UPDATES

ആദിവാസിയായതുകൊണ്ട് നീയൊന്നും പഠിക്കേണ്ട എന്നല്ല, മേഘങ്ങള്‍ക്കു മുകളിലെ പരുന്താകാനാണ് അവര്‍ ഉപദേശിച്ചത്

ഞാനൊരു ആദിവാസി ആയതുകൊണ്ടും കീഴ്ജാതിക്കാരനായി പോയതിനാലും എങ്ങനെ എന്റെ വിദ്യാഭ്യാസം തടയാമെന്നു നോക്കിയ എന്റെ സ്വന്തം നാട്ടിലെ ഉദ്യോഗസ്ഥരെ കുറിച്ച് ഞാനോര്‍ത്തു. നീ എന്തിനാണ് ലണ്ടനില്‍ പോയി പഠിക്കുന്നതെന്നും അവിടെയൊക്കെ പോയി പഠിക്കാനുള്ള യോഗ്യത ഉണ്ടോയെന്നും എന്റെ മുഖത്തു നോക്കി ചോദിച്ചവരാണ് തിരുവനന്തപുരം സെക്രട്ടേറിയേറ്റിലെ ഉദ്യോഗസ്ഥര്‍. ഇവിടെയിതാ അന്യരായ ചിലര്‍ എനിക്കു വേണ്ടി എന്തു വേണമെങ്കിലും ചെയ്യാമെന്ന് മനസില്‍ തട്ടി പറയുന്നു. എന്നെ പോലൊരാള്‍ക്ക് മുന്നോട്ടു പോകാന്‍ പ്രതീക്ഷ നല്‍കുന്ന നന്മ രാജ്യത്ത് ബാക്കി നില്‍പ്പുണ്ട്.

ലോകപ്രശസ്തമായ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ പ്രവേശനം കിട്ടിയ ആദിവാസി വിദ്യാര്‍ത്ഥിയാണ് കാസര്‍ഗോഡ് കോളിച്ചാല്‍ സ്വദേശി ബിനേഷ് ബാലന്‍. കേരളത്തിനു മുഴുവന്‍ അഭിമാനമായൊരു നേട്ടം സ്വന്തമാക്കിയ ബിനേഷിന് പക്ഷെ തന്റെ ലണ്ടന്‍ യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് അകാരണമായ തടസങ്ങളാണ് നേരിടേണ്ടി വന്നത്. സെക്രട്ടേറിയേറ്റിലെ ചില ഉദ്യോഗസ്ഥരുടെ സവര്‍ണമനോഭാവത്തോടെയുള്ള പെരുമാറ്റം ഒരുവേള ബിനേഷിന്റെ സ്വപ്‌നങ്ങള്‍ തകര്‍ക്കുമെന്ന ഘട്ടംവരയെത്തി. എന്നാല്‍ ബിനേഷ് നേരിടുന്ന വിവേചനങ്ങളെ കുറിച്ച് മാധ്യമങ്ങള്‍ സംസാരിക്കാന്‍ തുടങ്ങിയതോടെയാണ് ആ ചെറുപ്പക്കാരന്റെ മോഹങ്ങള്‍ കരിഞ്ഞുവീഴാതെ കാക്കാന്‍ കഴിഞ്ഞത്. അടുത്ത വര്‍ഷം ലണ്ടനിലേക്ക് പോകാന്‍ തയ്യാറെടുക്കുകയാണ് ബിനേഷ്. ഇതിനിടയിലാണ് മറ്റൊരു സംസ്ഥാനത്തു നിന്നും തനിക്ക് അപ്രതീക്ഷിതമായി കിട്ടിയ പിന്തുണയെ കുറിച്ച് ബിനേഷ് പറഞ്ഞത്. ഒരേസമയം അത്ഭുതപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്ത ആ അനുഭവം ബിനേഷ് ബാലന്‍ അഴിമുഖവുമായി പങ്കുവയ്ക്കുകയാണ്…

കാര്യവട്ടം യൂണിവേഴ്‌സിറ്റി കാമ്പസില്‍ പതിവുപോലെ ഞാന്‍ എന്റെ റിസര്‍ച്ച് പേപ്പര്‍ എഴുതുന്ന തിരക്കിലായിരുന്നു. അപ്രതീക്ഷിതമായി അഭിനന്ദനം അറിയിച്ചു കൊണ്ടുള്ള ആ മെയില്‍ എനിക്കു വന്നു.

‘ഞാന്‍ മഹേഷ്, താങ്കളെ അന്വേഷിച്ച് ഞാന്‍ കോളിച്ചാലില്‍ വന്നിരുന്നു. എന്നാല്‍ ആ നാട്ടിലെ ആരും തന്നെ താങ്കളെ കുറിച്ചുള്ള ഒരു വിവരങ്ങളും തരാന്‍ തയ്യാറായിരുന്നില്ല. വളരെ നിരാശയോടെയാണ് ഞാന്‍ തിരിച്ചുപോയത്. എങ്കിലും ഞാന്‍ അന്വേഷിച്ചു. ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടു, ട്വീറ്റ് ചെയ്തു. ഒടുവില്‍ ഒരു ന്യൂസ് റിപ്പോര്‍ട്ടര്‍ ആണ് താങ്കളുടെ മെയില്‍ അഡ്രസ്സ് തന്നത്. ഞാന്‍  SWAROES ഓര്‍ഗനൈസേഷന്‍, തെലങ്കാന സംസ്ഥാനത്തിന്റെ ജനറല്‍ സെക്രട്ടറിയാണ്. താങ്കളുടെ ജീവിതകഥ ഒരു പാട് വിദ്യാര്‍ത്ഥികള്‍ക്കു പ്രചോദനം നല്‍കും എന്നതില്‍ എനിക്ക് ഒരു സംശയവും ഇല്ല. ആയതിനാല്‍ താങ്കളുടെ തുടര്‍പഠനത്തിന് സാമ്പത്തികമായി സഹായിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ദയവായി താങ്കളെ ബന്ധപ്പെടാനുള്ള നമ്പര്‍ തന്നാലും”.

പിന്നെയുള്ള സംസാരം ഫോണിലൂടെയായിരുന്നു. ഒരു അലുംനി സംഘടനയണ് SWAROES എന്നും അതിന്റെ ഫൗണ്ടര്‍ ഡോ. ആര്‍.എസ് പ്രവീണ്‍ കുമാര്‍ ഐ.പി.എസ് (IGP) ആണെന്നും അറിയാന്‍ സാധിച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് മഹേഷ് എന്നെ അന്വേഷിച്ചു വന്നത്. താങ്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ലെങ്കില്‍ ആന്ധ്രാപ്രദേശിലേയ്ക്ക് വരുമോ എന്നും ഡിസംബര്‍ പതിനൊന്നാം തീയതി ഒരു മീറ്റിംഗ് ഉണ്ടെന്നും അതില്‍ നിങ്ങള്‍ക്ക് പ്രവീണ്‍കുമാര്‍ സാറിനോട് നേരിട്ട് സംസാരിക്കാം എന്നും മഹേഷ് ചോദിച്ചു.

വരുന്നതില്‍ ബുദ്ധിമുട്ടൊന്നും ഇല്ലെന്നു പറഞ്ഞപ്പോള്‍ എനിക്ക് വേണ്ട ടിക്കറ്റ് സെക്കന്‍ഡ് എസിയില്‍ അങ്ങോട്ടേക്കു പത്താം തീയതിയും തിരിച്ചുള്ളത് പന്ത്രണ്ടാം തീയതിയും ബുക്കിംഗ് ചെയ്തതിന്റെ മെസ്സേജ് അയച്ചു തന്നു. എറണാകുളം ടൗണ്‍ സ്‌റ്റേഷനില്‍ നിന്നും പത്താംതീയതി രാത്രി 12:20 ന് ആണ് ട്രെയിന്‍. അങ്ങനെ തിരുവനന്തപുരത്തും നിന്ന് എറണാകുളം റെയില്‍വേ സ്റ്റേഷനിലെത്തി വിശാഖപട്ടണത്തേയ്ക്കുള്ള ട്രെയിനും കാത്ത് ഞാന്‍ നിന്നു. ഒരു മണിക്കൂര്‍ വൈകിയാണ് ട്രെയിന്‍ വന്നത്. അതിനിടയില്‍, കട്പാടി റെയില്‍വേ സ്റ്റേഷനില്‍ എത്തുമ്പോള്‍ മഹേഷ് സാറും എനിക്കൊപ്പം കൂടാമെന്ന് അറിയിച്ചുകൊണ്ടുള്ള മെസേജ് വന്നു. ‘വളരെ സന്തോഷം’, ഞാന്‍ മറുപടിയയച്ചു.

പത്താം തീയതി രാവിലെ 11 മണിയോടടുത്ത് കട്പാടിയിലെത്തി. ഉരുണ്ടുകൂടിയ കാര്‍മേഘങ്ങള്‍, മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പു നല്‍കി കൊണ്ടേയിരുന്നു. അവിടെവച്ചു മഹേഷ് സാറും ട്രെയിനില്‍ കയറി. തമിഴ്‌നാട് ചിറ്റൂര്‍ സ്വദേശിയാണ്. തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക് എന്നിങ്ങനെ നാലു ഭാഷകള്‍ സംസാരിക്കും. അമേരിക്കയിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന ആന്ധ്രാ സ്വദേശിയായ ഒരു വിദ്യാര്‍ത്ഥി ബിനേഷിനെ കുറിച്ചു ഇംഗ്ലീഷില്‍ വന്ന ഒരു ആര്‍ട്ടിക്കിള്‍ വായിക്കാനിടയായി. അതയാളെ വല്ലാതെ വേദനിപ്പിച്ചു. പിന്നീടയാള്‍ ബിനേഷിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഗൂഗിളില്‍ നിന്നും സെര്‍ച്ച് ചെയ്ത് എനിക്കും പ്രവീണ്‍ സാറിനും മെയില്‍ ചെയ്തു തന്നു; യാത്രയ്ക്കിടയിലെ സംസാരത്തില്‍ അദ്ദേഹം പറഞ്ഞു. എനിക്ക് വേണ്ട ഭക്ഷണവും അദ്ദേഹം കരുതിയിരുന്നു. ട്രെയിനിലെ കൊച്ചുവര്‍ത്തമാനങ്ങള്‍ക്കിടയിലും ക്ഷീണം കൊണ്ടുള്ള ഉറക്കത്തിനിടയിലും പതിനൊന്നാം തീയതി പുലര്‍ച്ചെ 2:15 ന് ട്രെയിന്‍ വിശാഖപട്ടണത്ത് എത്തിയതറിഞ്ഞില്ല.

balan

ട്രെയിന്‍ ഇറങ്ങി നേരെ പോയത് ഒരു ത്രീ സ്റ്റാര്‍ ഹോട്ടലിലേക്കാണ്. നല്ല ക്ഷീണത്തിലാണ്. Mr. Balan, Be ready at morning 9’o clock to go for the program– മഹേഷ് പറഞ്ഞു. രാവിലെ കൃത്യസമയത്ത് തന്നെ ഒരു സ്വിഫ്റ്റ് കാര്‍ ഹോട്ടലിനു മുന്നില്‍ വന്നു നില്‍പ്പുണ്ടായിരുന്നു.

വണ്ടി വിശാഖപട്ടണത്തെ ഒഹെല്‍ എന്ന കേന്ദ്ര സ്ഥാപനത്തിന്റെ ഓഡിറ്റോറിയത്തിലേയ്ക്ക് ആണു പോയത്. റോഡ് മുഴുവനും ഫ്‌ളക്‌സും SWAROES ന്റെ കൊടികളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. തെലുങ്കാന സംസ്ഥാന സര്‍ക്കാറിലെ പ്രമുഖര്‍ പങ്കെടുക്കുന്ന പരിപാടിയാണ് നടക്കുന്നത്. ചീഫ് ഗസ്റ്റ് ഡോ. ആര്‍.എസ് പ്രവീണ്‍ കുമാര്‍ ഐ.പി.എസ് (SWAROES founder) തെലങ്കാന സംസ്ഥാന സര്‍ക്കാറിന്റെ എസി സി/എസ് ടി വകുപ്പ് സെക്രട്ടറി കൂടിയാണ്. അതുപോലെ കേണല്‍ വി രാമലു ഐപിഒഎസ്, സിഎച്ച് ശ്രീകാന്ത് ഐപിഎസ് (ഡിഐജി വിശാഖപട്ടണം)തുടങ്ങിയ പ്രമുഖരും പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഞങ്ങള്‍ എത്തുമ്പോള്‍ കമ്യൂണിറ്റിയിലെ പലരായി അവിടെ ഉണ്ടായിരുന്നു. ഒരാളെ പോലും എനിക്കറിയില്ല. എങ്കിലും അവിടെ കൂടിയിരുന്നവരുടെ സംസാരത്തിലോ പെരുമാറ്റത്തിലോ അപരിചിതമായ ശബ്ദം എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ല. SWAROES കമ്മ്യൂണിറ്റി മെമ്പര്‍ ആണെന്നു പറഞ്ഞ് മഹേഷ് സാര്‍ എന്നെ പരിചയപ്പെടുത്തി. അവര്‍ തെലുങ്കില്‍ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു. എന്താണ് പറയുന്നത് എന്നറിയാന്‍ ശ്രമിച്ചു. എന്തൊക്കെയോ മനസ്സിലായതുപോലെ. പെട്ടെന്ന് എന്നെ ഞെട്ടിക്കുന്നൊരു കാഴ്ച കണ്ടു. അവിടെ വച്ചിരിക്കുന്ന ഒരു ഫ്‌ളെക്‌സില്‍ എന്റെ ചിത്രം!

കുറച്ചു സമയത്തിനുശേഷം ഹോണ്‍ മുഴക്കി കൊണ്ട് ഒരു പൊലീസ് ജീപ്പ് എത്തി. പിന്നാലെ ഒരു ഇന്നോവ കാറും ഞങ്ങള്‍ക്ക് മുമ്പില്‍ വന്നു നിന്നു. നിഷ്‌കളങ്കമായ ചിരിയോടെ പ്രവീണ്‍ കുമാര്‍ സാര്‍ കാറില്‍ നിന്നും പുറത്തിറങ്ങി. ഡോ. ആര്‍.എസ്. പ്രവീണ്‍ കുമാര്‍ IPS (IGP), ഔട്ട്ലുക്ക് മാഗസിന്‍ തെരഞ്ഞെടുത്ത ഇന്ത്യയിലെ ആദ്യത്തെ പത്ത് മോസ്റ്റ് പവര്‍ഫുള്‍ ബ്യൂറോക്രാറ്റ്‌സില്‍ ഒരാള്‍. അദ്ദേഹം തെലങ്കാന ഗവണ്‍മെന്റിലെ എസ് സി/എസ് ടി വകുപ്പിന്റെ ചുമതല ഏറ്റെടുത്തതിനുശേഷം പത്ത് വര്‍ഷം കൊണ്ട് പോലും നടപ്പിലാക്കാന്‍ പറ്റാത്ത വിദ്യാഭ്യാസ പദ്ധതികള്‍ രണ്ട് മാസം കൊണ്ട് നടപ്പിലാക്കി. ഏകദേശം 30 ല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ലോകത്തിലെ ഏറ്റവും മികച്ച സര്‍വ്വകലാശാലകളിലേയ്ക്ക് ഉന്നത വിദ്യാഭ്യാസത്തിനുപോയി. പൊതു ഖജനാവില്‍ നിന്നും ഉന്നത വിദ്യാഭ്യാസത്തിന് വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്ന പണം അവര്‍ അവരുടെ സമൂഹത്തിലേയ്ക്ക് തന്നെ തിരിച്ചുകൊടുക്കുന്നു എന്നുള്ളതാണ് SWAROES എന്ന അലുംനി സംഘടനയിലൂടെ ഉറപ്പു വരുത്തുന്നത്.

SWAROES ന്റെ ജനറല്‍ സെക്രട്ടറി കൂടിയായ മഹേഷ്, എന്റെ കൈ പിടിച്ച് പ്രവീണ്‍ സാറിന്റെ അടുക്കലേക്കു കൊണ്ടു പോയി. Sir, this is Mr. Balan who you searched; മഹേഷിന്റെ വാക്കുകളില്‍ സന്തോഷം. പ്രവീണ്‍ സാര്‍ എന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചു. ‘I Proud of you Mr. Balan’ എന്റെ കൈപിടിച്ചു കുലുക്കി കൊണ്ട് അദ്ദേഹം പറഞ്ഞു. ‘And we hope you will be the next social reformer’; അദ്ദേഹത്തിന്റെ വാക്കുകളാണ്. എന്റെ ശരീരം കുളിരുകോരി.

balan-3

കൃത്യം 11 മണിക്ക് തന്നെ പ്രോഗ്രാം തുടങ്ങി. വന്ന അതിഥികള്‍ എല്ലാവരും എന്നെ പരിചയപ്പെട്ടു. കമ്യൂണിറ്റി അംഗങ്ങളിലൊരാളായ മിസ്റ്റര്‍ മുരളി എന്തൊക്കെയോ തെലുങ്കില്‍ പ്രസംഗിച്ച് സദസിനെയും വിദ്യാര്‍ത്ഥികളെയും ആവേശം കൊള്ളിക്കുകയാണ്. അടുത്തത് എന്റെ ഊഴമാണ്. സ്റ്റേജില്‍ നിന്ന് പ്രസംഗിക്കാനുള്ള ഭയം എനിക്ക് ഉണ്ടെന്ന് മനസ്സിലാക്കിയത് കൊണ്ടായിരിക്കണം പ്രവീണ്‍ സാറും മഹേഷ് സാറും എന്റെ അടുക്കല്‍ വന്നു നിന്ന്‍ എനിക്ക് ആത്മ വിശ്വാസം തന്നുകൊണ്ടേയിരുന്നു. Mr. Balan, what message you have to give them? എന്റെ മുഖത്ത് നോക്കി ചെറിയ ഒരു പുഞ്ചിരിയോടെ പ്രവീണ്‍ സാര്‍ ചോദിച്ചു. നിങ്ങളുടെ ജീവിതം മറ്റുള്ളവര്‍ക്കുള്ള സന്ദേശമാണെങ്കില്‍ ആ സന്ദേശം അവരിലേക്ക് പകരൂ. ആ ധൈര്യത്തില്‍ ഞാന്‍ സ്റ്റേജില്‍ കയറി. തെലുങ്ക് അറിയാത്തത് കൊണ്ട് ഞാന്‍ ഇംഗ്ലീഷില്‍ സംസാരിച്ചു തുടങ്ങി. എനിക്ക് നേരിട്ട പ്രശ്‌നങ്ങളും ഞാന്‍ കടന്നുവന്ന വഴികളെക്കുറിച്ചുള്ള അനുഭവവും പങ്കുവെച്ചു.
ഞാന്‍ സദസിനെ നോക്കി പറഞ്ഞു;

If you have a intense desire in your mind that will lead you success. If you dream to be a bird you can fly like others.

എന്റെ സംസാരം ഉപസംഹരിച്ചു കഴിഞ്ഞപ്പോള്‍ പ്രവീണ്‍ സാര്‍ കൈയടിയോടെ പറഞ്ഞു;

‘ I suggest you to be a eagle to fly above the clouds to overcome the rain”

അദ്ദേഹത്തിന്റെ വാക്കുകള്‍ക്കൊപ്പം അവിടെ ഉണ്ടായിരുന്ന എല്ലാവരും ഒരുപോലെ കൈയടിച്ചു. അപ്പോഴത്തെ എന്റെ മാനസികാവസ്ഥ എന്തായിരുന്നുവെന്ന്  പ്രകടിപ്പിക്കാന്‍ എനിക്കാവുന്നില്ല.

i proud of  you balan; ഇതുപോലത്തെ ഒരു വാക്കുമതി, ഏതൊരു വിദ്യാര്‍ത്ഥിയേയും ഉന്നതിയിലേയ്ക്ക് സ്വപ്നം കാണാന്‍ പ്രേരിപ്പിക്കാന്‍. കേരളത്തിലെ ഒരു ഉദ്യോഗസ്ഥനും എന്നോട് ഇങ്ങനെ പറഞ്ഞിട്ടില്ല. എന്നെ അവിടെ പരിചയപ്പെടാന്‍ വന്ന പലരും മുറി ഇംഗ്ലീഷ് ആണെങ്കിലും അറിയാവുന്ന ഇംഗ്ലീഷ് കൊണ്ട് സ്വന്തം കുടുംബാംഗത്തിനുണ്ടായ നേട്ടം പോലെ കണ്ട് പ്രശംസിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു. മറ്റുള്ളവരുടെ നേട്ടങ്ങളെ അംഗീകരിക്കാനും പ്രയത്‌നങ്ങളെ പ്രോത്സാഹിപ്പിക്കാനും ഒരു മടിയും കാണിക്കാത്ത മനുഷ്യരെയാണു ഞാന്‍ തെലുങ്കാനയില്‍ കണ്ടത്. അവിടെയുണ്ടായിരുന്നത് തെലുങ്കാന സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരായിരുന്നു. പക്ഷെ അവരുടെ കൂട്ടത്തില്‍ പുച്ഛിക്കുന്നവരോ നിരുത്സാഹപ്പെടുത്തുന്നവരോ ആയ ഒരാള്‍ പോലും ഉണ്ടായിരുന്നില്ല. തിരുവനന്തപുരം സെക്രട്ടേറിയേറ്റില്‍ നിന്നും നേരിട്ട അനുഭവങ്ങള്‍ എന്റെ മനസിലൂടെ കടന്നുപോയി.

പ്രോഗ്രാം കഴിഞ്ഞ്, മഹേഷ് സര്‍ എന്നെയും കൊണ്ട് ഗസ്റ്റ് റൂമിലേയ്ക്ക് പോയി. പ്രവീണ്‍ സാറിന്റെയും മറ്റ് സ്റ്റേറ്റ് ഒഫീഷ്യല്‍സിന്റെ കൂടെയും ഉച്ച ഭക്ഷണം. മിസ്റ്റര്‍ ബാലന്‍. അദ്ദേഹം വിളിച്ചു. We can arrange you accommodation in LSE or wherever you want to go. Also if you want to any other support like IELTS training or visa fees please let me know. We all are along with you. Don’t worry and please don’t hesitate to contact us.

balan-4

ഞാന്‍ ആ നാട്ടുകാരനല്ല. എനിക്കിവിടെയുള്ളവരെ ആരെയും അറിയില്ല. അങ്ങനെയുള്ള എന്നെയാണവര്‍ ഈ വിധത്തില്‍ പിന്തുണയ്ക്കുന്നത്. അതും എന്നെ തേടിക്കണ്ടുപിടിച്ച്. ഞാനൊരു ആദിവാസി ആയതുകൊണ്ടും കീഴ്ജാതിക്കാരനായിപ്പോയതിനാലും എങ്ങനെ എന്റെ വിദ്യാഭ്യാസം തടയാമെന്നു നോക്കിയ എന്റെ സ്വന്തം നാട്ടിലെ ഉദ്യോഗസ്ഥരെക്കുറിച്ച് ഞാനോര്‍ത്തു. നീ എന്തിനാണ് ലണ്ടനില്‍ പോയി പഠിക്കുന്നതെന്നും അവിടെയൊക്കെ പോയി പഠിക്കാനുള്ള യോഗ്യത ഉണ്ടോയെന്നും എന്റെ മുഖത്തു നോക്കി ചോദിച്ചവരാണ് തിരുവനന്തപുരം സെക്രട്ടേറിയേറ്റിലെ ഉദ്യോഗസ്ഥര്‍. ഇവിടെയിതാ അന്യരായ ചിലര്‍ എനിക്കു വേണ്ടി എന്തു വേണമെങ്കിലും ചെയ്യാമെന്ന് മനസില്‍ തട്ടി പറയുന്നു. എന്നെ പോലൊരാള്‍ക്ക് മുന്നോട്ടു പോകാന്‍ പ്രതീക്ഷ നല്‍കുന്ന നന്മ രാജ്യത്ത് ബാക്കി നില്‍പ്പുണ്ട്.

ഉച്ചഭക്ഷണത്തിനുശേഷം എല്ലാവരും യാത്ര പറഞ്ഞു പിരിഞ്ഞു. മഹേഷ് സാറും ഞാനും തിരിച്ചു ഹോട്ടലില്‍ എത്തി. Brother, I am very happy to be here. Unfortunately, I have to leave here today. But you don’t worry, other SWAROES members will take care about you– മഹേഷ് സാര്‍ തിരിച്ചുപോവുകയാണെന്നപ്പോഴാണ് ഞാനറിയുന്നത്. നേരില്‍ ഒരു ദിവസത്തെ പരിചയം മാത്രമേ ഉള്ളു. അദ്ദേഹം പോയത് വളരെ സന്തോഷത്തോടെ കൂടിയാണെങ്കിലും എനിക്ക് വിഷമം അനുഭവപ്പെട്ടു. എന്റെ കാര്യങ്ങള്‍ നോക്കാന്‍ ഏര്‍പ്പാടാക്കിയവര്‍ കൃത്യസമയത്ത് ഭക്ഷണവും യാത്രാ സൗകര്യങ്ങളും ചെയ്തുതന്നു. എന്തെങ്കിലും തരത്തിലുള്ള അസൗകര്യങ്ങള്‍ ഉണ്ടാകാതെയിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്റെ അച്ഛനു സുഖമില്ല എന്ന കാര്യം അറിയുന്നത് അപ്പോഴാണ്. എന്റെ മുഖത്ത് മിന്നി മറയുന്ന വിഷമഭാവങ്ങള്‍ അവരില്‍ സ്വന്തം കൂടപ്പിറപ്പിനുണ്ടാകുന്ന വിഷമം പോലെയാണ് അനുഭവപ്പെട്ടത്. അവര്‍ക്കറിയാവുന്ന ഇംഗ്ലീഷില്‍ എന്നെ ആശ്വസിപ്പിച്ചുകൊണ്ടേയിരുന്നു.

12-ാം തീയതി. രാവിലെ 9:15-നാണ് മടക്ക ട്രെയിന്‍. വിശാഖപട്ടണം ബീച്ചില്‍ എന്നെ കൊണ്ടു പോകണം എന്നവര്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. സമയം അനുവദിച്ചില്ല. അതിന്റെ വിഷമം അവരെന്നോടു പങ്കുവച്ചു. കൃത്യസമയത്ത് തന്നെ എന്നെ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച് നിറഞ്ഞമനസ്സോടെ അവര്‍ എന്നെ യാത്രയയച്ചു. നാട്ടിലേക്കുള്ള യാത്രക്കിടയില്‍ എന്റെ ഫോണിലേയ്ക്ക് മെസേജുകള്‍ വന്നു കൊണ്ടേയിരുന്നു; അതിലൊന്ന് ഇങ്ങനെയായിരുന്നു- Mr. Binesh, I am Ramayyah. Secretary of Ambedkar Mission, Hope you will conquer the chain. Happy journy Yah…. Happy Journey.

 

ബിനേഷ് ബാലനുമായി ബന്ധപ്പെട്ട അഴിമുഖം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍

ഇനിയും മുടക്കരുത്; ബിനേഷ് ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ പഠിക്കട്ടെ

എ കെ ബാലന്റെ ഇടപെടല്‍; ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ബിനേഷ് പഠിക്കും

ബിനേഷ് യാത്രയ്ക്ക് തയാറെടുക്കുകയാണ്; പക്ഷേ, ദളിതനും ആദിവാസിക്കും ഇത്ര മതിയെന്ന്‍ പറയുന്ന സമൂഹം മാറുമോ?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍