UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിജ്‌നോറിലെ ജാട്ട് യുവാവിന്റെ കൊല യുപി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ?

പ്രദേശത്ത് നിലനില്‍ക്കുന്ന ജാട്ട്-മുസ്ലീം സംഘര്‍ഷത്തിന്റെ പിന്തുടര്‍ച്ചയാണ് വെള്ളിയാഴ്ച നടന്ന കൊലപാതകം

ബിജ്‌നോറിലെ ഒരു ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം നടന്ന 17 വയസുള്ള ഒരു ജാട്ട് യുവാവ് കൊല്ലപ്പെട്ടത് ഈ മാസം 15ന് നടക്കുന്ന യുപിയിലെ രണ്ടാംഘട്ട തിരഞ്ഞെടുപ്പുകളെ നിര്‍ണായകമായി സ്വാധീനിക്കുമെന്ന് സൂചന. കഴിഞ്ഞ സെപ്തംബറില്‍ ഒരു പെണ്‍കുട്ടിയെ കളിയാക്കിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ മൂന്ന് മുസ്ലീം യൂവാക്കള്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമാണ് നടന്നതെന്ന് പറയപ്പെടുന്നു. ജില്ലയിലെ ഏഴ് മണ്ഡലങ്ങളാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പിന തയ്യാറെടുക്കുന്നത്. വിശാല്‍ സിംഗിനെയും അദ്ദേഹത്തിന്റെ പിതാവിനെയും ആക്രമിച്ചതിന് എട്ടുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

വിഷയം ഉയര്‍ത്താന്‍ ബിഎസ്പി സ്ഥാനാര്‍ത്ഥികളും ജില്ലയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത മായാവതിയും പ്രത്യേകം താല്‍പര്യം കാണിച്ചു എന്നതും ശ്രദ്ധേയമാണ്. പ്രദേശത്ത് നിലനില്‍ക്കുന്ന ജാട്ട്-മുസ്ലീം സംഘര്‍ഷത്തിന്റെ പിന്തുടര്‍ച്ചയാണ് വെള്ളിയാഴ്ച  നടന്ന കൊലപാതകം. സെപ്തംബറില്‍ നടന്ന കൊലപാതകങ്ങളിലെ പ്രതികളില്‍ ഒരാളുടെ ഭാര്യ സുചി ചൗധരിയെയാണ് ബിജെപി ബിജ്‌നോറില്‍ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. റഷീദ് അഹമ്മദാണ് ഇവിടെ ബിഎസ്പി സ്ഥാനാര്‍ത്ഥി.

തൊട്ടടുത്ത മീററ്റ്, മുസഫര്‍നഗര്‍ മണ്ഡലങ്ങളില്‍ ഇന്നലെ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടയിലായിരുന്നു സംഭവം. ഇന്നലെ നടന്ന കൊലപാതകത്തോടെ പ്രദേശത്തെ വോട്ടുകള്‍ ജാതീയമായി ധ്രുവീകരിക്കാനുള്ള സാധ്യതകള്‍ അധികമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതുവരെയുള്ള തിരഞ്ഞെടുപ്പ് ചിത്രത്തെ തന്നെ അട്ടിമറിക്കാന്‍ ഇത് കാരണമായേക്കും. ബിജെപിക്കാരാണ് വിശാലിനെ കൊന്നത് എന്നാണ് ബിഎസ്പി ആരോപിക്കുന്നത്. വര്‍ഗ്ഗീയധ്രൂവീകരണമാണ് അവരുടെ ലക്ഷ്യമെന്ന് ദംപൂരിലെ ബിഎസ്പി സ്ഥാനാര്‍ത്ഥി മുഹമ്മദ് ഗാസി പറഞ്ഞു. ബിജെപി കൊലപാതകം ആസൂത്രണം ചെയ്യുകയും കുറ്റം മുസ്ലീങ്ങളുടെ തലയില്‍ കെട്ടിവെക്കുകയുമാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറയുന്നു.

തങ്ങള്‍ അധികാരത്തില്‍ വരികയാണെങ്കില്‍ സെപ്തംബര്‍ 16നും ഫെബ്രുവരി പത്തിനും നടന്ന കൊലപാതകങ്ങളിലെ പ്രതികളെയും ഗൂഢാലോചനക്കാരെയും മാതൃകാപരമായി ശിക്ഷിക്കുമെന്ന് മായാവതി റാലിയില്‍ പറഞ്ഞു. എന്നാല്‍ ധ്രൂവീകരണം കൊണ്ട് ആര്‍ക്കാണ് ഗുണം കിട്ടാനിരിക്കുന്നതെന്ന് ഫലങ്ങള്‍ വന്നാലെ വ്യക്തമാവൂ. വിശാലിന്റെ മരണത്തിനെതിരെ ജാട്ടുകള്‍ പ്രതിഷേധന പ്രകടനങ്ങള്‍ നടത്തിയെങ്കിലും ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പ്രസംഗങ്ങള്‍ നടത്താന്‍ അവര്‍ തയ്യാറായിട്ടില്ല.

ബിജ്‌നോറില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച സിറ്റിംഗ് എസ്പി എംഎല്‍എ രുചി വീരയുടെ സാധ്യതകളാണ് ഇതോടെ മങ്ങിയതെന്നാണ് പ്രദേശവാസികള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്. മണ്ഡലത്തിനുവേണ്ടി ഒട്ടനവധി കാര്യങ്ങള്‍ ചെയ്ത രുചിയുടെ സാധ്യതകള്‍ ഇപ്പോള്‍ മങ്ങിയിരിക്കുകയാണെന്ന് പലചരക്ക് കടനടത്തുന്ന പുഷ്‌പേന്ദു അഗര്‍വാള്‍ പറയുന്നു. താന്‍ എസ്പിക്ക് വോട്ട് ചെയ്യണം എന്നാണ് വിചാരിച്ചിരുന്നതെന്നും സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബിഎസ്പിക്ക് വോട്ട് ചെയ്യാനാണ് തീരുമാനമെന്നും പ്രദേശവാസിയായ അബ്ദുള്‍ വാജിത് പറഞ്ഞു. എസ്പിയുടെ ബിജെപിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും സ്ഥിതിഗതികള്‍ വഷളാക്കാനുള്ള നീക്കങ്ങളായിരിക്കും അവരുടെ ഭാഗത്തുനിന്നും ഉണ്ടാവുകയെന്നും വാജിത് ആരോപിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍