UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിഹാര്‍: വലതുപക്ഷ, കോര്‍പ്പറേറ്റ് സൗഹൃദ നയങ്ങളില്‍നിന്ന് മോദിക്ക് പിന്‍വാങ്ങേണ്ടി വരും

തിങ്കളാഴ്ച സ്റ്റോക് മാാര്‍ക്കറ്റുകള്‍ തുറക്കുമ്പോള്‍ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പുഫലം ഓഹരി നിക്ഷേപകരെ നിരാശരപ്പെടുത്തുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും ബിജെപിയിലും വലിയ പ്രതീക്ഷകള്‍ അര്‍പ്പിച്ച ഇന്ത്യന്‍ കോര്‍പ്പറേറ്റ് മേഖലയിലെ വലിയൊരു വിഭാഗത്തിന് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഒരു സംസ്ഥാനമായ ബിഹാറിന്റെ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ വീണ്ടും വരുന്നത് അത്ര സന്തോഷം നല്‍കുന്ന കാര്യമല്ല.

ബിഹാര്‍ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതിനു മുമ്പു തന്നെ ഒരു വിഭാഗം വ്യവസായികള്‍ സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളുമായി വന്നിരുന്നു. ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തി, ബയോകോണിന്റെ കിരണ്‍ മജുംദാര്‍ ഷാ, ബജാജ് ഓട്ടോയുടെ രാഹുല്‍ ബജാജ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ഈ വിഭാഗം മോദി സര്‍ക്കാരിന്റെ അസഹിഷ്ണുതാപരമായ നീക്കങ്ങളേയും സാമൂഹിക ഐക്യം ഉറപ്പുവരുത്തുന്നതിലെ സര്‍ക്കാരിന്റെ കഴിവുകേടിനേയും പരസ്യമായി വിമര്‍ശിക്കുകയും ഇത് സാമ്പത്തിക വികസനത്തെ ദോഷകരമായി ബാധിക്കുമെന്നും പരസ്യമായി പറഞ്ഞിരുന്നു.

എന്നിരുന്നാലും ജനതാദള്‍ യുണൈറ്റഡ്-രാഷ്ട്രീയ ജനതാദള്‍ മഹാസഖ്യത്തിനുമേല്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ ഡി എ സഖ്യം വിജയം നേടണമെന്ന് രാജ്യത്തെ വലിയൊരു വിഭാഗം വ്യവസായികള്‍ ആഗ്രഹിച്ചിരുന്നു. ഒരു കാലത്ത് തന്റെ എതിരാളിയായിരുന്ന, സംസ്ഥാനത്ത് ജംഗിള്‍ രാജ് നടപ്പാക്കിയെന്നു പറയപ്പെടുന്ന ലാലു പ്രസാദ് യാദവുമായി നിതീഷ് കുമാര്‍ കൂട്ടുകൂടിയതില്‍ എതിര്‍പ്പുള്ളവരായിരുന്നു ഈ വിഭാഗം.

ഫെബ്രുവരിയില്‍ ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ എന്തൊക്കെ സംഭവിച്ചിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ് വിമുക്ത ഭാരതം സൃഷ്ടിക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ടു പോകുന്ന മോദി അജയ്യനായി തന്നെ മുന്നേറുമെന്നാണ് ഈ വിഭാഗം വിശ്വസിച്ചിരുന്നത്. എന്നാല്‍ ബിഹാറില്‍ ബിജെപിയും എന്‍ഡിഎയും ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. മോദിയുടെ ജനപ്രീതിയില്‍ പൊടുന്നനെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇടിവ് അദ്ദേഹത്തിന്റെ ബദ്ധവൈരികളെ പോലും അമ്പരപ്പിച്ചിരിക്കുന്നു.

ഇതിന്റെ പ്രത്യാഘാതമെന്നോണം തന്റെ പാര്‍ട്ടിയുടെ വലതുപക്ഷ, കോര്‍പ്പറേറ്റ് സൗഹൃദ നയങ്ങളിലും നിന്നും പിന്‍വാങ്ങി കൂടുതല്‍ ജനക്ഷേമ പദ്ധതികളില്‍ ശ്രദ്ധയൂന്നി ജനപ്രിയ നീക്കങ്ങള്‍ നടത്താന്‍ പ്രധാനമന്ത്രിക്കുമേല്‍ ഇപ്പോള്‍ കടുത്ത സമ്മര്‍ദ്ദമുണ്ടാകും. കൂടുതല്‍ സാമ്പത്തിക ഫെഡറലിസം കൊണ്ടു വരുന്ന പേരുപറഞ്ഞ് സബ്‌സിഡികള്‍ എടുത്തു കളയുന്നതിനും കേന്ദ്രം സ്‌പോണ്‍സര്‍ ചെയ്യുന്ന ജനക്ഷേമ പദ്ധതികളില്‍ കേന്ദ്ര സര്‍ക്കാറിന്റെ പങ്കു കുറച്ചു കൊണ്ടുവരുന്നതിനും മുമ്പ് ഇനി മോദിക്ക് രണ്ടും വട്ടം ആലോചിക്കേണ്ടി വരും.

2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം തങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ വ്യവസായ അനുകൂലമാക്കി ഭേദഗതി ചെയ്യാന്‍ കഴിയില്ലെന്ന കടുത്ത സത്യം മോദിയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും തിരിച്ചറിഞ്ഞിരിക്കുന്നു. കര്‍ഷക വിരുദ്ധര്‍, ദരിദ്രരുടെ എതിരാളികള്‍ പോലുള്ള വിളിപ്പേരുകള്‍ കേള്‍ക്കേണ്ടി വരുമോ എന്ന ഭയവും ഇവര്‍ക്കുണ്ട്. ബിജെപിയുടേയും എന്‍ഡിഎയുടേയും രാഷ്ട്രീയ എതിരാളികള്‍ക്കിടയില്‍ ഒരു അഭിപ്രായ സമന്വയമുണ്ടാക്കുന്നതിലൂടെ മാത്രമെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുകയുള്ളൂവെന്നും ഓര്‍ഡിനന്‍സുകളിലൂടെ ഇതു സാധ്യമല്ലെന്നും ഇവര്‍ വൈകി തിരിച്ചറിഞ്ഞിരിക്കുന്നു.

കൂടുതല്‍ യോജിപ്പുള്ള തന്ത്രം സ്വീകരിച്ചില്ലെങ്കില്‍ മോദി സര്‍ക്കാരിന് പൊതു ചരക്കു സേവന നികുതി (ജി എസ് ടി) നടപ്പിലാക്കുന്ന കാര്യവും വിസ്മരിക്കേണ്ടി വരും. രാജ്യത്തിന്റെ വ്യത്യസ്ത വിപണികളെ ഏകീകരിക്കുകയും പരോക്ഷ നികുതി സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന പൊതു ചരക്കു സേവന നികുതി സര്‍ക്കാരിന്റെ അടുത്ത ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക പരിഷ്‌കരണ പദ്ധതിയായാണ് വിശേഷിപ്പിക്കപ്പെടുന്നത്.

ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞിരിക്കുന്നതിനാല്‍ മൊത്തത്തിലുള്ള പണപ്പെരുപ്പ നിരക്ക് പൂര്‍ണമായും നിയന്ത്രണത്തിലായെങ്കിലും (ഇതിന്റെ ക്രെഡിറ്റ് സര്‍ക്കാരിനു അവകാശപ്പെടാവില്ല) ദാല്‍ (പരിപ്പ്) പോലുള്ള നിശ്ചിത ഭക്ഷ്യവിഭവങ്ങളുടെ വിലകള്‍ നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് ഇനിയും കൂടുതല്‍ ചെയ്യേണ്ടി വരും.

സാമ്പത്തിക പരിഷ്‌കരണത്തിന്റെ പേരു പറഞ്ഞ് ഇനി ധനക്കമ്മി കുറക്കുന്നതിലും പൊതു മേഖലാ സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ ഓഹരികള്‍ വില്‍ക്കുന്നതിലും തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിലും വ്യവസായ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിലും രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച നിരക്ക് വര്‍ധിപ്പിക്കുന്നതിലും ഇനി സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതില്ലെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലാണ് കൂടുതള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും മോദിയും ജെയ്റ്റ്‌ലിയും അവരെ പിന്താങ്ങുന്ന കോര്‍പ്പറേറ്റുകളും തിരിച്ചറിയേണ്ടതുണ്ട്.

ബിഹാറിലും ഏറ്റവും ഒടുവില്‍ ജമ്മു കശ്മീരിലും മോദി ചെയ്ത പോലെ രാഷ്ട്രീയ റാലികളില്‍ ലക്ഷങ്ങളും കോടികളും വരുന്ന വന്‍ തുകയുടെ ധനസഹായം പ്രഖ്യാപിക്കുക പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള കാര്യമാണ്. ഇതേ തന്ത്രമാണ് ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോഴും അദ്ദേഹം പയറ്റിയിരുന്നത്. ഓരോ ‘വൈബ്രന്റ് ഗുജറാത്ത്’ വ്യവസായ സമ്മേളനങ്ങളിലും നിരവധി ധാരണാപത്രങ്ങളില്‍ ഒപ്പിട്ട ശേഷം കോടികളുടെ നിക്ഷേപങ്ങള്‍ പ്രഖ്യാപിക്കുമെങ്കിലും ഇവയില്‍ വലിയൊരു ശതമാനം നിക്ഷേപങ്ങളും യാഥാര്‍ത്ഥ്യമാകുകയില്ല. ഒപ്പുവച്ച ധാരണാപത്രങ്ങള്‍ വെറും കടലാസു ചിന്തുകളായി തുടരുകയും ചെയ്യും.

എല്ലായ്‌പ്പോഴും എല്ലാവരേയും വിഡ്ഢികളാക്കുക എളുപ്പമല്ല. വരാനിരിക്കുന്ന വന്‍ നിക്ഷേപങ്ങളെ കുറിച്ച് വാഗ്ദാനങ്ങള്‍ മാത്രം ചൊരിഞ്ഞതു കൊണ്ടായില്ലെന്നു ബിഹാര്‍ തെരഞ്ഞെടുപ്പ് മോദിക്കു കാണിച്ചു കൊടുത്തു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുവെന്ന് വ്യക്തമായും കാണിച്ചു കൊടുക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ യുവജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട നല്ല നാളുകള്‍ വരില്ല.

മാര്‍ച്ച് നാലിനു ചെയ്തു പോലെ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയെ പോലുള്ള പദ്ധതികളെ പരിഹസിക്കുന്നത് മോദി അവസാനിപ്പിക്കുകയും വേണം. (വീഡിയോ താഴെ കാണാം)

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കോണ്‍ഗ്രസിന്റെ കഴിഞ്ഞകാല പരാജയങ്ങളെ എടുത്തു പറയുന്ന കൂട്ടത്തില്‍ അദ്ദേഹം തൊഴിലുറപ്പു പദ്ധതിയെ ആക്ഷേപിച്ചിരുന്നു. കുഴികള്‍ കുഴിക്കാനും അതു മൂടാനും മാത്രമാണ് ഈ പദ്ധതിയെന്നായിരുന്നു ആക്ഷേപം. നടപ്പിലാക്കിയതില്‍ പല വീഴ്ചകളും അപര്യാപ്തതകളും ഉണ്ടായിട്ടുണ്ടെങ്കിലും ഈ തൊഴിലുറപ്പു പദ്ധതി ഗ്രാമീണ വേതനവും ഗ്രാമങ്ങളിലെ ദരിദ്രരുടെ ജീവിതവും മെച്ചപ്പെടുത്തുന്നതില്‍ കാര്യക്ഷമമായ പങ്കുവഹിക്കുമെന്ന് മോദി തിരിച്ചറിയണം.

രാജ്യത്തെ വോട്ടുകളുടെ ഏതാണ്ട് പകുതിയോളം സ്വന്തമാക്കുന്ന രണ്ടു വലിയ രാഷ്ട്രീയ പാര്‍ട്ടികളായ കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും സാമ്പത്തിക നയങ്ങള്‍ എപ്പോഴും സമാനമാണ്. ജെയ്റ്റ്‌ലിക്കും അദ്ദേഹത്തിന്റെ മുന്‍ഗാമി പി ചിദംബരത്തിനുമിടയില്‍ കാര്യമായ വ്യത്യാസങ്ങളൊന്നുമില്ല. ധനമന്ത്രി ഇതു സമ്മതിച്ചു തരില്ലെങ്കിലും ബിഹാര്‍ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ തോല്‍വി അവരുടെ സാമ്പത്തിക നയങ്ങള്‍ ഒന്നുകൂടി കോണ്‍ഗ്രസിന്റേതിനു സമാനമാക്കിത്തീര്‍ക്കും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

പരഞ്ചോയ് ഗുഹ തക്കുര്‍ത്ത

പരഞ്ചോയ് ഗുഹ തക്കുര്‍ത്ത

ഇപ്പോള്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുന്ന പരഞ്ചോയ് ഗുഹ തകുര്‍ത്ത 35 വര്‍ഷക്കാലത്തെ പത്രപ്രവര്‍ത്തക ജീവിതത്തിനിടയില്‍ ബിസിനസ് ഇന്ത്യ, ബിസിനസ് വേള്‍ഡ്, ദി ടെലിഗ്രാഫ്, ഇന്‍ഡ്യ ടുഡേ തുടങ്ങി നിരവധി മാധ്യമ സ്ഥാപനങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. കൂടാതെ അദ്ധ്യാപകന്‍, അഭിമുഖകാരന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍, കമന്‍റേറ്റര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച പരഞ്ചോയ് 2 ജി അഴിമതിയുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയില്‍ പരാതി നല്‍കുകയും റിലയന്‍സിന്റെ കൃഷ്ണ-ഗോദാവരി ഖനനപര്യവേഷണത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന 'ഗ്യാസ് വാര്‍' എന്ന പുസ്തകം എഴുതുകയും ചെയ്തിട്ടുണ്ട്. പരഞ്ചോയ് ഗുഹ തകുര്‍ത്ത സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ്കോള്‍ കേഴ്സ്. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്, ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല, ജാമിയ മിലിയ ഇസ്ലാമിയ എന്നിവിടങ്ങളില്‍ ഗസ്റ്റ് ലെക്ചറായി പ്രവര്‍ത്തിച്ചു വരുന്നു

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍