UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ക്ലിന്‍റന്റെ ഛായാചിത്രത്തില്‍ ലെവിന്‍സ്കിയുടെ നിഴലോ?

Avatar

കോള്‍ബി ഇറ്റ്കോവിറ്റ്സ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ദേശീയ ഛായാചിത്ര പ്രദര്‍ശനശാലയിലെ (National Portrait Gallery) മുന്‍ യു എസ് പ്രസിഡണ്ട് ബില്‍ ക്ലിന്‍റന്റെ ചിത്രത്തില്‍ ഒന്നു നോക്കുന്നവര്‍ക്ക് അദ്ദേഹത്തിന്റെ പ്രസിഡണ്ട് പദവികാലത്തെ ഏറ്റവും മോശം കാലത്തിന്റെ അടയാളം അതിലില്ലെന്ന് തോന്നാം-മോണിക ലെവിന്‍സ്കി.

പക്ഷേ, അതവിടെയുണ്ട്, ഫിലാഡെല്‍ഫിയ ഡെയ്ലി ന്യൂസിന് നല്കിയ ഒരഭിമുഖത്തില്‍ ചിത്രകാരന്‍ നെല്‍സണ്‍ ഷാങ്ക്സ് വെളിപ്പെടുത്തി. നേരിപ്പൊടിന് മുകളില്‍ ഒരു നീലക്കുപ്പായത്തിന്റെ നിഴലായി.

“എക്കാലത്തെയും വലിയ നുണയന്‍മാരിലൊരാളായ ക്ലിന്‍റനെ വരക്കുന്നത് തന്റെ ഇതുവരെയുള്ള വലിയ വെല്ലുവിളികളിലൊന്നായിരുന്നു.” ഷാങ്ക്സ് പറയുന്നു. അതുകൊണ്ടു കൂടിയാണ് ക്ലിന്‍റന്റെ പ്രസിഡണ്ട് പദവിക്ക് മേല്‍ നിഴല്‍ വീഴ്ത്തിയ ലെവിന്‍സ്കി അപവാദത്തെ അയാള്‍ കൂട്ടിവരച്ചത്.

“അദ്ദേഹവും സര്‍ക്കാരും പല നല്ല കാര്യങ്ങളും ചെയ്തിട്ടുണ്ട്. പക്ഷേ എന്റെ മനസില്‍ നിന്നും ഈ മോണിക സംഭവം മായുന്നില്ല, അത് ചിത്രത്തില്‍ വളരെ മയത്തില്‍ വരച്ചിടുകയും ചെയ്തു.”

“ചിത്രത്തിന്റെ ഇടത്തെ വശത്ത് ഒരു വിളക്കുണ്ട്. ചിത്രത്തിലേക്ക് വരുന്ന രീതിയില്‍ ഞാനൊരു നിഴല്‍ വരച്ചു, അത് രണ്ടു കാര്യങ്ങള്‍ ചെയ്തു. ഞാന്‍ ചിത്രം വരക്കുമ്പോള്‍ ഒരു കോളത്തിന് മുകളിലുണ്ടായിരുന്ന, എന്നാല്‍ അദ്ദേഹം ഉള്ളപ്പോള്‍ ഇല്ലാത്ത, ഒരു നീലക്കുപ്പായത്തിന്റെ നിഴലിനെ അത് പ്രതിനിധാനം ചെയ്യുന്നു. അത് അദ്ദേഹം ഭരിച്ച കാര്യാലയത്തിന് മേലുള്ള, അല്ലെങ്കില്‍ അദ്ദേഹത്തിന് മേലുള്ള നിഴലിനെ സൂചിപ്പിക്കുന്ന ഒരു അലങ്കാരവുമാണ്.”

ഛായാചിത്രം 9 വര്‍ഷങ്ങള്‍ക്ക് മുമ്പ് അനാവരണം ചെയ്തപ്പോള്‍ ഷാങ്ക്സ് ഇത് വെളിപ്പെടുത്തിയില്ല. പക്ഷേ ഇപ്പോള്‍ അയാള്‍ പറഞ്ഞ വരികള്‍ക്കിടയിലൂടെ നമുക്കത് വായിച്ചെടുക്കാനാവുന്നുണ്ട്.

“ചിത്രം ബില്‍ ക്ലിന്‍റനെ പോലെ ശരിക്കും തോന്നിക്കുന്നുണ്ട് എന്നെനിക്ക് തോന്നുന്നു,” അയാള്‍ അന്ന് പറഞ്ഞതായി വാഷിംഗ്ടണ്‍ പോസ്റ്റ് എഴുതുന്നു. “അതിനെ ഞാന്‍ പൊങ്ങച്ചം എന്ന് വിളിക്കില്ല. ഒരു അനൌപചാരികത? ഒരു അയഞ്ഞ മട്ട്, വിശ്രമ ഭാവം.”

ചിത്രത്തിലെ പ്രതീകാത്മകതയെ കുറിച്ച് ക്ലിന്‍റണും ഭാര്യ ഹിലാരിക്കും അറിയാമായിരുന്നു എന്നും ഷാങ്ക്സ് സൂചിപ്പിക്കുന്നുണ്ട്.

“അതുകൊണ്ടാണ് അവരാ ചിത്രത്തെ വെറുത്തത്.” അതെടുത്ത് മാറ്റാന്‍ അവരാഗ്രഹിച്ചിരുന്നു എന്നും അയാള്‍ പറഞ്ഞു.

ഈ കാര്യത്തില്‍ പ്രതികരണത്തിനായി ബന്ധപ്പെട്ടപ്പോള്‍ ക്ലിന്‍റന്‍ വക്താവ് പ്രതികരിക്കാന്‍ വിസമ്മതിച്ചു.

വാല്‍ക്കഷ്ണം: ഛായാചിത്രം മൂന്നു വര്‍ഷങ്ങള്‍ക്കുമുമ്പ് എടുത്തുമാറ്റി. എന്നാല്‍ 2006 മുതല്‍ അതവിടെ കിടന്നിരുന്നു. ക്ലിന്‍റന്‍ കുടുംബം അതെടുത്ത് മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്ന് പ്രദര്‍ശനശാല വക്താവ് പറഞ്ഞു. അമേരിക്കയുടെ പ്രസിഡണ്ടുമാരുടെ ചിത്രപ്രദര്‍ശനത്തില്‍ ഛായാചിത്രങ്ങള്‍ വെച്ചുമാറുക പതിവുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍