UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശതകോടീശ്വരന്‍മാരേ, ഈ ഇന്ത്യന്‍ കണക്കുകള്‍ കൂടി ഒന്നു നോക്കൂ

Avatar

ടീം അഴിമുഖം

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ശതകോടീശ്വരന്‍മാരുടെ എണ്ണത്തില്‍, അതായത് കുറഞ്ഞത് 6,700 കോടി രൂപ ആസ്തിയുള്ളവര്‍, ഇന്ത്യ ഏതാണ്ട് നാലുമടങ്ങ് മുന്നേറി 78 ശതമാനം ആയി. ആഗോളവളര്‍ച്ചാനിരക്ക് വെറും 68 ശതമാനമാണ്.

Knight Frank Wealth Report 2016 പ്രകാരം 2025-ഓടെ അറ്റ ആസ്തിമൂല്യം ഏതാണ്ട് 200 കോടി രൂപയ്ക്കു മുകളിലുള്ള അതിസമ്പന്നരുടെ -Ultra High Net Worth Individuals-UHNWI- ആഗോളക്കൂട്ടത്തില്‍ 5% ഇന്ത്യയില്‍ നിന്നായിരിക്കും.

ഒറ്റ ദശാബ്ദം കൊണ്ട് UHNWI എണ്ണം 340% ഉയര്‍ന്നു 6020 പേരിലെത്തി. ആഗോള വളര്‍ച്ചനിരക്ക് ഇക്കാര്യത്തില്‍ 61 ശതമാനമാണ്, 1,87,468 പേര്‍. 2005-ല്‍ ലോകത്തെ UHNWI ജനസംഖ്യയില്‍ ഇന്ത്യയുടെ പങ്ക് 1% ആയിരുന്നു. എന്നാല്‍ കണക്കുകളുടെ താരതമ്യപഠനം കാണിക്കുന്നത് 2025-ഓടെ ആഗോള ശതകോടീശ്വരന്മാരില്‍ ഇന്ത്യയുടെ പങ്ക് 6 ശതമാനവും UHNWI-യില്‍ 5 ശതമാനവും ആയിരിക്കും എന്നു റിപ്പോര്‍ട് പറയുന്നു.


(കടപ്പാട്: പി‌ടി‌ഐ)

ഇതുകൂടി പരിഗണിക്കണം:

1991 മുതല്‍ക്കിങ്ങോട്ട് ഇന്ത്യയുടെ ജി ഡി പിയില്‍ 50% വര്‍ദ്ധന ഉണ്ടായിട്ടും ലോകത്തെ പോഷകാഹാരക്കുറവുള്ള കുട്ടികളുടെ  മൂന്നിലൊന്നും ഇന്ത്യയിലാണ്. ഇതില്‍ മൂന്നു വയസിനു താഴെയുള്ള പകുതി കുട്ടികളും ഭാരക്കുറവുള്ളവരാണ്. അഞ്ചു വയസിനു താഴെയുള്ള 42% കുട്ടികളും ഭാരക്കുറവുള്ളവരാണ്.

ലോകത്ത് ഏറ്റവും കൂടുതല്‍ നിരക്ഷരരും ഇന്ത്യയിലാണ്. 26 ശതമാനത്തിനും എഴുത്തും വായനയും അറിഞ്ഞുകൂട. 2001-2011 കാലത്ത് സാക്ഷരതയിലുണ്ടായ 9.2% വളര്‍ച്ച കഴിഞ്ഞ ദശാബ്ദത്തിനെക്കാള്‍ കുറവായിരുന്നു! ലോകത്ത് തുറസായ സ്ഥലത്തു മലമൂത്രവിസര്‍ജനം നടത്തുന്നവര്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യയിലാണ്. ഏതാണ്ട് 59.5 കോടി മനുഷ്യര്‍ ഇവിടെ തുറസായ സ്ഥലത്താണ് വിസര്‍ജിക്കുന്നത്. ഇങ്ങനെ ചെയ്യുന്നവരില്‍ തെക്കനേഷ്യയില്‍ 90% ആളുകളും ലോകത്തെ 1.1 ബില്ല്യണ്‍ ആളുകളില്‍ 59 ശതമാനവും ഇന്ത്യയില്‍ നിന്നാണ്.

തുറസായ സ്ഥലത്തെ മലമൂത്രവിസര്‍ജനത്തിന്റെ ഫലമെന്താണ്? ലോകത്ത് അഞ്ചു വയസിനു താഴെയുള്ള കുട്ടികളിലെ വയറിളക്ക മരണങ്ങളില്‍ ഏറ്റവും കൂടുതല്‍ കുട്ടികളും മരിക്കുന്നതു ഇന്ത്യയിലാണ്. എല്ലാ വര്‍ഷവും അഞ്ചുവയസിന് താഴെയുള്ള 1,88,000 കുട്ടികളാണ് ഇതുമൂലം ഇന്ത്യയില്‍ മരിക്കുന്നത്.

33 കോടി ഇന്ത്യക്കാര്‍ക്ക് ശുദ്ധമായ കുടിവെള്ളം കിട്ടാനില്ല. ഓരോ ദിവസവും കോടിക്കണക്കായ സാധാരണ പൌരന്‍മാര്‍ അടിച്ചമര്‍ത്തുന്നതും സ്ത്രീവിരുദ്ധവുമായ ഈ വ്യവസ്ഥയുടെ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നു.

അതുകൊണ്ട് ശതകോടീശ്വരന്‍മാര്‍ ഇടയ്ക്കൊന്ന് മണിമാളികകളുടെ ജാലകപ്പാളികള്‍ തുറന്ന് പുറത്തുനോക്കിയാല്‍ പോഷകാഹാരക്കുറവുള്ള കുട്ടികള്‍ പൊതുസ്ഥലത്ത് വിസര്‍ജിക്കുന്നത് കാണാം. അതിപ്പോള്‍ തെക്കന്‍ മുംബൈ ആയാലും ന്യൂ ഡല്‍ഹി ആയാലും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍