്റ്റഡിയിലായിരിക്കും.

അതേ സമയം, റാങ്ക് നേടിയവര്‍ക്കായി നടത്തിയ പുന:പരീക്ഷയ്ക്ക് ഹ്യുമാനിറ്റീസ് വിഭാഗത്തിലെ ഒന്നാംസ്ഥാനക്കാരിയായ റൂബി റായ് രണ്ടാംവട്ടവും എത്തിയില്ല. റൂബിയുടെ പരീക്ഷാഫലം തടഞ്ഞു വച്ചിരിക്കുകയാണ്; വിദഗ്ദ്ധരുടെ പാനലിന് മുന്‍പാകെ ജൂണ്‍ 25നു ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്തെ 200 കോളേജുകളെ പ്രത്യേക നിരീക്ഷണത്തിലാക്കാന്‍ സംസ്ഥാന ഗവണ്‍മെന്റ് തീരുമാനിച്ചിട്ടുണ്ട്. അതാത് ജില്ലാ മജിസ്‌ട്രേറ്റുമാരോടും പോലീസ് സൂപ്രണ്ടുമാരോടും 15 ദിവസങ്ങള്‍ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

റാങ്ക് ജേതാക്കള്‍

ബിഹാറിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍, ആര്‍ട്ട് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ റൂബി റായിക്ക് (17) പൊളിറ്റിക്കല്‍ സയന്‍സ് വിഷയത്തില്‍ വളരെ ഉയര്‍ന്ന മാര്‍ക്കായിരുന്നു. അവര്‍ കാമറയുടെ മുന്‍പില്‍ പറഞ്ഞത് പൊളിറ്റിക്കല്‍ സയന്‍സില്‍ പാചകമാണ് പഠിപ്പിക്കുന്നത് എന്നായിരുന്നു. റൂബിയുടെ കോളേജിന്റെ തന്നെ ജൂനിയര്‍/ ഇന്റര്‍മീഡിയറ്റ് കോളേജില്‍ നിന്ന് സയന്‍സ് വിഭാഗം സംസ്ഥാന ടോപ്പറായ മറ്റൊരു വിദ്യാര്‍ത്ഥിക്ക്, വെള്ളവും H2O എന്ന ഫോര്‍മുലയും തമ്മിലുള്ള ബന്ധം പോലെയുള്ള ഏറ്റവും അടിസ്ഥാന ചോദ്യങ്ങള്‍ക്കു പോലും ഉത്തരം നല്‍കാന്‍ സാധിച്ചില്ല.

പൊളിറ്റിക്കല്‍ സയന്‍സ് എന്ന വാക്കു തന്നെ റൂബി റായ് ‘പ്രോഡിഗല്‍ സയന്‍സ്’ എന്നാണ് ഉച്ഛരിച്ചത്. സയന്‍സിലെ റാങ്ക് ജേതാവ് സൗരവ് ശ്രേഷ്ഠയ്ക്ക് പ്രോട്ടോണും ഇലക്ട്രോണും എന്താണെന്ന് അറിയില്ല.

കഴിഞ്ഞയാഴ്ച പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ച ശേഷം ഈ കുട്ടികളെ ലോക്കന്‍ ചാനലുകള്‍ ഇന്റര്‍വ്യൂ ചെയ്തിരുന്നു.

ഈ കുട്ടികള്‍ക്ക് വേണ്ടി മറ്റാരൊക്കെയോ പരീക്ഷ എഴുതിയതാകാം, അല്ലെങ്കില്‍ ഇവരുടെ ഉത്തര പേപ്പറുകള്‍ മാറ്റി കൂടുതല്‍ നല്ലപോലെ എഴുതിയവ പിന്നീട് വച്ചതാവാം എന്നു വിദ്യാഭ്യാസ മന്ത്രി അശോക് ചൗധരി സമ്മതിക്കുന്നുണ്ട്.

റാങ്ക് നേടിയവരില്‍ മിക്കവരും തന്നെ സംസ്ഥാന തലസ്ഥാനമായ പട്‌നയില്‍ നിന്ന് ഇരുപത് കിലോമീറ്റര്‍ മാത്രം അകലെയുള്ള ഹാജിപ്പൂരിലെ വി എന്‍ റായ് കോളേജില്‍ നിന്നാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍