UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ക്രൈം ത്രില്ലറുകളെ വെല്ലുന്ന ഒരു സിഡി വേട്ടക്കഥ

Avatar

അഴിമുഖം പ്രതിനിധി

അപസര്‍പ്പക കഥകളെ വെല്ലുന്ന വിധത്തിലുള്ള ഒരു മാനം കൈവന്നിരിക്കുന്നു സോളാര്‍ തട്ടിപ്പ് കേസിന്. അതുമായി ബന്ധപ്പെട്ട് ബിജു രാധാകൃഷ്ണന്‍ ഉണ്ടെന്നും സരിത ഇല്ലെന്നും പറയുന്ന സിഡി വ്യാഴാഴ്ച ബിജു ഭദ്രമായി ഒളിപ്പിച്ചു വച്ചിരിക്കുന്നുവെന്ന് അവകാശപ്പെട്ട സിഡി പിടിച്ചെടുക്കാന്‍ സോളാര്‍ അന്വേഷണ കമ്മീഷന്‍ തീരുമാനിച്ചതോടെയാണ് കഥ കൊഴുത്തത്.

ജസ്റ്റിസ് ജി ശിവരാജന്റെ നിര്‍ദ്ദേശ പ്രകാരം അന്വേഷണ സംഘം കൊച്ചിയില്‍ നിന്നും യാത്ര പുറപ്പെടും മുമ്പു തന്നെ ചാനലുകാര്‍ യാത്ര കോയമ്പത്തൂരിലേക്ക് തന്നെയായിരിക്കും എന്ന് പ്രവചിച്ചിരുന്നു. മലയാള വാര്‍ത്താ ചാനലുകള്‍ യാത്രയുടെ തത്സമയ സംപ്രേഷണം ആരംഭിച്ചതോടുകൂടി ടിവിക്ക് മുന്നില്‍ ഇരുപ്പ് ഉറപ്പിച്ചവരുടെ കണ്ണുകളും ആ യാത്രയ്ക്ക് ഒപ്പം ചേര്‍ന്നു.

യാത്ര തൃശൂരും പിന്നിട്ട് ഒവി വിജയന്റെ ഒടിയന്‍മാരുടേയും വേഷം മാറിയെത്തുന്ന കുളക്കോഴികളുടെയൊക്കെ നാടായ പാലക്കാട് വഴി അതിശീഖ്രം കോയമ്പത്തൂരിലേക്ക് വച്ച് പിടിച്ചപ്പോള്‍ അറിയാതെ പാലക്കാട്ടെ കണ്ണാടി ഗ്രാമവും കണ്ണാടി വിശ്വനാഥനും ഇരുമ്പുകൈ മായാവിയും സിഐഡി മൂസയും ഒക്കെ മനസിലേക്ക് ഓടിയെത്തും.

കോയമ്പത്തൂരില്‍ സെല്‍വപുരം നോര്‍ത്തിലെ ശണ്‍മുഖരാജ പുരം കോളനിയിലെ വീടിന് മുമ്പിലാണ് തുടക്കത്തില്‍ തന്നെ ട്രാഫിക് സിനിമയെന്ന് സോളാര്‍ നായിക സരിത പരിഹസിച്ച സിഡി വേട്ടയാത്ര അവസാനിച്ചത്.

സെല്‍വി ഏതോ ഒരു സ്വര്‍ണപണിക്കാരിയല്ല. ബിജുവിന്റെ ബന്ധു കൂടിയാണ്. സെല്‍വിയുടെ ഭര്‍ത്താവ് ശങ്കരനെ ആയിരുന്നുവത്രേ സിഡിയും പെന്‍ഡ്രൈവും ഒക്കെ അടങ്ങിയ തന്റെ ബാഗ് രണ്ടര വര്‍ഷം മുമ്പ് ബിജു സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരുന്നത്. അപകടം മണത്തിട്ടോയെന്തോ ശെല്‍വിയും ചന്ദ്രനും ഒക്കെ അപ്രത്യക്ഷരായിരുന്നു. ഒവി വിജയന്റെ മങ്കര എന്ന ചെറുകഥയിലെ കുളക്കോഴികളെ പോലെ. ഒടുവില്‍ ബാഗ് കണ്ടെടുക്കാനുള്ള സഹായം ഒളിവില്‍ നിന്ന് തന്നെ ചന്ദ്രന്‍ ഏര്‍പ്പാട് ചെയ്തു. അങ്ങനെ ബാഗ് കണ്ടെടുത്തെങ്കിലും അതില്‍ സിഡിയോ പെന്‍ഡ്രൈവോ ഉണ്ടായിരുന്നില്ല.

ബാഗ് സൂക്ഷിക്കാന്‍ ഏല്‍പ്പിക്കുമ്പോള്‍ ഇവ രണ്ടും ഉണ്ടായിരുന്നുവെന്നും തനിക്കും മുമ്പേ കോയമ്പത്തൂരില്‍ എത്തിയ സരിത അത് അടിച്ചുമാറ്റിയെന്നും ബിജു. ഇക്കഴിഞ്ഞ നാലാംതിയതി മുതല്‍ മൂന്ന് നാല് ദിവസം സരിത തമിഴ്‌നാട്ടില്‍ ഉണ്ടായിരുന്നുവെന്ന് ചില ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍. എന്നാല്‍ കോയമ്പത്തൂരില്‍ പോയിരുന്നില്ലെന്നും ചാനലുകാര്‍ തന്നെ കോണ്‍ടാക്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ തമിഴ്‌നാട്ടില്‍ ഉണ്ടായിരുന്ന തന്റെ സഹോദരനാണ് ഫോണ്‍ എടുത്തതെന്നും സരിത.

എന്തായാലും സംഗതി കൂടുതല്‍ കൊഴുക്കുന്നതിന് ഇടയില്‍ ചന്ദ്രന്റെ സഹോദരന്റെ വക ഒരു വെളിപ്പെടുത്തല്‍ കൂടി. രണ്ടരവര്‍ഷം മുമ്പ് ബിജുവിനൊപ്പം ചന്ദ്രനേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെന്നും ബാഗില്‍ എന്തൊക്കെ ഉണ്ടായിരുന്നുവെന്ന കാര്യം ചന്ദ്രന് മാത്രമേ അറിയൂവെന്നും സഹോദരന്‍. തന്നെയുമല്ല. ഇടയ്ക്കിടെ പൊലീസുകാര്‍ ചന്ദ്രന്റെ വീട്ടില്‍ വന്നിരുന്നതായും സഹോദരന്‍ പറയുന്നു. ഇതോടെ സിഡിക്കഥയില്‍ സരിതയ്ക്ക് ഒപ്പം പൊലീസിനും വില്ലന്‍ പരിവേഷം. ഇനിയിപ്പോള്‍ സരിതയും പൊലീസും അല്ലെങ്കില്‍ ഒരുപക്ഷേ മറ്റാരെങ്കിലും ഒടി മറിഞ്ഞെത്തി തട്ടിയെടുത്തതും ആകാം.

ഒടുവില്‍ കണ്ടിരുന്നവരെ കൂടി നിരാശരാക്കി അന്വേഷണ സംഘം മടങ്ങി. തന്റെ കൈവശം ഇനി രണ്ട് സിഡികള്‍ കൂടി ഉണ്ടെന്നാണ് ബിജുവിന്റെ അവകാശവാദം. ഒന്ന് വിദേശത്ത് മറ്റൊന്ന് കൊച്ചിയിലെ സോളാര്‍ കമ്മീഷന്‍ ഓഫീസിന് പരിസരത്ത് തന്നെ. കൊച്ചിയിലെ സിഡി അവസാനമേ എടുക്കൂ. ആദ്യം വിദേശത്തുള്ളത് വരുത്താന്‍ ശ്രമിക്കും. എന്നൊക്കെയാണ് ബിജു പറയുന്നത്.

വ്യാഴാഴ്ചത്തെ സിഡി വേട്ടയോടെ ഒരുപാട് പഴി കേട്ട് മടുത്ത സോളാര്‍ കമ്മീഷന്‍ സിഡി കണ്ടെടുക്കാന്‍ ഇനി ബിജുവിനെ സഹായിക്കുന്ന പ്രശ്‌നമില്ല. അക്കാര്യം കമ്മീഷന്‍ തീര്‍ത്ത് പറഞ്ഞു കഴിഞ്ഞു. എങ്കിലും ബിജുവിന് സ്വന്തമായി സിഡി ഹാജരാക്കാം. കമ്മീഷന്‍ അത് തെളിവായി സ്വീകരിക്കും.

വെറുതേയായ സിഡി വേട്ട സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങളും നിഗമനങ്ങളും ചര്‍ച്ചകളും പൊടിപൊടിക്കുന്നതിന് ഇടയില്‍ അരങ്ങ് കൊഴുപ്പിക്കാനായി നമ്മുടെ പിസി ജോര്‍ജ്ജും രംഗത്ത് എത്തിയിട്ടുണ്ട്. തന്റെ കൈയിലും ചില തെളിവുകള്‍ ഒക്കെ ഉണ്ടെന്നാണ് പിസിയുടെ വാദം. ഇതും കോയമ്പത്തൂരിലെ സിഡിയുടെ കാര്യം പോലെ ആകുമോയെന്ന് അറിയാന്‍ കാത്തിരിക്കേണ്ടി വരും.

എന്തായാലും യാത്രയ്ക്ക് ഒപ്പം സഞ്ചരിച്ച് കണ്ണുകഴച്ച് മണ്ടന്‍മാരായവര്‍ക്ക് ഒരു കാര്യത്തില്‍ ആശ്വസിക്കാം. കാശുമുടക്കില്ലാതെ അത്യന്തം സസ്‌പെന്‍സ് നിറഞ്ഞ ഒരു യാത്ര കണ്ടെന്ന കാര്യത്തില്‍.

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍