UPDATES

ട്രെന്‍ഡിങ്ങ്

ബില്‍ക്കിസ് ബാനു; 5 ഗുജറാത്ത് പോലീസുകാര്‍ക്കും 2 ഡോക്ടര്‍മാര്‍ക്കും വിധിച്ച ജീവപര്യന്തം ശിക്ഷ കോടതി ശരിവെച്ചു

2002 മാര്‍ച്ച് മൂന്നിന് സബര്‍മതി എക്‌സ്പ്രസ് തീവണ്ടിയില്‍ അഗ്നിബാധ ഉണ്ടായതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു ബില്‍ക്കിസ് ബാനുവും കുടുംബവും

2002 ലെ ഗുജറാത്ത് കലാപത്തിനിടയില്‍ ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാല്‍സംഗം ചെയ്യുകയും അവരുടെ കുടുംബാംഗങ്ങളെ കൊല്ലുകയും ചെയ്ത 11 പേര്‍ക്ക് വിധിച്ച ജീവപര്യന്തം ശിക്ഷ ബോംബെ ഹൈക്കോടതി ശരിവെച്ചിരിക്കുന്നു. തെളിവ് നശിപ്പിച്ചു എന്ന കുറ്റം ആരോപിക്കപ്പെടുന്ന ഗുജറാത്ത് പോലീസിലെ അഞ്ച് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും പിഴശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. കേസില്‍ മൊത്തം 18 പ്രതികള്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.

2008ല്‍ വിചാരണ കോടതി പതിനൊന്ന് പ്രതികളെ ശിക്ഷിച്ചിരുന്നു. ഇതിനെതിരെ പ്രതികള്‍ നല്‍കിയ ഹര്‍ജിയാണ് ഇപ്പോള്‍ ബോംബെ ഹൈക്കോടതി തള്ളിയത്. മൂന്ന് പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സിബിഐ അപേക്ഷിച്ചെങ്കിലും കോടതി അതു തള്ളിക്കളഞ്ഞു. സംഭവം നടന്നിട്ട് 15 വര്‍ഷം കഴിഞ്ഞെന്നും ഇക്കാലയളവില്‍ പ്രതികള്‍ തടവിലായിരുന്നു എന്നും ചൂണ്ടിക്കാട്ടിയാണ് ശിക്ഷ വര്‍ദ്ധിപ്പിക്കാന്‍ കോടതി വിസമ്മതിച്ചത്. ജസ്റ്റിസുമാരായ വികെ താഹില്‍രമണിയും മൃദുല ഭട്കറും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

എന്നാല്‍ തെളിവ് നശിപ്പിച്ച അഞ്ച് പോലീസുകാരെയും രണ്ട് ഡോക്ടര്‍മാരെയും വെറുതെ വിട്ടുകൊണ്ടുള്ള കീഴ്‌ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. ബില്‍ക്കിസിനെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി എന്ന യാഥാര്‍ത്ഥ്യത്തെ മറച്ചുവെക്കാനാണ് ലിംകേദ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. ബലാല്‍സംഗത്തെ കുറിച്ച് വാര്‍ത്ത ലഭിച്ചിട്ടും ബില്‍ക്കിസ് ബാനുവിന്റെ മൊഴി രേഖപ്പെടുത്താന്‍ പോലീസ് ശ്രമിച്ചില്ലെന്നും ഇത് കൃത്യനിര്‍വഹണത്തിലെ വലിയ വീഴ്ചയാണെന്നും കോടതി ചൂണ്ടിക്കാട്ടി. അവരെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കാനും പോലീസ് തയ്യാറായില്ല. നീതിക്ക് വേണ്ടിയുള്ള അവരുടെ രോദനം കേള്‍ക്കാന്‍ ആരും തയ്യാറായില്ലെന്നും കോടതി നിരീക്ഷിച്ചു. സംഭവം നടന്നതിന്റെ പിറ്റെ ദിവസം മാത്രമാണ് ബില്‍ക്കിസിനെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയത്.

സംഭവത്തെ കുറിച്ച് വിവരം നല്‍കിയ ഇരയാണവര്‍. മരിച്ചവരുടെ ബന്ധവും. എന്നാല്‍ അവരെ സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവെടുക്കാനും പോലീസ് തയ്യാറായില്ല. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരും തെളിവുകള്‍ നശിപ്പിക്കാനാണ് ശ്രമിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമം നിഷ്‌കര്‍ഷിക്കുന്ന രീതിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി തെളിവുകള്‍ ശേഖരിക്കുന്നതില്‍ ഡോക്ടര്‍മാര്‍ പരാജയപ്പെട്ടതായും കോടതി പറഞ്ഞു.

2002 മാര്‍ച്ച് മൂന്നിന് സബര്‍മതി എക്‌സ്പ്രസ് തീവണ്ടിയില്‍ അഗ്നിബാധ ഉണ്ടായതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു ബില്‍ക്കിസ് ബാനുവും കുടുംബവും. എന്നാല്‍ മറ്റ് പതിനേഴ് പേരോടൊപ്പം അവര്‍ സഞ്ചരിച്ചിരുന്ന ട്രക്ക് ദഹോദ് ജില്ലയിലെ രണ്ഡിക്പൂര്‍ ഗ്രാമത്തില്‍ വച്ച് ആക്രമിക്കപ്പെടുകയായിരുന്നു. അവരുടെ കുടംബത്തിലെ 14 പേര്‍ കൊല്ലപ്പെട്ടു. ബില്‍ക്കിസിനെ കൂട്ടബലാല്‍സംഗത്തിന് ശേഷം മരിച്ചു എന്ന് കരുതി ഉപേക്ഷിക്കുകയായിരുന്നു.

പ്രാദേശിക പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അവര്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയും സുപ്രീം കോടതിയില്‍ പരാതി നല്‍കുകയും ചെയ്തു. കേസ് അന്വേഷിക്കാന്‍ സിബിഐയോട് സുപ്രീം കോടതി ആവശ്യപ്പെടുകയായിരുന്നു. ഭീഷണി വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് കേസിന്റെ വിചാരണ ഗുജറാത്തില്‍ നിന്നും മാറ്റാന്‍ ബില്‍ക്കിസും കുടുംബവും അപേക്ഷ നല്‍കി. തുടര്‍ന്നാണ് വാദം മഹാരാഷ്ട്രയില്‍ നടത്താന്‍ കോടതി അനുമതി നല്‍കിയത്.

2008 ജനുവരിയില്‍ 19 പേര്‍ക്കെതിരെ കുറ്റപത്രം നല്‍കി. ഇതില്‍ 11 പേരെ ബലാല്‍സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ആരോപിച്ച് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയിലും കോടതിയിലും വിശ്വാസമുണ്ടെന്ന് വിധി പുറത്ത് വന്ന ശേഷം ബില്‍ക്കിസ് ബാനു പ്രതികരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍