UPDATES

കെ ബാബുവിന് 200 കോടിയുടെ ആസ്തി, മന്ത്രി പറഞ്ഞവര്‍ക്കെല്ലാം പണം നല്‍കി; ബിജു രമേശ്

അഴിമുഖം പ്രതിനിധി

ബാര്‍ ഉടമകളുടെ പിന്തുണ ഉറപ്പാക്കിയതിനു പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി ബിജു രമേശ്. എക്‌സൈസ് മന്ത്രി കെ ബാബുവിന് 200 കോടിയുടെ ആസ്തിയുണ്ടെന്നാണ് ബിജുവിന്റെ വെളിപ്പെടുത്തല്‍. ജനങ്ങളെ വിറ്റകാശാണ് ബാബുവിന്റെ കൈയിലുള്ളതെന്നും അതുപയോഗിച്ച് മരുമക്കളുടെ പേരില്‍ ഡയറി ഫാമും ഏക്കറു കണക്കിന് തോട്ടങ്ങളും വാങ്ങിച്ചു കൂട്ടിയിരിക്കുകയാണെന്നും ബിജു രമേശ് ആരോപിച്ചു.

കെ ബാബു പറഞ്ഞവര്‍ക്കെല്ലാം പണം കൊടുത്തിട്ടുണ്ടെന്നും കോണ്‍ഗ്രസ് എം എല്‍ എ മാര്‍ക്ക് അടക്കം കൊടുക്കാനായി അസോസിയേഷന്‍ പിരിച്ചത് 24 കോടിരൂപയാണെന്നും ബിജു രമേശ് പറഞ്ഞു. ധനമന്ത്രി കെ എം മാണിക്ക് ഒരു കോടി നല്‍കി. കൂടുതല്‍ നല്‍കേണ്ടെന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണെന്നും ബിജു പറഞ്ഞു.

ഇന്നലെ ചേര്‍ന്ന ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ യോഗമാണ് ബാര്‍ കോഴക്കേസില്‍ ബിജു രമേശിന് പൂര്‍ണ പിന്തുണ നല്‍കാന്‍ തീരുമാനമെടുത്തത്. സര്‍ക്കാരിനെ ഇനി വിശ്വസിച്ചിട്ടുകാര്യമില്ലെന്നും തങ്ങള്‍ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിടുകയാണെന്ന് ബോധ്യം വന്നതോടെയുമാണ് ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ ബിജുവിന്റെ പിന്നില്‍ അണിനിരക്കാന്‍ തീരുമാനിച്ചത്.

അതേ സമയം ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് പി സി ജോര്‍ജ് ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം നടന്നാല്‍ മുഖ്യമന്ത്രി അകത്താകുമെന്നും ജോര്‍ജ് പറഞ്ഞു. ഇപ്പോഴത്തെ അന്വേഷണത്തില്‍ മാണി മാത്രമായിരിക്കും കുടുങ്ങുന്നതെന്നും ജോര്‍ജ് പറഞ്ഞു.
തനിക്കെതിരെ പ്രോസ്‌ക്യൂഷന്‍ നടപടി വന്നാല്‍ വഴി നടക്കാന്‍ അനുവദിക്കില്ലെന്ന് പി സി ജോര്‍ജിന്റെ ഭീഷണി. നിസാം കേസില്‍ ഡിജിപിയെ വിമര്‍ശിച്ച നടപടിയെ ന്യായീകരിച്ച ജോര്‍ജ് ആ ഫോണ്‍ സംഭാഷണത്തിലെ സ്വാമി താന്‍ തന്നെയാണെന്ന് ഡിജിപി ബാലസുബ്രഹ്മണ്യം സമ്മതിച്ചിട്ടുണ്ടെന്നും പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍