UPDATES

വിശാഖ് ശങ്കര്‍

കാഴ്ചപ്പാട്

വിശാഖ് ശങ്കര്‍

ന്യൂസ് അപ്ഡേറ്റ്സ്

ആഖ്യാനങ്ങളുടെ ആറാം തമ്പുരാന്‍; ചാണ്ടി സാറിന്റെ ‘ഒരു സി.ഡിയുടെ കഥ’

കവിയും തത്വചിന്തകനും ഒക്കെയായ കോള്‍റിഡ്ജിന്റെ സംഭാവനയായ ‘വില്ലിങ്ങ് സസ്‌പെന്‍ഷന്‍ ഓഫ് ഡിസ്ബിലീഫ്’ എന്ന പ്രയോഗം പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ നമുക്ക് പരിചയമുള്ളതാണ്. വായനക്കാരില്‍ താല്പര്യം ജനിപ്പിക്കാന്‍ പോന്ന വണ്ണം യാഥാര്‍ത്ഥ്യത്തിന്റെ ഒരു വിദൂരഛായയെങ്കിലും ആഖ്യാനത്തിലൂടെ മുന്നോട്ട് വയ്ക്കാന്‍ കഴിഞ്ഞാല്‍ അവര്‍ പൊതുവിലുള്ള ആസ്വാദനം മുന്‍നിര്‍ത്തി അതിന്റെ സൂക്ഷ്മാംശങ്ങളിലുള്ള അവിശ്വസനീയത സ്വമേധയാ മറക്കാന്‍ തയ്യാറാവും എന്ന് കഥയില്‍ ചോദ്യമില്ല എന്ന നമ്മുടെ പഴമൊഴിയും സ്ഥാപിക്കുന്നു.

എന്നാല്‍ സത്യം കഥയെക്കാള്‍ വിചിത്രമാകാം എന്നിരിക്കിലും കഥയ്ക്ക് സത്യത്തെക്കാള്‍ വിചിത്രമാകാനാവില്ല എന്ന മറ്റൊരു നിരീക്ഷണവും ഉണ്ട്. ഇതിനിടയില്‍ കൊഗ്‌നറ്റീവ് എസ്‌ട്രേഞ്ച്‌മെന്റ് എന്ന മൂന്നാമത് ഒരു സാദ്ധ്യതയും ഉണ്ട്. അവ എന്തൊക്കെ ആയാലും കമ്പോള കലയുടെ മുഖ്യധാരയില്‍ ഇന്ന് പ്രബലമായ ഒരു പ്രവണത വായനക്കാരന്റെ ധാരണക്കുറവുകള്‍ അവന്റെ അവിശ്വാസത്തെ അടക്കിക്കൊള്ളും എന്ന കലാകാരന്റെ ധാര്‍ഷ്ട്യത്തില്‍ ഊന്നുന്നതാണ്. എമ്പെരിക്കലായ യുക്തിവച്ച് കലയെ വിലയിരുത്തുന്ന തന്റെ ആസ്വാദനം വിഷയത്തെക്കുറിച്ചുള്ള തന്റെ ധാരണയുടെ പിശകായി പ്രഖ്യാപിക്കപ്പെടുമോ എന്ന ആസ്വാദകന്റെ ആശങ്കയും കൂടിയാവുമ്പോള്‍ അപ്രമാദിത്തത്തിന്റെ കൂട്ട് പൂര്‍ണ്ണമാകുന്നു. ഇവിടെ കഥയില്‍ വിശ്വസിക്കുക എന്നത് വായനക്കാരന്റെ ബാദ്ധ്യതയാണ്. അവിശ്വസനീയത ഉല്‍പാദിപ്പിക്കുന്നത് വായനക്കാരന്റെ വൈകാരികവും സൗന്ദര്യശാസ്ത്രപരവുമായ ഊഷരതയാണ് എന്ന ഒരു വാചകം മതി ഇവിടെ ഏത് സംവാദത്തിന്റെയും നാവടക്കാന്‍.

കഥയല്ലിത് ജീവിതം 
ആഖ്യാനം എന്നത് കലയില്‍ കഥയില്‍ മാത്രമായി ഒതുങ്ങി നില്ക്കുന്ന ഒന്നല്ല. ഇന്നലെ എന്തുകൊണ്ട് ക്ലാസ്സില്‍ വന്നില്ല എന്ന് ഒരു അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിയോട് ചോദിക്കുന്ന ചോദ്യത്തിനുത്തരമായി വരാന്‍ പറ്റുന്ന സാഹചര്യമായിരുന്നില്ല എന്ന മറുപടി പോര. ഇവിടെ അയാള്‍ നടത്തുന്നതും ഒരു ആഖ്യാനമാണ്. അതിന്റെ വിശ്വസനീയത ആ ആഖ്യാനത്തിന്റെ അംഗീകാരത്തെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. അതായത്, ഇവിടെ കോഗ്‌നറ്റീവ് എസ്‌ട്രൈഞ്ച്‌മെന്റ് സാദ്ധ്യമല്ല. കാരണം ആഖ്യാതാവിന് ഇവിടെ അധികാരം ഇല്ല എന്നത് തന്നെ.

ചുരുക്കി പറഞ്ഞാല്‍ കഥ പറച്ചില്‍ സാമാന്യാര്‍ത്ഥത്തില്‍ കഥാകൃത്തുക്കളുടെ ജീവിതത്തില്‍ മാത്രമായി ഒതുങ്ങി നില്ക്കുന്ന ഒന്നല്ല. ആഖ്യാനം എന്നത് ജീവിതത്തിന്റെ ഏത് തുറയില്‍ ഉള്ളവരെ സംബന്ധിച്ചിടത്തോളവും അതിജീവനത്തിന്റെ ഒരു ഭാഗമാണ്. അന്‍പത് പേരെ ഒറ്റയ്ക്ക് നേരിട്ട് തോല്പിച്ച ‘ഇടിക്കഥ’ യുടെ ഗുണ്ട് പൊട്ടിച്ച് പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്ന ലോക്കല്‍ ഗുണ്ട പോലും അത് ഉപയോഗിക്കുന്നുണ്ട്. പിന്നെയല്ലേ ഭരണകൂടവും ഭരണകൂടാധികാരവും.

സത്യത്തില്‍ ഏറ്റവും മികച്ച കഥാകാരന്‍ അധികാരമാണ്. കാരണം അതിന്റെ ആഖ്യാനങ്ങള്‍ക്ക് സാധിച്ചത് പോലെ ‘വില്ലിങ്ങ് സസ്‌പെന്‍ഷന്‍ ഓഫ് ഡിസ്ബിലീഫ്’ സാധിച്ചെടുത്ത ഒരു സാഹിത്യകാരനും ഉണ്ടാവില്ല. സംശയം ഉണ്ടെങ്കില്‍ അന്വേഷിക്കാവുന്നതാണ്. ആ അന്വേഷണ കമ്മീഷനുമുമ്പില്‍ ചരിത്രം വന്ന് നിരന്തരം മൊഴി കൊടുത്തുകൊണ്ടിരിക്കും.

അധികാരത്തിന്റെ ആഖ്യാനസാദ്ധ്യതകളെ ഫലപ്രദമായി ഉപയോഗിക്കുക, അതുപയോഗിച്ച് ആവശ്യം പോലെ കഥകള്‍ എന്നപോലെ വേണ്ടിവന്നാല്‍ നാടകങ്ങളും സിനിമ തന്നെയും ഉണ്ടാക്കാന്‍ പോന്നവരാണ് ഇന്നത്തെ മികച്ച അധികാരി. ക്രാഫ്റ്റ് എന്നതിനെ വേണമെങ്കില്‍ തന്ത്രം എന്നും വ്യാഖ്യാനിച്ച് ഒപ്പിക്കാം. അധികാരത്തിന്റെ അജണ്ടകളെ ജനകീയമായി അവതരിപ്പിക്കാന്‍ വേണ്ട ആഖ്യാനപരമായ തന്ത്രജ്ഞതയാണ് ഉമ്മന്‍ ചാണ്ടിയെ കേരളം കണ്ട ഭരണാധികാരികളില്‍ ഏറ്റവും വേറിട്ട ‘രാഷ്ട്രതന്ത്രജ്ഞന്‍’ ആക്കുന്നത്. അദ്ദേഹത്തിന്റെ ആഖ്യാനങ്ങളില്‍ നാം നമ്മുടെ അവിശ്വാസങ്ങളെ മുക്കിക്കളയാന്‍ നിര്‍ബന്ധിതരാകുന്നു. കാരണം മലയാളി എന്ന നിലയില്‍ നമ്മുടെ മനോനിലയുമായി സജീവമായ സാമീപ്യം പുലര്‍ത്തിക്കൊണ്ടാണ് അദ്ദേഹം നമുക്കായി നമുക്ക് വേണ്ട യാഥാര്‍ത്ഥ്യങ്ങളുടെ ഛായകളെ ഉണ്ടാക്കുന്നത്.

ചാണ്ടിയന്‍ ബ്രഹദാഖ്യാനങ്ങള്‍ 
ചെറുകഥയും നോവലും ഏകാങ്കനാടകവുമൊന്നുമല്ല, കഥയും ഉപകഥയും യുദ്ധവും ഒക്കെ ചേരുന്ന ഇതിഹാസ സമാനമായ ഉഗ്രന്‍ ബ്രഹദാഖ്യാനങ്ങള്‍ തന്നെ നിരവധി ഉദാഹരണങ്ങളായി നിരത്താനാവും മേല്‍പ്പറഞ്ഞ ആസ്വാദനത്തിന് പാഠബന്ധിയായ തെളിവുകളായി. കേരളാ കോണ്‍ഗ്രസ്സിന്റെ മുന്നണി മാറ്റം, മാണിയുടെ ‘മുഖ്യ’മോഹം, മകന്റെ ‘കേന്ദ്ര’മോഹം തൊട്ട് ബിജു രമേശിന്റെ കോഴ ആരോപണവും ബജറ്റ് വില്പനയും പി സി ജോര്‍ജിന്റെ പുറത്തേക്കുള്ള വഴിയും മാണിയുടെ രാജിയും കെ ബാബുവിനെതിരായ ക്വിക്ക് വെരിഫിക്കേഷന്‍ വിധിയും വരെ എത്തി നില്ക്കുന്ന, ഇനിയും പൂര്‍ത്തിയായിട്ടില്ലാത്ത ബാര്‍ കോഴ ഇതിഹാസം തന്നെ ഒന്ന്. പിന്നെ ഗണേഷ് കുടുംബ കഥ, 24-ല്‍ നിന്ന് മൂന്നായ കത്തിന്റെ ‘മെറ്റമോര്‍ഫോസിസ്’, നെയ്യാറ്റിന്‍കര കാലുമാറ്റക്കഥ തുടങ്ങി മുഖ്യകഥാപാത്രങ്ങള്‍ മാറിയും തിരിഞ്ഞും ഏറിയും കുറഞ്ഞുമുള്ള പ്രാധാന്യത്തോടെ പ്രത്യക്ഷപ്പെടുന്ന നിരവധി ആഖ്യാനങ്ങള്‍. സോളാര്‍ ഇതിലൊരു ഒരു മൈനര്‍ ഉദാഹരണം മാത്രം.

ജയില്‍ അധികാരിയുമായി പലതവണ ചര്‍ച്ച ചെയ്ത ശേഷം കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട ബിജു രാധാകൃഷ്ണനല്ല, സോളാര്‍ തട്ടിപ്പ് കേസിലെ ഇനിയും ശിക്ഷിക്കപ്പെടിട്ടില്ലാത്ത കുറ്റാരോപിതന്‍ മാത്രമായ ബിജു മോഴികൊടുക്കുന്നു. അന്വേഷണ സംഘം അദ്ദേഹം പറഞ്ഞ സി ഡിയും തേടി പുള്ളിയെയും കൂട്ടി യാത്രയാവുന്നു. മീഡിയപ്പട പിറകേ പോകുന്നു. ഊടുവഴികളിലൂടെ ചെയ്‌സിങ്ങ്, തത്സമയ ദൃക്‌സാക്ഷി വിവരണം, ഉദ്വേഗം, മുള്‍മുന, സ്റ്റണ്ട്, സെക്‌സ്, വയലന്‍സ്… അല്ല, അറിയാഞ്ഞിട്ട് ചോദിക്കുവാ, ഇത് കണ്ടുകൊണ്ടിരിക്കുന്നവരില്‍ ബിജു രാധാകൃഷ്ണന്‍ മറ്റേ സിഡി കണ്ടെടുത്ത് കൊടുത്തേക്കാമെന്നും അതില്‍ ‘തെളിവ്’ ഉണ്ടായേക്കാമെന്നും അങ്ങനെ കഥയില്‍ അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റ് ഉണ്ടായേക്കാമെന്നും പ്രതീക്ഷിക്കുന്ന നിഷ്‌കളങ്കരും ഉണ്ടാകുമോ?

ഒരു പൊളിറ്റിക്കല്‍ പള്‍പ്പ് ഫിക്ഷന്റെ അന്ത്യം 
മലയാളത്തിലെ ക്രൈം  ത്രില്ലര്‍ സിനിമകള്‍ ‘ഉദ്വേഗത്തിന്റെ മുള്‍മുന’യില്‍ ഇരുന്ന് കാണാന്‍ തക്ക ‘വില്ലിങ്ങ് സസ്‌പെന്‍ഷന്‍ ഓഫ് ഡിസ് ബിലീഫ്’ ഉള്ളവര്‍ക്ക് ഇതും പറ്റും. ആ ശേഷിയില്‍ തന്നെയാണ് കലാകാരനായ ഉമ്മന്‍ ചാണ്ടിയുടെ ധാര്‍ഷ്ട്യവും നിലനില്‍ക്കുന്നത്. അപ്പോഴും നിലവാരബന്ധിയായ ഔന്നത്യം അദ്ദേഹത്തെ വേറിട്ട് നിര്‍ത്തുന്നു. നാടകമാണോ സിനിമയാണോ എന്ന് പോലും കാഴ്ചക്കാരന്‍ സംശയിക്കുന്ന പ്രതീതി ഉണ്ടാക്കി എന്നത് പോട്ടെ, രണ്ട് മാധ്യമങ്ങളിലും സ്ഥിരം കണ്ട് ചെടിച്ച മെലോഡ്രാമ വളര്‍ത്തി ആഖ്യാനത്തെ ചളമാക്കാതിരിക്കാനുള്ള രചനാപരമായ ഉള്‍ക്കാഴ്ചകൂടി അദ്ദേഹം കാണിച്ചു.

അദ്ദേഹത്തിനുപകരം വാണിജ്യ സിനിമാ, നാടക മേഖലയിലെ ഏത് ആഖ്യാതാവായാലും കായസഞ്ചിയില്‍ സിഡി കണ്ടേനെ എന്ന് ഏതാണ്ട് ഉറപ്പിച്ച് പറയാം. ചാനലുകള്‍ അത് ഇന്ന് രാത്രി ഒരു കമ്പി ശിവരാത്രിയായും നാളെ പകല്‍ ഒരു പടക്ക ദീപവലിയായും ആഘോഷിക്കുന്നതും നാം കണ്ടേനെ. പിന്നെ നാളെയോ മറ്റന്നാളോ, ഇത്തിരി വൈകിയോ മാത്രം ആ അള്‍ടിമേറ്റ് ട്വിസ്റ്റും വരും. ആ സ്‌ക്രോള്‍ ന്യൂസ് വരെ നമ്മള്‍ മുള്‍മുനയില്‍ ഇരുന്ന് മറവത്തൂര്‍ കനവ് എന്ന സിനിമയില്‍ കുണ്ടിയില്‍ ‘ഗുണ്ട് വെടിച്ച’ ശ്രീനിവാസന്റെ അവസ്ഥയില്‍ ആവുകയും ചെയ്യും.

ഒടുവില്‍ അന്വേഷണ സംഘത്തിന് ‘ശെല്‍വിയുടെ’ ആരെന്നറിയാത്ത ‘ചന്ദ്രന്‍’ തന്റെ ദൂതന്‍ വഴി കൈമാറിയ കായസഞ്ചിയില്‍ സിഡി ഉണ്ടായിരുന്നു, പക്ഷേ അത് കിന്നാര തുമ്പികളുടെ വ്യാജ സിഡി ആയിരുന്നു എന്ന് കണ്ട് കുണ്ടിയില്‍ രണ്ടാം വെടിയും തറയ്ക്കുമ്പൊഴെ നമ്മളറിയൂ നമ്മളെങ്ങനെ….

ഒടുക്കം ആര് ആരായി എന്ന ഒരു ചോദ്യം ‘ശുഭ’ത്തിനു പകരം വെള്ളിത്തിരയില്‍ തെളിയും. നടുവിരല്‍ ബാക്കിയുണ്ടെങ്കില്‍ നമുക്ക് അതിലേക്ക് ഒന്ന് നോക്കാം. ഇല്ലെങ്കില്‍ മാനത്തേക്ക് നോക്കാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

 

വിശാഖ് ശങ്കര്‍

വിശാഖ് ശങ്കര്‍

എഴുത്തുകാരന്‍, സാമൂഹിക നിരീക്ഷകന്‍. വിദേശത്ത് താമസം. അഴിമുഖത്തില്‍ വിപരീതപഥങ്ങള്‍ എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍