UPDATES

ജിഷ്ണു മരിച്ചത് ഓരോ വിദ്യാര്‍ത്ഥിക്കും വേണ്ടിയാണ്; പോലീസ് ഇപ്പോള്‍ ഞങ്ങളെ കുറ്റവാളികളാക്കുന്നു

നെഹ്‌റു കോളേജില്‍ നിന്നും ഇനിയും വിദ്യാര്‍ത്ഥികള്‍ ഇവിടെ വരും

ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പ്രതികളായവരെ അറസ്റ്റ് ചെയ്തു നിയമത്തിിനു മുന്നില്‍ കൊണ്ടുവരിക എന്ന ആവശ്യവുമായി തിരുവനന്തപുരത്ത് ഡിജിപി ഓഫിസിനു മുന്നില്‍ സമരത്തിനെത്തിയ ജിഷ്ണുവിന്റെ കുടുംബത്തിനും ബന്ധുക്കള്‍ക്കുമൊപ്പം രണ്ടു വിദ്യാര്‍ത്ഥികളുമുണ്ട്. പാമ്പാടി നെഹ്‌റു കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥി ബിമല്‍രാജും നെഹ്റു കോളേജില്‍ ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന അരുണും. ഡിജിപി ഓഫിസിനു മുന്നില്‍ നടന്ന അനിഷ്ടസംഭവങ്ങള്‍ക്കു പിന്നാലെ മെഡഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കും അമ്മാവന്‍ ശ്രീജിത്തിനുമൊപ്പം മറ്റു ബന്ധുക്കളുടെ കൂടെ ബിമലും അരുണും ഉണ്ട്. ജിഷ്ണുവിന് നീതി കിട്ടുംവരെ പോരാടുക എന്നതാണ് തങ്ങളെ പോലെ ഒരോ വിദ്യാര്‍ത്ഥിയും ആഗ്രഹിക്കുന്നതെന്ന് ഇരുവരും പറയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ച് ബിമല്‍രാജ് അഴിമുഖത്തോട് സംസാരിക്കുന്നു.

എനിക്കും ജിഷ്ണുവിനും തമ്മില്‍ നേരിട്ടു പരിചയമില്ല. ഒരേ കോളേജിലെ വിദ്യാര്‍ത്ഥികളായിരുന്നു ഞങ്ങളെന്നതൊഴിച്ചാല്‍. ജിഷ്ണു പാമ്പാടി നെഹ്‌റു കോളേജില്‍ വരുന്നതിനും ഒരു വര്‍ഷം മുമ്പ് ഞാനവിടെ നിന്നും പഠിച്ചിറങ്ങി. പക്ഷേ ഇപ്പോള്‍ തിരുവനന്തപുരത്ത് ജിഷ്ണുവിന്റെ മരണത്തില്‍ നീതിതേടി അവന്റെ അമ്മയും അച്ഛനും ബന്ധുക്കളുമെല്ലാം സമരത്തിനു വരുമ്പോള്‍ അവരുടെ കൂടെ സാന്നിധ്യം കൊണ്ടെങ്കിലും പങ്കാളിയാകാന്‍ കാരണം, ജിഷ്ണു മരിച്ചത് എന്നെപ്പോലെ എത്രയോ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയാണെന്ന ഒറ്റകാരണം കൊണ്ടു മാത്രമാണ്. ജിഷ്ണു വിദ്യാര്‍ത്ഥികളുടെ രക്തസാക്ഷിയാണ്.

യൂണിയന്‍ എന്നു പറഞ്ഞുകേള്‍ക്കുന്നതുപോലും ഇഷ്ടപ്പെടാത്ത ഒരു മാനേജ്‌മെന്റാണ് നെഹ്‌റു കോളേജിലേത്. അവിടെ നടന്നുപോരുന്ന വിദ്യാര്‍ത്ഥിവിരുദ്ധ നടപടികള്‍ ആരെയും ഞെട്ടിക്കുന്നതാണ്. അതിന്റെ ഇരകളായവര്‍ ഒത്തിരിയുണ്ട്. പക്ഷേ പലരും ഒന്നും പുറത്തു പറഞ്ഞില്ല, ഞാനുള്‍പ്പെടെയുള്ളവര്‍. ഭയം കൊണ്ടായിരുന്നു. കോളേജില്‍ മാത്രമല്ല, ഒരു ജോലി കിട്ടി പോയാല്‍ ആ സ്ഥാപനത്തില്‍ വരെ നെഹ്‌റു കോളേജിന്റെ ആളുകള്‍ ഭീഷണി ചെലത്തും. സ്വന്തം ജീവിതവും കരിയറും സ്‌നേഹിക്കുന്നവര്‍ അതുകൊണ്ട് പരസ്യമായ ഒരു പ്രതികരണത്തിനും പോകില്ല. തെറ്റു ചെയ്തത് അവരാണെങ്കിലും വിദ്യാര്‍ത്ഥികളോട് മാപ്പ് പറയാന്‍ പറയും. വിദ്യാര്‍ത്ഥികള്‍ അതനുസരിക്കും. അങ്ങനെയയൊരു കീഴ്‌വഴക്കത്തെയാണു ജിഷ്ണു വെല്ലുവിളിച്ചത്. അതവനുവേണ്ടി മാത്രമായിരുന്നില്ല, എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടിയായിരുന്നു.

ജിഷ്ണുവിന്റെ മരണം നടന്ന പിറ്റേദിവസം മുതല്‍ ഞങ്ങള്‍ ചിലര്‍ ആ കുടുംബത്തിനൊപ്പം ഉണ്ടായിരുന്നു. ആ അമ്മയ്ക്കും അച്ഛനും ഒപ്പം അവരുടെ മകനായി തന്നെ നിന്നു. ഇപ്പോള്‍ ഈ സമരമുഖത്തു വരെ അതേ മനസോടെയാണു വന്നു നില്‍ക്കുന്നത്.

ജിഷ്ണുവിനു നീതി കിട്ടണം. ജീവിച്ചിരുന്നപ്പോള്‍ അവന്‍ പോരാടിയതും അതിനുവേണ്ടിയാണ്. ജിഷ്ണു നേരിട്ട അതേ സാഹചര്യങ്ങള്‍ ഞാനും നേരിട്ടുണ്ട്. പക്ഷേ പലതിലും പ്രതികരിച്ചിരുന്നില്ല. ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷേ…

ജിഷ്ണുവിന്റെ മരണം കൊലപാതകമോ ആത്മഹത്യയോ എന്ന് എനിക്ക് പറയാന്‍ കഴിയില്ല. പക്ഷേ അത് ആത്മഹത്യയാണെങ്കില്‍ ജിഷ്ണു അതിനു നിര്‍ബന്ധിക്കപ്പെടുകയായിരുന്നിരിക്കാം. ഷാഹിര്‍ എന്ന വിദ്യാര്‍ത്ഥിയോട് ഇതേ മനേജ്‌മെന്റ് പരിഹാസത്തോടെ ചോദിച്ചത് നിനക്കു ധൈര്യമുണ്ടെങ്കില്‍ പോയി ട്രെയിനു തലവയ്ക്കാന്‍ ആയിരുന്നില്ലേ? അങ്ങനെയാകുമ്പോള്‍ ജിഷ്ണുവിനെ മരണത്തിലേക്കു തള്ളിയിട്ടവര്‍ കൊലപാതകികള്‍ തന്നെയാണ്. അവര്‍ക്കെതിരേ നടപടി വേണം. ശിക്ഷിക്കപ്പെടണം. അതു വൈകുന്നതാണ് ഈ അമ്മയേയും അച്ഛനേയും അവനെ സ്‌നേഹിക്കുന്ന ഞങ്ങള്‍ ഓരോരുത്തരേയും വേദനിപ്പിക്കുന്നത്. ഈ സമരവും പ്രതിഷേധവുമെല്ലാം കുറ്റവാളികള്‍ക്കെതിരേയാണ്. അവര്‍ രക്ഷപ്പെടാതിരിക്കാന്‍ വേണ്ടിയാണ്.

പക്ഷേ പൊലീസ് ഞങ്ങളോട് ചെയ്തത് എങ്ങനെ ന്യായീകരിക്കാന്‍ കഴിയും. അവര്‍ തന്നെ പ്രകോപനം ഉണ്ടാക്കി, അവര്‍ തന്നെ ഞങ്ങളെ പിടികൂടി. ഒരമ്മയോടും പറയാനും ചെയ്യാനും പാടില്ലാത്തത്, മകന്‍ നഷ്ടപ്പെട്ട ഒരമ്മയോടായി പൊലീസ് ചെയ്തു. ‘എടീ നീന്നോട് പോകാന്‍ അല്ലേടീ പറഞ്ഞത്’ എന്നായിരുന്നു എസിപി ബൈജു വണ്ടിക്കുള്ളില്‍വച്ചു ജിഷ്ണുവിന്റെ അമ്മയോട് ആക്രോശിച്ചത്. ആ പൊലീസുകാരന്‍ എന്താണു വിചാരിച്ചത്? പേടിപ്പിച്ചാല്‍, അലറിവിളിച്ചാല്‍ പിന്തിരിഞ്ഞുപോകും ആ അമ്മയെന്നോ? അതൊരു അമ്മയാണ്, അമ്മയോളം ശക്തയായി മറ്റാരെങ്കിലും ഉണ്ടെന്ന് എനിക്കു തോന്നുന്നില്ല.

സമാധാനപരമായും യാതൊരു പ്രകോപനവും ഉണ്ടാക്കരുതെന്നും തീരുമാനിച്ചു തന്നെയാണു ഞങ്ങള്‍ ഡിജിപി ഓഫിസിലേക്കു പോയതത്. പക്ഷ മ്യൂസിയം എസ് ഐ സുനില്‍കുമാര്‍ രാവിലെ മുതല്‍ തന്നെ ഞങ്ങളോട് പ്രകോപനപരമായാണ് ഇടപെട്ടിരുന്നത്. സെക്രട്ടേറിയേറ്റിനു മുന്നില്‍ പോയി സമരം ചെയ്യൂ, സര്‍ക്കാരിനെതിരേ സമരം ചെയ്യൂ എന്നൊക്കെയാണ് അയാള്‍ പറയുന്നത്. സര്‍ക്കാരിനെതിരേയല്ല, പൊലീസിനെതിരെയാണു ഞങ്ങളുടെ സമരമെന്നു പറഞ്ഞു. പക്ഷേ അയാള്‍ പ്രകോപനം തുടര്‍ന്നുകൊണ്ടേയിരുന്നു. കഴിഞ്ഞ മാസം ഡിജിപി ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്ക് നല്‍കിയ ഉറപ്പ് ഒരാഴ്ച സമയം കൊടുക്കണം എന്നായിരുന്നു. ഒന്നും നടന്നില്ലെങ്കില്‍ സമരം ചെയ്‌തോ എന്നും പറഞ്ഞത് പൊലീസ് തന്നെയാണ്. ഒരു സുപ്രഭാതത്തില്‍ ഞങ്ങള്‍ തീരുമാനിച്ച് ഇറങ്ങിയതല്ല. പക്ഷേ സ്വന്തം കടമ മറന്നവര്‍ ഞങ്ങളെ കുറ്റവാളികളാക്കുന്നു. പൊലീസ് തന്നെയാണ് ആ സംഭവത്തിലെ കുറ്റക്കാര്‍. എസ് ഐ സുനില്‍കുമാര്‍ തന്നെയാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. ഒരുപക്ഷേ അയാള്‍ സര്‍ക്കാരിനെയും ഞങ്ങളെയും തമ്മില്‍ തെറ്റിക്കാനുള്ള ശ്രമമായിരിക്കാം നടത്തിയത്.

അറസ്റ്റ് ചെയ്തത് ഞങ്ങള്‍ പതിനാറുപേരെയാണ്. അമ്മയേയും ശ്രീജിത്ത് അമ്മാവനേയും ആശുപത്രിയിലേക്ക് മാറ്റി. ഞങ്ങളെ എആര്‍ കാമ്പില്‍ കൊണ്ടുപോയി. ഷാജഹാനും തോക്ക് സ്വാമിയും ഷാജര്‍ ഖാനും ഭാര്യയുമെല്ലാം ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. കാമ്പില്‍ എത്തിച്ചശേഷം ബന്ധുക്കളായവര്‍ ആരെല്ലാം ആണെന്നു ചോദിച്ചു. അവരുടെ പേര്‍ എഴുതിയെടുത്തശേഷം പൊയക്കോളാന്‍ പറഞ്ഞു. ഞാനും അരുണും (അരുണ്‍ പാമ്പാടി നെഹ്‌റു കോളേജില്‍ നാലാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയാണ്) മറ്റു നാലുപേരും അവിടെയിരുന്നു. കുറച്ചു കഴിഞ്ഞ് ഞങ്ങളോടും പൊയ്‌ക്കോളാന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളാണെന്നറിഞ്ഞപ്പോഴാണു വിട്ടയച്ചത്. ഷാജഹാന്‍ ആ സമയത്തൊക്കെ പറയുന്നത്, താന്‍ സമരത്തിനൊപ്പം വന്നതല്ലെന്നും വിവരം എന്താണെന്ന് അറിയാന്‍ വന്നതാണെന്നുമായിരുന്നു. തന്നെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് അദ്ദേഹം പൊലീസിനോട് ചോദിക്കുന്നുണ്ടായിരുന്നു.

ഡിജിപി ഓഫിസിനു മുന്നില്‍ നടന്ന സംഭവത്തിന്റെ തുടര്‍ പ്രതികരണങ്ങളിലേക്കൊന്നും ഞാന്‍ കടക്കുന്നില്ല. ഞങ്ങള്‍ക്ക് ആവശ്യം നീതിയാണ്. ആരെയും കുറ്റപ്പെടുത്തുന്നില്ല. അവരവര്‍ തങ്ങളുടെ കടമ ചെയ്യട്ടേ. നെഹ്‌റു കോളേജില്‍ നിന്നും ഇനിയും വിദ്യാര്‍ത്ഥികള്‍ ഇവിടെ വരും. ഇപ്പോള്‍ പരീക്ഷയും മറ്റുമായി അവര്‍ തിരക്കിലായി പോയതുകൊണ്ടാണ്. എങ്കിലും വിവരങ്ങള്‍ വിളിച്ചു ചോദിച്ചുകൊണ്ടേയിരിക്കുന്നു. സംഭവം നടന്ന അന്നു പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ജിഷ്ണു ആര്‍ക്കുവേണ്ടിയാണ് മരിച്ചതെന്ന് ഓരോ വിദ്യാര്‍ത്ഥിക്കും അറിയാം. ഒരുപക്ഷേ പരസ്യമായി അവനുവേണ്ടി മുന്നിലേക്കു വരാന്‍ ഭയമുള്ളവര്‍ ഉണ്ടായിരിക്കാം. അവരെയും കുറ്റപ്പെടുത്തുന്നില്ല. പക്ഷേ മുന്നിട്ടിറങ്ങുന്നവര്‍ ശക്തമായി തന്നെ ജിഷ്ണുവിനൊപ്പം നില്‍ക്കും. കാരണം എന്നെപ്പോലെയുള്ള ഒരുപാട് വിദ്യാര്‍ത്ഥികള്‍ക്കു സ്വപ്നം  കണ്ടതുപോലെ ജീവിക്കാനാണ് ജിഷ്ണു അവന്റെ എല്ലാ സ്വപ്‌നങ്ങളും അവസാനിപ്പിച്ചത്. അതുകൊണ്ട് ഞങ്ങള്‍ക്ക് കടമ ചെയ്‌തേ കഴിയൂ…

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍