വിഷ്ണു എസ് വിജയന്‍, നിരഞ്ജന്‍
കേരളത്തില്‍ നിന്നും ദുരൂഹസാഹചര്യത്തില്‍ കാണാതായെന്നു പറയുന്ന മലയാളിസംഘത്തില്‍പ്പെട്ട ഫാത്തിമ എന്ന നിമിഷയുടെ മാതാവ് ബിന്ദു ഇപ്പോഴും വിശ്വസിക്കുന്നത് വാര്‍ത്തകളില്‍ വരുന്നതുപോലെ തന്റെ മകള്‍ തീവ്രവാദിയല്ലെന്നും അത്തരമൊരു കാര്യം ചിന്തിക്കാന്‍ പോലും കഴിയാത്ത കുട്ടിയാണെന്നുമാണ്. ഒരു മകളെ കാണാതായ അമ്മയുടെ വേദനയാണ് തനിക്കുള്ളത്. നഷ്ടപ്പെട്ട മകളെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തുന്നത്. അതിനിടയില്‍ സ്വന്തം മകള്‍ തീവ്രവാദിയാണെന്ന് മാധ്യമങ്ങളിലടക്കം വരുന്ന വാര്‍ത്തകള്‍ തന്നെ തകര്‍ത്തു കളയുകയാണെന്നും ബിന്ദു പറയുന്നു. അഴിമുഖത്തിനോട് മനസ് തുറന്ന് ബിന്ദു…
എല്ലാവര്‍ക്കും ഇപ്പോള്‍ എന്റെ മകള്‍ തീവ്രവാദിയാണ്… ഞാനൊരു തീവ്രവാദിയുടെ അമ്മയും. നിങ്ങള്‍ക്കവള്‍ മതം മാറി ഭീകരസംഘടനയില്‍ ചേര്‍ന്നു നാടിനെ നശിപ്പിക്കാന്‍ പോയവള്‍ ആയിരിക്കാം. പക്ഷെ എനിക്കവള്‍ എന്റെ പൊന്നു മകളാണ്. കളിചിരികളും പാട്ടും കഥയുമായി നടന്ന എന്റെ ചിന്നുവാണ്. എനിക്കൊരപേക്ഷയേയുള്ളൂ, എന്റെ മകളെ തീവ്രവാദിയെന്നു വിളിക്കരുത്. നിമിഷയും ഭര്‍ത്താവും ഭീകരസംഘടനയില്‍ ചേര്‍ന്നുവെന്ന് ഒരന്വേഷണ ഏജന്‍സിയും സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ മാധ്യമങ്ങള്‍ കഥകള്‍ ആഘോഷിക്കുകയാണ്.
ഞാന്‍ തന്നെയാണ് എന്റെ മകളെ കാണാനില്ലെന്നും അവള്‍ മതം മാറിയെന്നും ലോകത്തിനു മുന്‍പില്‍ വിളിച്ചു പറഞ്ഞത്. അതിനര്‍ഥം അവള്‍ തീവ്രവാദിയായി എന്നാണോ? അവര്‍ തിരിച്ചു വരാന്‍ വേണ്ടി രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഉഴറുന്ന മാതാപിതാക്കളുടെ അവസ്ഥ നിങ്ങള്‍ മനസ്സിലാക്കണം.
ജീവിതത്തില്‍ പ്രതിസന്ധികള്‍ വരുമ്പോള്‍ തളരരുത് എന്ന് എല്ലാവരോടും ഉപദേശം നല്‍കിക്കൊണ്ടിരുന്ന ആളായിരുന്നു; അതേ ഞാന്‍ തന്നെ ഇപ്പോള്‍ തളര്‍ന്നു പോയിരിക്കുന്നു. എന്നാലും ജീവനുള്ളിടത്തോളം കാലം എന്റെ മകളെ തിരികെ കൊണ്ടുവരുവാന്‍ പോരാടും. ഇനി എന്റെ മകള്‍ക്ക് തിരിച്ചു വരാന്‍ കഴിയില്ലെന്നാണെങ്കില്‍ അവള്‍ക്കു ആത്മഹത്യ ചെയ്യാന്‍ തോന്നണേ എന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്. എന്റെ കുഞ്ഞിനെ ഏതെങ്കിലും നരാധമന്മാര്‍ കീറി മുറിക്കുന്ന അവസ്ഥ ഉണ്ടാകരുത്. സ്വന്തം മകള്‍ക്ക് ആത്മഹത്യ ചെയ്യാന്‍ തോന്നണേ എന്ന് പ്രാര്‍ഥിക്കേണ്ടി വരുന്ന ലോകത്തിലെ ഏക അമ്മ ഞാനായിരിക്കും.
എന്റെ മകള്‍ തെറ്റ് ചെയ്‌തെന്നു ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നില്ല. ആരൊക്കെയോ ചേര്‍ന്ന് ചതിക്കുകയിരുന്നു. അവള്‍ക്കൊരിക്കലും തീവ്രവാദിയാകാന്‍ കഴിയില്ല. അവള്‍ വരും, ഞാനിവിടെ പ്രാര്‍ഥനയോടെ ഉരുകുമ്പോള്‍ അവള്‍ക്ക് വരാതിരിക്കാന്‍ കഴിയില്ല.
നിമിഷ മതം മാറിയതൊന്നും എനിക്ക് പ്രശ്‌നമല്ല. കറുത്ത തുണി കൊണ്ടു തല മറച്ചാലും എന്റെ മകള്‍ അല്ലാതെയാകുന്നില്ല. എപ്പോള്‍ തിരിച്ചു വന്നാലും ഞാന്‍ സ്വീകരിക്കും. നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും വിഷമമുണ്ടെങ്കില്‍ അവര്‍ മാറി പോകട്ടെ. എന്റെ മകളെ ഞാന്‍ തള്ളിപ്പറയില്ല.
നമ്മുടെ സമൂഹത്തിലെ ദുര്‍വാശികളാണ് മക്കളെ വഴി തെറ്റി നടക്കാന്‍ പ്രേരിപ്പിക്കുന്നത്. ഒരാളെ പ്രണയിച്ചാല്‍, അന്യമതസ്ഥരുടെ കൂടെ ജീവിക്കാന്‍ തീരുമാനിച്ചാല്‍ ഉടനെ പടിയടച്ച് പിണ്ഡം വയ്ക്കുന്നു, ഇറക്കി വിടുന്നു, ഒറ്റപ്പെടുത്തുന്നു. എന്തിനാണ് ഇങ്ങനെയൊക്കെ? ഈ ദുര്‍വാശികളാണ് അവര്‍ക്ക് മറ്റൊരുത്തന്റെ കൂടെയുള്ള ജീവിതം സ്വര്‍ഗമെന്നു തോന്നിപ്പിക്കുന്നത്.
ചിന്മയ വിദ്യാലയത്തിലായിരുന്നു നിമിഷയുടെ സ്‌കൂള്‍ വിദ്യാഭ്യാസം. പാട്ടിലും നൃത്തത്തിലും കഥയെഴുത്തിലും കവിത ചൊല്ലലിലുമൊക്കെ വാസനയുള്ള കുട്ടിയായിരുന്നു. എല്ലാ കാര്യങ്ങള്‍ക്കും ചുറുചുറുക്കോടെ മുന്നിലുണ്ടാകും.
കാസര്‍ഗോഡ് പൊയ്‌നാച്ചിയിലെ സിഡിഎസ് കോളേജില്‍ ബിഡിഎസിനു പഠിക്കാന്‍ പോയപ്പോഴും എല്ലാ ആഴ്ചയും വീട്ടില്‍ വരും. അമ്മയെ കണ്ടില്ലെങ്കില്‍ സമാധാനം ഇല്ലെന്നാണ് പറയാറ്. ഒരിക്കലും ഒരുങ്ങി ചമഞ്ഞു നടക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. വലിയ പൊട്ടുകള്‍ ഉപയോഗിച്ചിരുന്നില്ല, ജീന്‍സ് ധരിക്കുന്നത് ഇഷ്ടമായിരുന്നില്ല. സ്ഥിരം ക്ഷേത്രങ്ങളില്‍ പോയിരുന്നവള്‍. പിന്നെ എപ്പോഴാണ് അവള്‍ക്ക് ഇങ്ങനെയൊക്കെ ഒരു മാറ്റം സംഭവിച്ചത് എന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.
2015 നവംബര്‍ 11ആം തീയതി മകന്‍ ഫോണ്‍ ചെയ്തപ്പോഴാണ് അവളെ വിളിച്ചിട്ട് കിട്ടുന്നില്ലെന്നു പറയുന്നത്. എനിക്ക് എന്നും മെസ്സേജ് അയക്കാറുണ്ട്. പക്ഷെ വിളിക്കാത്തത് എന്താണെന്ന് മനസ്സിലായില്ല. അവളുടെ ഒരു കൂട്ടുകാരിയെ വിളിച്ചു ചോദിച്ചു, നിമിഷ വീട്ടിലേക്കു വന്നില്ലേയന്നായിരുന്നു ആ കുട്ടിയുടെ മറുചോദ്യം. അതോടെ എനിക്ക് ആധിയായി. പല സംശയങ്ങളും തോന്നി. നിമിഷ ഏതെങ്കിലും പ്രേമബന്ധത്തില്‍ പെട്ടിട്ടുണ്ടോ? ഞാന്‍ ചോദിച്ചു. അതിനുത്തരം കിട്ടിയില്ല, പക്ഷേ നിമിഷയുടെ കൂട്ടുകാരി പറഞ്ഞ മറ്റൊരു കാര്യം എന്റെ മുന്നിലെ ചോദ്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു. നിമിഷ ഇപ്പോള്‍ വളരെ റിലീജ്യസ് ആണത്രേ! സത്യമായിട്ടും ആ പറഞ്ഞതിന്റെ അര്‍ത്ഥം എനിക്കു മനസിലായില്ല. പക്ഷേ ആ കുട്ടി കൂടുതലൊന്നും പറയാന്‍ തയ്യാറായില്ല. പിന്നീടെനിക്ക് ആ കുട്ടിയെ ഫോണില്‍ കിട്ടിയിട്ടുമില്ല. നിമിഷയുടെ വേറെ സുഹൃത്തുക്കളെ വിളിച്ചു നോക്കി. ആരും ഫോണ്‍ അറ്റന്‍ഡ് ചെയ്തില്ല. ഒടുവില്‍ റാഹയെന്ന കുട്ടിയോട് സംസാരിക്കാന്‍ പറ്റി. പക്ഷേ റാഹയുടെ വാക്കുകള്‍ എന്നെ അക്ഷരാര്‍ത്ഥത്തില്‍ നടക്കുന്നതായിരുന്നു. പരുഷമായ വാക്കുകളോടെ ആ മോള് എന്നോടു പറഞ്ഞത് ഞങ്ങളാരും തീവ്രവാദികളല്ല, സാധാരണ മുസ്ലിങ്ങളാണ് എന്നായിരുന്നു. എനിക്ക് മറുപടി പറയാന്‍ കഴിഞ്ഞില്ല, എനിക്ക് സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു.
അടുത്ത ദിവസം രാവിലെ തന്നെ ഞാന്‍ അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കണ്ടു പരാതി കൊടുത്തു. ഡിജിപി സെന്‍കുമാര്‍ വഴി കാസര്‍ഗോഡ് പോലീസ് സ്‌റ്റേഷനില്‍ ആളെ കാണ്മാനില്ലെന്നു കേസ് കൊടുത്തു. ആ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് നിമിഷയേയും കൂടെയൊരു ചെറുപ്പക്കാരനെയും സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. നാളുകള്‍ക്കുശേഷം ഞാനെന്റെ മകളെ കാണുകയാണ്. പക്ഷേ… അവളൊരു കറുത്ത ബുര്‍ഖയില്‍, കണ്ണുകള്‍ മാത്രം പുറത്തു കാണുന്നുണ്ടായിരുന്നുള്ളൂ. അവള്‍ സുന്ദരിയായ പെണ്‍കുട്ടിയായിരുന്നു… ആ കുട്ടിയിപ്പോള്‍ ശരീരം മുഴുവന്‍ മറച്ച്… നിമിഷ ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു, കുറെ കരഞ്ഞു. നാട്ടിലേക്കു പോകാമെന്ന് ഞാന്‍ പറഞ്ഞു. ഇല്ലെന്നായിരുന്നു മറുപടി. വന്നാല്‍ ഞാനവളെ തിരികെ വിടില്ലെന്ന പേടിയുണ്ടെന്ന്. കൂടെയുള്ളത് ഭര്‍ത്താവാണെങ്കില്‍ അയാളോട് മാതാപിതാക്കളുമായി നമ്മുടെ വീട്ടില്‍ വരാന്‍ പറഞ്ഞു. അതിനുശേഷം നിന്നെ അയാള്‍ക്കൊപ്പം വിടാമെന്നു പറഞ്ഞു.
പക്ഷേ പെലീസ് പറഞ്ഞത് 18 വയസ് കഴിഞ്ഞ സ്ത്രീക്കും പുരുഷനും ഉഭയകക്ഷി സമ്മതത്തോടെ ഒരുമിച്ചു താമസിക്കാം എന്നായിരുന്നു. മകളെ നിര്‍ബന്ധിച്ച് മാതാവിന്റെ കൂടെ വിടാന്‍ നിര്‍വാഹമില്ലെന്നവര്‍ വ്യക്തമാക്കി.
ഈസ എന്നായിരുന്നു ആ ചെറുപ്പക്കാരന്റെ പേര്. പൊലീസ് സ്റ്റേഷനിലാണ് ഞാനയാളെ ആദ്യം കാണുന്നത്. വല്ലാതെ പൊട്ടിത്തെറിച്ചാണ് ഈസയോട് ഞാന്‍ സംസാരിച്ചത്. എല്ലാത്തിനും കാരണക്കാരനായവനോടുള്ള ദേഷ്യം. പക്ഷെ പിന്നീട് ചിന്തിച്ചപ്പോള്‍ എനിക്കയാളെ കുറ്റപ്പെടുത്തിയത് ശരിയായില്ലെന്നു മനസിലായി. അയാള്‍ എന്നോട് വളരെ മാന്യമായാണ് പെരുമാറിയത്. ചെറുചിരിയോടായായിരുന്നു ഈസയുടെ സംസാരം. എന്റെ മകനോടുള്ള അതേ സ്‌നേഹം എനിക്ക് ഈസയോടും ഉണ്ടായി.
തിരിച്ചു നാട്ടില്‍ എത്തിയ ശേഷമുള്ള ഒരാഴ്ച്ച എനിക്ക് മനസ്സമാധാനം ഇല്ലായിരുന്നു. ഭക്ഷണം കഴിക്കുന്നത് തീരെ കുറവായി. പലപ്പോഴും ബോധംകെട്ടു വീണു. തിരികെയെത്തിയ ശേഷം നിമിഷയെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് നടക്കാതെ വന്നതോടെ എന്റെ മാനസിക സമ്മര്‍ദ്ദം ഇരട്ടിച്ചു. എറണാകുളം ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തു. അവിടെയും നിയമം അവര്‍ക്കായിരുന്നു അനുകൂലം. പിന്നെ കുറച്ചു കാലത്തേയ്ക്ക് അവരെക്കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു.
എന്റെ അന്വേഷണത്തില്‍ പിന്നെയും ചില കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞു. നിമിഷ പഠിച്ച കോളേജില്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ഉണ്ട്. അവരാണ് മറ്റു മതസ്ഥരെ ഇസ്ലാമിലേക്ക് ആകര്‍ഷിക്കുന്നത്.
ഈ സമയത്തൊന്നും നിമിഷ ഇങ്ങോട്ട് ബന്ധപ്പെട്ടിരുന്നേയില്ല. എങ്കിലും ഞാന്‍ സ്ഥിരം ഫേസ്ബുക്കില്‍ അവള്‍ക്ക് മെസ്സേജ് അയക്കുമായിരുന്നു. 55 ദിവസങ്ങള്‍ക്ക് ശേഷം അവളുടെ മെസ്സേജ് വന്നു. ഞാന്‍ ഇവിടെ സന്തോഷവതി ആണെന്നും അമ്മ എന്നെപ്പറ്റി ആലോചിച്ച് സങ്കടപ്പെടേണ്ട എന്നുമായിരുന്നു ഉള്ളടക്കം. പാലക്കാട് നിന്നാണ് അതയച്ചത്. ആ സമയത്താണ് മകന്റെ കല്യാണം ഉറപ്പിച്ചത്, വിവാഹം ഫെബ്രുവരിയില്‍ നടത്താന്‍ തീരുമാനിച്ചു.
കല്യാണക്കുറിയില്‍ ‘ആശംസകളോടെ നിമിഷ’ എന്നെഴുതിയിട്ടുണ്ട് എന്നു ഞാന്‍ പറഞ്ഞപ്പോള്‍ അവള്‍ വളരെ വിഷമത്തോടെയാണ് സംസാരിച്ചത്. എന്നെ ഇനി ആരും അംഗീകരിക്കില്ല എന്നവള്‍ സങ്കടപ്പെട്ടു. നീ എന്റെ മകളാണ്. ആരെന്തു പാഞ്ഞാലും എനിക്ക് പ്രശ്‌നമില്ല. കല്യാണത്തിനു മോളു വരണം, ഞാനവളെ ആശ്വസിപ്പിച്ചു. വരുമെന്നു തന്നെയാണ് കരുതിയത്. അവള്‍ക്കുവേണ്ടി സാരിയൊക്കെ ഞാന്‍ വാങ്ങിവച്ചിരുന്നു. വരില്ലെന്നവള്‍ പറഞ്ഞില്ല, വരുമെങ്കില്‍ ഒപ്പം ഭര്‍ത്താവും ഉണ്ടാകുമെന്നു മാത്രം സൂചിപ്പിച്ചു. എനിക്കതില്‍ എതിര്‍പ്പൊന്നും ഇല്ലായിരുന്നു. നിമിഷയുടെ അടുത്ത ഡിമാന്‍ഡ്, അവള്‍ വരുന്നത് പര്‍ദ ധരിച്ചായിരിക്കുമെന്നായിരുന്നു. അതും എനിക്ക് സമ്മതമായിരുന്നു. പക്ഷേ അവള്‍ വന്നില്ല.
അതിനുശേഷവും ഞങ്ങള്‍ തമ്മില്‍ മെസ്സേജ് അയക്കുമായിരുന്നു. അങ്ങനെ ഇരുന്നപ്പോള്‍ എനിക്ക് തോന്നി, കുറച്ചു ദിവസം എന്നെ ഫേസ്ബുക്കില്‍ കാണാതിരുന്നാല്‍ അവളുടെ പ്രതികരണം എന്താവും എന്ന്. അങ്ങനെ ഞാന്‍ നാലഞ്ച് ദിവസം ഫേസ്ബുക്ക് ഉപയോഗിച്ചില്ല. പിന്നീട് ഞാന്‍ ഓണ്‍ലൈന്‍ വന്നപ്പോള്‍ നിമിഷയുടെ മെസേജുകള്‍ നിറഞ്ഞു കിടക്കുന്നു. മറുപടികള്‍ അയക്കുന്നതിനു മുന്നെ നിമിഷ എന്നെ വിളിച്ചു. ആ നമ്പരില്‍ നിന്നാണ് കാണാതാവുന്നതുവരെ എന്നെ ബന്ധപ്പെട്ടിരുന്നത്.
അതിനുശേഷം ഞങ്ങള്‍ എന്നും വിളിച്ച് സംസാരിക്കുമായിരുന്നു. ഒരു ദിവസം ഞാന്‍ ഈസയ്ക്കു ഫോണ്‍ കൊടുക്കാന്‍ പറഞ്ഞു. എനിക്ക് അറിയാമായിരുന്നു, ഭര്‍ത്താവിനെ അംഗീകരിച്ചു കഴിഞ്ഞാല്‍ മാത്രമെ എന്റെ കുഞ്ഞിനു മനഃസമാധാനം വരികയുള്ളൂവെന്ന്. ഞാന്‍ ഈസയോടു സംസാരിച്ചു. വളരെ മാന്യമായിട്ടായിരുന്നു അയാളുടെ സംസാരം. സല്‍സ്വഭാവിയായ ഒരു ചെറുപ്പക്കാരന്‍ ആയാണ് എനിക്ക് തോന്നിയത്. ഒരുപക്ഷെ വീട്ടിലെ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നം മൂലം ആയിരിക്കും അവന്‍ ഈ വഴിക്ക് പോയത്.
അമ്മയുമായി വേര്‍പിരിഞ്ഞശേഷം അച്ഛന്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചത് അവന് ഇഷ്ടമായിയിരിക്കുകയില്ല. ആ കാര്യത്തില്‍ അച്ഛനോടുള്ള ദേഷ്യം അവന്‍ തീര്‍ത്തത് അച്ഛന്‍ സമ്പാദിച്ച പണം നശിപ്പിച്ചു കൊണ്ടായിരിക്കാം. ഈസയും അനിയനും മറ്റൊരു വീട്ടിലായിരുന്നു താമസം. ഭയങ്കര ധൂര്‍ത്തനുമായിരുന്നു. ഒരുപക്ഷേ അയാളെ ലക്ഷ്യമിട്ടവര്‍ക്ക് ആ ജീവിതരീതി വളരെ സഹായകരമായി. ആദ്യം ഈസ (അന്ന് ബെക്‌സിന്‍ വിന്‍സെന്റ്) സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്ന സമയത്ത് നെടുമങ്ങാട് ഉള്ള ഒരു മുസ്ലിം പെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയും അവളെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ പെണ്‍കുട്ടിയുടെ കുടുംബത്തിന് ബെക്‌സിനെ മതം മാറ്റാനായിരുന്നു താല്പര്യം. അവന്‍ ഇതിനു സമ്മതിക്കാതെ വന്നതോടെ അവര്‍ പിരിഞ്ഞു. ഈ കാര്യം എന്റെ മകള്‍ക്കും അറിയാം. പിന്നീട് ഈസയുടെ അനിയന്‍ യഹ്യ ഇവനെ സ്വാധീനിച്ച് മതം മാറ്റുകയായിരുന്നു. യഹ്യ മതപരിവര്‍ത്തനത്തിന് വിധേയമായതാകട്ടെ ശ്രീലങ്കയിലേക്ക് കടന്നു എന്ന് വിശ്വസിക്കപ്പെടുന്ന തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ റാഷിദ് വഴിയും. റാഷിദും യഹ്യയും ഒരുമിച്ച് ജോലി ചെയ്തിരുന്നു. ഇങ്ങനെ ആരും നിയന്ത്രിക്കാനില്ലാതെ, വീട്ടില്‍ കയറാത്ത, കൈയില്‍ ധാരളം പണമുള്ള ചെറുപ്പക്കാരെയാണ് ഏജന്റുമാര്‍ ലക്ഷ്യമിടുന്നത്.
കുറച്ചു നാളുകള്‍ക്ക് ശേഷം നിമിഷ എന്നോട് വീട്ടില്‍ വരാനുള്ള അവളുടെ ആഗ്രഹത്തെപ്പറ്റി സൂചിപ്പിച്ചു. എനിക്കു സന്തോഷമായി. അവരൊരുമിച്ചാണ് വന്നത്. അവള്‍ വന്നു കഴിഞ്ഞു നിമിഷയുമായി മന:പൂര്‍വം തന്നെ ഞാന്‍ പുറത്തു പോയി. പക്ഷേ നിമിഷയ്ക്ക് ആളുകളെ അഭിമുഖീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. വേഷമായിരുന്നു പ്രശ്‌നമെന്നു മനസിലായി. ഈ വേഷം അണിഞ്ഞപ്പോള്‍ നിനക്ക് ഉണ്ടാവാതിരുന്ന നാണക്കേട് എന്തിനിപ്പോള്‍ എന്നു ഞാന്‍ ചോദിച്ചു. അവളുടെ പൂര്‍ണ സമ്മതത്തോടെ ആയിരിക്കില്ല അതൊക്കെ നടന്നത് എന്നെനിക്ക് തോന്നി. ഏകദേശം മൂന്നുമണിക്കൂറാണ് അവര്‍ വീട്ടില്‍ ചെലവഴിച്ചത്. ഞങ്ങളൊരുമിച്ചു ആഹാരം കഴിച്ചു. രണ്ടു മാസത്തിനു ശേഷം ഒരു ദിവസം രാവിലെ അവരെന്നെ കാണാന്‍ വീണ്ടും വന്നു. ഒരുദിവസം ഇവിടെ താമസിക്കുകയും ചെയ്തു. 2016 മേയ് 17നു രാവിലെയാണ് തിരിച്ചു പോയത്. പിറ്റേ ദിവസം നിമിഷ എന്നെ വിളിച്ചു. ബിസിനസ് സംബന്ധമായ ആവശ്യങ്ങള്‍ക്ക് അവര്‍ ശ്രീലങ്കയ്ക്ക് പോകുകയാണെന്നു പറഞ്ഞു. പക്ഷെ അതിന് ഞാന്‍ സമ്മതിച്ചില്ല. അവള്‍ ആ സമയം അഞ്ചു മാസം ഗര്‍ഭിണി ആയിരുന്നു. അതാണ് എന്നെ അലട്ടിയത്. വളരെ പണ്ടു മുതലേ യാത്ര ഇഷ്ടമല്ലാതിരുന്ന എന്റെ കുട്ടി എങ്ങനെ ഈ അവസ്ഥയില്‍ ഇത്ര ദൂരം സഞ്ചരിക്കും എന്നതായിരുന്നു എന്റെ സങ്കടം. പക്ഷെ ഈസ ഒരുതരത്തിലും എന്റെ വാക്കുകള്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. എന്റെ ഇടപെടല്‍ ഭയന്നിട്ടായിരിക്കണം ഞാനും അവളും തമ്മിലുള്ള സംസാരം ഒഴിവാക്കാന്‍ അയാള്‍ക്ക് സാധിച്ചു. അന്നത്തേതില്‍ പിന്നെ എനിക്കെന്റെ കുഞ്ഞിനോട് സംസാരിക്കന്‍ സാധിച്ചില്ല.
എന്നാല്‍ വാട്ട്‌സ് ആപ്പിലൂടെ അവളെനിക്കു മെസേജുകള്‍ അയച്ചു. ശബ്ദം കേള്‍ക്കണമെന്നു നിര്‍ബന്ധം പിടിക്കുമ്പോള്‍ വോയ്‌സ് മെസേജ് അയക്കും. ജൂണ്‍ നാലു വരെ മെസേജ് കിട്ടിക്കൊണ്ടിരുന്നു. ഞാന്‍ അഡ്രസ് ചോദിച്ചപ്പോള്‍ അറിയില്ല എന്നും ഗ്രാമപ്രദേശത്ത് ആണ് താമസമെന്നും പറഞ്ഞു. അവരെവിടെയാണെന്ന് എനിക്കു മനസിലാക്കാന്‍ കഴിഞ്ഞില്ല, ശ്രീലങ്കയിലോ ഇന്ത്യയിലോ?
കാണാതാകുന്നതിനു മൂന്നു ദിവസം മുമ്പ് അവര്‍ പൊള്ളാച്ചിയിലുള്ള ഈസയുടെ അമ്മയുടെ വീട്ടില്‍ താമസിച്ചിരുന്നു. അവിടെ വച്ച് ഈസയുടെ അമ്മ ഗ്രേസിയോട് തനിക്ക് പോകാന്‍ താത്പര്യമില്ല എന്നുപറഞ്ഞു കരഞ്ഞിരുന്നതായി ഗ്രേസി എന്നോട് പറഞ്ഞിരുന്നു. ഗ്രേസി അവളോട് പ്രസവം കഴിയുന്നതുവരെ അവിടെ തങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ തനിക്ക് ഭര്‍ത്താവ് കൂടെ വേണം എന്ന് പറയുകയും സങ്കടത്തോടെ പോവുകയുമായിരുന്നു. അവര്‍ പോയിക്കഴിഞ്ഞ് ഞാനുമായി ബന്ധപ്പെടരുതെന്ന് ഗ്രേസിയോട് ഈസ ആവശ്യപ്പെട്ടിരുന്നു. പിന്നെയാണ് ഞാന്‍ യഹ്യയുടെ ഭാര്യ മറിയത്തിന്റെ (മെറിന്‍) അമ്മ മിനിയെ വിളിക്കുന്നത്. പാലക്കാട് യാക്കരയില്‍ ഉള്ള ഈസയുടെ അച്ഛനെ പോയി കാണുകയും ചെയ്തു. ഞാനും മിനിയും വിന്‍സെന്റും (ഈസയുടെ പിതാവ്) കൂടി ഒരുമിച്ച് ഒരു കേസ് ഫയല്‍ ചെയ്താല്‍ ഫലമുണ്ടാകാതെ ഇരിക്കില്ല എന്ന് എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. വിന്‍സെന്റിനു സമ്മതമായിരുന്നെങ്കിലും ഈസയുടെ രണ്ടാനമ്മയും വിന്‍സെന്റിന്റെ ഇപ്പോഴത്തെ ഭാര്യയുമായ എല്‍സിക്ക് ഇക്കാര്യങ്ങളോടൊക്കെ ഒരുതരം പുച്ഛമായിരുന്നു. എന്നിരുന്നാലും അവരെ പറഞ്ഞു സമ്മതിപ്പിച്ച് ഞാന്‍ ജൂണ്‍ 29-നു നാട്ടില്‍ തിരിച്ചെത്തി. മറിയം സെപ്റ്റംബറിലും എന്റെ മകള്‍ ഓഗസ്റ്റിലും പ്രസവത്തീയതി നിശ്ചയിക്കപ്പെട്ട കുട്ടികളാണ്. ഇവര്‍ക്ക് വേണ്ടി എന്റെയും മിനിയുടെയും നിര്‍ത്താതെ ഉള്ള പ്രാര്‍ത്ഥന ദൈവം കേള്‍ക്കാതിരിക്കില്ല.
രണ്ടു ദിവസത്തിനു ശേഷം ഇവിടുത്തെ കൗണ്‍സിലറും ജനം ടിവിയുടെ ഒരു റിപ്പോര്‍ട്ടറും കൂടി എന്നെ കാണാന്‍ വന്നു. ലൗ ജിഹാദിനെ പറ്റി കൂടുതല്‍ അറിയാന്‍ എന്ന രീതിയിലാണു വന്നത്. അന്നു വൈകിട്ട് ടിവിയിലും പിറ്റേന്ന് മാതൃഭൂമി പത്രത്തിലും കേരളത്തില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട് ആളുകളെ കാണാനില്ല എന്നു വാര്‍ത്ത വന്നു. അതുകണ്ടപ്പോള്‍ വല്ലാതെ ഷോക്ക് ആയിപ്പോയി. അതിനു ശേഷമാണ് ഞാന്‍ ഇതെല്ലാം തുറന്നു പറയുന്നതും. അങ്ങനെയാണ് എല്ലാവരും ഈ വിവരങ്ങളൊക്കെ അറിയുന്നത്.
എഡിജിപി ശ്രീലേഖ ഈ കാര്യത്തില്‍ ആദ്യം മുതല്‍ തന്നെ ഗുരുതരമായ അനാസ്ഥ ആണ് കാണിച്ചത്. ഞാന്‍ ആദ്യം അവരോട് ഇക്കാര്യങ്ങളെല്ലാം തെളിവുസഹിതം പറഞ്ഞപ്പോള്‍ ‘ഇന്ന് ശനിയാഴ്ച അല്ലേ, പോയിട്ട് തിങ്കളാഴ്ച വരൂ’ എന്നാണു പറഞ്ഞത്. കേസ് എടുക്കാന്‍ സാധിക്കില്ലെന്നും പറഞ്ഞു. കേസ് എടുക്കാന്‍ പറ്റില്ലെങ്കില്‍ വേണ്ട അവരുടെ മൊബൈല്‍ നമ്പര്‍ ട്രെയ്‌സ് ചെയ്ത് എവിടെയാണെന്ന് കണ്ടുപിടിക്കാനെങ്കിലുമുള്ള കഴിവ് കേരള പോലീസിന് ഉണ്ടെന്നു ഞാന്‍ വിശ്വസിച്ചു. പക്ഷെ അതുണ്ടായില്ല. അവരുടെ ഭാഗത്തുനിന്നും തീര്‍ത്തും ബാലിശമായ പെരുമാറ്റമാണുണ്ടായത്. ‘മതം മാറിയതിനാല്‍ റംസാന്‍ നോമ്പ് എടുക്കുകയായിരിക്കും, റംസാന് ശേഷം വിളിക്കൂ, അല്ലെങ്കില്‍ അവര്‍ എവിടെയങ്കിലും യാത്ര പോയതാവും’ എന്നൊക്കെയുള്ള മുട്ടുന്യായങ്ങള്‍ ആണ് അവരെന്നോട് പറഞ്ഞത്.
കോളേജ് അധികൃതരുടെ ഭാഗത്തു നിന്നും നിരുത്തരവാദപരമായ സമീപനം ആയിരുന്നു ഉണ്ടായിരുന്നത്. ഫീസ് അടയ്ക്കാന്‍ ഒരു ദിവസം വൈകിയാല്‍ ഇടതടവില്ലാതെ ഫോണ്‍ വിളിക്കുന്ന അവര്‍ക്ക് എന്തുകൊണ്ട് എന്റെ മകള്‍ തലയിലൂടെ തട്ടം ഇട്ടു നടന്നപ്പോള്‍ എന്നെയൊന്ന് അറിയിക്കാന്‍ തോന്നിയില്ല? ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആദ്യം മാര്‍ഗനിര്‍ദേശങ്ങള്‍ കൊടുക്കേണ്ടത് കോളേജുകള്‍ക്കും സ്‌കൂളുകള്‍ക്കും ആണ്. കുട്ടികള്‍ വീട്ടില്‍ ഉള്ളപ്പോള്‍ അവരുടെ സംരക്ഷകര്‍ മാതാപിതാക്കള്‍ ആണ്. എന്നാല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഈ സ്ഥാനം അധ്യാപകര്‍ക്കാണ്. അവരാണ് കുട്ടിയെ എല്ലാ ദിവസവും കാണുന്നത്. ജീന്‍സ് ഇട്ടാലോ മുടി വെട്ടിയാലോ മാത്രം അല്ല അവര്‍ മാതാപിതാക്കളുടെ അടുത്ത് പരാതി ബോധിപ്പിക്കേണ്ടത്, അവരുടെ സ്വഭാവത്തിലും ജീവിതത്തിലും ഉള്ള ഓരോ മാറ്റങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ച് നിഗമനങ്ങളില്‍ എത്തിച്ചേരുകയും കുട്ടികള്‍ക്ക് ചുവടു പിഴയ്ക്കുന്നു എന്ന് തോന്നിയാല്‍ ഇടപെടുകയും ചെയ്യണം. പണത്തിനു വേണ്ടി മാത്രമുള്ള ഉത്പന്നങ്ങളായി കുട്ടികളെ കാണാതെ ഏറ്റവും കുറഞ്ഞത് ഒരു സഹജീവി എന്ന കരുതല്‍ എങ്കിലും കൊടുക്കണം. ഒരു വ്യക്തിയുടെ രൂപീകരണത്തിന് കോളേജുകളും സ്‌കൂളുകളും വലിയ പങ്ക് വഹിക്കുന്നുണ്ട്. അപ്പോള്‍ ആ കാര്യത്തില്‍ അലംഭാവം കാണിക്കുന്നത് ഉത്തരവാദിത്തം ഇല്ലാത്ത നടപടിയല്ലേ? ഇപ്പോള്‍ കേള്‍ക്കുന്നത്, നിമിഷയെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നൂവെന്നാണ്. അവര്‍ രക്ഷപ്പെടാന്‍ നോക്കുകയാണ്. ഇത്രയും പ്രശ്‌നങ്ങള്‍ സംഭവിക്കാന്‍ കാരണം ആ കോളേജും അവിടുത്തെ സാഹചര്യങ്ങളുമാണ്. കോളേജ് കേന്ദ്രീകരിച്ച് മതംമാറ്റത്തിനു പ്രേരിപ്പിക്കുന്നൊരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാന്‍ അധികൃതര്‍ക്കു കഴിഞ്ഞില്ലേ. അതോ എല്ലാത്തിനും മൗനാനുവദം കൊടുക്കുകയായിരുന്നോ?
മതത്തിന്റെ പേരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങി തിരിക്കുന്ന ഒരാളും അവരുടെ മതഗ്രന്ഥം, അതേത് തന്നെ ആയാലും കണ്ടിട്ടുകൂടി ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. ഏത് മതം ആയാലും പഠിപ്പിക്കുന്നത് സ്‌നേഹമാണ്. എന്നാല്‍ ഈ തീവ്രവാദ റിക്രൂട്ടിംഗ് സംഘങ്ങള്‍ ഈ മതഗ്രന്ഥങ്ങള്‍ ഒന്നും തന്നെ പൂര്‍ണമായി വായിക്കുകയോ തങ്ങള്‍ റിക്രൂട്ട് ചെയ്യുന്നവര്‍ക്ക് വായിക്കാന്‍ കൊടുക്കുകയോ ചെയ്യുന്നില്ല. അങ്ങനെ ചെയ്താല്‍ അവരുടെ ഉദ്ദേശ്യം നടക്കില്ലല്ലോ. അതിനു പകരം അവര്‍ ചെയ്യുന്നത് യുവാക്കള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഉപാധിയായ സ്മാര്‍ട്ട് ഫോണിനെ ഉപയോഗപ്പെടുത്തുകയാണ്. തങ്ങളുടെ പ്രവൃത്തികള്‍ക്ക് അനുയോജ്യമായ വാക്യശകലങ്ങള്‍ ക്യാപ്‌സൂള്‍ രൂപത്തില്‍ എടുത്ത് മൊബൈല്‍ വഴി യുവാക്കളുടെ കയ്യില്‍ എത്തിക്കും. ഇതാണ് സത്യം എന്നു കരുതി അവരതില്‍ വിശ്വസിച്ച് പ്രവര്‍ത്തിക്കും. അതേ സമയം സ്വയം ഒരു തോന്നല്‍ ഉണ്ടായി ദിവസം ഒരു പേജ് എങ്കിലും തങ്ങളുടെ മതഗ്രന്ഥം ഒന്നെടുത്ത് വായിക്കുക ആണെങ്കില്‍ ഇത്തരത്തില്‍ ഉള്ള കുഴികളില്‍ വീഴാതെ രക്ഷപ്പെടും.
എന്റെ മകള്‍, അവള്‍ ഏത് സംഹിതയില്‍ ആണ് വിശ്വസിക്കുന്നത് എങ്കിലും അവള്‍ എന്നും എന്റെ മകള്‍ തന്നെയാണ്. ഒരു കുപ്പായം ഇട്ടതു കൊണ്ടോ മുഖം മറച്ചതു കൊണ്ടോ അവള്‍ എന്റേത് ആവാതിരിക്കുന്നില്ല. അവള്‍ തിരഞ്ഞെടുത്ത ആള്‍ തന്നെ മതി എനിക്ക് മരുമകന്‍ ആയിട്ട്. അവന്‍ അവളെ ജീവിതകാലം മുഴുവന്‍ സന്തോഷത്തോടെ നോക്കുമെന്ന് അവള്‍ക്ക് വിശ്വാസം ഉണ്ടെങ്കില്‍ അതുമതി എനിക്ക്. എനിക്കെന്റെ മകളെ വിശ്വാസമാണ്. അവരെ അവരായി തന്നെ സ്വീകരിക്കാന്‍ ഞാന്‍ ഒരുക്കമാണ്. അന്നും ഇന്നും എന്നും.
നമ്മുടെ ചാനല്‍ ചര്‍ച്ചകളില്‍ നടക്കുന്ന ഒരു വലിയ പ്രശ്‌നം അവര്‍ ഏത് കാര്യത്തെയും ആവശ്യമില്ലാതെ രാഷ്ട്രീയവത്കരിക്കുന്നു എന്നതാണ്. ഇങ്ങനെ നമുക്കിടയില്‍ തന്നെ തമ്മിലടി ഉണ്ടാകുമ്പോള്‍ ആണ് മറ്റുള്ളവര്‍ ഇതിനിടയിലൂടെ നുഴഞ്ഞുകയറി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. എന്റെ മകളും ഭര്‍ത്താവും അവന്റെ അനിയനും ഭാര്യയും അടങ്ങുന്ന കാണാതായ നാലുപേര്‍ ഏതെങ്കിലും തീവ്രവാദ സംഘങ്ങളിലോ പ്രദേശങ്ങളിലോ എത്തിപ്പെട്ടതായി ഇതുവരെ വിവരം ഒന്നും കിട്ടിയിട്ടില്ല. കേരളത്തില്‍ നിന്ന് കാണാതായിട്ടുള്ള ആളുകളില്‍ നിന്നും ഏതോ ഒരു വ്യക്തി അയച്ച മെസേജില്‍ നിന്നുമാണ് കാണാതായ എല്ലാവരെയും ഇത്തരം സംഘങ്ങളുമായി ബന്ധപ്പെടുത്തി സംസാരിക്കുന്നത്. ഇത് തികച്ചും അനാരോഗ്യകരമായ ഒരു പ്രവണത ആണ്.
ഈ കേസില്‍ സംഭവിച്ചത് സംഭവിച്ചു. എന്നാല്‍ ഇനി ഒരു കുട്ടി പോലും കാണാതാവാനുള്ള സാഹചര്യം തടയുകയാണ് ആവശ്യം. ഇതേ സമയത്ത് നിരവധി ആളുകള്‍ നമ്മുടെ കുട്ടികളെ നമ്മളില്‍ നിന്നും പറിച്ചു മാറ്റാനുള്ള തയ്യാറെടുപ്പുകളില്‍ ആവാം. അത് തടയുകയാവണം നമ്മുടെ ലക്ഷ്യം.
(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനികളാണ് വിഷ്ണുവും നിരഞ്ജനും)